ഫുട്ബാൾ മാനേജർമാർ ഫ്രം മലപ്പുറം
text_fieldsകാല്‍പ്പന്തുകളിയുടെ ആരവമാണ് മലപ്പുറത്തിപ്പോൾ. ഗ്രാമങ്ങളിലും നഗരങ്ങളിലും സെവന്‍സിന്റെ ആവേശം. രാത്രിയെ പകലാക്കുന്ന വെളിച്ചത്തിൽ പന്തിന് പിറകെ കളിക്കാരും കാണികളും ഒഴുകുന്നു. നാട്ടിലെ കളിക്കാർക്കൊപ്പം ചെറു മൈതാനങ്ങളില്‍ പോലും സുഡാന്, ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ്. ഇവരെ ഇൗ നാട്ടിൽ എത്തിക്കുന്നതും കളിക്കളത്തിൽ ഇറക്കുന്നതും സംരക്ഷിച്ച് പോരുന്നതും സിനിമകഥയാകുന്ന കാലമാണിത്. ആ കഥക്കു പിന്നിലുള്ളവരെ തിരഞ്ഞാൽ ചിലരെ കണ്ടുമുട്ടാം. ഫുട്ബാൾ ജീവിതമാക്കിയ ചിലർ. യഥാർഥ മാനേജർമാർ. അവരുടെ വിശേഷങ്ങളിലൂടെ....
ഇൗ കഥയാണ് ആ കഥ
സുഡാനി ഫ്രം നൈജീരിയ സിനിമ കണ്ട് പുറത്തിറങ്ങിയ മലപ്പുറത്തുകാരായ ഫുട്ബാൾ പ്രേമികൾ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-ഇത് നമ്മുടെ ഡാനിയുടെ കഥയല്ലേ, ഫിലിപ്സ് എന്ന മരിച്ചു പോയ നൈജീരിയക്കാരന്റെയും. ഡാനിയെ അറിയുന്നവർ പറയും, അതെ സിനിമയിലെ ഫുട്ബാൾ മാനേജരായ മജീദ് ഡാനി തന്നെ. കാലൊടിഞ്ഞു കളി നിർത്തിമടങ്ങുന്ന നൈജീരിയക്കാരൻ സാമുവലിൽ ഉള്ളത് അഞ്ചു വർഷം മുമ്പ് മലപ്പുറത്തെ ത്രസിപ്പിച്ച ഫിലിപ്സിന്റെ ജീവിതവും.
ഡാനി എന്ന മാനേജർ
17 വർഷങ്ങൾക്കു മുമ്പാണ് ഇബ്രാഹിം എന്ന ഡാനി ഫുട്ബാൾ മാനേജരായി മാറുന്നത്. വളാഞ്ചേരി പൂക്കാട്ടിരിയിലെ സ്വന്തം ക്ലബായ ഡോണാസിനും കളിക്കാർക്കുമായി ജയ് വിളിച്ചു നടന്ന ഡാനി പണ്ടേ കടുത്ത ഫുട്ബാൾ ആരാധകനാണ്. കളിപ്രേമം കൊണ്ട് ടീമിലെ പ്രധാന കളിക്കാരനായിരുന്ന മൻസൂറുമായി വളാഞ്ചേരി, എടപ്പാൾ, പെരിന്തൽമണ്ണ,തിരൂർ, അരീക്കോട് എന്നിവിടങ്ങളിലെ സെവൻസ് മൈതാനങ്ങളിൽ കറങ്ങി നടന്ന കാലം. മൻസൂർ കളത്തിലിറങ്ങുേമ്പാൾ ഡാനി പുറത്തിരുന്ന് കളി കാണും. തന്ത്രങ്ങൾ പഠിക്കും. അങ്ങനെ മലപ്പുറത്തെ മിക്ക കളിക്കാരെയും ടീമുകളെയും ഡാനിക്ക് അടുത്തറിയാമെന്നായി. ടീമുകൾ കളിക്കാർക്കായി ഇദ്ദേഹത്തെ വിളിച്ചു തുടങ്ങി. ഇതൊരു നല്ല ഏർപ്പാടാണെന്ന് തെളിഞ്ഞതോടെ ഡാനിയും സീസൺ കാത്തിരുന്നു തുടങ്ങി. കളിക്കാരെയും കൊണ്ട് പകലും രാത്രിയും ഡാനി ഇപ്പോഴും ഫുട്ബാൾ മൈതാനങ്ങളിൽ സജീവമാണ്. വിസ നിയമങ്ങൾ കർശനമാക്കും വരെ നൈജീരിയൻ താരങ്ങളായിരുന്നു ഡാനിയുടെ കരുത്ത്. െഎവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം കളിക്കാർ ഇൗ സീസണിലും ഡാനിക്കൊപ്പമുണ്ട്.
സുഡു വരുന്നു
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും മറ്റും പഠിക്കാൻ എത്തിയ ആഫ്രിക്കൻ വംശജർ മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിൽ പന്തുതട്ടി തുടങ്ങിയത് ആയിടക്കാണ്. ഇവരുണ്ടേൽ കളികാണാൻ ആള് കൂടുകയും ആരവം ഉയരുകയും കളിമുറുകുകയും ചെയ്യും. ആഫ്രിക്കൻ വംശജരെ നാട്ടിലെത്തിക്കാൻ ഡാനിയും ശ്രമം തുടങ്ങി. 2007ൽ ഡാനി കൊൽക്കത്തയിലെത്തി. നൈജീരിയക്കാർ കൂട്ടമായി കളിക്കുന്ന പുൽമൈതാനത്തും ഗ്രാമങ്ങളിലും കറങ്ങി നടന്നു കളികണ്ടു. രാവിലെ ഏഴുമുതൽ 10 വരെയുള്ള അവരുടെ പരിശീലനം കണ്ടു, ചിലരെ പരിചയപ്പെട്ടു. അങ്ങനെ എട്ടുപേരുമായി നാട്ടിലേക്ക് മടങ്ങി. വളാഞ്ചേരിയിലും പൂക്കാട്ടിരിയിലുമായി ഇവരെ താമസിപ്പിച്ചു. പൊലീസ് സ്റ്റേഷനുകളിൽ പോയി രേഖകൾ ശരിയാക്കി. ഭക്ഷണവും വസ്ത്രവും നൽകി. പിന്നെ മലപ്പുറത്തെയും സമീപ ജില്ലകളിലേയും രാത്രി മൈതാനങ്ങളിലേക്ക് പന്തുമായി ഇറക്കിവിട്ടു.
ഫിലിപ്സ് ഫ്രം നൈജീരിയ
2010ൽ നൈജീരിയക്കാരൻ ഫിലിപ്സിനെ ഡാനി കൂടെക്കൂട്ടി. കളിക്കളത്തിലും പുറത്തും തികഞ്ഞ മാന്യനായിരുന്നു ഫിലിപ്സ്. വൈകാതെ മലപ്പുറത്തെ കളിക്കമ്പക്കാരുടെ ഇഷ്ടക്കാരനായവൻ. വളാഞ്ചേരി സ്വകാര്യ കോളജിന്റെ പിറകിലായിരുന്നു ഫിലിപ്സിന് ഡാനി താമസ സൗകര്യം ഒരുക്കിയത്. വയോധികയും പേയിങ്ഗെസ്റ്റുകളായി കുറച്ചു പെൺകുട്ടികളുമായിരുന്നു ഫിലിപ്സിന്റെ അയൽക്കാർ. പ്രായമായ സ്ത്രീക്ക് പനിവന്നപ്പോൾ സ്വന്തം മുത്തശ്ശിയെപ്പോലെ ഫിലിപ്സ് അവരെ പരിചരിച്ചു. ഫിലിപ്സിന് അവർ ഭക്ഷണം ഒരുക്കിക്കൊടുത്തു. രാത്രി വൈകിയെത്തുന്ന പെൺകുട്ടികളെ ചേട്ടന്റെ ഉത്തരവാദിത്തത്തോടെ വീട്ടിലെത്തിച്ചു. ദരിദ്രമായ സാഹചര്യത്തിൽ നിന്നായിരുന്നു പന്ത് കളിക്കാനായി ഫിലിപ്സ് മലപ്പുറത്തെത്തിയത്.
മലപ്പുറം ഫിലിപ്സിനെയും അയാൾ മലപ്പുറത്തെയും ഉപാധികളില്ലാതെ സ്നേഹിച്ചു. മൂന്ന് വർഷം ഫിലിപ്സ് മലപ്പുറത്തെ മൈതാനങ്ങളെ ത്രസിപ്പിച്ചു. രണ്ട് തവണ നാട്ടിൽ പോയി മടങ്ങിയെത്തി. 2013ൽ ഫിലിപ്സിന് ചെറിയൊരു പനിവന്നു. രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും കുറഞ്ഞില്ല. ആദ്യം വളാഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ഫിലിപ്സിന്റെ കാര്യങ്ങൾ നോക്കിയത് ഡാനിയാണ്. 15ാം ദിവസം രോഗം എന്തെന്നറിയാതെ ഫിലിപ്സ് മരിച്ചു. എംബാം ചെയ്ത് ഫിലിപ്സിന്റെ മൃതദേഹം നൈജീരിയയിലേക്ക് അയച്ചപ്പോൾ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട പോലെയായി ഡാനിയും സഹകളിക്കാരും.
സിനിമാക്കഥ
സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്റെ അയൽക്കാരനാണ് ഡാനി. പന്തുകളിയെ ആവേശത്തോടെ കാണുന്ന പൂക്കാട്ടിരിക്കാർ. കളിയോട് അത്ര സ്നേഹമില്ലെങ്കിലും സക്കരിയ ഡാനിയുടെ കളിേപ്രമം ശ്രദ്ധിച്ചിരുന്നു. ഡാനിക്കു ചുറ്റുമുള്ള ജീവിതങ്ങളേയും. അങ്ങനെ തന്റെ സിനിമക്ക് അയൽക്കാരനിൽ നിന്ന് സക്കരിയ കഥാപാത്രത്തെ കണ്ടെത്തി. ജീവിതവും ഭാവനയും ചേർന്നതോടെ അതൊരു മികച്ച കഥയായി. സിനിമ കണ്ടിറങ്ങിയവർ ഇപ്പോഴും ഡാനിയെ വിളിച്ചു കൊണ്ടേയിരിക്കുന്നു. കളത്തിന് പുറത്ത്, ഡാനിയപ്പോൾ ഒരു പന്തിന് പിറകെ കണ്ണു പായിക്കുകയാകും.
പന്തു കൊണ്ടൊരു നേർച്ച
തിരൂര്‍ക്കാട് സ്വദേശി ബാബുവെന്ന അബ്ദുല്‍ ജബ്ബാറിനെ ഫുട്ബാൾ പ്രേമികൾ അറിയും. ഒന്നര ദശാബ്ദമായി സെവൻസ് മൈതാനങ്ങളെ ചലിപ്പിക്കുന്നത് ബാബുവാണ്. മൂന്ന് പ്രമുഖ ക്ലബുകള്‍ക്ക് കളിക്കാരെ എത്തിച്ച് ഫുട്ബാൾ മാനേജർ എന്ന വേഷത്തിൽ ബാബുവുണ്ട്. 15 വർഷത്തിനിടെ ബാബു മലപ്പുറത്തും പുറത്തുമായി കളത്തിലിറക്കിയത് നൂറോളം വിദേശകളിക്കാരെ. പശ്ചിമബംഗാളിലെ മോഹന്‍ ബഗാന്, മുഹമ്മദന്‍സ് ക്ലബുകൾ വരെ നീളുന്നു ബാബുവിന്റെ ‘സേവനം’. നവംബര്‍ മുതലാണ് കേരളത്തിൽ ഫുട്ബാൾ സീസൺ. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ക്ലബുകൾ ഇതോടെ ബാബുവിനെ വിളിച്ചുതുടങ്ങും. നാട്ടിലെ ക്ലബുകൾക്ക് താങ്ങാവുന്ന കളിക്കാരെ എത്തിക്കണം. അവരെ ക്ലബുകള്‍ക്കായി വിതരണം ചെയ്യണം. ടിക്കറ്റും താമസവും ശമ്പള കാര്യവും കൈകാര്യം ചെയ്യണം. ആറുമാസം നിന്നുതിരിയാൻ സമയമില്ലാതെ പന്തിനൊപ്പം കറങ്ങണം.
ഒരു ഫുട്ബാൾ മാനേജർ പിറക്കുന്നു
ക്രിക്കറ്റിലായിരുന്നു ചെറുപ്രായത്തിൽ ബാബുവിന് കമ്പം. ചെറുപ്രായത്തിൽ ‘യോര്‍ക്ക് ഷെയര്‍’ ക്രിക്കറ്റ് ക്ലബിലൂടെയാണ് പ്രതിഭ തെളിയച്ചത്. യോര്‍ക് ഷെയര്‍ നടത്തിയ ക്രിക്കറ്റ് ടൂര്ണമന്റെുകൾ നല്ല കളിക്കാരനുമാക്കി. എന്നാൽ, എത്തിപ്പെട്ടതും ജീവിതമാർഗമായതും ഫുട്ബാളാണ്. കളിക്കാരനയല്ല, കളിപ്പിക്കുന്നവനായാണ് ബാബു ഫുട്ബാളിനെ ചലിപ്പിക്കുന്നത്. ഒരു വീഴ്ചയാണ് ജീവിതത്തെ മാറ്റിമറിച്ചത്. 2000 മാര്‍ച്ച് 31നാണ് സംഭവം. മാങ്ങ പറിക്കാനായി കൂട്ടുകാരന്റെ വീട്ടുമുറ്റത്തെ മാവില്‍ കയറി. പിടിവിട്ട് താഴെ വീണപ്പോൾ പരിക്കേറ്റത് നട്ടെല്ലിന്. ആ വീഴ്ച അരയ്ക്ക് താഴെ തളർത്തി. കേരള ക്രിക്കറ്റ് അണ്ടര്‍ 22-ടീം സ്വപ്നം കാണുന്നതിനിടെയായിരുന്നു ഇത്. ആ മാർച്ച് കഴിഞ്ഞിട്ട് മാസങ്ങൾ കടന്നുപോയി കേരളത്തിൽ ഫുട്ബാൾ സീസൺ എത്തി. കളികമ്പക്കാരനായ ബാബുവിന് വീട്ടിൽ തനിച്ചിരിക്കാനായില്ല. കൂട്ടുകാരുടെ തോളില്‍ കൈവെച്ച് സെവന്‍സ് കാണാനിറങ്ങി. പന്ത് കളിമൈതാനത്തെ ആരവവും ആവേശവും ഉണർത്തി. അവിടം മുതൽ അറിയപ്പെടുന്ന ഫുട്ബാൾ മാനേജരായി.
ഇന്‍ ദ നെയിം ഓഫ് വിക്ടറി
സെവന്‍സ് കണ്ട് ലഹരി കയറിയ പ്പോള്‍ ഇന്‍ ദ നെയിം ഓഫ് വിക്ടറി എന്ന പേരില്‍ ബാബു ഒരു ക്ലബ് ഉണ്ടാക്കി. അതില്‍ ഒരു വലിയ ടീമിനെ തന്നെ കിട്ടി. അങ്ങനെ തുടങ്ങി പിന്നീട് പ്രമുഖ ടീമുകളുടെ മാനേജര്‍ ആവുകയായിരുന്നു. ഇന്ന് കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റിന്റെ മാനേജറാണ് ബാബു. ഘാന, െഎവറികോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് കളിക്കാർ ഇദ്ദേഹത്തിന്റെ സംരക്ഷണത്തിൽ കഴിയുന്നു. വലിയ ലാഭമൊന്നും പ്രതീക്ഷിച്ചല്ല ഇതൊന്നും. കളിയുടെ ഭാഗമാകുേമ്പാൾ ലഭിക്കുന്ന ആനന്ദം, അതിൽ നിന്ന് ലഭിക്കുന്ന ഉൗർജം-അതാണ് മുന്നോട്ടു നയിക്കുന്നതെന്ന് ബാബു. ആദ്യം ഭാഷ ഒരു പ്രശ്നം ആയിരുന്നു. ഇപ്പോള്‍ അതെല്ലാം ശരിയായി. സുഡാനി ഫ്രം നൈജീരിയ എന്ന മലപ്പുറത്തിന്റെയും പന്തുകളിയുടെയും കഥ പറയുന്ന സിനിമയിൽ ബാബുവും ഉണ്ട്. മൈതാനത്തെ അർപ്പണ ബോധത്തിന് കലയിലൂടെ ലഭിച്ച ആദരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.