തെറ്റുചെയ്യാത്ത കുറ്റവാളികൾ
text_fieldsആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശി കനൂരി കനകദുർഗ എന്ന അമ്പത്തിമൂന്നുകാരി 33ാം വയസ്സിൽ ഭർത്താവ് മരിച്ചതോടെയാണ് ഗാർഹികത്തൊഴിലാളി വിസയിൽ കുവൈത്തിലെത്തുന്നത്. പല വീടുകളിലായി ജോലി നോക്കിയ കഷ്ടപ്പാടിെൻറ വർഷങ്ങൾ. കണ്ണീരിെൻറയും വിയർപ്പിെൻറയും വിലയായി നേടിയത് മൂന്നു പെൺമക്കളുടെ നല്ല ഭാവി. പഠിപ്പിക്കുകയും നല്ല നിലയിൽ കെട്ടിച്ചയക്കുകയും ചെയ്ത മക്കൾ അല്ലലില്ലാതെ ജീവിക്കുന്നു. ഇതിനിടക്ക് നാട്ടിൽ പോയിേട്ടയില്ല. ഇടക്ക് നാട്ടിൽ പോവാൻ നടത്തിയ ശ്രമങ്ങൾ വിസയും പാസ്പോർട്ടും കൈവശമില്ലാത്തതിനാൽ നടക്കാതെ പോയി.
അനധികൃത താമസക്കാർക്കായി കോവിഡ് കാലത്ത് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ഇന്ത്യൻ എംബസിയിൽനിന്ന് ഒൗട്ട്പാസും വാങ്ങി യാത്രക്കൊരുങ്ങി ക്യാമ്പിൽ കഴിയുന്നതിനിടയിലാണ് വിളിക്കാത്ത അതിഥിയായി മരണം ഇവരെ തേടിയെത്തുന്നത്. വിമാന സർവിസിന് അനുമതി വൈകിയതോടെ മണ്ണടിയുന്നത് ഒരു വിധവയുടെ, അമ്മയുടെ മോഹങ്ങളാണ്. സ്വന്തം മക്കളെയും കൊച്ചുമക്കളെയും കണ്ട്, അവരുടെ അരികിൽ കിടന്ന് മരിക്കാമെന്ന മോഹം. ഇത് കനകദുർഗയുടെ മാത്രം കഥയല്ല, നാടണയാനുള്ള മോഹങ്ങളുമായി കുവൈത്തിലെ വിവിധയിടങ്ങളിൽ ക്യാമ്പുകളിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ നൊമ്പരങ്ങളാണ്. നീണ്ട വർഷങ്ങളായി നാട്ടിൽ പോയിട്ടില്ലാത്തവരാണ് അവരിൽ മിക്കവരും.
അനധികൃത താമസക്കാർ, താമസനിയമം ലംഘിച്ചുകഴിയുന്നവർ എന്നൊക്കെയാണ് അവരെ ഇത്രകാലം വിളിക്കാറുണ്ടായിരുന്നത്. പൊലീസ് പിടിക്കുമെന്ന നിലയിൽ ഒളിച്ചും പാത്തുമായിരുന്നു വർഷങ്ങളായി ജീവിതം. എന്നാൽ, ചെയ്യുന്ന ജോലി മോഷണമോ കള്ളക്കടത്തോ ഒന്നുമല്ല. നമ്മളെപ്പോലെ നമ്മളിൽ ഒരാളായി ഒരു കടയിലെ സെയിൽസ്മാനോ ശുചീകരണ തൊഴിലാളിയോ ഡ്രൈവറോ അങ്ങനെയങ്ങനെ പല വേഷങ്ങൾ. പിന്നെയെങ്ങനെ ഇവർ നിയമലംഘകരായി. അതിനു പിന്നിൽ ഒരു ചതിയുടെയോ വിശ്വാസവഞ്ചനയുടെയോ ഗതികേടിെൻറയോ കഥയുണ്ടാവും. കുവൈത്തിൽ ഏത് സ്പോൺസറുടെ കീഴിലാണോ വിസയുള്ളത് അയാൾക്കു കീഴിൽ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. അവകാശങ്ങളും ബാധ്യതകളും സുനിശ്ചിതമായ വ്യക്തമായ കരാറിന് കീഴിലാവണം റിക്രൂട്ട്മെൻറ്.
നാട്ടിൽ പല ജോലികൾ നോക്കിയിട്ടും ക്ലച്ച് പിടിക്കാത്ത ഹതഭാഗ്യരാകും മിക്കവരും. അല്ലെങ്കിൽ കുടുംബത്തിെൻറ മൊത്തം ബാധ്യത ചുമലിലേറ്റിയ ത്യാഗി. അതുമല്ലെങ്കിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സാധാരണക്കാരൻ. എല്ലാവരുടെയും ഏറ്റവും വലിയ പ്രതീക്ഷതുരുത്തായിരുന്നു ഗൾഫ്. എങ്ങനെയെങ്കിലും ഒന്നവിടെ എത്തിക്കിട്ടിയാൽ കഷ്ടപ്പെട്ട് പണിയെടുത്ത് പണമുണ്ടാക്കാം. എന്തുപണിയും ചെയ്യാം. കിട്ടുന്നതിൽ കുറച്ച് വീട്ടിലേക്കയച്ച് ബാക്കി മിച്ചംപിടിക്കാം. അങ്ങനെ കുറച്ച് കൊല്ലംകൊണ്ട് അത്യാവശ്യം പണമുണ്ടാക്കി തിരിച്ചുവന്ന് സമാധാനമായി നാട്ടിൽ ജീവിക്കാം. ഇതൊക്കെയാണ് പ്രതീക്ഷ. സ്വപ്നവ്യാപാരികളുടെ നാട്ടിൽ ഏജൻറുമാർക്കുണ്ടോപഞ്ഞം. അവർ വല വിരിക്കും. മൂന്നോ നാലോ ലക്ഷം രൂപ കൊടുത്താൽ മതി. അറബിവീട്ടിലാണ് ജോലി, അല്ലെങ്കിൽ ഒരു കമ്പനിയിൽ. ഒരു റിസ്കുമില്ല. എട്ടു മണിക്കൂർ ജോലി, ആഴ്ചയിൽ അവധി, കൊല്ലത്തിൽ നാട്ടിൽ വരാം, ഇത്ര ദീനാർ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ വേറെ, നന്നായി ജോലി ചെയ്താൽ അറബി വാരിക്കോരി കൊടുക്കും.
ആഹ്ലാദത്തിന് ഇനിയെന്തു വേണം. ഉള്ള സ്വർണമെല്ലാം വിറ്റുപെറുക്കിയും കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയും ഏജൻറിന് പറഞ്ഞ പൈസ കൊടുത്ത് വിസയൊപ്പിച്ച് പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി വിമാനം കയറുന്നു. ഇവിടെയെത്തി കുറച്ചു കഴിയുേമ്പാഴേക്ക് ഞെട്ടിക്കുന്ന സത്യം മനസ്സിലാവുന്നു. താൻ ചതിക്കപ്പെട്ടിരിക്കുന്നു. പണിക്ക് ഒരു കുറവുമില്ല. എട്ടിന് പകരം 16ഉം 20ഉം മണിക്കൂർ പണി. ശമ്പളമൊട്ട് ഇല്ല താനും. സ്ത്രീകളുമുണ്ട് ഇങ്ങനെ സ്വപ്നഭാരവുമായി വിമാനം കയറി ദുരിതത്തിലായവരായി. ശാരീരിക, മാനസിക പീഡനങ്ങൾ സഹിക്കാതെ ആരുടെയെങ്കിലും സഹായത്തോടെ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ചാടുന്നു. അങ്ങനെ ചാടി രക്ഷപ്പെട്ടവരുടെ കഥകൾ പ്രചോദനം. എരിതീയിൽനിന്ന് വറചട്ടിയിലേക്ക് ചാടിയവരുമുണ്ട്. സ്പോൺസറിൽനിന്ന് ചാടുന്നതോടെ അനധികൃത താമസക്കാരനും നിയമലംഘകനുമായി. നാട്ടിലൊന്ന് പോവണമെങ്കിൽ പാസ്പോർട്ടും വിസയുമൊന്നും സ്വന്തം കൈയിലില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇത് ഞാനാണെന്ന് തെളിയിക്കാൻ എെൻറ ൈകയിൽ തെളിവൊന്നുമില്ല.
ഇത്തരം അനധികൃത താമസക്കാർക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു പൊതുമാപ്പ്. ഒരുമാസത്തെ പൊതുമാപ്പ് കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന അനധികൃത താമസക്കാരെ കുവൈത്ത് സൗജന്യമായി നാട്ടിൽ എത്തിച്ചുനൽകാമെന്നേറ്റു. ഏപ്രിൽ ഒന്നു മുതൽ 30 വരെ കാലയളവിൽ രജിസ്റ്റർ ചെയ്യുന്നവർക്കായിരുന്നു പിഴ കൂടാതെ രാജ്യം വിടാൻ അവസരം. നിയമപരമായ മാർഗത്തിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ തടസ്സമില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കിയത് മുതൽ യാത്രാദിവസം വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് താമസം. ജോലിയും കൂലിയുമില്ലാത്ത ഇൗ വറുതിയുടെ നാളുകളിൽ സൗജന്യമായി ഭക്ഷണവും താമസവും ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു. 25,000ത്തോളം വിദേശികൾ ഇൗ ആശ്വാസം തേടിയെത്തി. 12,000ത്തോളം ഇന്ത്യക്കാർ.
അതിൽ ഏറെയും മലയാളികൾ. കുവൈത്ത് സൗജന്യമായി വിമാനം ഒരുക്കാമെന്ന് അറിയിച്ചിട്ടും ഇന്ത്യയിൽനിന്നുള്ള അനുമതി വൈകുകയാണ്. വിരലിലെണ്ണാവുന്ന വിമാനങ്ങൾ മാത്രമാണ് ഇതുവരെ പുറപ്പെട്ടത്. ക്യാമ്പിൽ കൂട്ടമായി കഴിയുന്നവർക്കിടയിൽ വില്ലനായി കൊറോണയും എത്തിയിട്ടുണ്ട്. അസുഖം കൂടുന്നവരെ ആശുപത്രിയിലേക്ക് മാറ്റി അവിടെ പുതിയയാൾ വരുന്നു. കൂറ്റൻ ഹാളിൽ വീണ്ടും കൂട്ട കിടത്തം. പ്രായമായവരും കുട്ടികളുമെല്ലാം ദുരിതം പേറുന്നു. കുവൈത്ത് അധികൃതർ ഭക്ഷണം നൽകുന്നുണ്ട്. പൊതുമാപ്പുകാരെ ഇത്ര ദിവസം പാർപ്പിക്കേണ്ടിവരുമെന്ന് കുവൈത്ത് അധികൃതരും വിചാരിച്ചുകാണില്ല. സ്വന്തം പൗരന്മാർക്ക് ഒരു വിലയും കൽപിക്കാത്ത രാജ്യവും ഭരണാധികാരികളും അവരുടെ പ്രതീക്ഷക്ക് അപ്പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.