ഓളപ്പരപ്പിലെ പാല്വഞ്ചി
text_fieldsകിഴക്ക് വെള്ള കീറും മുമ്പ് കുട്ടനാടിെൻറ ഓളപ്പരപ്പിലൂടെ ആവേശത്തോടെ തുഴയെറിഞ്ഞെത്തുന്ന കാഴ്ച കായലോരത്തുള്ളവർക്ക് ഇപ്പോഴും കൗതുകമാണ്. എഴുപത് പിന്നിട്ട ചേന്നങ്കരി കൊച്ചുപറമ്പിൽ വീട്ടിൽ ടി.പി. രാമചന്ദ്രനും ഭാര്യ വസുമതിയുമാണ് ഒാളപ്പരപ്പിൽ വള്ളം തുഴഞ്ഞ് പുലർകാലത്തുതന്നെ നിറക്കാഴ്ചയൊരുക്കുന്നത്. ചുമ്മാ സമയം കളയാൻ വഞ്ചിയുമെടുത്ത് ഇറങ്ങിയതാണ് ദമ്പതികളെന്ന് കരുതിയെങ്കിൽ തെറ്റി, പ്രവൃത്തിക്കു മുന്നിൽ പ്രായത്തെ പോലും പടികടത്തി, ജീവിതസായാഹ്നത്തിലും സംതൃപ്തി കണ്ടെത്താനുള്ള തിരക്കിലായിരിക്കും പുലർകാലം മുതൽ ഇരുവരും. വർഷങ്ങളായി കുട്ടനാട് നിവാസികൾക്ക് കടവുകളിൽ പാൽ എത്തിച്ചു കൊടുക്കുന്ന കുട്ടനാടിന്റെ സ്വന്തം പാൽക്കാരനാണ് രാമചന്ദ്രൻ. ഒരു കൈ സഹായത്തിന് ഒപ്പം കൂടിയ വസുമതിക്കും പാൽ വിതരണം ഇപ്പോൾ നിത്യജോലിയാണ്.
ഒരുദിവസം പോലും മുടങ്ങാതെ ആവശ്യക്കാരെൻറ കടവുകളിൽ എത്തുന്ന കുട്ടനാടിെൻറ പാൽക്കാരന് പ്രായം കൂടുമ്പോഴും വിശ്രമിക്കാൻ നേരമില്ല. 750 ലിറ്റർ പാലാണ് ചേന്നങ്കരി കൊച്ചുപറമ്പിൽ വീട്ടിൽ ടി.പി. രാമചന്ദ്രനും ഭാര്യയും പതിവുതെറ്റാതെ കായൽ മേഖലയിലടക്കം ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്. കോരിച്ചൊരിയുന്ന മഴയും ആഞ്ഞുവീശുന്ന കാറ്റുമൊന്നും പാൽ നിറച്ച പെട്ടിയുമായി വള്ളത്തിലേറിയുള്ള വൃദ്ധദമ്പതികളുടെ യാത്രക്ക് ഒരു പ്രശ്നമേയല്ല. കാലുകൊണ്ട് ഒരു ചുവട് വെക്കാൻ കഴിയുമെങ്കിൽ കർത്തവ്യം നിറവേറ്റണമെന്ന പക്ഷക്കാരനാണ് രാമചന്ദ്രൻ. ജോലിയിൽ പുലർത്തുന്ന കൃത്യനിഷ്ഠതന്നെയാണ് കേവലം 20 പാക്കറ്റിൽ തുടങ്ങിയ തെൻറ കച്ചവടം വളർന്ന് വലുതാകാൻ ഇടയാക്കിയതെന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിൽ മഹത്ത്വം കണ്ടെത്തുന്ന രാമചന്ദ്രന് തികഞ്ഞ സംതൃപ്തി. ആരോഗ്യമുള്ളിടത്തോളം തൊഴിലെടുത്ത് മുന്നോട്ടുപോകുമെന്ന് പറയുന്ന ഇൗ കുട്ടനാടൻ കർഷകെൻറ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രായം തോൽക്കുകയാണ്.
ചെറുകിട കർഷകനായിരുന്നു രാമചന്ദ്രൻ. ഒപ്പം കൃഷിപ്പണികൾക്കും പോയിരുന്നു. ഒരുകാലത്ത് സി.പി.എമ്മിെൻറ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഇതൊക്കെ വിട്ട് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ മിൽമയുടെ ഏജൻസി എടുത്തത്. വളരെ ചെറിയ നിലയിലായിരുന്നു തുടക്കം. പുന്നപ്രയിലെ മിൽമ െഡയറിയിൽനിന്ന് കവർ പാൽ റോഡുമാർഗം രാവിലെ 8.30ഒാടെ നെടുമുടിക്ക് അടുത്ത ചതുർഥ്യാകരി കടവിൽ എത്തും. അപ്പോൾ അവിടെ രാമചന്ദ്രനും ഭാര്യയും വള്ളമടുപ്പിച്ച് കാത്തുനിൽപുണ്ടാകും. പാൽ മുഴുവൻ വള്ളത്തിൽ കയറ്റി പിന്നെ കുട്ടനാടിെൻറ ഒാളപ്പരപ്പിലൂടെ യാത്ര തുടങ്ങും. തുടക്കത്തിൽ ചേന്നങ്കരിയിലും കൈനകരി പഞ്ചായത്തിെൻറ മറ്റു ഭാഗങ്ങളിലും മാത്രമാണ് പാൽ വിതരണം നടത്തിയിരുന്നത്. പിന്നീട് പുളിങ്കുന്ന്, കാവാലം പഞ്ചായത്ത് പ്രദേശങ്ങളിലേക്കും കച്ചവടം വ്യാപിപ്പിച്ചു. ഇപ്പോൾ കുട്ടമംഗലം, ചെറുകാലിക്കായൽ, സി ബ്ലോക്ക്, ആർ ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൃദ്ധദമ്പതികൾ പാലുമായി വരുന്നത് കാത്തിരിക്കുന്നവരേറെയാണ്.
വീടുകളിലും കടകളിലും മാത്രമല്ല, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിലും കുട്ടനാട്ടിലെ പാലിെൻറ ആവശ്യം നിറവേറ്റുന്നത് രാമചന്ദ്രനാണ്. പുന്നപ്ര െഡയറിയിൽ നിന്ന് പാൽ വാങ്ങുന്ന ഏജൻറുമാരിൽ രണ്ടാമനാണ് രാമചന്ദ്രൻ. നിത്യവും 1500 കവർ പാലാണ് രാമചന്ദ്രൻ വിറ്റഴിക്കുന്നത്. മിൽമ സംസ്ഥാനതലത്തിൽതന്നെ പലതവണ രാമചന്ദ്രനെയും വസുമതിയെയും ആദരിച്ചിട്ടുമുണ്ട്. കച്ചവടം കൂടുതൽ വിപുലമായതോടെ എല്ലാ സ്ഥലത്തും കൃത്യസമയത്ത് പാൽ എത്തിക്കാൻ കഴിയാത്തതായിരുന്നു നേരത്തേയുണ്ടായിരുന്ന പ്രശ്നം. ഇത് പരിഹരിക്കാൻ ഇപ്പോൾ യമഹ എൻജിൻ ഘടിപ്പിച്ച വള്ളമാണ് രാമചന്ദ്രൻ ഉപയോഗിക്കുന്നത്. കച്ചവടത്തിൽനിന്ന് മിച്ചംപിടിച്ച പണം ഉപയോഗിച്ചാണ് യമഹ എൻജിൻ ഘടിപ്പിച്ച വള്ളം വാങ്ങിയതെന്ന് പറയുന്നതിൽ രാമചന്ദ്രനും അഭിമാനമേറെ. രാവിലെ ആറിന് വീട്ടിൽ നിന്ന് ഇറങ്ങിയാൽ കച്ചവടം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താൻ വൈകീട്ട് നാലുമണിയെങ്കിലുമാകുമെന്ന് രാമചന്ദ്രൻ പറഞ്ഞു. പെയിൻറിങ് തൊഴിലാളിയായ മകൻ പ്രദീപും മാതാപിതാക്കളെ ജോലിയിൽ സഹായിക്കും. വിവാഹിതയായ ഇളയ മകൾ പ്രീതിയും അടുത്ത സ്ഥലത്തുതന്നെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.