തണൽ പാളങ്ങൾ
text_fieldsതുലാമഴ പെയ്തുതോര്‍ന്ന ഒരു വൈകുന്നേരത്ത് നനഞ്ഞുകുതിര്‍ന്ന ഒറ്റവരി റെയില്‍പാളത്തിലൂടെ അയാള്‍ പതിയെ നടന്നു. മൂന്ന് പതിറ്റാണ്ടുകള്‍ മുമ്പ് ഒരു ചരിത്രദൗത്യത്തിന് തുടക്കമിട്ട അതേ പാളത്തിലൂടെ. ഇരുവശവും പടര്‍ന്നു പന്തലിച്ച് നില്ക്കുന്ന മരങ്ങളില്‍നിന്ന് മഴത്തുള്ളികള്‍ ഇറ്റിവീണു, ചില്ലകളില്‍ കൂടുവെച്ച പക്ഷികളും മരക്കൊമ്പുകളിലൂടെ ഓടിനടന്ന അണ്ണാനും ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. പാളത്തിന് താഴെയായി മരത്തണലില്‍ മൂന്ന് ആടുകള്‍ മേഞ്ഞു നടക്കുന്നു. മരങ്ങള്‍ വിരിച്ച തണലിലൂടെ അദ്ദേഹം നടത്തം തുടര്‍ന്നു. ഇടക്കൊന്നുനിന്ന് ഒരു തേക്ക് മരത്തെ തൊട്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ തിളക്കം. ആ തിളക്കം ഇപ്പോള്‍ നമുക്കും കാണാം.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്പാതക്കിരുവശവും മരങ്ങള്‍ നട്ടുപിടിപ്പിക്കാനും പരിപാലിച്ച് വളര്‍ത്തിയെടുക്കാനും നേതൃത്വം നല്കിയ പച്ചമനുഷ്യനാണത്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയുമായ ടി.പി. അയ്യപ്പന് കര്‍ത്ത. ഇന്ന് പാതക്കിരുവശവും തേക്കുകളടക്കം പലജാതി മരങ്ങള്‍ വളര്ന്നുനില്ക്കുന്നതിന് പിന്നില്‍ ഈ ഉദ്യോഗസ്ഥന്റെ നിശ്ചയദാര്‍ഢ്യവും പരിശ്രമവുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റെയിൽ പാതക്കിരുവശവും വെച്ചുപിടിപ്പിച്ചത് ഒന്നും രണ്ടുമല്ല; തേക്ക്, മരുത്, ഇരൂള്‍, മഹാഗണി തുടങ്ങി 14 ലക്ഷത്തോളം മരങ്ങളാണ്. പ്രകൃതിസംരക്ഷണത്തെകുറിച്ച് നമ്മള് ആകുലപ്പെടുന്നതിനും മൂന്ന് പതിറ്റാണ്ട് മുമ്പ് 1980കളില്‍ അയ്യപ്പന് കര്‍ത്തയെന്ന ഹരിതമനുഷ്യന് വരുംതലമുറക്ക് തണൽ വിരിക്കാന്‍ വിയര്പ്പൊഴുക്കിത്തുടങ്ങിയിട്ടുണ്ട്.
വര്‍ഷാവര്‍ഷം ഭൂമിക്ക് പച്ചപ്പിന്റെ കുടയൊരുക്കാന്‍ ലക്ഷക്കണക്കിന് മരത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട് നമ്മള്. പോയകാലത്ത് നട്ട മരത്തൈകള്‍ ഇന്നെവിടെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? പലതും ദിവസങ്ങളുടെ ആയുസ്സില്‍ നശിച്ച് മണ്ണായിട്ടുണ്ടാകും. മരങ്ങള്‍ നട്ടാല്‍ മാത്രം പോര, അവ സംരക്ഷിക്കുക കൂടി ചെയ്താലേ ഫലമുണ്ടാവൂ എന്ന് കാണിച്ചുതന്ന ഈ പ്രകൃതിസ്നേഹിയെ പക്ഷേ, ഇത്രയുംകാലം നാടറിയാതെ പോയതല്ല. ഒരു മരം നട്ടാല്‍ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നവരുടെ കൂട്ടത്തിലേക്ക് ഇയാള്‍ ഇറങ്ങിവരാതിരുന്നതുകൊണ്ടാണ്. ഇത്രയും തൈകള്‍ നട്ട് പരിപാലിച്ചത് സര്‍ക്കാറില്‍നിന്ന് നയാ പൈസ ചെലവഴിക്കാതെയാണെന്ന് കൂടി ഓര്‍ക്കണം. ഓക്സിജന്‍ ഉല്പാദനം, പരിസര ശുദ്ധീകരണം, ജല ശുദ്ധീകരണം, മണ്ണൊലിപ്പ് തടയല്‍, പക്ഷിമൃഗാദികളുടെ ആവാസ സ്ഥലം എന്നീ നിലകളില്‍ വൃക്ഷങ്ങള്‍ നല്കുന്ന സേവനം അതുല്യവും അമൂല്യവുമാണെന്ന് വെറുംവാക്ക് പറഞ്ഞുവെക്കുകയായിരുന്നില്ല അദ്ദേഹം. പ്രകൃതിയോടൊപ്പം നടന്ന് മനുഷ്യര്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം തണലിന്റെ വടവൃക്ഷമായി പന്തലിച്ചുനില്ക്കുകയായിരുന്നു.
ഹരിത തുരങ്കത്തിലൂടെ
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലൂടെ ആദ്യമായി ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ ഒന്നമ്പരക്കും. വനത്തിനുള്ളിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണത്. ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ചൂളംവിളിച്ച് പായുന്ന വണ്ടികളിലിരുന്ന് കാട് കണ്ടുകണ്ടുള്ള യാത്ര മനസ്സിന് നല്കുന്ന അനുഭൂതി ചെറുതല്ല. ജനാലകളെ തൊട്ടു നില്ക്കുന്ന മരച്ചില്ലകളും ശുദ്ധവായു ശ്വസിച്ചും ഇലച്ചാര്‍ത്തുകളിലൂടെ മഴത്തുള്ളികള്‍ പെയ്യുന്നതും അനുഭവിച്ചുള്ള യാത്രക്കായി വിദേശികളടക്കമുള്ള സഞ്ചാരികളും ഇപ്പോള്‍ ഈ പാതയെ തിരഞ്ഞെടുക്കുന്നു. രാജ്യത്തെ ഏറ്റവും ചെറിയ ബ്രോഡ്ഗേജ് പാതകളിലൊന്നായ ഷൊര്‍ണൂര്‍^നിലമ്പൂര്‍ റെയില്‍പാതയുടെ നിര്‍മാണം 1921ല്‍ ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു.
ഏറ്റെടുത്തത് ചരിത്രദൗത്യം
അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി സര്‍ക്കാറിന്റെ കാലമാണത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴിന പദ്ധതികളില്‍ സാമൂഹിക വനവത്കരണ പദ്ധതിയും ഉള്‍പ്പെട്ടിരുന്നു. സതേണ്‍ റെയില്‍വേക്ക് കീഴിലെ വേഗം കുറഞ്ഞ പാതകള്‍ക്കിരുവശവും മരത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള നിര്‍ദേശം വന്നു. അന്ന് വെറും 20 കിലോമീറ്റര്‍ വേഗത്തിലാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലൂടെ ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. പാതക്കിരുവശവും തരിശായിക്കിടന്ന പുറമ്പോക്ക് ഭൂമിയില്‍ തൈകള്‍ വെച്ചുപിടിപ്പിക്കുകയെന്ന ദൗത്യം അയ്യപ്പന് കര്‍ത്ത ഒരു നിയോഗമായി ഏറ്റെടുത്തു. അത് പിന്നീട് ചരിത്രമാകുകയായിരുന്നു. 1981 ആഗസ്റ്റ് 31ന് ആരംഭിച്ച ബൃഹത്തായ പദ്ധതി 1986 മേയ് 22നാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.
വനം വകുപ്പിനെ ഞെട്ടിച്ച പ്രവര്‍ത്തനങ്ങള്‍
തൈകള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വന്യമൃഗങ്ങള്‍ വസിക്കുന്ന കാട്ടിലൂടെ മഴയും വെയിലുമേറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് തൈകള്‍ ശേഖരിച്ചത്. വനം ഗാര്‍ഡും കൂട്ടുവന്നു. നെടുങ്കയം, കരുളായി, മുട്ടിക്കടവ്, അകമ്പാടം, ചെമ്പന്‍കൊല്ലി, പന്തീരായിരം, ചാലക്കുടി തുടങ്ങി വനംവകുപ്പിന്റെ ഡിപ്പോകളില്‍നിന്നാണ് തൈകള്‍ ശേഖരിച്ചിരുന്നത്. വിത്തുല്പാദന കേന്ദ്രങ്ങളില്‍നിന്ന് തലച്ചുമടായി നാട്ടിലെത്തിച്ചു. രണ്ട് വര്‍ഷത്തോളം വനം വകുപ്പില്‍നിന്ന് സൗജന്യമായി തൈകള്‍ ലഭിച്ചെങ്കിലും തൈ ഒന്നിന് ഒരു രൂപ തോതില്‍ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണം നല്കി തൈ വാങ്ങില്ലെന്ന നിലപാടിലായിരുന്നു കര്‍ത്ത. പിന്നീട്, അങ്ങാടിപ്പുറത്ത് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപം സ്വപ്രയത്നത്താല്‍ നഴ്സറി ഉണ്ടാക്കി. വിത്തുകള്‍ പാകി തേക്കിന്‍തൈകള്‍ വളര്‍ത്തിയെടുത്തു. ഇതിനായി തൈ പരിപാലനത്തെകുറിച്ച് കോയമ്പത്തൂര്‍ ഫോറസ്ട്രി കോളജില്‍ രണ്ടാഴ്ചയോളം പരിശീലനം നേടി. പണം തരാതെ തൈകള്‍ നല്കാന് പറ്റില്ലെന്ന് പറഞ്ഞ അതേ ഉദ്യോഗസ്ഥര്‍തന്നെ പിന്നീട് അദ്ദേഹത്തെ അഭിനന്ദിച്ചു.
തൊഴിലാളികളുടെ തോഴന്
കിലോമീറ്ററുകള്‍ തൈകള്‍ വെച്ചുപിടിപ്പിക്കുകയെന്നത് അന്ന് ശ്രമകരമായിരുന്നു. ആദ്യം ഓരോ പ്രദേശത്തേക്കും തൈകള്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്പാളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്താനായി അന്ന് 116 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അവരുടെ ജോലിക്ക് അമിതഭാരം ഇല്ലെന്ന് മനസ്സിലാക്കിയ കര്‍ത്ത വനവത്കരണ പദ്ധതിയിലേക്ക് അവരെക്കൂടി കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിനായി ഇവരെ ഓഫിസിലേക്ക് വിളിപ്പിച്ച് വനവത്കരണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. റെയില്‍വേയുടെ പുറമ്പോക്കായി കിടക്കുന്ന പാടങ്ങളില്‍ നെല്ല്, മരച്ചീനി, വാഴ തുടങ്ങിയവ കൃഷി ചെയ്യാനും അനുമതി നല്‍കിയതോടെ തൊഴിലാളികളുടെ പ്രീതി പിടിച്ചുപറ്റാന്‍ കര്ത്തക്കായി. ജോലിക്കാരെ ഓരോ ടീമായി തിരിച്ച് തൈകള്‍ നടുന്നതിനായി കിലോമീറ്ററുകള്‍ കണക്കാക്കി നല്കി. ഇവരോടൊപ്പം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മണ്ണിലിറങ്ങിയ കര്‍ത്ത ഓരോ പ്രദേശവും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പരിപാലനം എന്ന കടമ്പ
നട്ടുപിടിപ്പിക്കുന്ന തൈകള്‍ പരിപാലിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. തുറസ്സായ ഭൂമിയില്‍ നാല്ക്കാലികള് മേഞ്ഞുനടന്ന് നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കാനാവില്ലെന്ന അവസ്ഥ വന്നു. എന്നാല്‍, പരിപാലനത്തിനും അദ്ദേഹം പരിഹാരം കണ്ടു. പാതയോട് തൊട്ട് താമസിക്കുന്ന, പ്രകൃതി സംരക്ഷണത്തിനോട് താല്പര്യമുള്ളവരെ കണ്ടെത്തി ഓരോരുത്തര്‍ക്കും ആറ് കിലോമീറ്റര്‍ ദൂരംവീതം പരിപാലനത്തിനായി പകുത്ത് നല്കി. ഇവര്‍ക്ക് ശമ്പളവും വാങ്ങിനല്‍കി. കന്നുകാലികള്‍ മേഞ്ഞുനടന്ന് നശിപ്പിക്കുന്നത് വര്‍ധിച്ചതോടെ കൂടുതല്‍ മരങ്ങളുള്ള ഭാഗങ്ങള്‍ കമ്പിവേലി കെട്ടി സംരക്ഷിച്ചു. റെയില്‍വേ ട്രോളിയില്‍ പൊലീസിനൊപ്പം സഞ്ചരിച്ച് ബോധവത്കരണവും റെയില്‍വേ മജിസ്ട്രേറ്റിനെ കൊണ്ടുവന്ന് കാലികളെ മേക്കരുതെന്ന് കര്‍ശന നിര്‍ദേശവും നല്കി. അന്യാധീനപ്പെട്ടു കിടക്കുന്ന നൂറ് ഏക്കറിലേറെ റെയില്‍വേ ഭൂമി തിരിച്ചുപിടിച്ചു. ഇതിനായി പ്രത്യേക സെല്‍ രൂപവത്കരിച്ചു.
ഓഫിസ് ജോലികള്‍ക്കിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളിലും മറ്റും പ്രകൃതിക്ക് കാവലാകാന്‍ ഇറങ്ങിപ്പുറപ്പെട്ട കര്‍ത്തയും തൊഴിലാളികളും 66.5 കിലോമീറ്റര്‍ ദൂരം നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുത്തത് 14 ലക്ഷത്തോളം മരങ്ങളാണ്. ഇതില്‍ പത്ത് ലക്ഷത്തിലേറെ തേക്കുകളും ഉള്‍പ്പെടും. കൂടാതെ, റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ ഗുല്‍മോഹര്‍, കണിക്കൊന്ന, ഉങ്ങ് തുടങ്ങിയ അലങ്കാര- തണല്‍ വൃക്ഷത്തൈകളും ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പരിസരങ്ങളില്‍ തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളും വെച്ചുപിടിപ്പിച്ചു. പാതക്കിരുവശമുള്ള മരങ്ങള്‍ വെട്ടിവിറ്റാല്‍ ഇന്നത്തെ മതിപ്പുവില 250 കോടിയിലേറെയാണ്. സര്‍വിസിലിരുന്ന കാലത്ത് സര്‍ക്കാറില്‍നിന്ന് അയ്യപ്പന് കര്‍ത്ത വാങ്ങിയ ശമ്പളത്തിന്റെയും കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും എത്രയോ മടങ്ങ് വരുമിത്. സര്‍ക്കാറിലേക്ക് അദ്ദേഹം മുതല്‍കൂട്ടിയ ഇത്രയും തുക വെറും അഞ്ച് വര്‍ഷക്കാലയളവിലെ പ്രവര്‍ത്തനം കൊണ്ടാണെന്ന് കൂടി ഓര്‍ക്കണം. 1963 മുതല്‍ 40 വര്‍ഷത്തോളം സര്‍വിസിലുണ്ടായിരുന്ന കര്‍ത്ത 2003ലാണ് വിരമിച്ചത്. 1981 മുതല്‍ 1986 വരെ അങ്ങാടിപ്പുറത്ത് പെർമനൻറ് വേ ഇന്‍സ്പെക്ടറായിരുന്ന കാലത്താണ് തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. പാത നവീകരണമുള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ക്ക് ശേഷമാണ് സര്‍വിസില്‍നിന്ന് പടിയിറങ്ങിയത്.
ദേശീയ പുരസ്കാര തിളക്കം
വനവത്കരണ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് റെയിൽവേയുടെ ദേശീയ പുരസ്കാരത്തിന് അര്‍ഹനായി അയ്യപ്പന് കര്‍ത്ത. 1983ല്‍ റെയില്‍വേ മന്ത്രി ഗനിഖാന്‍ ചൗധരിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ സ്ഥാനക്കയറ്റ വാഗ്ദാനം ഉണ്ടായെങ്കിലും വിരമിക്കും വരെ അതുണ്ടായില്ല. ''ഞാനൊരു നിയോഗം മാത്രമാണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ഒന്ന് മുറിക്കുമ്പോള്‍ ഒമ്പതെണ്ണം നടുക എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം'' -75കാരനായ അയ്യപ്പൻ കർത്ത പറഞ്ഞു. സാവിത്രിക്കുഞ്ഞമ്മയാണ് ഭാര്യ. ബഹ്റൈനില്‍ എന്‍ജിനീയറായ വിനു എ. കര്‍ത്തയും ഡോ. സിന്ധു സുധീഷുമാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.