മൺമറയാത്ത ചൈതന്യം
text_fieldsഅമ്മ പോയിട്ട് ഒരു കൊല്ലം തികയുന്നു. ഓർമകളുടെ കനൽ ഇന്നും കെടാതെ ഉള്ളിൽ എരിയുന്നു. എ.ഡി, ബി.സി പറയുന്നതുപോലെ ഓരോരുത്തരുടെയും ജീവിതം കീറിമുറിക്കാവുന്നതാണ് -അമ്മ ഉള്ളപ്പോൾ, അമ്മ ഇല്ലാതാകുമ്പോൾ. അമ്മ ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ശൂന്യത, അതിലേക്ക് എന്തെങ്കിലും നിറക്കാൻ പറ്റുമോ എന്നുള്ളത് സംശയകരമാണ്. ആ ശൂന്യത ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു തമോഗർത്തംപോലെയാണ്. അന്തമില്ലാത്തത്.
ആ ശൂന്യതയുടെ അറ്റംതേടിയുള്ള എെൻറ നടത്തത്തിൽ കൂട്ടിനായി കൈപിടിച്ച് ഒരു കുഞ്ഞാത്മാവും ഉണ്ട്. അമ്മയിൽ തുടങ്ങി എെൻറയുള്ളിലേക്കു നീളുന്ന ആ അദൃശ്യമായ പാലത്തിെൻറ നെടുംതൂണായി വന്നവൾ. എെൻറ മകൾ.
അവളുടെ ഉള്ളിലും ഉണ്ട് ആ ശൂന്യത. ബാല്യകാലം അതിനെ കഴിയുന്നത്ര മൂടാൻ നോക്കുന്നുണ്ടെങ്കിലും, അവളറിയാതെ അവളുടെ സങ്കടങ്ങൾ, വിങ്ങലുകൾ കൊള്ളിയാൻപോലെ പ്രത്യക്ഷപ്പെട്ടു മറയാറുണ്ട് -സന്ദേഹങ്ങളുടെ രൂപത്തിൽ. ഒരമ്മ ആകുന്നതിലും പതിന്മടങ്ങ് ആഹ്ലാദകരമായ അനുഭവമാണ് ഒരമ്മൂമ്മ ആകുന്നത് എന്ന് എനിക്ക് ബോധ്യമായത് എെൻറ മകളെ ആദ്യമായി കൈയിലെടുത്ത് അവളെ കണ്ണിമയ്ക്കാതെ മുഴുവനായും ആത്മാവിലേക്ക് ഒപ്പിയെടുത്ത് കണ്ണുകളിലൂടെ ഇടതടവില്ലാതെ വാത്സല്യം ഒഴുക്കിയ അമ്മയുടെ കണ്ണുകൾ കണ്ടിട്ടാണ്. അമ്മയാകുമ്പോൾ കുഞ്ഞിന് കൊടുക്കാവുന്നതിലും എത്രയോ അധികം സമയം കൊടുക്കാനുള്ളപ്പോൾ ഒരമ്മൂമ്മ എന്തിനു പിശുക്കണം? അതുപോലെയായിരുന്നു അമ്മ ചിന്മയിയോട്. അമ്മയുടെ ആ ദിവസങ്ങളിലെ ഒട്ടുമുക്കാൽ ഭാഗവും ചിന്മയി നിറഞ്ഞിരുന്നു.
അവസാനത്തെ തവണ അർബുദം വന്നപ്പോൾ കീമോ ചെയ്യാനായി തയാറെടുത്ത അമ്മയെ ശുശ്രൂഷിക്കാനായി നാട്ടിലെത്താൻ വണ്ടി കയറുമ്പോൾ ചിന്നുവിന് അവളുടെ അമ്മൂമ്മയുടെ രോഗത്തെക്കുറിച്ചോ അവൾ ചവിട്ടിക്കുതിച്ച ശരീരത്തിനകത്തെ കൊടുംഭീകരനായ, അവളുടെ ഭാഷയിൽ പറഞ്ഞാൽ- രാക്ഷസനായ അസുഖത്തെക്കുറിേച്ചാ ഒരു ബോധ്യവുമില്ലായിരുന്നു. അവളെ സംബന്ധിച്ച് അമ്മക്ക് ഒരു ചെറിയ ഉവ്വാവ് ആയിരുന്നു. അത് മാറ്റാനായിട്ടാണ് അവൾ അമ്മൂമ്മയുടെ അടുത്തേക്ക് വന്നതും. അവൾ വന്നാൽ മാറാത്ത അസുഖമുണ്ടോ? ഞാൻ അരികിലേക്ക് എത്തിയതും അതിലേറെ അവൾ എത്തിയതും ആയിരുന്നു അമ്മക്ക് കീമോനെക്കാളും വലിയ മരുന്ന്. അവൾ മടിയിൽ ഇരിക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും മരണത്തിനും അർബുദത്തിനും അപ്പുറം ജീവിതംതന്നെയായിരുന്നു അമ്മയെ വാരിപ്പുണർന്നിരുന്നത് -കീമോക്കിടയിൽ ശരീരവും മനസ്സും തളരുമ്പോൾ അവളോട് അവളുടെ അമ്മ പാടാറുള്ളപോലെ അവൾ അമ്മൂമ്മയോടും പാടിയിരുന്നു
‘‘താണ്ടും താണ്ടും നമ്മൾ താണ്ടും
ഉവ്വാവെല്ലാം നമ്മൾ താണ്ടും’’
അവളുടെ നിശ്ചയം കലർന്ന ചിരിതന്നെ അമ്മക്കൊരു പച്ചക്കൊടിയായിരുന്നു -ജീവിതത്തിലേക്ക്. വയ്യാതെ കിടക്കുമ്പോൾ ശബ്ദമില്ലാതെ കൂട്ടിരിക്കാൻ അവളും പഠിച്ചു. അമ്മൂമ്മ ഉറങ്ങുമ്പോൾ പതിഞ്ഞുനടക്കാൻ, ആംഗ്യഭാഷയിൽ സംസാരിക്കാൻ, അമ്മൂമ്മക്ക് ഒറ്റക്കിരിക്കേണ്ട സമയത്ത് അകന്നുപോകാനും ഒക്കെ. അന്നൊക്കെ അമ്മക്ക് എഴുതേണ്ട സമയമാകുമ്പോൾ, അതിനായി അവളുടെ അമ്മ എഴുതിയെടുക്കാൻ തുനിയുമ്പോൾ അവൾ കണ്ടറിഞ്ഞ് മാറി ഇരുന്നിരുന്നു. അമ്മൂമ്മ അങ്ങനെ പെട്ടെന്ന് പോകാൻ ഒരുങ്ങുമെന്ന് അവൾ അറിഞ്ഞിരുന്നില്ല. പക്ഷേ, വേദനകൾ മൂർച്ഛിക്കുമ്പോൾ, അമ്മൂമ്മയുടെ നെറ്റി തലോടുമ്പോൾ ആ കുഞ്ഞുമനസ്സും അമ്മൂമ്മക്ക് വേദനകൾ മാറാൻ വേണ്ടി അവളുടെ അമ്പാട്ടിയോട് യാചിക്കുന്നുണ്ടെന്ന് എനിക്കും തോന്നിച്ചു.
അവസാനത്തെ ദിവസങ്ങൾ അമ്മൂമ്മയുടെ അടുത്തുതന്നെ അമ്മ ഇരിക്കണമെന്ന് അവൾക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അമ്മൂമ്മയുടെ ബുദ്ധിമുട്ടുകൾ നിസ്സഹായയായി മാറിനിന്ന് അവൾ നോക്കി. ആശുപത്രിയിൽ തളർന്നുകിടക്കുന്ന അമ്മൂമ്മയെ അവൾക്കു കാണിച്ചുകൊടുത്തിരുന്നില്ല. അവളും കാണണമെന്ന് വാശിപിടിച്ചില്ല. അവളുടെ അമ്മൂമ്മയെക്കുറിച്ചുള്ള അവസാനത്തെ ഓർമയിൽ അമ്മൂമ്മ ഐശ്വര്യവതിയായി, ആരോഗ്യവതിയായി ഇരുന്നോട്ടെ എന്ന് ഞാൻ കരുതി.
അമ്മൂമ്മയെ വീട്ടിൽ കൊണ്ടുവന്നു താഴത്ത് കിടത്തി പട്ടുസാരി പുതപ്പിക്കുന്നത് കണ്ടപ്പോൾ നിശ്ചലയായ അമ്മൂമ്മയെ എല്ലാവരും എന്തോ ചെയ്യുന്നു... വേദനിക്കുന്നുണ്ടാകുമോ എന്ന് കരുതി അവൾ അമ്മയുടെ യാത്രക്കുശേഷം ആദ്യമായി നെഞ്ചുതകർന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. ഇപ്പോൾ അമ്മ ഒരു ശരീരി ആയി ഇല്ലാത്ത ഈ ശൂന്യതയിൽ ഞാൻ അലയുമ്പോൾ, സങ്കടങ്ങളുടെ ഇരുട്ടിൽനിന്ന് ഇടക്കിടക്ക് എെൻറ കുഞ്ഞിെൻറ ചോദ്യശരങ്ങൾ എെൻറമേൽ വന്നുപതിക്കുന്നുണ്ട്. ‘‘അമ്മൂമ്മയെ എന്തിനാണ് എല്ലാരുമെടുത്തു സാരികൊണ്ട് പുതപ്പിച്ചത്? എല്ലാവരും നോക്കിനിന്ന് കരഞ്ഞ് സങ്കടപ്പെടുമ്പോൾ അമ്മൂമ്മ എന്താ കണ്ണ് തുറന്നു നോക്കാഞ്ഞേ? ചിന്നു പൊട്ടിക്കരഞ്ഞപ്പോഴും അമ്മൂമ്മ മിണ്ടിയില്ലല്ലോ? അമ്മൂമ്മ ഇനി ചിന്നൂനെ കാണാൻ വരില്ലേ?’’
അമ്പുകൾ തട്ടിമാറ്റി ഞാൻ പതറിപ്പതറി ഉത്തരങ്ങൾ കണ്ടുപിടിക്കുന്നു. ‘‘അമ്മൂമ്മയെ ആശുപത്രിയിൽനിന്നുതന്നെ അമ്പാട്ടി കൊണ്ടുപോയല്ലോ. വേദന ഇല്ലാത്ത, ശ്വാസംമുട്ടൽ ഇല്ലാത്ത വീട്ടിലേക്ക് വരുന്നോ എന്ന് അമ്മൂമ്മയോട് ചോദിച്ചിട്ട്.. അമ്പാട്ടി അമ്മൂമ്മയെ പ്രകാശപ്പൊട്ടാക്കി അവിടന്ന് കൊണ്ടുപോയല്ലോ. വീട്ടിൽ കിടത്തിയ അമ്മൂമ്മടെ ദേഹം വെറും കുപ്പായംപോലെ ഊരിമാറ്റി നക്ഷത്രമായിട്ടല്ലേ അമ്മൂമ്മ പോയത്. അപ്പോ ഇവിടെ കിടന്നതിൽ അമ്മൂമ്മ ഇല്ലായിരുന്നല്ലോ. അതുകൊണ്ടല്ലേ സാരി പുതപ്പിച്ചത്. അമ്മൂമ്മക്കിപ്പോൾ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഓടി എത്താം. വേദന ഇല്ല. നീരില്ല. ശ്വാസംമുട്ടലില്ല. അമ്പാട്ടി കൊണ്ടുപോയി ആകാശത്ത് എപ്പോഴും ചിന്നുവിനെ കാണത്തക്കവിധത്തിൽ നക്ഷത്രമാക്കിയിട്ടുണ്ട്. രാത്രി ആരും കാണാതെ ചിന്നുവിനെ ഇക്കിളിയാക്കാനും പുതപ്പിക്കാനും ഉമ്മ തരാനും, സ്വപ്നത്തിൽ കഥ പറഞ്ഞ് ഊണ് തരാനും ഒക്കെ അമ്മൂമ്മക്കിപ്പോൾ വരാല്ലോ... ആ കഥകൾ ഒക്കെ ചിന്നു വലുതായാൽ എഴുതണേ...’’
വീണ്ടും ചോദ്യങ്ങൾ.
‘‘അപ്പൊ ചിന്നൂന് അമ്മൂമ്മയെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാനോ? ചിന്നുവില്ലാത്തൊരു അമ്മൂമ്മയുണ്ടോ? അമ്മൂമ്മ ഇല്ലാത്തൊരു ചിന്നുണ്ടോ എന്നമ്മൂമ്മ പണ്ട് പാടീതോ? ചിന്നൂനെയും കൊണ്ടോവാർന്നില്ലേ അമ്പാട്ടിടെ അടുത്തേക്ക്? ചിന്നൂനും പോണം.’’
ദൈവമേ ഈ കുഞ്ഞ്!
‘‘അമ്മൂമ്മക്ക് ചിന്നു വളർന്നുവലുതായി ഒരുപാട് കഥകൾ വായിച്ച് ഒരുപാട് കഥകൾ എഴുതി ഒരുപാട് സ്ഥലങ്ങൾ കണ്ട് സന്തോഷിക്കണത് കാണണമെന്നുണ്ടല്ലോ. അതൊക്കെ കണ്ടു സന്തോഷായി അമ്മൂമ്മ വിളിക്കാൻ വരുംട്ടോ അമ്മേം ചിന്നൂനേം ഒക്കെ’’ -ഞാൻ ഇങ്ങനെയൊക്കെയാണ് പിടിച്ചുനിൽക്കാറുള്ളത് അവളുടെ മുന്നിൽ.
അമ്മയോട്...
‘‘അമ്മേ, അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ എത്ര ഞാൻ പതറിവീഴുന്നുണ്ട്. പക്ഷേ, പണ്ട് പിച്ചവെക്കുമ്പോൾ വീണിരുന്ന സമയത്ത് എവിടെനിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിരുന്ന അമ്മയുടെ കൈകൾപോലെ ഇന്നും അമ്മ എന്നെ താങ്ങുന്നുണ്ടല്ലേ, മനസ്സ് മുഴുവൻ അവൾക്കു മാത്രം പറ്റുന്ന ഉത്തരങ്ങൾ നിറച്ചിട്ട്!
അമ്മക്കറിയുമോ... ഞാൻ എപ്പോഴൊക്കെ അമ്മയെ ഓർക്കുമ്പോഴും ഉള്ളാലെ അവൾ അത് കണ്ടുപിടിച്ച് ഓടിവന്ന് എെൻറ കൈകളിൽ ഉമ്മ തരും. ചിലപ്പോൾ നെറ്റിയിൽ ഒരുമ്മ! ഞാൻ അപ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ ഉള്ളിലൂടെ എത്തിനോക്കുന്ന അമ്മയെ കാണാറുണ്ടല്ലോ... അമ്മ അവളോട് പറഞ്ഞിരുന്നത് വളരെ ശരിയാണ്: ‘‘ചിന്നുവില്ലാതൊരു അമ്മൂമ്മ ഇല്ല... അമ്മൂമ്മ ഇല്ലാതൊരു ചിന്നുവില്ല!’’
(മാധ്യമം കുടുംബം മാസികയിൽ പ്രസിദ്ധീകരിച്ചത്)
മാധ്യമം കുടുംബം മെയ് ലക്കം വായിക്കാൻ: https://bit.ly/3dpQksG
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.