കണ്ണീർമഴയത്തിരുന്ന് മുത്തുമാരി പാടുകയാണ്
text_fields‘കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി....’
വെളിച്ചമെല്ലാം കെട്ടുപോയ ഏതോ ലോകത്തിന്‍റെ കരയിൽ നിന്നുകൊണ്ട് മുത്തുമാരി പാടുകയാണ്. തലേന്നത്തെ മഴപ്പാടുകൾ മായാത്ത റോഡരികിൽ വണ്ടിയിൽ കെട്ടിവെച്ച സൗണ്ട് ബോക്സിൽ നിന്ന് കരോക്കെ സംഗീതം പൊഴിക്കുന്നുണ്ട്. വരവണ്ണം വിടാതെ ‘നോവിൻ കടലിൽ മുങ്ങിത്തപ്പി’ മുത്തുമാരി നിറഞ്ഞു പാടുകയാണ്... ഇരുൾമൂടിയ ലോകത്തുനിന്ന് അമ്മ പാടുമ്പോൾ മൂന്നു വയസ്സുമാത്രമുള്ള ശ്യാമിലി മുത്തുമാരിക്കരികിലിരുന്ന് മെല്ലെ തലയാട്ടുന്നുണ്ട്.
വയനാട്ടിലെ മീനങ്ങാടി എന്ന ചെറുപട്ടണത്തിൽ കൂടിനിന്നവർക്ക് അപ്പോൾ തോന്നിക്കാണണം വെറുമൊരു പാട്ടല്ല കേട്ടുകൊണ്ടിരിക്കുന്നതെന്ന്. കണ്ണുകളിൽ കൂരിരുട്ട് മുദ്രകുത്തിയ ഒരു മുപ്പത്തഞ്ചുകാരിയുടെ ജീവിക്കാനുള്ള പെടാപ്പാട്ടാണെന്ന്. അമ്മ പാടിയ പാട്ടിന്‍റെ പ്രതിഫലത്തിനായി നീട്ടിപ്പിടിച്ച പാത്രത്തിൽ വീഴുന്ന ചില്ലറത്തുട്ടുകൾക്കായി മൂത്ത മകൻ വിഷ്ണു എന്ന പന്ത്രണ്ടുകാരൻ ചുറ്റിലും നടക്കുന്നുണ്ട്. തൊട്ടപ്പുറത്ത് നിർത്തിയിട്ടിരുന്ന ൈപ്രവറ്റ് ബസിലുള്ളവരും പാട്ടു കേൾക്കുന്നുണ്ടായിരുന്നു. ബസിനകത്തേക്ക് ചില്ലറകൾക്കായി പാത്രവും കിലുക്കി കയറേണ്ട താമസം, ഒരു വാഹനം വന്നു നിന്നു. അതിൽ നിന്നിറങ്ങിയ ചിലർ വിഷ്ണുവിനെ പിടിച്ചു കൊണ്ടു പോയത് പെട്ടെന്നായിരുന്നു. പിന്നീടാണറിഞ്ഞത്, കുട്ടികളെക്കൊണ്ട് ഭിക്ഷാടനം നടത്തിക്കുന്നുവെന്ന കുറ്റത്തിന് ചൈൽഡ് െപ്രാട്ടക്ഷൻ ടീം വന്നാണ് കുട്ടിയെ പിടിച്ചുകൊണ്ടു പോയതെന്ന്.
നിയമപാലകർക്കു മുന്നിൽ മുത്തുമാരി വിഷ്ണുവിന്‍റെ അമ്മയല്ല, അവനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്ന കുറ്റവാളിയാണ്. പക്ഷേ, അവർക്കറിയില്ലല്ലോ, കുന്നും മലയും കയറി അധികമാരും ചെല്ലാത്ത തേയിലത്തോട്ടത്തിനു നടുവിലെ വാടക പാടിയിൽ കഴിയുന്ന മുത്തുമാരിക്കും അനങ്ങാൻ പോലും വയ്യാത്ത അവരുടെ അച്ഛൻ 75കാരനായ പാണ്ടിക്കും ഒന്നാം ക്ലാസുകാരൻ വിജയിനും മൂന്നു വയസ്സുകാരി ശ്യാമിലിക്കും രക്ഷാകർത്താവാണ് ഈ പന്ത്രണ്ടുകാരൻ എന്ന്. വിഷ്ണു എന്ന ഉൗന്നുവടിയിൽ ജീവിതം തള്ളിനീക്കുന്ന മുത്തുമാരിയുടെ ജീവിതം തിരിച്ചറിഞ്ഞ അവർപോലും നിസ്സഹായരായി പോയി. വിഷ്ണു പഠിക്കുന്ന സ്കൂളിലെ അധികൃതരും അധ്യാപകരും ഇടപെട്ടപ്പോൾ ഒടുവിൽ വിഷ്ണുവിനെ അമ്മക്കൊപ്പം വിട്ടയക്കുകയായിരുന്നു. രാവിലെ ഉണർന്ന് മുത്തച്ഛനും അമ്മക്കും സഹോദരങ്ങൾക്കും ഭക്ഷണമൊരുക്കി വെച്ചിട്ടാണ് അവൻ ആറ് കിലോമീറ്റർ അകലെ പൊഴുതനയിലുള്ള അച്ചൂർ ഗവ. സ്കൂളിലേക്ക് പോകുന്നത്. ക്ലാസിലിരിക്കുമ്പോഴും പുസ്തകങ്ങളിലെ പാഠങ്ങളായിരിക്കില്ല അവെൻറ മനസ്സിൽ, തള്ളക്കിളി ഇരതേടി പോയ കൂടുപോലെ അങ്ങകലെ ചോർന്നൊലിക്കുന്ന പാടിയിലെ തെൻറ വീട്ടുമുറിയായിരിക്കണം.
ഒറ്റവരി സങ്കടപ്പാട്ടിൽ തീരുന്നതല്ല കുറിച്യാർമല, പൊന്നമലപ്പാടിയിൽ വാടകക്ക് താമസിക്കുന്ന മുത്തുമാരിയുടെ കഥ. കണ്ണിൽ ഇരുട്ടുമാത്രം നിറച്ച് ജീവിതത്തിലേക്കിറക്കിവിട്ട വിധിയോട് ഒരു 35കാരി നടത്തുന്ന പടവെട്ടലിന്‍റെ കഥയാണത്. രണ്ടു വർഷം മുമ്പ് ഭർത്താവ് ശിവദാസൻ ആകസ്മികമായി മരിച്ച ശേഷം കൂടുതൽ ഇരുട്ടിലായിപ്പോയി മുത്തുമാരിയുടെ ജീവിതം. പിറന്നുവീണപ്പോഴേ കണ്ണിൽ ഇരുട്ടുമാത്രം കൂട്ടിനുണ്ടായിരുന്ന മുത്തുമാരിക്ക് ദൈവം അനുഗ്രഹിച്ചു നൽകിയത് പാടാനുള്ള കഴിവൊന്നു മാത്രം. പറയസമുദായത്തിൽ ഒടുങ്ങാത്ത ദാരിദ്യ്രത്തിൽ പിറന്നുവീണ മുത്തുമാരിക്ക് ഏതു പാട്ടും ഒരിക്കൽ കേട്ടാൽ മനസ്സിൽ പതിയും. അത് പിന്നെ ഓർത്തെടുത്ത് പാടുകയേ വേണ്ടൂ.
അങ്ങനെയിരിക്കെയാണ് അവരുടെ ജീവിതത്തിന് താങ്ങായി ശിവദാസൻ എന്ന പെരിന്തൽമണ്ണക്കാരൻ കടന്നുവന്നത്. ലോട്ടറി വിൽപനയായിരുന്നു ശിവദാസെൻറ ജോലി. കടുത്ത അപസ്മാര രോഗത്തിെൻറ ആക്രമണത്തിനിടയിൽ തുച്ഛമായ വരുമാനം കൊണ്ട് തെൻറ കുടുംബത്തെ പോറ്റാൻ ശിവദാസൻ നട്ടംതിരിയുന്നതിനിടയിലാണ് കാഴ്ചക്കുറവുള്ള മലപ്പുറം മൊറയൂർ സ്വദേശി ഇസ്മയിൽ മുത്തുമാരിയെ പാടാനായി ക്ഷണിച്ചത്. ഒരു ചെറിയ വണ്ടിയിൽ കെട്ടിവെച്ച മൈക്കിൽ കരോക്കെയുടെ പശ്ചാത്തലത്തിൽ പാട്ടുപാടി നടക്കുന്ന പരിപാടിയായിരുന്നു ഇസ്മായിലിന്. ശിവദാസെൻറ കൈപിടിച്ച് മുത്തുമാരി പല നാടുകളിലും നടന്നു പാടി. തുച്ഛമായ ആ വരുമാനം കൊണ്ട് വലിയ പരിക്കുകളില്ലാതെ ജീവിതം മുന്നോട്ടുപോയി. സ്വന്തമായി കിടപ്പാടം ഇല്ലാത്ത ശിവദാസനും മുത്തുമാരിയും കുറിച്യാർമല, പൊന്നമല പാടിയിലെ വാടക വീട്ടിലായിരുന്നു താമസം. വ്യവസായ പ്രമുഖനും രാഷ്ട്രീയ നേതാവുമായ പി.വി. അബ്ദുൽ വഹാബിന്‍റെ ‘പീവീസ് ഗ്രൂപ്പിന്‍റെ’ കുറിച്യാർമല പ്ലാന്‍റേഷനു നടുവിലാണ് ഈ പാടി.
അങ്ങനെയിരിക്കെയാണ് വയനാട്ടിൽ തന്നെയുള്ള ചൂരൽമല സ്വദേശി സുബൈർ എന്നയാൾ മുത്തുമാരിയെ പാടാൻ വിളിച്ചത്. ശിവദാസനൊപ്പം മുത്തുമാരി സുബൈറിന്‍റെ സംഘത്തിലെ പാട്ടുകാരിയായി. കോഴിക്കോടും മലപ്പുറത്തും തൃശൂരും എറണാകുളത്തുമൊക്കെ അവർ പാടാൻ പോയി. ചില ദിവസങ്ങളിൽ മോശമില്ലാത്ത കലക്ഷൻ കിട്ടിയപ്പോൾ പല ദിവസങ്ങളിലും പേരിനു മാത്രമായിരുന്നു വരുമാനം.
കിട്ടിയതൊക്കെ സ്വരുക്കൂട്ടി സ്വന്തമായി വീടുവെക്കാൻ അഞ്ച് സെന്‍റ് സ്ഥലം എങ്ങനെയോ അവർ സമ്പാദിച്ചു. അതിലൊരു തറയും കെട്ടി. ഒരുവിധത്തിൽ ജീവിതമങ്ങനെ പാടിമൂളിക്കുമ്പോഴായിരുന്നു മുത്തുമാരിയുടെ ജീവിതത്തിനു മേൽ കൊടുങ്കാറ്റ് വീശിയത്. ജീവിതം കടപുഴക്കി എറിഞ്ഞത്. എന്നും നേരേത്ത വീട്ടിലെത്തുന്ന ശിവദാസൻ അന്നൊരു ദിവസം വൈകിയാണ് വീട്ടിൽ വന്നുകയറിയത്. അപസ്മാരത്തിന്റെ ആക്രമണത്തിൽ അടിതെറ്റിയ ശിവദാസൻ ആകെ അവശനായിരുന്നു. പിന്നീട് ആശുപത്രിയിൽ ആക്കിയെങ്കിലും നാലാം നാൾ ശിവദാസൻ 37ാം വയസ്സിൽ മരണത്തിനു കീഴടങ്ങി. അതോടെ മുത്തുമാരിയും മക്കളും കൂരിരുട്ടിലായി...
ഗത്യന്തരമില്ലാതെ വിഷ്ണുവിന്‍റെ കൈയും പിടിച്ച് അവർ പാടാനിറങ്ങി. തെരുവിൽ പാടി നടക്കുന്ന സുബൈറിെൻറ സംഘത്തെക്കുറിച്ച് ഒരിക്കൽ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അങ്ങനെ പാടിനടക്കുന്നതിനിടയിലായിരുന്നു മീനങ്ങാടിയിൽവെച്ച് വിഷ്ണുവിനെ ചൈൽഡ് െപ്രാട്ടക്ഷൻകാർ പിടിച്ചുകൊണ്ടുപോയത്. ശിവദാസൻ ഉള്ളപ്പോഴേ സുബൈറിന്‍റെ സംഘത്തിൽ പാടുന്നതാണ്. പാട്ടുസ്ഥലത്ത് കൈപിടിച്ച് മൈക്കിനു മുന്നിൽ നിർത്തുക, അമ്മ പാടുമ്പോൾ മൂന്നു വയസ്സുകാരി ശ്യാമിലിയെ കാത്തുസൂക്ഷിക്കുക, അവൾക്ക് വിശക്കുമ്പോൾ പാലും ബിസ്കറ്റും കൊടുക്കുക. അതൊക്കെ വിഷ്ണുവിന്‍റെ ജോലിയാണ്. കാശ് പിരിക്കാനൊന്നും വിഷ്ണു പോകാറില്ല. മീനങ്ങാടിയിൽ ബസിലിരുന്ന് അമ്മയുടെ പാട്ടുകേട്ട് അലിവു തോന്നിയ യാത്രക്കാർ കൈയാട്ടി വിളിച്ചപ്പോൾ ബക്കറ്റുമെടുത്ത് ചെന്നതായിരുന്നു. കൂട്ടുകാർക്കൊപ്പം തേയിലത്തോട്ടത്തിലും കാട്ടിലും ചോലയിലും മരങ്ങളിലും ചാടിമറിഞ്ഞ് കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിന്‍റെ മുഴുവൻ വേവലാതികളും തലച്ചുമടായി ഏറ്റേണ്ടിവന്നതു കൊണ്ടാവണം വിഷ്ണു അൽപം ഗൗരവക്കാരനാണ്. പക്ഷേ, അവെൻറ ആ ഗൗരവമാണ് അഞ്ചുപേരടങ്ങുന്ന കുടുംബത്തിന്‍റെ കാവൽമാടം.
ചില ദിവസങ്ങളിൽ പാടാൻ പോയാൽ വണ്ടിക്കാശും മറ്റു ചെലവും കഴിഞ്ഞ് പത്തോ അഞ്ഞൂറോ കിട്ടിയെന്നിരിക്കും. എന്നും അങ്ങനെ പോകാനും കഴിയില്ല. ചിലപ്പോൾ വഴിച്ചെലവല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നുമിരിക്കും. പേമാരിയും ഉരുൾപൊട്ടലും പതിവുകാരായ മലയിടുക്കിൽനിന്ന് പാടാൻ പോകാനാവാത്ത ദിവസങ്ങളിൽ ഈ കുടുംബം പട്ടിണിയിലായിരിക്കുമെന്ന് പുറം ലോകത്തിന് അധികം അറിയില്ല. വിഷ്ണു പഠിക്കുന്ന പൊഴുതന അച്ചൂർ ഗവ. ഹൈസ്കൂളിലെ അധ്യാപിക സ്വപ്നയാണ് ഈ കുടുംബത്തിെൻറ കഷ്ടസ്ഥിതി വിളിച്ചറിയിച്ചത്. മക്കളെ നല്ല നിലയിലെത്തിക്കണം. അവരുടെ ജീവിതത്തിൽ വെളിച്ചം നിറക്കണം. അഞ്ചു സെൻറിൽ അടച്ചുറപ്പുള്ള ഒരു ചെറിയ വീടുവേണം. മക്കളെ ഏതെങ്കിലും നല്ലയിടത്ത് അയച്ച് സംരക്ഷിക്കണം... അത്രയുമേ മുത്തുമാരി ആവശ്യപ്പെടുന്നുള്ളൂ... അധികം സംസാരിച്ചിരിക്കാൻ നേരമില്ലാത്തതിനാൽ മുത്തുമാരി വിഷ്ണുവിെൻറ കൈപിടിച്ച് ശ്യാമിലിയെയും ഒക്കത്തെടുത്ത് ഇറങ്ങി. വാതിൽ പടിയിൽനിന്ന് വിജയ് അതുനോക്കി നിന്നു. നിശ്ചലമായ കണ്ണുകളുമായി ഒരു പ്രതിമ കണക്കെ പാണ്ടി അത് നോക്കി വരാന്തയിലിരുന്നു. അതിനു മുമ്പ് ഒരു പാട്ടുപാടാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. വെളിച്ചം കുറഞ്ഞ പാടിയിലെ മുറിയിലിരുന്ന് ഒട്ടും വെളിച്ചമില്ലാത്ത സ്വന്തം ലോകത്തെ നോക്കി മുത്തുമാരി പാടി...
‘....ലോകമേ നിൻ ചൊടിയിൽ ചിരി കാണാൻ
കരൾ വീണമീട്ടി പാട്ടുപാടാം....’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.