സൗമ്യമാം കായല് പോലെ ഈ ദാമ്പത്യം
text_fieldsഅധികാരത്തിന്റെ ആരവങ്ങളും പാർട്ടിയുടെ പ്രതാപവും ഉണ്ടായിരുന്നപ്പോഴും തോമസ് മാഷ് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു... കുമ്പളങ്ങി ഗ്രാമത്തെപ്പോലെ സൗമ്യമായി ഒഴുകി നീങ്ങുകയായിരുന്നു. ഇന്നിപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകൾക്ക് അൽപം അവധി കൊടുത്ത് എറണാകുളവും പിന്നെ സ്വന്തം പേരിനൊപ്പം എന്നും ചേർത്തുപറയുന്ന കുമ്പളങ്ങിയുമായി നീങ്ങുേമ്പാഴും അതേ സൗമ്യഭാവംതന്നെ പ്രഫ. കെ.വി. തോമസ് എം.പിക്ക്. കുമ്പളങ്ങിക്കായലിലെ കൊഞ്ചും ഞണ്ടും മാത്രമല്ല, പ്രകൃതിമനോഹരമായ കായലോരത്തിന്റെ പെരുമയും സഞ്ചാരികൾക്കിടയിൽ എത്തിച്ചത് പ്രഫ. കെ.വി. തോമസിന്റെ പ്രയത്നങ്ങളാണ്.
തേവര കോളജിൽ രസതന്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കെ രാഷ്ട്രീയത്തിലിറങ്ങി എം.എൽ.എയും എം.പിയും മന്ത്രിയും കേന്ദ്രമന്ത്രിയും വരെയായ ജനപ്രതിനിധി ജനക്ഷേമപ്രവർത്തനങ്ങളുമായി പൊതുരംഗത്ത് നിലയുറപ്പിച്ചിട്ട് നാലു പതിറ്റാണ്ടാവുകയാണ്. കായലിൽ വലയെറിഞ്ഞും കൈത്തോട്ടിൽ ചൂണ്ടയിട്ടും തനി നാട്ടിൻപുറത്തുകാരനായി മാറുന്ന ഇൗ കുമ്പളങ്ങിക്കാരൻ അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും മലയാളികൾക്ക് തോമസ് മാഷാണ്. കോളജിൽ രസതന്ത്രം പഠിപ്പിക്കാൻ മാത്രമല്ല, ജീവിതത്തിൽ സ്നേഹത്തിന്റെ രസതന്ത്രം പ്രയോഗിക്കാനും അറിയുന്ന കുടുംബനാഥനെന്നാണ് മാഷെക്കുറിച്ച് സഹധർമിണി ഷേർളി തോമസ് പറയുന്ന കമൻറുകളിലൊന്ന്. പരസ്പരം സ്നേഹിച്ചും പങ്കുവെച്ചും കൈപിടിച്ചുനടക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേക്ക് നീങ്ങുന്ന വേളയിലെ വിവാഹവാർഷിക സമ്മാനമാണ് ഷേർളിയുടെ കമന്റെന്ന് സമ്മതിക്കാൻ തോമസ് മാഷിനും സന്തോഷം മാത്രം.
കുമ്പളങ്ങി, സഞ്ചാരികളുടെ സ്വര്ഗം
ലോക ടൂറിസം ഭൂപടത്തിൽ തെളിമയുള്ള പേരാണ് ഇന്ന് കുമ്പളങ്ങി. കുമ്പളങ്ങിയിൽ എവിടെ തിരിഞ്ഞുനോക്കിയാലും കാണാനാവുന്നത് വിദേശികളെയും വിനോദസഞ്ചാരികളെയുമാണ്. “ഈ കാണുന്ന സ്ഥലമെല്ലാം നിറയെ ചതുപ്പായിരുന്നു. പണ്ട് അപ്പച്ചന്റെ കൈപിടിച്ച് വലവീശാൻ വരുമായിരുന്നു. ഇഷ്ടംപോലെ ഞണ്ട് കിട്ടുന്ന സ്ഥലമായിരുന്നു. ഞാൻ ജനിച്ചുവളർന്ന കുമ്പളങ്ങി ഒരുപാട് മാറിപ്പോയി. എന്തായാലും നാട് വികസനത്തിന്റെ പാതയിലാണ്. അതിൽ അഭിമാനമുണ്ട്’’ -പൊതുവെ ഒന്നിലും അമിതാവേശം കാട്ടാത്ത തോമസ് മാഷ് കുമ്പളങ്ങിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ ധാരണകളെല്ലാം തെറ്റിക്കും.
പ്രതീക്ഷിച്ചതിലും കൂടുതൽ ലഭിച്ചതിലുള്ള സന്തോഷമാണ് ആ മുഖത്തെപ്പോഴും. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. ഞാൻ എന്തിന് വിഷമിക്കണം? പലരും ആഗ്രഹിച്ചിട്ടും കിട്ടാത്ത എത്രയോ സൗഭാഗ്യങ്ങൾ എനിക്കുണ്ടായി. ഒന്നും പൊരുതിനേടിയതാണെന്ന് അവകാശപ്പെടുന്നില്ല. എല്ലാം വന്നുചേർന്നതുതന്നെയാണ്. ഉന്നതമായ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. പലതരം ജീവിതങ്ങൾ കാണാൻ കഴിഞ്ഞു. ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായി. 72ഓളം രാജ്യങ്ങൾ സന്ദർശിച്ചു. മൂന്ന് മാർപാപ്പമാരെ കാണാനും അനുഗ്രഹം വാങ്ങിക്കാനും കഴിഞ്ഞു. രാഷ്ട്രീയത്തിലും നല്ല സ്ഥാനമാനങ്ങളിൽ എത്താൻ കഴിഞ്ഞു. കുടുംബവും നല്ലരീതിയിൽ കഴിയുന്നു. മക്കൾ മൂന്നു പേരും നല്ലനിലയിലായി. ഇതെല്ലാം ഒരു മനുഷ്യനെ സംബന്ധിച്ച് വലിയ ഭാഗ്യങ്ങളാണ്. എല്ലാം ദൈവാനുഗ്രഹം എന്നാണ് ഞാൻ വിശ്വസിക്കുന്നത് -മാഷ് മനസ്സു തുറന്നപ്പോൾ മുഖത്തും വല്ലാത്തൊരു സന്തോഷം.
ചാരത്തില്നിന്ന് ഉയിര്ത്തെണീറ്റ്
അപ്രതീക്ഷിതമായ തിരിച്ചടികൾക്കൊന്നും മാഷെ ഒരിക്കലും തളർത്താനാവില്ല. വലിയ തിരിച്ചടികൾ വരുമ്പോൾ സ്വാഭാവികമായും അൽപം വിഷമം തോന്നും. പിന്നെ സാവധാനം അത് മറക്കും. നല്ലൊരു ദൈവവിശ്വാസിയായതു കൊണ്ടാണ് ഇതൊക്കെ സഹിക്കാൻ കഴിയുന്നതെന്നാണ് മാഷുടെ പക്ഷം. ജീവിതത്തിൽ ഏറ്റവുമധികം വേദനിച്ച നിമിഷങ്ങളായിരുന്നു ഫ്രഞ്ച് ചാരക്കേസ് വിവാദത്തിന്റെ കാലം. വാർത്ത വന്ന ദിവസം ഞാൻ ഉറങ്ങിയിട്ടില്ല. സത്യം പറഞ്ഞാൽ തകർന്നുപോയ നിമിഷങ്ങളായിരുന്നു അത്. പക്ഷേ, അന്ന് എന്നെ താങ്ങിനിർത്തിയത് ഭാര്യ ഷേർളിയായിരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ സ്വാഭാവികമാണ്. മനോധൈര്യത്തോടെ മുന്നോട്ടുപോകണം എന്ന തീരുമാനം ഞാൻ ആ സന്ദർഭത്തിലാണ് കൂടുതലായി എടുത്തത്.
വേളാങ്കണ്ണി മാതാവിനെയാണ് എനിക്ക് ഏറ്റവും വിശ്വാസം. സമയം കിട്ടുമ്പോഴെല്ലാം അവിടെപ്പോയി പ്രാർഥിക്കും. ജീവിതത്തിൽ തളർന്നുപോയപ്പോഴെല്ലാം വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കുടുംബത്തിന്റെ സപ്പോർട്ടുമാണ് എന്നെ തളരാതെ നിർത്തിയത്. ശരിക്കും അതൊരു അഗ്നിപരീക്ഷണമായിരുന്നു. ദൈവാനുഗ്രഹത്താൽ അതെല്ലാം നല്ലരീതിയിൽ തന്നെ കലാശിച്ചു. ഞാൻ വീണ്ടും കോളജിൽ ജോലിക്ക് പോയി. തേവര എസ്.എച്ച് കോളജിൽ കെമിസ്ട്രി അധ്യാപകനായിരുന്ന ഞാൻ പിന്നീട് അവിടെ കെമിസ്ട്രി ഡിപ്പാർട്മെൻറ് തലവനായാണ് വിരമിക്കുന്നത്. ഇന്ന് അതെല്ലാം ഓർമകളായി മാറി. ഞങ്ങൾ ഇപ്പോൾ സന്തുഷ്ടരാണ്. ഒരു തരത്തിലുമുള്ള വിഷമങ്ങളില്ല. ഭാര്യയും മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെ കഴിയുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രമാണുള്ളത്. എല്ലാം ദൈവാനുഗ്രഹവും ഭാഗ്യവുമാണ്.
അറിഞ്ഞും മനസ്സിലാക്കിയും അരനൂറ്റാണ്ട്
സന്തോഷപ്രദമാണ് ദാമ്പത്യം. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിനോടടുക്കുകയാണ്. 47 വർഷം കഴിഞ്ഞു. പക്ഷേ, ഇന്നേവരെ വലിയ കലഹങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും അത്യാവശ്യം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു പിണക്കത്തിനും ഒരു രാത്രിക്ക് അപ്പുറത്തേക്ക് ആയുസുണ്ടായിട്ടില്ല, അങ്ങനെ പോകാൻ ഞങ്ങൾ അനുവദിച്ചിട്ടില്ല. ഭാര്യാഭർതൃ ബന്ധത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടത് വിട്ടുവീഴ്ച മനോഭാവമാണ്. പിന്നെ പരസ്പര വിശ്വാസവും. ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന പിടിവാശി ഒരിക്കലും പാടില്ല.
വീട്ടിലെ കാര്യങ്ങളെല്ലാം ഷേർളിയാണ് നോക്കി നടത്തിയിരുന്നത്. മക്കളുടെ പഠനവും വീട്ടുകാര്യങ്ങളുമെല്ലാം ഷേർളിയാണ് നടത്തിയിരുന്നത്. എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല. എന്റെ കൈയിൽ വരുന്ന കാശ് ഞാൻ അവളെയേൽപിക്കും. അവൾ കാര്യങ്ങളെല്ലാം നന്നായിത്തന്നെ നടത്തിക്കൊണ്ടു പോകുമായിരുന്നു. ഒരിക്കലും വീട്ടുകാര്യങ്ങൾ പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാറില്ല. ഒരു തരത്തിൽ ഇതെല്ലാം എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.
തിരക്കുകളൊഴിഞ്ഞാല് തനി കുമ്പളങ്ങിക്കാരന്
കുമ്പളങ്ങിക്കാരുടെ എല്ലാ ബലഹീനതകളുമുണ്ട് തോമസ് മാഷിന്. കൃഷിയും മീൻവളർത്തലും ചൂണ്ടയിടലുമൊക്കെയായി നാട്ടുകാരോടൊപ്പം അങ്ങ് കൂടും തിരക്കില്ലാത്തപ്പോൾ തോമസ് മാഷ്. വീട്ടിൽ അത്യാവശ്യം കൃഷിയൊക്കെയുണ്ട്. പിന്നെ ധാരാളം ചെടികളും അക്വേറിയവുമുണ്ട്. രാവിലെ ഉണർന്നുകഴിഞ്ഞാൽ ദിനചര്യകൾക്കുശേഷം തൊടിയിലും പാടത്തുമാണ് പ്രധാന പരിപാടി. പിന്നെ അക്വേറിയത്തിലെ അലങ്കാരമത്സ്യങ്ങളെ പരിപാലിക്കലും ഇഷ്ടപ്പെട്ട വിനോദമാണ്. പത്തു മണിക്കുശേഷം വീട്ടിലെത്തുന്ന സന്ദർശകരെ കാണുകയാണ് മറ്റൊരു ജോലി. സമയനിഷ്ഠ പരമപ്രധാനമാണ്. ഒരു നിമിഷം പോലും വെറുതെയിരിക്കുന്ന ശീലമില്ല. സമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളും വായിക്കും. എപ്പോഴും പുസ്തകം കൂടെ കൊണ്ടു നടക്കുന്ന ശീലവുമുണ്ട്. യാത്രകളിലാണ് വായന. ഇതിനിടെ, ചെറിയ രീതിയിൽ എഴുത്തുമുണ്ട്. ചുറ്റും നടക്കുന്ന കൊച്ചുകൊച്ച് കാര്യങ്ങളെക്കുറിച്ച് കുറിപ്പുകളും ചെറുകഥകളുമൊക്കെ ഞാൻ എഴുതാറുണ്ട്. ‘കെ.സി.ബി.സിയും കെ.പി.സി.സിയും കുമ്പളങ്ങിയും’ എന്ന പേരിൽ ഒരു പുസ്തക രചനയിലാണ് ഇപ്പോൾ.
മെട്രോ പാളത്തിലേറുന്ന ദിവസത്തെ വിവാദങ്ങളെല്ലാം ഒഴിവാക്കാവുന്നതായിരുന്നു. പക്ഷേ, അതുണ്ടായില്ല. എന്നാൽ, ഇതെല്ലാം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് എനിക്ക് അഭിപ്രായമില്ല. അതെല്ലാം അങ്ങനെ സംഭവിച്ചുപോയതാണ്. സംസ്ഥാന സർക്കാറിന് പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു പലതും. പക്ഷേ, അവർ അത് ചെയ്തില്ല. പ്രധാനമന്ത്രിെക്കാപ്പം കുമ്മനം രാജശേഖരന്റെ യാത്രയും വിവാദമായല്ലോ. അതിലൂടെ കുമ്മനത്തിന് പ്രശസ്തിയെക്കാൾ കുപ്രശസ്തിയാണ് കിട്ടിയത്. ആ സന്ദർഭത്തിൽ ഞാനും ഗവർണറുടെ കാറിലുണ്ടായിരുന്നു. എനിക്കും പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാമായിരുന്നു. പക്ഷേ, ഞാനത് ചെയ്തില്ല. കാരണം, എന്റെ സഹപ്രവർത്തകരായ പലർക്കും പങ്കാളിത്തം ലഭിക്കാത്ത സാഹചര്യത്തിൽ ഞാൻ ഇടിച്ചുകയറി യാത്ര ചെയ്യാൻ തയാറായിരുന്നില്ല.
ജനകീയ സമരങ്ങളോട് ഒരിക്കലും അമര്ഷമില്ല
പുതുവൈപ്പിലെ എൽ.എൻ.ജി സമരം ഒഴിവാക്കാവുന്നതായിരുന്നു. കാരണം, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ഇത്തരം േപ്രാജക്ടുകൾ അവതരിപ്പിക്കാവൂ. ജനങ്ങളുടെ വിശ്വാസം പ്രധാനമാണ്. പക്ഷേ, സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് തല്ലിയോടിക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. ജനങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങളും കമ്പനി മുന്നോട്ടുവെക്കുന്ന നിർദേശങ്ങളും ചർച്ചചെയ്ത് പരിഹരിക്കണം. കുമ്പളങ്ങി–പെരുമ്പടപ്പ് പാലം വരുന്നതിനെച്ചൊല്ലി പണ്ട് വലിയ വിവാദം ഉണ്ടായിട്ടുണ്ട്. ആ പദ്ധതിയുടെ പേരിൽ ഒരുപാട് ആരോപണങ്ങൾ ഞാനും കേട്ടതാണ്. എന്റെ ശവമഞ്ചം ഒരുക്കിവരെ സമരം ചെയ്തതാണ്. പക്ഷേ, പിന്നീട് ആ പാലം വന്നതോടെ വലിയ വികസനമുന്നേറ്റം ഉണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, മെേട്രാ റെയിൽ എന്നിവയുടെ സ്ഥലമേറ്റെടുക്കുമ്പോഴും സമരങ്ങൾ ഉണ്ടായതാണ്. ഇപ്പോൾ നോക്കൂ, ആ േപ്രാജക്ടുകളെല്ലാം വന്നു. വികസനം വേണം പക്ഷേ, ഒന്നും ചെയ്യരുത് എന്നു പറയുന്ന ജനങ്ങളുടെ രീതി ശരിയല്ല. മൂന്ന് മൊബൈൽ ഫോണുകൾ കൈവശംവെച്ചിട്ട് മൊബൈൽ ടവർ വേണ്ട എന്നു പറയുന്ന പ്രതിഷേധം ശരിയാണോ? ഞാനൊരിക്കലും ജനകീയ സമരങ്ങൾക്ക് എതിരല്ല. പക്ഷേ, ഈ സമരങ്ങളുടെ മറവിൽ വികസന പദ്ധതികൾ പാഴാക്കിക്കളയരുത്.
കരുണാകരനെന്ന കരുത്ത്
കെ. കരുണാകരനാണ് എന്റെ റോൾ മോഡൽ. അദ്ദേഹം തന്നെയാണ് രാഷ്ട്രീയ ഗുരുവും. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനമാണ് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും ജനങ്ങളിൽനിന്ന് അകന്നില്ല. ഒരിക്കൽപോലും മറ്റുള്ളവരെ ബലിയാടാക്കിയിട്ടുമില്ല. ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ പലരും ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നവരാണ്.
മുത്തച്ഛന് റോളില് ഹാപ്പിയാണ്
കൊച്ചി തോപ്പുംപടിയിലെ വീട്ടിൽ ഭാര്യ ഷേർളിക്കൊപ്പം തനിച്ചാണ് തോമസ് മാഷെങ്കിലും ഇടക്കിടെ എത്തുന്ന കൊച്ചുമക്കളാണിപ്പോൾ മാഷുടെ കളിക്കൂട്ടുകാർ. ഞങ്ങൾക്ക് മൂന്ന് മക്കളാണ്. മൂത്ത മകൻ ബിജു ബാങ്കിങ് മേഖലയിലാണ്. രണ്ടാമത്തെ മകൻ ജോ ഡോക്ടറാണ്. മകൾ രേഖക്ക് കൊച്ചിയിൽ തന്നെ ബിസിനസാണ്. ഇവരുടെ മക്കളാണ് മാഷുടെ ഇപ്പോഴത്തെ കമ്പനി. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി ഹാപ്പി ലൈഫിന്റെ ആഹ്ലാദത്തിലാണ് തോമസ് മാഷ്.
എല്ലാവരുടെയും മാഷ്
കുറുപ്പശ്ശേരി വർക്കി തോമസ് എന്ന പ്രഫ. കെ. വി. തോമസ് എല്ലാവർക്കും തോമസ് മാഷായിരുന്നു. എറണാകുളം തേവര എസ്.എച്ച് കോളജിൽ അധ്യാപകനായിരുന്ന തോമസ് മാഷ് കെമിസ്ട്രി ഡിപ്പാർട്മെൻറിൽ മേധാവിയായിട്ടാണ് വിരമിച്ചത്. കുമ്പളങ്ങിയിൽ 1946 മേയ് 10നായിരുന്നു ജനനം. പരേതരായ കുറുപ്പശ്ശേരി ദേവസി വർക്കിയും റോസയുമാണ് മാതാപിതാക്കൾ. 1984ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് പലതവണ ലോക്സഭയിലെത്തി. 15ാം ലോക്സഭയിൽ എറണാകുളം മണ്ഡലത്തെ പ്രതിനിധാനംചെയ്ത അദ്ദേഹം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിെൻറ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായിരുന്നു.
2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസ്, ടൂറിസം, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്തു. 2012 മുതൽ 2014 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു. എെൻറ ലീഡർ, കുമ്പളങ്ങി വർണ്ണങ്ങൾ , എെൻറ കുമ്പളങ്ങി, എെൻറ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്ലാഷ് തുടങ്ങിയ പുസ്തകങ്ങൾ അേദ്ദഹം രചിച്ചു. കെ.പി.സി.സി ട്രഷറർ, എ.െഎ.സി.സി അംഗം, ഡി.സി.സി പ്രസിഡൻറ്, സെക്രട്ടറി തുടങ്ങി വിവിധ തലത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.