അശാന്തനോട് മരണാനന്തരമെങ്കിലും...
text_fieldsകാലത്തോട് നിരന്തരം കലഹിച്ചുകൊണ്ട് സമൂഹത്തോട് സംവദിച്ചിരുന്ന ചിത്രകാരനായിരുന്നു അശാന്തൻ. ലോകത്ത് ശാന്തിയും സമാധാനവും ഇല്ലാത്തിടത്തോളം അശാന്തനായി അറിയപ്പെടാൻ ആഗ്രഹിച്ച് മഹേഷ് എന്ന പേര് ഉപേക്ഷിച്ച ചിത്രകാരൻ. ചെടിയുടെ ഒരു ഇലപോലും ഒടിക്കാനോ ആരോടെങ്കിലും കലഹിക്കാനോ ഇഷ്ടപ്പെടാതെ ജീവിച്ചൊരാൾ. പുരസ്കാരങ്ങളും അവാർഡുകളും കുടുതൽ വിനയാന്വിതനാക്കിയ അദ്ദേഹത്തെ കലാകേരളം വളരെ സ്നേഹിച്ചിരുന്നു. ചിത്രകലക്കപ്പുറം നാടൻപാട്ടും പ്രഭാഷണങ്ങളുമൊക്കെയായി മണ്ണിെൻറ അറിവുകൾ പകർന്നുതന്നുകൊണ്ടിരുന്ന മനുഷ്യൻ. ഒടുവിൽ ആ മനുഷ്യൻ ഭൂമിയോടു യാത്ര പറഞ്ഞുപോകുമ്പോൾ കാലം കരുതിവെച്ചത് തികഞ്ഞ അനാദരവും. പരിഷ്കൃതരെന്നു സ്വയം നടിക്കുന്ന ഒരു സമൂഹം അപമാനിച്ച അശാന്തനോടു മരണാനന്തരമെങ്കിലും നമുക്കു ചിലതു ചെയ്യാനുണ്ട്.
1968ൽ എറണാകുളം പോണേക്കര പീലിയാട് എന്ന ഗ്രാമത്തിലായിരുന്നു അശാന്തെൻറ ജനനം. മാതാപിതാക്കളായ കുട്ടപ്പനും കറുമ്പയും മഹേഷ് എന്ന പേരുനൽകി. പട്ടിണിയും ബുദ്ധിമുട്ടുകളുമൊക്കെ ഉൾച്ചേർന്ന പരിസരങ്ങളാണ് അശാന്തെൻറ ജീവിതത്തെയും കാഴ്ചപ്പാടുകളെയും വാർത്തെടുത്തത്. ജന്മസിദ്ധമായി ലഭിച്ച ചിത്രകലയെ കൂടുതലറിയാൻ എറണാകുളം ചിത്രശൈലം ഇൻസ്റ്റിറ്റ്യൂട്ടിൽ കലാപഠനം. ചിത്രകലയിലും ശിൽപകലയിലും വിദ്യാഭ്യാസം നേടി. 16 വയസ്സ് മുതൽ ചിത്രപ്രദർശനങ്ങൾ നടത്തി. ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ലോകത്തിൽ അശാന്തനായി അറിയപ്പെടാൻ ആഗ്രഹിച്ചു.
മഹേഷ് എന്ന പേരുപേക്ഷിച്ചതും ഇതേസമയത്തായിരുന്നു. ഫോർട്ട് കൊച്ചി ഏക ആർട്ട് ഗാലറി, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിൽ ചിത്രകല-വാസ്തുകല അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്വദേശത്തും വിദേശത്തുമായി ഇരുന്നൂറിലേറെ പ്രദർശനങ്ങൾ നടത്തി. നൂറിലധികം ചിത്രകല ക്യാമ്പുകളിൽ പങ്കെടുത്തു. കേരള ലളിതകല അക്കാദമി പുരസ്കാരം (1998, 2007), സി. എൻ. കരുണാകരൻ സ്മാരക പുരസ്കാരം (2015), സിദ്ധാർഥൻ ഫൗണ്ടേഷൻ പുരസ്കാരം (2017) ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കി. ഇതിനിടെ വിവാഹം വൈകി. 2010 ഏപ്രിൽ 25നാണ് മോളിയെ ജീവിതസഖിയാക്കിയത്.
വരയിലെ വേറിട്ട വഴികൾ
പ്രകൃതിയും ചുറ്റുപാടുകളുമായിരുന്നു അശാന്തെൻറ രചനകളിൽ നിറഞ്ഞിരുന്നത്. ഗോത്രകാലത്തെ ചുവരെഴുത്തുകളോടു ചേർന്നുനിൽക്കുന്ന രചനരീതിയും ദൃശ്യമായിരുന്നു. കളമെഴുത്തും തുടിപ്പാട്ടും നാടൻകലകളുമൊക്കെ ചിത്രങ്ങളിൽ സമ്മേളിച്ചു. കരിയും ഇഷ്ടികപ്പൊടിയും ചാണകവുമൊക്കെ നിറങ്ങൾക്ക് ഉപയോഗിച്ച് പ്രാക്തനമായൊരു രചനശൈലിയും പിന്തുടർന്നു. ചിത്രരചനയെ ഏറ്റവും ഗൗരവത്തോടെയായിരുന്നു അശാന്തൻ സമീപിച്ചിരുന്നതെന്ന് ഭാര്യ മോളി പറയുന്നു. വരക്കാനിരിക്കുമ്പോഴുള്ള മുഖഭാവങ്ങളിൽനിന്ന് നമുക്കത് മനസ്സിലാക്കാം. മാറിനിന്ന് അതൊക്കെ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമാണ് ചെയ്തിരുന്നത്.
വീട്ടിലിരുന്ന് വരച്ചതിെൻറ പതിന്മടങ്ങ് ചിത്രകല ക്യാമ്പുകളിൽ ചെയ്തിട്ടുണ്ട്. വ്യക്തികൾക്കും സംഘടനകൾക്കുമൊക്കെ ചിത്രങ്ങൾ വരച്ചുനൽകിയിട്ടുണ്ട്. എെൻറ രചന ആവശ്യമുള്ളവർ തേടിയെത്തും എന്ന വിശ്വാസക്കാരനായിരുന്നു. അതങ്ങനെത്തന്നെയായിരുന്നു. ശിൽപങ്ങൾ ചെയ്യുന്നത് കണ്ടിട്ടില്ല. അവയിൽ കൂടുതലും ക്യാമ്പുകളിലാണ് ചെയ്തിരുന്നത്. ചങ്ങമ്പുഴയുടെ രമണെൻറ സ്കെച്ചുകൾ തയാറാക്കിയിരുന്നു. ജൈവസമ്പത്തും നാട്ടറിവുകളും നാടൻകലകളെയും പ്രതിപാദിക്കുന്ന പുസ്തകരചന പൂർത്തിയാക്കിയിരുന്നു. അതിെൻറ ഡി.ടി.പി എടുത്തു, തെറ്റുകൾ തിരുത്തി. അതിനുള്ള സ്കെച്ചുകൾ തയാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിെൻറ വിയോഗം. സ്വന്തമായൊരു ചിത്രകല പഠനകേന്ദ്രവും, ആർക്കും വന്നിരിക്കാനും സംവദിക്കാനും കലാസൃഷ്ടികൾ ആസ്വദിക്കാനും ചുറ്റുഭിത്തികളില്ലാത്ത ഒരു ഗാലറിയും ഉൾപ്പെടുന്ന ഒരു ‘തമ്പ്’ അദ്ദേഹത്തിെൻറ സ്വപ്നമായിരുന്നു.
അതിനുള്ള ശ്രമങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ചാണ് അശാന്തൻ മടങ്ങിയത്. അശാന്തൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് മരണശേഷമുണ്ടായത്. അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ല. ചിത്രങ്ങളും പുസ്തകങ്ങളും പുരസ്കാരങ്ങളുമെല്ലാം അദ്ദേഹത്തിെൻറ പെങ്ങളുടെ വീട്ടിലെ ഒരു മുറിയിൽ ഒതുക്കിയിരിക്കുകയാണ്. പുസ്തകങ്ങളും ചിത്രങ്ങളുമൊക്കെ കുറെയേറെ നശിച്ചുപോയി. ബാക്കിയുള്ളത് സംരക്ഷിക്കണം. ചിത്രകലയെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും അറിയേണ്ടവർക്ക് പ്രയോജനപ്പെടുന്നവിധം അവ സൂക്ഷിക്കണം. അദ്ദേഹത്തിെൻറ സ്വപ്നങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ഇപ്പോഴുള്ള ലക്ഷ്യമെന്നും മോളി പറഞ്ഞു.
കുടുംബത്തിെൻറ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതിലും അശാന്തൻ കണിശത പുലർത്തിയിരുന്നു. ചിത്രങ്ങൾ വിറ്റും മറ്റും കിട്ടിയിരുന്ന തുക സ്വരൂപിച്ച് വീട് പുതുക്കിപ്പണിത് സഹോദരിക്ക് നൽകി. ഭാര്യ മോളിക്കും മോളിയുടെ അമ്മക്കുമൊപ്പം ചെറിയ കൂരക്കുള്ളിലെ അശാന്തെൻറ സന്തോഷജീവിതം അവസാനിച്ചത് പൊടുന്നനെയായിരുന്നു. 2018 ജനുവരി 31ന് ഹൃദയാഘാതംമൂലമായിരുന്നു മരണം. ആശുപത്രിയിൽനിന്നെത്തിച്ച മൃതദേഹം അശാന്തൻ ഏറെ ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നായ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിനുവെക്കാൻ കേരള ലളിതകല അക്കാദമി തീരുമാനിച്ചു. എന്നാൽ, സമീപത്തെ ശിവക്ഷേത്ര ഭാരവാഹികൾ നീക്കം എതിർത്തു. ക്ഷേത്രപൂജകൾ അവസാനിച്ചിട്ടില്ലെന്നും അശാന്തെൻറ മൃതദേഹം അവിടെവെച്ചാൽ ക്ഷേത്രം അശുദ്ധിയാകുമെന്നുമായിരുന്നു അവരുടെ വാദം. അശാന്തെൻറ ദലിത് പശ്ചാത്തലം ആരെയൊക്കെയോ അലോസരപ്പെടുത്തി.
ഒരുകൂട്ടം ആളുകൾ പോസ്റ്ററുകളും ബാനറുകളുമൊക്കെ കീറിക്കളഞ്ഞു. തുടർന്ന് ജില്ല കലക്ടറും പൊലീസും ഇടപെട്ടു. ഹാളിെൻറ തുറക്കാതെകിടന്നിരുന്ന കിഴക്കേ വാതിൽ തുറന്ന് ആംബുലൻസ് അകത്തുകടത്തി. ഹാളിനു മുൻവശത്ത് തയാറാക്കിയിരുന്ന പന്തലും മറ്റും ഒഴിവാക്കി വരാന്തയിലായിരുന്നു അശാന്തെൻറ മൃതദേഹം പൊതുദർശനത്തിനായി കിടത്തിയത്. 50 വർഷത്തെ ജീവിതത്തിെൻറ ഏറിയ പങ്കും കലാലോകത്തിന് സമർപ്പിച്ച വ്യക്തിയോട് കേരളം കാണിച്ച ഏറ്റവും വലിയ നന്ദികേട്. കലാലോകത്തു പോലും അതിൽ രണ്ടുപക്ഷമുണ്ടായി. ഏറെ പ്രിയമുണ്ടെന്നു കരുതിയിരുന്നവർപോലും കുറ്റകരമായ മൗനം പുലർത്തി. ഒരു കലാകാരൻ ഇത്രയേറെ അപമാനിക്കപ്പെട്ട് ഭൂമിയിനിന്ന് തിരിച്ചുപോകേണ്ടിവരുന്നത് മനുഷ്യവർഗത്തിെൻറ ചരിത്രത്തിൽ അപൂർവമായിട്ടായിരിക്കുമെന്നാണ് ഷഹബാസ് അമൻ അതിനെക്കുറിച്ച് എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.