എവറസ്റ്റിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ നിർവൃതിയിൽ മലയാളി എൻജിനീയർ VIDEO
text_fieldsഎവറസ്റ്റിന്റെ സൗന്ദര്യം തൊട്ടറിയാൻ നടത്തിയ സ്വപ്ന സഞ്ചാരത്തിന്റെ നിർവൃതിയിലാണ് പ്രവാസിയും ആലുവ വെള്ളാരപ്പിള്ളി സ്വദേശിയുമായ എൻജിനീയർ പി.എം സാബു. എവറസ്റ്റിന്റെ സുന്ദരക്കാഴ്ചകൾ തേടിയുള്ള സഞ്ചാരത്തിന്റെ അനുഭവം അദ്ദേഹം ‘ഗൾഫ് മാധ്യമ’ വുമായി പങ്കുവെച്ചു. യാമ്പുവിലെ പ്രമുഖ കമ്പനിയായ ക്രിസ്റ്റലിൽ രണ്ട് പതിറ്റാണ്ടായി കെമിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന സാബു പ്രവാസി സാംസ്കാരികവേദിയുടെ യാമ്പു ജനറൽ സെക്രട്ടറി കൂടിയാണ്.
വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന 15 പേരടങ്ങുന്ന മലയാളി സംഘത്തോടൊപ്പമാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ് പൂർത്തിയാക്കിയത്. ഒമ്പത് ദിവസത്തെ സാഹസിക യാത്രയായിരുന്നിതെന്നും കയറിയിറങ്ങാൻ ആകെ 160 കിലോമീറ്റർ നടക്കേണ്ടി വന്നുവെന്നും സാബു പറഞ്ഞു. സമുദ്രതീരത്ത് നിന്ന് 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്താൻ കഴിഞ്ഞത് അവിസ്‌മരണീയമായ ഓർമയാണ്.
കൊച്ചിയിൽ നിന്ന് വിമാന മാർഗം നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയ ശേഷം വീണ്ടും അരമണിക്കൂർ യാത്ര ചെയ്ത് ലുഖ്‌ലയിലെത്തി അവിടെ നിന്നാണ് ട്രക്കിങ് തുടങ്ങിയത്. ലോകത്തെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളമാണിത്. എവറസ്റ്റിന്റെ മടിത്തട്ടിൽ ഒരിടത്താണ് എയർപോർട്ട്. വെറും നാനൂറു മീറ്റർ മാത്രം നീളമുള്ള റൺവേ. ചെങ്കുത്തായ മലയുടെ നെറുകയിലാണ് വിമാനത്താവളം. ടേക്ക് ഓഫും ലാൻറിങ്ങും അതീവ ദുഷ്കരം. എത്ര മനക്കരുത്തുള്ളവരുടെയും ധൈര്യം ചോർന്നു പോകുന്ന യാത്രയിലെ ദുരിതങ്ങൾ സഹിച്ചും ക്ഷമിച്ചും ആണ് എവറസ്റ്റ് കയറൽ സഫലമായത്.
പ്രധാനമായും ഒക്ടോബർ മാസമാണ് സഞ്ചാരികൾ ട്രക്കിങ്ങിന് തെരെഞ്ഞെടുക്കാറുള്ളത്. സീസണിൽ ശരാശരി 500 പേർ വിവിധ രാജ്യങ്ങളിൽ നിന്ന് സാഹസിക യാത്രക്കായി എത്തുന്നുണ്ട്. ആഗ്രഹം പോലെ എല്ലാവരും എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രക്കിങ് വിജയകരമായി പൂർത്തിയാക്കുന്നില്ല. പലരും അസുഖം നിമിത്തവും മാനസിക സംഘർഷങ്ങൾക്കും ആശങ്കകൾക്കും അടിപ്പെട്ടും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കും.
പർവതാരോഹണത്തിന് എവറസ്റ്റിൽ എത്തുന്നവരിൽ ബഹുഭൂരിഭാഗവും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ 25 ശതമാനം പേർ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. പകുതിയോളം സ്ത്രീകളാണ്. സഞ്ചാരികളിൽ ഏഷ്യൻ വംശജർ കുറവാണ്. മലയാളികളുടെ സാന്നിധ്യം അപൂർവം. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന 15 മലയാളികൾ ഒന്നിച്ച് സാഹസികയാത്രക്ക് മുതിർന്നത് അപൂർവ്വ അനുഭവമായിരുന്നു.
മാനം മുട്ടെ നിൽക്കുന്ന മലകളും അവയെ മൂടാൻ ശ്രമിക്കുന്ന മേഘപടലങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും മന്ദമാരുതന്റെ കുളിർമയുമെല്ലാം അനുഭവിച്ചും കണ്ടും മഞ്ഞു മലകളിലൂടെയുള്ള സാഹസിക യാത്ര. 5500 മീറ്റർ ഉയരത്തിൽ കാലാപത്തറിന് മുകളിൽ നിന്നുള്ള എവറസ്റ്റ് കൊടുമുടിയുടെ ചേതോഹര ദൃശ്യം വിവരണാതീതമാണെന്ന് സാബു പറഞ്ഞു. 8000 മീറ്ററിലധികം ഉയരമുള്ള കൊടുമുടികളുടെ കാഴ്ചകൾ. ത്യാഗപൂർണമായ യാത്ര നൽകിയത് മറക്കാനാവാത്ത ഓർമകളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.