പ്രളയങ്ങളിൽ തളരാത്ത സന്ദേശങ്ങൾ
text_fieldsസംസ്ഥാനം പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിന്ന വേളയിൽ അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായി. മൊബൈൽ നെറ്റ്വർക്കുകൾ മിക്കവാറും നിശ്ചലമായി. വീടുകളുടെ രണ്ടാം നിലയിലും ടെറസിലും മറ്റും കുടുങ്ങിപ്പോയവർ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
പതിവുപോലെ അധികം ശ്രദ്ധ കിട്ടാതെ പോകുന്ന എന്നാൽ ഇത്തരം പ്രകൃതിദുരന്ത വേളകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്ദേശവാഹകരാണ് ഹാം റേഡിയോ ഓപറേറ്റർമാർ. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കുന്നതിലും രക്ഷപ്പെട്ട് വരുന്നവരെ ആശുപത്രിയിലെത്തിക്കാനും ഹാം റേഡിയോ സന്ദേശങ്ങൾ വളരെയധികം ഉപയോഗപ്പെട്ടു. ഔദ്യോഗികമായി ആദ്യം ഒരു നിർദേശവും ലഭിച്ചില്ലെങ്കിലും കേരളത്തിലെ വിവിധ ജില്ലകളിൽ 120ഓളം ഹാമുകളാണ് ഈ ദൗത്യത്തിൽ സ്വമേധയാ ഏർപ്പെട്ടത്. പിന്നീട് ഹാം റേഡിയോ വിഭാഗത്തെ കൂടി ഉൾക്കൊള്ളിച്ച് റവന്യൂ വകുപ്പ് എകോപന സെല്ല് രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾ.
രക്ഷാപ്രവർത്തനങ്ങൾ, പുനരധിവാസം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, അവിടേക്കുള്ള സാധന സാമഗ്രികൾ എത്തിക്കൽ, മരുന്നു വിതരണം... പ്രളയത്തെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യ കാർഗോ കമ്പനികളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിൽ ഹാം റേഡിയോ സംഘങ്ങളും സജീവമായി സേവനമനുഷ്ഠിച്ചു. പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി അമച്വർ റേഡിയോ എമർജൻസി കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും സ്ഥാപിച്ചു. കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് ലഭ്യമാകുന്ന വിവരങ്ങളും വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സന്ദേശങ്ങളും ബന്ധപ്പെട്ട ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. ഇത്തരത്തിൽ ലഭിച്ച സന്ദേശങ്ങൾ അടിസ്ഥാനമാക്കി 1800ഓളം പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് അധികൃതർ തന്നെ സ്ഥിരീകരിക്കുകയുണ്ടായി.
ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നാൽ?
വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് വ്യക്തികൾക്ക് നടത്താവുന്ന റേഡിയോ സന്ദേശവിനിമയമാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ. രാജകീയ വിനോദമെന്നും ഇത് വിളിക്കപ്പെടുന്നു. മതം, രാഷ്ട്രീയം, ബിസിനസ് പ്രമോഷൻ, അശ്ലീലം തുടങ്ങിയവ ഒഴികെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. 12 വയസ്സ് കഴിഞ്ഞ ആർക്കും പരീക്ഷയെഴുതി ഹാം റേഡിയോ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് എടുക്കാം. ഇന്ത്യയിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിെൻറ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോഓഡിനേഷൻ വിങ്ങാണ് ലൈസൻസിങ് അതോറിറ്റി.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഹാം ക്ലബുകളും സൊസൈറ്റികളും പ്രവർത്തിച്ചുവരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ ആസ്ഥാനമായി 2008 മുതൽ പ്രവർത്തിച്ചുവരുന്ന മലബാർ അമച്വർ റേഡിയോ സൊസൈറ്റി (മാർസ്) ഈ മേഖലയിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വയർലെസ് റിപ്പീറ്റർ സംവിധാനം ഈ വർഷം കേരളത്തിൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മലബാർ അമച്വർ റേഡിയോ സൊസൈറ്റി. ഇത് സ്ഥാപിക്കുന്നതോടെ ഏഷ്യയിലെ രണ്ടാമത്തെ ഡിജിറ്റൽ റിപ്പീറ്റർ കേരളത്തിന് സ്വന്തമായിരിക്കും.
ഏത് പ്രതികൂല കാലാവസ്ഥയിലും ലോകത്തിെൻറ ഏത് ഭാഗത്തക്കും വാർത്താവിനിമയ ബന്ധം വ്യാപിപ്പിക്കാൻ കഴിയും എന്നതും എല്ലാ ഹാം റേഡിയോ ഓപറേറ്റർമാർക്കും സാങ്കേതിക പരിജ്ഞാനം ഉള്ളതിനാലും ഇത് മറ്റു വാർത്ത സംവിധാനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്ന് പറയാൻ കഴിയും. ആദ്യകാലങ്ങളിൽ മോഴ്സ് കോഡാണ് ഉപയോഗിച്ചിരുന്നെതങ്കിൽ ഇപ്പോൾ ഡിജിറ്റൽ സാങ്കേതിക വിദ്യയടക്കം വിവിധ മാർഗങ്ങൾ ഉപയോഗിച്ചുവരുന്നു. ഹാം റേഡിയോ പ്രവർത്തനത്തിനായി 20ൽ അധികം സ്വന്തം സാറ്റലൈറ്റുകൾ ഇന്ന് ലോകത്ത് ഉപയോഗിച്ചുവരുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പ് നടന്ന സൂനാമി അന്തമാനിലെ പോർട്ട് ബ്ലയറിനെ തകർത്തപ്പോൾ അന്ന് ഇന്ത്യൻ നാവികസേനക്ക് ഡൽഹി അഡ്മിനിസ്ട്രേഷനുമായി ആശയവിനിമയം നടത്താൻ പറ്റിയ ഏക ആശ്രയം ഹാം റേഡിയോ സംവിധാനമായിരുന്നു. അമേരിക്കയിലുണ്ടായ കത്രീനയിലും നേപ്പാൾ ദുരന്തത്തിലും ഒഡിഷയിലെയും ലാത്തൂരിലെയും ജപ്പാനിലെയും വിവിധ ദുരന്തങ്ങളിലും ഈ നിസ്വാർഥ സേവകർ കർമനിരതരായിരുന്നു.
ഇടുക്കിയിൽ നിന്ന് മോൻസിയും മനോജും കോട്ടയത്തു നിന്ന് ഡോ. ജയകുമാറും ഈരാറ്റുപേട്ടയിൽ നിന്ന് മുഹമ്മദ് യാസിനും ചുക്കാൻപിടിച്ചു. പ്രളയ ദുരിതങ്ങൾ ഗുരുതരമായി ബാധിച്ച ചെങ്ങന്നൂരിൽ ഉണ്ണിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ആലപ്പുഴയിൽ കൃഷ്ണകുമാർ, എറണാകുളത്ത് ഇന്ത്യർ ഓയിൽ ഉദ്യോഗസ്ഥനായ സുദേവ് എന്നിവരും താഹിർ, ശരത്ത്, ശ്രീമുരുകൻ എന്നിവർ തൃശൂർ കലക്ടറേറ്റിൽ നിന്നും സജീവമായി ഇടപെട്ടു. മലപ്പുറം തിരൂരിൽ നിന്ന് താജുദ്ദീൻ ഇരിങ്ങാവൂരും മണ്ണാർക്കാട് കേന്ദ്രീകരിച്ച് ഡോ. അൻവറും കോഴിക്കോട്ടു നിന്ന് ആദർശും അഷ്റഫ് കാപ്പാടും കണ്ണൂരിൽ നിന്ന് ലക്ഷ്മികാന്തനും പ്രമോദും സുലൈമാനും കൊട്ടാരക്കരയിൽ നിന്ന് പ്രദീപും ലഭിക്കുന്ന സന്ദേശങ്ങളെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരിലേക്ക് എത്തിച്ചു കൊണ്ടേയിരുന്നു.
സന്ദേശ നിയന്ത്രണ കേന്ദ്രങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചും റിലേ സ്റ്റേഷൻ പ്രവർത്തിച്ചു. ബംഗളൂരുവിൽ നിന്ന് ജെറ്റ് എയർവേസ് പൈലറ്റ് കൂടിയായ ക്യാപ്റ്റൻ മനോജും ഗോവയിൽനിന്ന് അരുണുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സന്ദേശങ്ങൾ അയക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഖത്തർ അമച്വർ റേഡിയോ സൊസൈറ്റിയിൽ നിന്ന് വികാസും മസ്കത്തിലെ റോയൽ ഒമാനി അമച്വർ റേഡിയോ സൊസൈറ്റിയിൽ നിന്ന് പ്രിൻസും സംഗീതും ഷാർജയിലുള്ള എമിറേറ്റ്സ് അമച്വർ റേഡിയോ സൊസൈറ്റിയിൽ നിന്ന് ഷിൻഡോയും വിദേശ രാജ്യങ്ങളിൽ നിന്നുകൊണ്ട് സന്ദേശങ്ങൾ റിലേ ചെയ്ത് സഹായിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതാശ്വാസ സാമഗ്രികൾ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങളിലും നിരവധി ഹാമുകൾ ഇടപെട്ടു. പ്രളയത്തിെൻറ ആദ്യനാളുകളിൽ മൊബൈൽ നെറ്റ്വർക്കുകളെ കാര്യമായി ബാധിച്ചിരുന്നില്ല. പേക്ഷ, മൊബൈൽ ബാലൻസ് ഇല്ലാത്തവരിൽനിന്ന് ലഭിക്കുന്ന മിസ്ഡ് കാളുകൾക്കനുസരിച്ച് റീചാർജ് ചെയ്തു കൊടുക്കാൻ ശ്രമിച്ചതും ഹാമുകൾ തന്നെയായിരുന്നു.
ഇടുക്കിയിൽ ഇത്തരം നിരവധി പേർക്ക് ആശ്വാസത്തിെൻറ റീചാർജ് നൽകാൻ കഴിഞ്ഞതിലുള്ള ആത്മനിർവൃതിയിലായിരുന്നു മോൻസി. തിരൂർ സ്വദേശിയായ താജുദ്ദീെൻറ ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയിരുന്ന വാട്സ്ആപ് നമ്പറിലേക്ക് ചെങ്ങന്നൂരിലും ചാലക്കുടിയിലും ആലുവയിലുമുള്ള പലരുടെയും ബന്ധുക്കൾ അമേരിക്കയിൽനിന്നും മിഡിൽഈസ്റ്റിൽ നിന്നും നേരിട്ട് വിളിക്കുകയും സന്ദേശമയക്കുകയും കിട്ടിയ വിവരങ്ങൾ െവച്ച് റേഡിയോ വഴി സംസ്ഥാന കൺട്രോൾ റൂമിലേക്ക് കൈമാറുകയും പിന്നീടുള്ള ദിവസങ്ങളിൽ അവർ നേരിട്ടുവിളിച്ച് നന്ദി രേഖപ്പെടുത്തുകയും ചെയ്ത അനുഭവങ്ങൾ! ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനത്തിെൻറ വേറിട്ട ഒരു തലത്തിൽ നിന്ന് പ്രവർത്തിക്കുന്ന താജുദ്ദീനെ പോലുള്ള ഹാമുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷവും അർഹതയും ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ ലഭിക്കുന്ന വലിയ സൗഹൃദവലയം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.