ബത്ലഹേമിന്റെ സ്വന്തം മേരിയാന്റി...
text_fieldsബത്ലഹേം ഇങ്ങിവിടെ കേരളത്തിലാണ്. പെരുമ്പാവൂരിന് അടുത്ത കൂവപ്പടിയിൽ. അവിടേക്കുള്ള വഴികാട്ടാന്‍ നക്ഷത്രങ്ങള്‍ മാത്രമല്ല, നാട്ടുകാര്‍ ഒന്നാകെ വേണമെങ്കില്‍ കൂട്ടുവരും. ഓടുമേഞ്ഞ ആ വലിയ സ്നേഹപ്പൂല്ക്കൂട്ടില് ഇന്ന് ക്രിസ്മസ് മധുരങ്ങള്‍ പങ്കുവെക്കുന്നത് അവര്‍ അഞ്ഞൂറുപേർ. അതുകണ്ട് മനസ്സും മുഖവും നിറയെ ചിരിച്ച് അവരുടെ അറുപതുകാരിയായ മേരിയാന്റിയും... എന്നും ഉദിക്കുന്ന ഒളിമങ്ങാത്ത മറ്റൊരു താരകമായി.
ഈ 500 പേരില്‍ 449 പേരെ വഴിയോരങ്ങളില്‍ എവിടെയൊക്കെയോ നമ്മള് കണ്ടിട്ടുണ്ടാകും. മനസ്സ് താളംതെറ്റി അലയുന്നവരായി. അഴുക്കുചാലിലും മാലിന്യക്കൂമ്പാരത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ. അറപ്പോ ഏറിയാല്‍ സഹതാപമോ മാത്രം നേരിടുന്ന കോലങ്ങൾ. ബത്ലഹേമിന്റെ ഗേറ്റിന് അകത്തെത്തിയാല്‍ അവര്‍ക്ക് ഭംഗിയേറും. നന്നായി ചിരിതൂകും. കൈപിടിച്ച് സന്തോഷം പങ്കുവെക്കും. കാരണം, ഇവിടെയവര്‍ കുഞ്ഞുങ്ങളാണ്. കുളിച്ച്, നല്ല വസ്ത്രം ധരിച്ച്, മരുന്നുകള്‍ കഴിച്ച് പാട്ടുപാടി, നൃത്തം ചെയ്ത് നല്ല ഭക്ഷണം കഴിച്ചുറങ്ങുന്ന മേരിയമ്മയുടെ മക്കൾ...
അങ്കമാലിക്ക് സമീപത്തെ കവരപ്പറമ്പ് മേനാച്ചേരില്‍ പരേതനായ ഉറുമീസിന്റെ ഏഴുമക്കളില്‍ ഒരാളാണ് മേരി. വിവാഹം കഴിച്ച് 33 കൊല്ലം മുമ്പ് കൂവപ്പടിയില്‍ മേരി എസ്തപ്പാന് എത്തി. കൂവപ്പടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സജീവപ്രവര്‍ത്തക. അന്നൊരു ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നോമിനേഷന് കൊടുത്തിരിക്കെ ഒരു ജനുവരി മാസത്തില്‍ ദൈവം മേരിയില്‍ വലിയൊരു ഉത്തരവാദിത്തം ഏല്പിച്ചു. ആ കഥയിങ്ങനെ...
ധ്യാനം കൂടി ഭ്രാന്തനുമായി മടക്കം
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മൂന്ന് കുട്ടികളെയും കൊണ്ടാണ് അന്നൊരുനാള്‍ മേരി ധ്യാനം കൂടാന്‍ പോയത്. എട്ടുദിവസത്തെ ധ്യാനംകൂടി പുറത്തേക്ക് വരുമ്പോള്‍ റോഡരികിലെ ചായക്കടക്ക് മുന്നില്‍ മുടിയും താടിയും ജടകെട്ടി തൂങ്ങിയ ഒരു വയോധികന് ഒച്ചപ്പാടുണ്ടാക്കുന്നു. 80 വയസ്സെങ്കിലും വരും പ്രായം. ചുറ്റും ആളുകൂടിയിട്ടുണ്ട്. ആ രൂപത്തിനോട് കാര്യം എന്തെന്ന് തിരക്കി.‘‘എനക്ക് പശിക്കണമ്മാ’’-എന്ന് മറുപടി.
വിശപ്പ് സഹിക്കാത്തത് കാരണമാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് ചുറ്റുമുള്ളവരും പറഞ്ഞു. മേരിയുടെ കൈയില്‍ ആകെയുണ്ടായിരുന്നത് 68 രൂപ. ഉണ്ടായിരുന്ന പൈസക്ക് മുഴുവന്‍ കൊന്തയും മറ്റും വാങ്ങിത്തീര്ന്നു. ഉള്ള കാശുകൊണ്ട് ആ ചായക്കടയില്‍നിന്ന് നാലപ്പവും കുറച്ച് പഞ്ചസാരയും വാങ്ങി. അയാളുടെ വൃത്തിഹീനമായ കോലം കാരണം പ്ലേറ്റിന് പകരം ആഹാരം കടക്കാരന് നല്‍കിയത് ഒരു കടലാസു കഷണത്തില്‍. കടയുടെ അരികില്‍ കിടന്ന അലൂമിനിയം കപ്പ് വൃത്തിയാക്കി അതില്‍ ചായയും വാങ്ങി.
മുന്നില്‍വെച്ച ആ നാലപ്പവും ചായയും ഒരു സെക്കൻഡ് കൊണ്ടെന്നപോലെ അയാള്‍ തിന്നുതീര്‍ത്തു. വിശപ്പ് അത്രമാത്രം വളര്‍ന്നിരുന്നു ആ വയറ്റിൽ. അവിടെ നിന്ന് മക്കളെയുംകൊണ്ട് പത്തടി നടന്നപ്പോഴേക്കും മേരി ഒന്ന് തിരിഞ്ഞുനിന്നു, അല്ല ദൈവം പിന്നില്‍നിന്ന് വിളിച്ചു. ആ രൂപത്തോട് ചോദിച്ചു: ‘‘അപ്പച്ചന് കൂടെ പോരുന്നോ?’’ കേള്ക്കേണ്ടതാമസം ‘‘ആ...മാ...’’ എന്നു മറുപടി. കൂടെയുള്ള മക്കള്‍ക്ക് പേടിയായി. ‘‘വേണ്ടമ്മച്ചീ, കൂടെ കൊണ്ടുപോകേണ്ട’’ -എന്നായി അവർ. എന്തും വരട്ടെയെന്ന് കരുതി മക്കളെ അന്നത്തേക്ക് ധ്യാനകേന്ദ്രത്തിലാക്കി ആ അപ്പച്ചനുമായി മേരി പെരുമ്പാവൂര്‍ക്ക് ബസ് കയറി. വല്ലം സ്റ്റോപ്പിലിറങ്ങി കൂവപ്പടിയിലേക്ക് എത്തിയപ്പോള്‍ നാട്ടിലാകെ അക്കാര്യം പരന്നു.
‘‘ബത്ലഹേം.’’
അനുദിനമെന്നപോലെ ബത്ലഹേമിലേക്ക് അഗതികള്‍ ഏറിവന്നു. ആ കോഴിക്കൂട് അവര്‍ക്ക് തികയാതെ വന്നു. ആയിടക്കാണ് മിഷന് പ്രവര്‍ത്തനവുമായി സി.എസ്.ടി വൈദികന് റോബര്‍ട്ട് കാളാര എത്തുന്നത്. മേരി ഒരു പ്രായമായയാളെ വൃത്തിയാക്കുന്നത് കണ്ടുനിന്ന അദ്ദേഹം ചോദിച്ചു: -‘‘മോളെ, നിനക്ക് സഹായത്തിന് ആരുമില്ലേ?’’
ഇല്ലെന്ന മറുപടി കേട്ട് അദ്ദേഹം മടങ്ങി. പിറ്റേദിവസം വീണ്ടും അദ്ദേഹം എത്തിയപ്പോള്‍ കാണുന്നത് ആ വയോധികന് മരിച്ചുകിടക്കുന്നതാണ്. ഉള്ള സ്ഥലം തുടച്ചുമിനുക്കിയാണ് കിടത്തിയിരിക്കുന്നത്. ഇതുകണ്ട് മനസ്സു വേദനിച്ച അദ്ദേഹം സാമ്പത്തികമായി സഹായിച്ച് ഇന്ന് കാണുന്ന പത്തു സെൻറ് സ്ഥലവും കൊച്ചു ഓടുപുരയും വാങ്ങി നല്കി. പിന്നീട് തെരുവില്‍നിന്ന് വന്നവര്‍ക്ക് എല്ലാം ആ കെട്ടിടം അഭയകേന്ദ്രമായി. ആ കൊച്ചുപുര തികയാതെ വന്നപ്പോള്‍ മേരിയുടെ ശ്രമഫലമായി ചുറ്റുപാടും കെട്ടിടങ്ങള്‍ പണിതു. മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് അഭയം നല്‍കിയത്.
ഇന്ന് 449 അന്തേവാസികള്‍ ഇവിടെയുണ്ട്. ഇതില്‍ പാതിയും സ്ത്രീകൾ. 18 വയസ്സ് മുതല്‍ 90 വരെ പ്രായമുള്ളവർ. പുറെമ, 31 ജോലിക്കാരും. അതില്‍ നാലുപേര്‍ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍. ഒന്ന് കോടനാട് എസ്.ഐയായിരുന്ന ജോസ്, മറ്റൊന്ന് കലക്ടറേറ്റില്‍നിന്ന് വിരമിച്ച കുര്യാച്ചൻ. 16 ബി.എസ്സി നഴ്സുമാരുണ്ട്. നാല് സോഷ്യല്‍ വര്‍ക്കര്‍മാര്‍.
രണ്ട് സൈക്കോളജിസ്റ്റുകള്‍. സ്വയംതൊഴില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപികയും നാലു ഹെല്‍പര്‍മാരും മൂന്ന് കാവല്‍ക്കാരും. ഒരുനേരം 500ഓളം പേര്‍ക്കായി മൂന്നുനേരം 1500 പേര്‍ക്ക് ഭക്ഷണം നല്കുന്നു. നാട്ടുകാരും അറിയുന്നവരും നല്കുന്ന തുക കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്. അന്തേവാസികള്‍ക്ക് ഒരാള്‍ക്ക് 1000 രൂപ വീതം സര്‍ക്കാര്‍ ഗ്രാൻറുണ്ട്. റേഷനും ലഭിക്കും. കഴിഞ്ഞ വര്‍ഷം വരെ മരുന്നുകള്‍ ലഭിച്ചിരുന്നു. ഇക്കൊല്ലം ഇല്ല. അത്തരം പ്രോജക്ട് വന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ കാരണമായി പറയുന്നത്. കുറച്ചു ഭൂമിയോ മറ്റ് സഹായങ്ങളോ സര്‍ക്കാറില്‍നിന്ന് ലഭിച്ചാല്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതടക്കം സൗകര്യങ്ങള്‍ കുറെക്കൂടി നന്നായി നടത്താന്‍ കഴിയുമെന്ന് മേരി പറയുന്നു.
അത്ഭുതങ്ങള്‍ പിറന്ന വര്‍ഷങ്ങള്‍
അത്ഭുതങ്ങള്‍ പലതും നടന്നിട്ടുണ്ട് മേരിയുടെ 20 വര്‍ഷത്തെ ബത്ലഹേം നടത്തിപ്പിനിടയില്‍. വേസ്റ്റ്തുണികള് കത്തിക്കുന്നത് ദുര്‍ഗന്ധം പരത്തുന്നെന്ന പരാതികള്‍ ഉയര്‍ന്ന നാൾ. മലിനീകരണമില്ലാതെ കത്തിച്ചുകളയുന്ന ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാൻ ചെലവ് രണ്ടുലക്ഷം വരും. അതിന് വഴികാണാതെ ഇരിക്കുമ്പോള്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സാമൂഹികസേവന അവാര്‍ഡിന് നോമിനേഷന് ക്ഷണിക്കുന്ന പരസ്യം ശ്രദ്ധയില്‍പെട്ടു. അവാര്‍ഡ് തുക രണ്ടുലക്ഷം എന്ന് കണ്ടപ്പോള്‍ അതിലേക്ക് അപേക്ഷിച്ചു. അവാര്‍ഡ് കിട്ടിയപ്പോള്‍ ലഭിച്ച ലോകശ്രദ്ധെയക്കാള് മേരിക്ക് വില തോന്നിയത് ആ രണ്ടുലക്ഷം രൂപയോടാണ്. അധികം താമസിയാതെ ഇന്‍സിനറേറ്റര്‍ അഭയ ഭവനില്‍ സ്ഥാനം പിടിച്ചു.
ഇരുപതോളം പേര് അത്യാസന്നനിലയില്‍ മിക്കവാറും അഭയ ഭവനില്‍ ഉണ്ടാകും. ഇവരെ ആശുപത്രികളില്‍ എത്തിക്കുന്നതിന് ഉണ്ടായിരുന്ന പഴയ ആംബുലന്‍സ് പണിമുടക്കിത്തുടങ്ങി. അതറിഞ്ഞ് രണ്ടു വ്യവസായികള്‍ ഇടപെട്ട് വലിയൊരു ആംബുലന്‍സ് വാങ്ങിനല്‍കി. അത് റോഡിലിറക്കാന്‍ അഞ്ചരലക്ഷം രൂപ മുടക്കാന്‍ വഴിയില്ലാതെ ഇരിക്കുമ്പോള്‍ മറ്റു ചിലര്‍ ഇടപെട്ട് പാതിതുക നല്കി. ഇനിയും പാതി കടമായി കിടക്കുന്നുണ്ടെങ്കിലും വലിയ ആംബുലന്‍സ് റെഡിയായി. ഓരോ മാസവും തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ എത്തിയാണ് അന്തേവാസികളുടെ മുടിയും താടിയുമൊക്കെ വൃത്തിയാക്കുന്നത്. ഒപ്പം മെഡിക്കല്‍ സഹായവുമായി തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജും ഒപ്പമുണ്ട്. ആഴ്ചയില്‍ മൂന്നുനേരമെങ്കിലും സന്നദ്ധപ്രവര്‍ത്തകര്‍ മികച്ച ഭക്ഷണവുമായി അന്തേവാസികളെ തേടിെയത്തുന്നു. കളിയും പാട്ടും ചിരിയുമായി മാനസികനില തെറ്റിയവര്‍ക്ക് ആശ്വാസമേകുന്നു.
ആയിരം പേര്‍ക്കാണ് ഇതുവരെ ബത്ലഹേം അഭയം നല്‍കിയത്. ഈ പുല്‍ക്കൂട്ടില്‍ കിടന്ന് സമാധാനത്തോടെ ജീവിതം വിട്ടുപോയവരും അമ്പതിലേറെ. മൂന്ന് പെണ്‍കുട്ടികളുടെ വിവാഹപന്തലും ഈ മുറ്റത്ത് ഉയര്‍ന്നു. ഒരു കുഞ്ഞുപോലും തെരുവില്‍ അലയാത്ത നാളുകള്‍ സ്വപ്നം കണ്ട് പ്രവര്‍ത്തനത്തിന്റെ മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുകയാണ് മേരി. മക്കളായ നിഷ ബെന്‍സിയും അനു ടീനയും ആസ്ട്രേലിയയിലാണ്. ബിനു ഇറ്റലിയിലും. അവരും അയക്കും അമ്മക്ക് സഹായങ്ങൾ.
എപ്പോഴെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോ,
ഇത്രപേരെ ശുശ്രൂഷിച്ചപ്പോൾ...
മേരി സങ്കടങ്ങള്‍ പറയുന്നതും ചിരിച്ചാണ്...
‘‘ആ കുട്ടിയെ കണ്ടോ... നന്നായി ചിരിച്ച് കുസൃതികാട്ടുന്ന ആ പെണ്‍കുട്ടിയെ. അതിന്റെ അമ്മ മറ്റൊരാളെ വീട്ടില്‍ കൂടെ താമസിപ്പിച്ചതാണ്. അവര്‍ പണിക്ക് പോകുമ്പോള്‍ അയാള്‍ അതിനെ ഒരുപാട് ഉപദ്രവിച്ചു. മാനസികനില തെറ്റിയനിലയില്‍ പൊലീസുകാര്‍ കൊണ്ടുവന്നതാണ് ഇവിടെ... ആലുവ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്ന് കിട്ടിയതാണ് നല്ല കാച്ചിയ മുണ്ടും ചട്ടയും ഉടുത്തൊരു വല്യമ്മച്ചിയെ. വലിയ തറവാട്ടിേലതാണ് അവര്‍. വീട്ടുകാര്‍ ഉപേക്ഷിച്ചു. ഇവിടെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ ഗര്‍ഭപാത്രം പുഴുവരിക്കുന്ന രോഗം ബാധിച്ചിരുന്നു. പത്തുദിവസം കഴിഞ്ഞ് മരിച്ചു. മരണം പേക്ഷ, അവര്‍ക്ക് വേദനയൊഴിഞ്ഞ് സമാധാനപരമായിരുന്നു.
ഇടക്കിടെ ഇംഗ്ലീഷില്‍ സംസാരിക്കുന്ന ആ തടിച്ച അമ്മയെ ശ്രദ്ധിച്ചോ... ചെന്നൈയിലെ മികച്ച ഒരു കുടുംബത്തിലേതാണ്. മനസ്സ് താളം തെറ്റിയപ്പോള്‍ കയറ്റിവിട്ടു ബന്ധുക്കൾ. ഇവിടെ സന്തോഷമാണ് അവര്‍ക്കൊക്കെ... അപ്പോഴേക്കും ചില സ്ത്രീകള്‍ അപ്പവും കടലക്കറിയുമായി മേരിയുടെ മക്കളെ കാണാന്‍ എത്തിയിരുന്നു. വലിയ ഹാളില്‍ അച്ചടക്കമുള്ളവരായി ആ മക്കള്‍ കാത്തിരുന്നു. ചിലര്‍ കവിത ചൊല്ലി. ഡാന്‍സ് വേഷത്തില്‍ മറ്റു ചിലര്‍. സന്തോഷം മാത്രമേ ബത്ലഹേമില് വിടരുന്നുള്ളൂ. സങ്കടം ആ ഗേറ്റിന് പുറത്ത്, നമ്മുടെ ലോകത്താണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.