കലാരംഗത്തെ കുടുംബവാഴ്ച
text_fieldsചിത്രകാരനും ഗ്രന്ഥകാരനുമായ ജി. അഴിക്കോടിന്റെ കലാജീവിതത്തിൽ കുടുംബത്തിന്റെ കൂട്ടായ്മ ഒരു പ്രധാനഘടകമാണ്. ഭാര്യ ശ്യാമളകുമാരിയും മകൻ ബിജുവും അടങ്ങുന്ന കലാകാരന്മാർ ഒരുക്കുന്ന അപൂർവ സംഗമം. ഫൈൻ ആർട്സിൽ ഡിപ്ലോമക്കാരാണ് മൂവരും. ശ്രീകാര്യം^ചെമ്പഴന്തി റോഡിൽ ചെക്കാലമുക്ക് പെട്രോൾ പമ്പിന് സമീപത്തെ രോഹിണി എന്ന വീട്ടിലാണ് കലയുടെ ഇൗ കുടുംബവാഴ്ച. ആഴ്ചവട്ടത്തിന്റെ അവസാന ശനിയും ഞായറും കലാവാസനയുള്ള കുട്ടികൾ ഇവിടെ ഒത്തുകൂടുന്നു. ഇവരുടെ ഭാവനകൾക്ക് ചിറക് മുളക്കുേമ്പാൾ അത് പ്രകൃതിഭംഗിയിലേക്കും ചരാചരങ്ങളിലേക്കും പറന്നുചെല്ലുന്നു. വരവർണങ്ങളുടെ ലോകത്ത് വിഹരിക്കുന്ന ഇൗ കുരുന്നുകൾക്ക് മാർഗനിർദേശവുമായി കലാകുടുംബമുണ്ട്.
ചിത്രകലാധ്യാപകനായി സേവനമാരംഭിച്ച ജി. അഴിക്കോട് മ്യൂസിയം ഡിപ്പാർട്മെന്റിൽനിന്ന് മുഖ്യകലാകാരനായി വിരമിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഗുരുവായൂർ ദേവസ്വം ചുവർചിത്ര പഠനകേന്ദ്രത്തിന്റെ തുടക്കത്തിൽ ആറുവർഷം അദ്ദേഹം വിസിറ്റിങ് അധ്യാപകനായിരുന്നു. തിരുവനന്തപുരം നിർമലഭവൻ സ്കൂളിലെ ചിത്രകലാധ്യാപികയായിരുന്ന ശ്യാമളകുമാരി ഒരു ഇടവേളയിൽ ശ്രീകാര്യം റോസ് നഗറിൽ സ്കൂൾ ഒാഫ് ഫൈൻ ആർട്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഇപ്പോൾ പോങ്ങുംമൂട് ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. മാരായമുട്ടം തുഞ്ചൻ സ്മാരക ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചിത്രകലാ അധ്യാപകനാണ് ബിജു. ചുവർചിത്രകലാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ആദ്യകാല ശിഷ്യരിൽ പ്രമുഖനാണ് ജി. അഴിക്കോട്. ശ്യാമളകുമാരിയും ബിജുവും ജി. അഴിക്കോടിൽനിന്നുതന്നെ ചുവർചിത്രകലയിൽ സാേങ്കതിക പരിശീലനം നേടി. ഇവർ ഇതിനകം പൂർത്തിയാക്കിയ ബൃഹദ് ചുവർചിത്ര സംരംഭങ്ങൾ ശ്രദ്ധേയമായവയാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള നവരാത്രി മണ്ഡപം (240 ച. അടി), കോവളത്തിനടുത്തുള്ള കോക്കനട്ട് ബീച്ച് റിസോർട്ട് (100 ച. അടി), തിരുമല കുശക്കോട് മഹാദേവ ക്ഷേത്ര ശ്രീകോവിൽ (200 ച. അടി), മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (85 ച. അടി) എന്നിവ ചുവർചിത്രകലയിലെ പഞ്ചവർണങ്ങളിൽ ചാലിച്ചവയാണ്. കുണ്ടമൺകടവ് സാളഗ്രാം ആശ്രമത്തിലെ ഗീതാസ്കൂളിന്റെ ചുവരിൽ ശ്യാമളകുമാരി വരച്ച ഗീതോപദേശം നിറയെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റിയതാണ്. കഴക്കൂട്ടം പെരുമൺ മഹാവിഷ്ണുക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ ബിജുവിന്റെ തൂലികയിൽ നിന്നാണ് ഉയിരെടുത്തത്. പുരുഷാധിപത്യം നിലനിന്നിരുന്ന കേരളീയ പരമ്പരാഗത ചുവർചിത്രകലാരംഗത്ത് യശശ്ശരീരനായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഇളയരാജാവിന്റെ അനുമതിയോടെ ആദ്യമായി ക്ഷേത്രച്ചുവരിൽ വരച്ച് വിപ്ലവകരമായ മാതൃകകാട്ടിയ ചിത്രകാരിയാണ് ശ്യാമളകുമാരി. ന്യൂഡൽഹി ആസ്ഥാനമായ ദലിത് സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ സാവിത്രിഭായ് ഫുലെ ദേശീയപുരസ്കാര ജേതാവുകൂടിയാണ് ഇവർ.
തമിഴ്നാട്ടിലെ തഞ്ചാവൂരിലും ചെന്നൈയിലെ ദക്ഷിണചിത്രയിലും ഇവരുടെ ബൃഹദ് ചുവർചിത്ര സംരംഭങ്ങളുണ്ട്. ഭാരതസർക്കാറിന്റെ തഞ്ചാവൂർ ആസ്ഥാനമായ ദക്ഷിണമേഖല സാംസ്കാരികകേന്ദ്രത്തിലെ ഒരു മണ്ഡപത്തിനുള്ളിലെമ്പാടും 250 ച. അടി വലുപ്പത്തിൽ മഹാഭാരതകഥ വരക്കുകയുണ്ടായി. ഇതിന്റെ മേൽമച്ചിൽ 110 ചതുരശ്ര അടി നിറഞ്ഞുനിൽക്കുന്ന വിശ്വരൂപത്തെയും എല്ലാവരും പുകഴ്ത്തി. ആറുമാസം കൊണ്ട് പൂർത്തിയാക്കിയ ഇതിനെ മഹാഭാരത മണ്ഡപമെന്ന് പുനർനാമകരണം ചെയ്തു. അന്ന് മദ്രാസ് ഗവർണറായിരുന്ന സുർജിത് സിങ് ബർണാലെയാണ് ഇത് അനാവരണം ചെയ്തത്.
കേരളത്തിനുപുറമെ ദേശീയ, അന്തർദേശീയ പ്രദർശനങ്ങളിൽ പെങ്കടുത്തിട്ടുള്ള ഇവർ വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളും കാൻവാസ്ചിത്രങ്ങളും അന്താരാഷ്ട്രനിലവാരത്തിൽ പ്രചാരം നേടിയെടുത്തു. അന്താരാഷ്ട്ര ബാംബുമിഷൻ 2006ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ബാംബു എക്സ്പോയിലെ ഇവരുടെ ചുവർചിത്രാലംകൃത മുളയുൽപന്നങ്ങൾ ലോകശ്രദ്ധയാകർഷിച്ചു. ഇൗ മേള ഉദ്ഘാടനം ചെയ്ത മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പ്രത്യേക അഭിനന്ദനം ഇവർക്ക് ലഭിച്ചു. ലോകത്തിൽ ഇദംപ്രഥമമായി മുളന്തണ്ടിൽ ചുവർചിത്രം വരച്ച കലാകാരന്മാരെന്ന അംഗീകാരം ഇവർക്ക് ലഭിച്ചു.
ചിത്രരചന തൊഴിലും വായനയും എഴുത്തും ഹോബിയുമാക്കിയ കലാകാരനാണ് ജി. അഴിക്കോട്. ചിത്ര^ശിൽപ കലകളിലും അനുബന്ധ വിഷയങ്ങളിലും 17 പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 500ൽപരം ലേഖനങ്ങളും ഇതിനകം ജി. അഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനകോശങ്ങൾക്കു വേണ്ടി ലേഖനങ്ങളും ദൂരദർശനുവേണ്ടി സ്ക്രിപ്റ്റുകളും ജി. അഴിക്കോട് തയാറാക്കിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ടാക്സി ഡർമി’ എന്ന പുസ്തകത്തിന് റോട്ടറി സാഹിത്യഅവാർഡ് ലഭിച്ചു. ജി. അഴിക്കോട് എഴുത്തുനിർത്തി എന്നൊരു വാർത്ത പരന്നു. ഇത്കലാവിദ്യാർഥികളിലും ആസ്വാദകരിലും ഏറെ ആശങ്ക സൃഷ്ടിക്കുേമ്പാഴാണ് 101 ലേഖനങ്ങളുടെ സമാഹാരമായ ‘ചിത്രകല ചരിത്രവും പ്രസ്ഥാനങ്ങളും’ എന്ന പുസ്തകം എൻ.ബി.എസ് പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.