മുന്നില് നിന്ന് നയിക്കും 'മിന' എന്ന പെണ്കുട്ടി
text_fieldsസർഗാത്മക ക്യാമ്പസ്, സമൂഹത്തിനും സേവനം ലഭ്യമാക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും... മലബാറിലെ പ്രമുഖ കലാലയമായ കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ മിനയുടേതാണ് ഇൗ വാക്കുകൾ. മിന ഫർസാന എന്ന മലപ്പുറം സ്വദേശി ത്രസിപ്പിക്കുന്ന വിജയത്തോടെ പുതുചരിത്രവുമെഴുതിയാണ് വിദ്യാർഥി യൂണിയന്റെ സാരഥ്യം ഏറ്റെടുത്തിരിക്കുന്നത്.
ഏഴു പതിറ്റാണ്ട് പിന്നിടുന്ന കോളജിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചെയർപേഴ്സണാണ് ഇൗ മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥി. ആദ്യ രണ്ടു വർഷങ്ങളിൽ പരാജയത്തിന്റെ രുചിയറിഞ്ഞാണ് മിന മൂന്നാം വർഷത്തിൽ ഉജ്ജ്വല വിജയത്തോടെ തെരെഞ്ഞെടുക്കപ്പെട്ടത്, അത് ഇപ്പോൾ ചരിത്രത്തിലും ഇടംപിടിച്ചു.
യൂണിയൻ ചരിത്രമായതിനു പിന്നാലെ പ്രവർത്തനങ്ങളും ചരിത്രമാക്കി മാറ്റാനുള്ള തിരക്ക് പിടിച്ച ആലോചനകളിലാണ് മിനയും കൂട്ടുകാരും. പെൺകുട്ടികൾ നേതൃനിരയിലേക്ക് കടന്നുവരുന്നതിന് അവസരമൊരുക്കുന്ന പരിപാടികൾക്ക് മുൻതൂക്കം നൽകും ഒപ്പം സമൂഹത്തിന് സഹായകരമാകുന്ന പ്രവർത്തനങ്ങൾക്കും കമ്പസ് മുന്നിട്ടിറങ്ങും -ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ആലോചനകൾക്കിടെ മിന പറഞ്ഞു.
പഠനത്തിനൊപ്പം പാഠ്യേതര മേഖലകളിലും നിറസാന്നിധ്യമായ മിനക്ക് ആളുകളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്ന സാമൂഹ്യപ്രവർത്തകയാവാനാണ് ഇഷ്ടം. സ്കൂൾ പഠനകാലത്ത് തന്നെ എൻ.എസ്.എസ് വളണ്ടിയറായ മിന മണാലിയിൽ നടന്ന ദേശീയ ക്യാംപിലും പങ്കെടുത്തിരുന്നു. കാമ്പസ് കേന്ദ്രീകരിച്ചുള്ള സാമൂഹ്യപ്രവർത്തനങ്ങൾക്കൊപ്പം ഐ-ലാബ്സ് എന്ന പേരിലുള്ള സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളിലും സജീവമാണ് മലപ്പുറം മോങ്ങം സ്വദേശിയായ മിന ഫർസാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.