കുടിയന്റെ പെണ്ണുങ്ങള്
text_fieldsഇൗ എഴുത്ത് ജോൺസനെ കുറിച്ചല്ല. ‘കുടിയന്റെ കുമ്പസാരത്തിലൂടെ’ മലയാളി ആ ജീവിതം അറിഞ്ഞതാണ്. ജോൺസന്റെ ഭാര്യ രാജിയെപ്പോലുള്ള അനേകം സ്ത്രീകളാണ് ഇതിലെ കഥാപാത്രങ്ങൾ. മദ്യപർക്കൊപ്പം ഉള്ളാകെ കലങ്ങി ജീവിക്കുന്ന സഹനത്തിന്റെ ഉടൽരൂപങ്ങൾ. പൂട്ടിയ ബാറുകൾ ജനത്തിന്റെ കണ്ണുവെട്ടിച്ചും കുതന്ത്രങ്ങൾ ഒരുക്കിയും തുറക്കാനുള്ള തത്രപ്പാടിനിടെ ഭരണകൂടം കാണാതെ പോകരുത് ഇൗ ജീവിതങ്ങൾ...
പൂമലയിലെ ‘പുനർജനി’യിലേക്കുള്ള യാത്രക്കിടെ മനസ്സിൽ ആദ്യമെത്തിയത് റൈഹാനയുടെ മുഖമാണ്. ബാല്യം വിടും മുമ്പ് വിവാഹവും കൗമാരത്തിൽ മാതൃത്വത്തിലും യൗവനത്തിൽ വിവാഹമോചനത്തിലുമെത്തിയ ജീവിതം. ഒരായുസ്സിന്റെ വേദനകൾ ചെറുപ്രായത്തിൽ അനുഭവിച്ചവൾ. സ്വസ്ഥ ജീവിതത്തിന് റൈഹാനക്ക് തടസ്സം നിന്നത് ഭർത്താവായി എത്തിയയാളുടെ മദ്യപാനം. മലപ്പുറത്തെ കുടുംബകോടതിക്ക് പുറത്താണ് അന്ന് അവരെ കണ്ടത്. ഭർത്താവുമായുള്ള വേർപിരിയലിന് എത്തിയ യുവതി. 18 ഉം 11 നും വയസ്സുള്ള മക്കളുള്ള 35കാരി. 14 ാംവയസ്സിൽ മണവാട്ടിയായി ഭർതൃ വീട്ടിലെത്തിയവൾ. ഭർതൃവീട്ടിൽ റൈഹാനയെ കാത്തിരുന്നത് മദ്യം ഉന്മാദം തീർത്ത പുരുഷൻ. രാത്രികളിൽ രൂക്ഷഗന്ധവുമായി അയാൾ മുന്നിലെത്തി. നല്ല ഉറക്കത്തിന് അരിഷ്ടം കുടിക്കുന്നതാണെന്ന വാക്ക് ആദ്യമൊക്കെ വിശ്വസിച്ചുവെങ്കിലും പതിയെ യാഥാർഥ്യം ബോധ്യപ്പെട്ടു. ജീവിതത്തിന്റെ വർണങ്ങൾക്കുമേൽ മദ്യത്തിന്റെ ചവർപ്പ് റൈഹാനയെ അപ്പാടെ മൂടി. സഹിക്കവയ്യാതായ ഒരു ദിനം ഇറങ്ങിപ്പോന്നു, പാതി വഴിയിൽ നിലച്ച പഠനം പൂർത്തിയാക്കി, മക്കളെ പഠിപ്പിച്ചു വലുതാക്കി. അനുഭവങ്ങൾ ചേർത്തുവെച്ച് പുസ്തകവുമെഴുതി. സർക്കാർ അധ്യാപികയായാണ് 20 വർഷങ്ങൾക്കു ശേഷം നിയമപരമായ വേർപിരിയലിന് കോടതി മുറിയിലെത്തിയത്. സഹനത്തിന്റെ അങ്ങേയറ്റം വരെ സഞ്ചരിച്ച് നിസ്സംഗമായി തീർന്ന ആ കണ്ണുകളിലപ്പോൾ വിജയമോ, പരാജയമോ എന്ന് തിരിച്ചറിയാനായില്ല.
ലഹരിയിൽ മുങ്ങുന്ന ജന്മങ്ങൾ അവരെ മാത്രമല്ല ഇല്ലാതാക്കുന്നത്. നീറിയെരിയുന്ന അനേകം മനുഷ്യരുണ്ട് ഒാരോ കുടിയന്റെ ചുറ്റിലും. മദ്യത്തിൽ സ്വയം മറന്ന് രമിക്കുേമ്പാൾ ചുറ്റുമുള്ള ജീവിതങ്ങളെ അവർ അറിയാതെ പോകുന്നു. കേരളത്തിലെ കുടിയൻമാരിൽ ഭൂരിപക്ഷവും പുരുഷൻമാരാണ്, അതിന്റെ കെടുതികൾ അനുഭവിക്കുന്നത് സ്ത്രീകളും. നിഴലുപോലെ കൂടെയുള്ള ഭാര്യ, മക്കൾ, അമ്മ, സഹോദരി എന്നിവരെ അവർ എന്നും ഇരുട്ടിൽ നിർത്തുന്നു. വേദനകൾ മാത്രം സമ്മാനിക്കുന്നു. വീർത്തുവന്ന പെരുവയറും നീരുെവച്ചതോ, ശുഷ്ക്കിച്ചതോ ആയ കാലുകളും ഒരു പിടി രോഗങ്ങളുമായി ഒാരോ മദ്യപരും പെെട്ടന്നൊരുനാൾ മരിച്ചുപോകുന്നു. പലതവണ കേട്ടുകഴിഞ്ഞെങ്കിലും വീണ്ടും പറയാതെ വയ്യ, ഇൗ ജീവിതങ്ങളെ.
‘പുനർജനി’യിൽ ജോൺസണും നല്ല പാതി രാജിയും കാത്തിരിപ്പുണ്ട്. ജോൺസനെ അറിയില്ലേ, ഏഴാം ക്ലാസിൽ പഠിക്കുേമ്പാൾ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുകുടിയനായയാൾ, ലഹരിയിൽ മുങ്ങിയ പകലിരവുകളിൽ ജീവിതത്തെ തുഴഞ്ഞയാൾ. ഒടുവിലൊരുനാൾ കുടി നിർത്തി ഒരുപാട് േപരെ ജീവിതത്തിലേക്ക് തിരികെ നടത്തിയയാൾ. മനസ്സിൽനിന്നും സിരകളിൽനിന്നും ലഹരിയെ കുടിയിറക്കാൻ തീരുമാനിച്ചവർക്ക് പൂമലയിൽ ‘പുനർജനി’ ഒരുക്കി കാത്തിരിക്കുന്നയാൾ. ഇൗ എഴുത്ത് പക്ഷേ, ജോൺസനെ കുറിച്ചല്ല. ‘കുടിയന്റെ കുമ്പസാരത്തിലൂടെ’ മലയാളി ആ ജീവിതം അറിഞ്ഞതാണ്. ഇൗ എഴുത്ത് ജോൺസെൻറ ഭാര്യ രാജിയെപോലുള്ള അനേകം സ്ത്രീകളെ കുറിച്ചാണ്. ബോധത്തിനും അബോധത്തിനും ഇടയിൽ ഒഴുകുന്ന മദ്യപർക്കൊപ്പം ഉള്ളാകെ കലങ്ങി ജീവിക്കുന്നവരെ കുറിച്ചാണ്. മദ്യപരുടെ മനസ്സ് മാറുന്നത് കാത്തിരിക്കുന്ന അമ്മമാർക്കും സഹോദരിമാർക്കും േവണ്ടിയാണ്.
പെയ്യാൻ വിങ്ങുന്ന സാന്ധ്യാമേഘത്തിെനാപ്പമാണ് പൂമലയിലെത്തിയത്. അതിരിട്ടു വേർത്തിരിക്കാത്ത ‘പുനർജനി’യുടെ മണ്ണിലേക്ക് കയറിയതും ഉടലാകെ നനച്ച് മഴ ഭൂമിയെതൊട്ടു. ധ്യാനനിമഗ്നനായിരിക്കുന്ന ബുദ്ധ പ്രതിമക്കു പിന്നിൽ ജോൺസൻ അന്തേവാസികളോട് സംസാരിക്കുകയാണ്. കേൾവിക്കാരിൽ ഭൂരിപക്ഷവും സ്ത്രീകൾ. അവരുടെ കഥകൾ പറഞ്ഞുതുടങ്ങേണ്ടത് രാജിയിൽ നിന്നാകെട്ട. തൊട്ടടുത്ത സിമൻറ് ബെഞ്ചിലിരുന്നു രാജി പറഞ്ഞു തുടങ്ങി -ശുഭ പ്രതീക്ഷയിലായിരുന്നു തുടക്കം. ബി.എ, എം.എ റാങ്കുകാരൻ, നിയമ ബിരുദമുള്ളയാൾ, ഗവേഷണ വിദ്യാർഥി. ജോൺസൺ എന്ന ഭർത്താവിനെ കുറിച്ച് അഭിമാനം കൊള്ളാൻ ഇതൊക്കെ ഏറയായിരുന്നു. സംഭവിച്ചത് തിരിച്ച്. ഭർത്താവ് ഒന്നാന്തരം മദ്യപാനിയാണെന്ന് വൈകാതെ അവർ തിരിച്ചറിഞ്ഞു. വെളിവോടെ മുന്നിലെത്തിയ നിമിഷങ്ങൾ വളരെ കുറവ്. പഠിപ്പുള്ളവന്റെ ഭാര്യ എന്നത് മദ്യപാനിയുടെ ഭാര്യ എന്ന പദവിയിലെത്തി. അപമാന ഭാരത്താൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിൽ തലകുനിച്ച് നടക്കേണ്ടിവന്ന നാളുകൾ. രാജിയുടെ ജോലിയായിരുന്നു അന്ന് ഏക ആശ്വാസം. അതിനും ജോൺസന്റെ കുടി വിരാമമിട്ടു.
രാജി മലപ്പുറത്ത് അധ്യാപിക ആയിരിക്കെ, മദ്യത്തിൽ നിന്ന് താൽക്കാലിക വിടുതൽ നേടിയ സമയം ജോൺസനും അവിടെയെത്തി. മദ്യം കിട്ടാത്തതായിരുന്നു അന്നാ ശരീരത്തിന്റെ പ്രശ്നം. അസ്വസ്ഥമായ മനസ്സും ഭാവങ്ങളുമായി ജോൺസൺ അന്ന് എരിപിരികൊണ്ടു. മറ്റുള്ളവരെ കൂട്ടി ജോൺസനെ ആശുപത്രിയിലെത്തിക്കുേമ്പാൾ രാജി ഒളിച്ചുവെക്കാനാഗ്രഹിച്ചതെല്ലാം അവിടുത്തുകാരറിഞ്ഞു. സങ്കടങ്ങൾ ഉള്ളിലൊതുക്കി രാജി മലപ്പുറത്തോട് വിടപറഞ്ഞു. മദ്യം രുചിക്കാത്ത പകലിരവുകളിൽ ജോൺസൻ രാജിയുടെ ദുഃഖങ്ങളെ അറിഞ്ഞു. പക്ഷേ, പിന്നെയും അതിൽ മയങ്ങി വീണു. അപ്പോഴും പ്രതീക്ഷയുടെ ഭ്രമണപഥം തീർത്ത് ജോൺസന് ചുറ്റും നിഴലുപോലെ അവൾ നിശ്ശബ്ദം കറങ്ങി. ജോലി രാജിവെച്ച് ഭർത്താവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൂട്ടിരുന്നു. തിരിച്ചുവരവിനായി കാത്തിരുന്നു. പെെട്ടന്നൊരു ദിനം കുടി നിർത്തിയ ജോൺസൻ തെളിജീവിതത്തിലേക്ക് മടങ്ങിയെത്തി. ആ തിരിച്ചുവരവ് രാജിക്കും ജോൺസനും മാത്രമല്ല മറ്റൊരുപാട് പേർക്ക് ‘പുനർജനി’യായി. രാജിയുടെ ക്ഷമയും സഹനവും കാത്തിരിപ്പുമില്ലെങ്കിൽ ഇന്ന് ജോൺസനില്ല, പുനർജനിയുമില്ല. രാജിയെപ്പോലെ തെളിഞ്ഞ ജീവിതത്തെ കാത്തിരിക്കുന്ന എത്രയെത്രപേർ.
ഒമ്പത് വർഷത്തെ നഷ്ടം ഒരു ദിവസത്തേെങ്കിലും തിരികെ കിട്ടുമോ? അതു മതി അജിതക്ക്. ഒരായുസ്സിന്റെ നൊമ്പരങ്ങൾ ഇതിനകം അനുഭവിച്ചുകഴിഞ്ഞു. ഇനിയെങ്കിലും കുറച്ചുനാളുകൾ മദ്യത്തിന്റെ മണമൊഴിഞ്ഞ നാളുകൾ ഭർത്താവിലുണ്ടാകുമോ! മഴ ചിതറി വീഴുന്ന പുനർജനിയിലെ വരാന്തയോട് ചേർന്ന ചാരുപടിയിലിരുന്ന് അജിത പറഞ്ഞു തുടങ്ങി. മദ്യപിച്ചില്ലെങ്കിൽ ഭർത്താവ് ആനന്ദിനെ പോലെ നിറഞ്ഞ സ്നേഹമുള്ള മാറ്റൊരാളുണ്ടാകില്ല, പക്ഷേ കുറഞ്ഞ നിമിഷങ്ങൾ മാത്രമേ അജിതയുടെ ജീവിതത്തിൽ അതനുഭവപ്പെട്ടുള്ളൂ. ആനന്ദിന്റെ മനസ്സിലെ സ്നേഹ കണികകളെല്ലാം വിഷ ത്തുള്ളികൾ പൊടുന്നനെ മായ്ച്ചു കളയും. സൈക്കോളജിയും ഫിലോസഫിയും പഠിച്ച ആനന്ദ് ഒരിക്കലും ഭാര്യയുടെയും മക്കളുടെയും മാതാപിതാക്കളുടെയും മാനസിക നില മനസ്സിലാക്കിയില്ല. നിയമത്തിൽ ബിരുദമുണ്ടെങ്കിലും വക്കീലായി തിളങ്ങാനുമായില്ല. മദ്യപാന ശീലം എല്ലായിടത്തുനിന്നും അയാളെ പിറകോട്ടുവലിച്ചു. വിവാഹത്തിന്റെ ഒമ്പതാം വർഷവും ഭർത്താവിന്റെ പിടികിട്ടാത്ത മനസ്സിനും ശരീരത്തിനും പിറകെ ഒാടുകയാണ് അജിത. ഒരിക്കൽ ഭർത്താവിനൊപ്പം ബന്ധുവിന്റെ ശ്രാദ്ധത്തിന് േപായി. ഉൗണ് കഴിച്ചുകൊണ്ടിരിക്കെ ആരോ എന്തോ പറഞ്ഞു, കഴിക്കുന്നത് നിർത്തി ക്ഷുഭിതനായി ഇറങ്ങിപ്പോരാൻ അതുമതിയായി കാരണം. പിന്നീട് ഇതുവരെ ഭർത്താവുമൊത്ത് അജിത ബന്ധുവീടുകളിലേക്കും അയൽക്കാരിലേക്കും വരെ പോയിേട്ടയില്ല. നിസ്സാരകാര്യങ്ങൾക്ക് പൊട്ടിത്തെറിച്ചും ബാധ്യതകളെ വിസ്മരിച്ചും അയാൾ മദ്യത്തിന് പിറകെ സഞ്ചരിച്ചുകൊണ്ടിരുന്നു. പണമില്ലാത്തപ്പോൾ കടംവാങ്ങി കുടിച്ചു. വീട്വിറ്റു. അച്ഛനുമമ്മയും വിട്ടുപോയി. എന്നിട്ടും അയാൾ കുടിമാത്രം ഒഴിവാക്കിയില്ല. ലഹരിയിൽ ആനന്ദ് ബോധം കെട്ടുറങ്ങുേമ്പാൾ , വാടക വീട്ടിൽ ദുർവിധിയോർത്ത് അജിത കരഞ്ഞുറങ്ങി. വേദനയിലേക്ക് ഉണർന്നു. ആനന്ദിനെ ബോധമുള്ളവനായി കാണാൻ പലതും ചെയ്ത് പരാജയപ്പെട്ടു. അവസാന പ്രതീക്ഷയിലാണിപ്പോൾ. ആനന്ദിനൊപ്പം അജിതയും പോന്നതോടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകന് ആരുമില്ലാതാതി. പുനർജനിയിലെ വാരാന്തയിലിരുന്ന് അവൻ മഴകാണുകയാണ്.
ബീനയുടെ പ്രക്ഷുബ്ധമായ മനസ്സ് മൂന്നാമത്തെ മകൾ പിറന്നതോടെ കൈവിട്ടുപോയി. ഒാർമകളിൽ ശൂന്യത നിറഞ്ഞു. ഒാർമകൾ നിലനിന്നിെട്ടന്തിനാ! 17 വർഷം അവ നല്ലതൊന്നും ശേഖരിച്ചുവെച്ചിട്ടില്ല; അപമാനവും സങ്കടങ്ങളും നഷ്ടങ്ങളുമല്ലാതെ -ജീവിതം പറയുന്ന ബീനയുടെ മിഴികളിൽ കണ്ടത് നിസ്സംഗത. ഭർത്താവ് സുബിക്കും മക്കൾക്കുമൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ടതാണിവർ. എല്ലാമുണ്ടായിരുന്നു ഒരുകാലത്ത്. കുഴപ്പമില്ലാതെ നടന്നുപോയിരുന്ന ജ്വല്ലറി, മിടുക്കികളായ മക്കൾ. മദ്യം കവർന്ന സുബിയുടെ ജീവിതം ഇൗ സന്തോഷങ്ങളെയെല്ലാം ദൂരേക്ക് മാറ്റി. മധുവിധു ആഘോഷത്തിനായി തൃശൂരിൽ നിന്ന് എറണാകുളത്തെത്തിയ രാത്രി. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന സുബിയെ കാത്ത് കാര്യമറിയാതെ പുലർച്ചവരെ അന്ന് ബീന കാത്തിരുന്ന രാത്രി. ജ്വല്ലറി അടച്ച് കൂട്ടുകാർക്കൊപ്പം മദ്യപിച്ച് രാത്രിയിലെപ്പോെഴങ്കിലും വീട്ടിലെത്തലായിരുന്നു ആദ്യം. പിന്നെ കടയിലിരുന്നും കുടി തുടങ്ങി. ഇതോടെ ജ്വല്ലറിയിൽ ആളൊഴിഞ്ഞു. വരുമാനം കുറഞ്ഞു. അതോടെ കുടിക്കാൻ മറ്റൊരു കാരണമായി. മൂന്നാമതും പെൺകുട്ടി പിറന്നപ്പോൾ ആൺകുട്ടിയില്ലെന്നതായി കാരണം. കാരണങ്ങൾ േവറെയും കണ്ടെത്തി സുബി കുടിച്ചുകൊണ്ടേയിരുന്നു. ബീനയും പെൺമക്കളും അയാളുടെ ചിന്തയുടെ ഭാഗമായതേയില്ല. മക്കളുടെ സ്കൂളിൽ മദ്യപിച്ച് ചെന്ന് പ്രശ്നമുണ്ടാക്കിയത്, അപമാനിതരായ മക്കൾ അച്ഛൻ ഇനി സ്കൂളിൽ വരേണ്ട എന്ന് പറഞ്ഞത്, ബോധമില്ലാത്ത ഭർത്താവിന് പകരം മക്കളുടെ അച്ഛനും അമ്മയും ആകേണ്ടിവരുന്നത്, പറയാൻ ബീനക്ക് ഏറെയുണ്ട്. സഹനത്തിന്റെ കൂട്ടിൽ ഇവർ ക്ഷമിച്ചിരുന്നത് വർഷങ്ങൾ.
ഇടുക്കിയിലെ മൂലമറ്റത്തുനിന്നാണ് ചന്ദ്രിക ഭർത്താവിനെയും കൊണ്ടെത്തിയത്. സങ്കടങ്ങളുടെ താങ്ങാനാകാത്ത ഭാരം കൊണ്ടാണ് ഇവർ മലയിറങ്ങിയത് എന്ന് തോന്നി മുഖം കണ്ടപ്പോൾ. സംസാരിച്ചു തുടങ്ങിയപ്പോൾ അത് ബോധ്യമായി. കുടിയൊഴിഞ്ഞ നേരമില്ലാത്ത ഭർത്താവ്. ഹോസ്റ്റലിൽ കഴിയുന്ന മക്കൾ. സ്വന്തം അധ്വാനം കൊണ്ട് വീട് പുലർത്തേണ്ടി വരുന്ന അവസ്ഥ. ഇവയൊക്കെ നിത്യം അനുഭവിക്കുന്ന ആരുടെ മുഖത്താണ് സന്തോഷം വിടരുക! ഡ്രൈവറായിരുന്നു ഭർത്താവ്. സ്വന്തമായി ലോറിയും ഒാേട്ടാറിക്ഷയും ഉള്ളയാൾ. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പമായിരുന്നു തുടക്കത്തിൽ മദ്യപാനം. ലഹരി തലക്ക് പിടിച്ചു തുടങ്ങിയതോടെ ജോലി സമയം കുറഞ്ഞു, മദ്യപാന സമയം കൂടി. വണ്ടിയോടി കിട്ടുന്നത് കുടിക്കാൻ തികയില്ലെന്നായി. ലോറിയുടെ നികുതിയും ഇൻഷുറൻസും അറ്റകുറ്റപ്പണിയുമൊക്കെ മുടങ്ങി. വാഹനം കൊണ്ട് റോഡിലിറങ്ങാൻ പറ്റാത്തസ്ഥിതി. കുടിച്ചു വന്നുള്ള ബഹളവും മർദനവും മാത്രം മാറ്റമില്ലാതെ തുടർന്നു. കൂട്ടുകാർക്കൊപ്പം വീട്ടിലിരുന്നും കുടി തുടങ്ങിയതോടെ ചന്ദ്രിക മക്കളെ ഹോസ്റ്റലിലാക്കി. അവരെ കാണാനുള്ള യാത്രകൾപോലും മദ്യശാലകളുടെ ബോർഡ് കണ്ടാൽ പാതി വഴിയിൽ അവസാനിക്കും. അതിനിടെയാണ് ബിവറേജസിൽ ചന്ദ്രികക്ക് ജോലികിട്ടിയത്. മദ്യകുപ്പികളിൽ ലേബൽ ഒട്ടിക്കുകയായിരുന്നു പണി. ഏറെ വെറുക്കുന്ന, ഒരുപാടുപേരുടെ ജീവിതം ഇരുട്ടിലാക്കുന്ന ‘വിഷ’ത്തിൻമേൽ ഒാരോ പേരുകൾ പതിക്കുേമ്പാഴും ചന്ദ്രികയുടെ ഉള്ള് നൊന്തു. മറ്റൊന്നും ചെയ്യാനില്ലാത്തതുകാരണം ഇന്നും തുടരുന്നു അതേ ജോലി. 14 വർഷമായി ചന്ദ്രികയുടെ സഹനത്തിന്. വിവാഹം കഴിഞ്ഞതു മുതൽ സന്തോഷം അറിയാതുള്ള യാത്ര. ചെറുപ്രായത്തിലേ അമ്മ മരിച്ചതാണ്. വൈകാതെ അച്ഛനും. അമ്മാവൻമാരുടെ വീട്ടിൽ നിറങ്ങൾ ഒട്ടുമില്ലാതെ വളർന്ന പെൺകുട്ടി. 23ാം വയസ്സിൽ ഭാര്യയായപ്പോൾ അവെളാരു വസന്തത്തെ സ്വപ്നം കണ്ടു. അതെല്ലാം പക്ഷേ, ലഹരിയുടെ പക്ഷികൾ കൊത്തിക്കൊണ്ടുപോയി. പുനർജനിയിൽ മറ്റൊരു ജന്മം സ്വപ്നം കാണുകയാണ് ചന്ദ്രിക. കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞിപോലെ ആ പ്രതീക്ഷകൾ പൂക്കുമായിരിക്കും.
എഴുതി നിറക്കാവുന്നതിനുമപ്പുറം പിന്നെയും കുറെ കഥാപാത്രങ്ങളെ പുനർജനിയിൽ കണ്ടു. ശാന്ത ജീവിതത്തിനുമേൽ ലഹരിയുടെ നീരാളി പിടിത്തത്തിൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട ഒരുപാടൊരുപാടുപേർ. കുടിയൻമാരുടെ ഭാര്യമാർ, അമ്മമാർ, മക്കൾ, മദ്യപന്റെ കൂടെയുള്ള ജീവിതം പല രൂപത്തിൽ നഷ്ടങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നവർ. ഇത് പുനർജനിയിലെ മാത്രം കാഴ്ചകളല്ല. ഒാരോ ഡീഅഡിക്ഷൻ സന്റെറുകളിലും വീടുകളുടെ അകത്തളങ്ങളിലും ഇത്തരത്തിലുള്ള എത്രയെത്രപേരുണ്ടാകും! മദ്യപരുടെ കൂടുന്ന എണ്ണത്തിനൊപ്പം ബലിയായി പോകുന്ന ജീവിതങ്ങളെ കുറിച്ച് ആരും ഒാർക്കാറില്ല. ആ ജീവിതങ്ങളെ കണ്ടുമുട്ടാറില്ല. എത്രയെത്ര കഥനങ്ങൾ ഉള്ളിൽ പേറിയാകും അവരൊക്കെയും പകലിനെ തള്ളി നീക്കുന്നത്, രാവിൽ പുലരി കാക്കുന്നത്. വരുമാന കണക്കുകൾ നോക്കി തൂക്കമൊപ്പിച്ച് മദ്യം വിളമ്പുന്ന അധികാരികളേ നിങ്ങളറിയുന്നുണ്ടോ, ആ മൗനനൊമ്പരങ്ങൾ.
(സ്വകാര്യതമാനിച്ച് ജോൺസന്റെയും രാജിയുടേതുമല്ലാത്തവരുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.