മറക്കാനാവാത്ത ഓര്‍മ്മകള്‍
text_fieldsഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുള്ള വ്യക്തികളായിരിക്കും അവരുടെ അച്ഛനും അമ്മയും. അത്തരത്തിലുള്ള ഒരുപാട് ഓര്‍മ്മകളുടെ ഒരു വേലിയേറ്റമാണ് ഇപ്പോള്‍ എൻെറ മനസ്സില്‍. നമ്മളുടെ മാതാപിതാക്കളെക്കുറിച്ച് എത്ര സംസാരിച്ചാലും മതിവരില്ല. ഞാന്‍ പല കാര്യങ്ങളും ജീവിതത്തില്‍ പഠിച്ചിട്ടുള്ളത് മാതപിതാക്കളില്‍ നിന്നാണ്. ഇന്നത്തെ തലമുറയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നിയിട്ടുള്ളത് അവരുടെ പല ദുഃശീലങ്ങലെക്കുറിച്ചോര്‍ത്താണ്. വളരെ വൈകി ഉറങ്ങുകയും അതുപോലെ തന്നെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുക എന്നത് ഇന്നത്തെ തലമുറയുടെ ഒരു ദുഃശീലമാണ്. അതുപോലെ തന്നെ അസമയത്തുള്ള അവരുടെ ഭക്ഷണക്രമവും.
എൻെറ ചെറുപ്പത്തില്‍ അമ്മ എന്നെ രാവിലെ നാലു മണിക്ക് വിളിക്കുമായിരുന്നു. ആദ്യമൊക്കെ ഒരല്‍പ്പം ബുദ്ധിമുട്ട് തോന്നിയിരുന്നുവെങ്കിലും പിന്നീടത് ശീലമായി. ആ ഒരു ശീലം ജീവിതവിജയത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. അമ്മ പഠിപ്പിച്ച ആ ശീലം എൻെറ സമയക്രമത്തെ ചിട്ടപ്പെടുത്താന്‍ എനിക്ക് ഏറെ സഹായകമായി എന്നു പറയാതിരിക്കാന്‍ വയ്യ. രാവിലെ എഴുന്നേല്‍ക്കുകയെന്ന ആ ശീലം ഈ അടുത്ത കാലം വരെ ഞാന്‍ പിന്തുടര്‍ന്നിരുന്നു. പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം രാവിലെ എഴുന്നേല്‍ക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആ നേരങ്ങളില്‍ പഠിച്ചാല്‍ ഒരിക്കലും മറന്നുപോകാതെ തലയില്‍ ഉറച്ചുനില്‍ക്കും.
എൻെറ മനസ്സില്‍ ആത്മീയബോധത്തിൻെറ വെളിച്ചം തെളിയിച്ചു തന്നത് എൻെറ മാതാപിതാക്കളാണ്. എൻെറ ചെറുപ്പത്തില്‍ അവര്‍ എന്നെ നിരവധി ക്ഷേത്രങ്ങളില്‍ കൂട്ടി പോകുമായിരുന്നു. ക്ഷേത്രങ്ങളിലെ പല ദേവി ദേവന്‍മാരെ അവര്‍ എന ിക്ക് പരിചയപ്പെടുത്തിത്തരുമായിരുന്നു. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും ആ ശക്തിയാണ് ദൈവങ്ങള്‍ എന്നും അവര്‍ എനിക്കു പറഞ്ഞു തന്നു. ഒരു മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങിയത് അന്ന് കണ്ട ദൈവ രൂപങ്ങളില്‍ നിന്നായിരുന്നു.
അദ്ധ്വാനത്തിൻെറ മഹത്വം ഞാന്‍ ആദ്യം തിരിച്ചറിഞ്ഞതും എൻെറ മാതാപിതാക്കളില്‍ നിന്നാണ്. അവര്‍ നല്ലവണ്ണം അദ്ധ്വാനിക്കുന്ന കര്‍ഷകരായിരുന്നു. ചെറുപ്പത്തില്‍ അവരോടൊപ്പം വാഴ നനയ്ക്കാനും അതുപോലുള്ള ജോലികള്‍ക്കും എന്നെയും കൂടെ കൂട്ടുമായിരുന്നു. ആ ഒരു അനുഭവം എൻെറ ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു. എനിക്ക് ഒരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കും, എൻെറ ആത്മീയവും, ഭൗതികവുമായ കാര്യങ്ങളില്‍ മാതൃക എൻെറ മാതാപിതാക്കളാണെന്ന്.
പരസ്പര സ്‌നേഹത്തെ കുറിച്ചുള്ള ആദ്യ പാഠവും എനിക്ക് ലഭിച്ചത് എന്റെ അമ്മയില്‍ നിന്നാണ്. വളരെ കഷ്ടപ്പെട്ടു കിട്ടുന്ന വരുമാനം, ഇല്ലാത്തവര്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കുംവേണ്ടി ചിലവാക്കാന്‍ അമ്മ ഒരു മടിയും കാണിച്ചിരുന്നില്ല. ആര് പണം ചോദിച്ചാലും അമ്മ നല്‍കുമായിരുന്നു. ഇപ്പോള്‍ മനസ്സില്‍ വരുന്നത് മറ്റൊരു ഓര്‍മ്മയാണ്. എൻെറ ചെറുപ്പത്തില്‍ ഒരു തവണ തേക്ക് വിറ്റുകിട്ടിയ പണവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. അന്നത്തെ 90 രൂപയായിരുന്നു എൻെറ കയ്യിലുണ്ടായിരുന്നത്.. വഴിയില്‍ വെച്ച് പരിചയക്കാര്‍ പണം വെച്ച് ചീട്ടു കളിക്കുന്ന് ശ്രദ്ധയില്‍പ്പെട്ടു.
അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും ആ കളിയില്‍ ചേര്‍ന്നു. പണം നഷ്ടപ്പെട്ടു. വീട്ടിലെത്തിയ എന്നെ അച്ഛന്‍ കാര്യമായി തന്നെ ശിക്ഷിച്ചു. അതിനു ശേഷം ഇതുവരെ ഞാന്‍ ആ സാധനം കൈകൊണ്ട് തൊട്ടിട്ടില്ല. നമ്മള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മദ്യപാനം ഒരുപാട് കുടുംബങ്ങളെ നശിപ്പിക്കുന്നുണ്ടെന്ന്. എൻെറ അച്ഛനും മദ്യപിക്കുമായിരുന്നു. അല്‍പം മദ്യപിക്കുകയാണെങ്കില്‍ അച്ഛന് എല്ലാവരോടും സ്‌നേഹമായിരിക്കും. പക്ഷേ അല്‍പം കൂടുതല്‍ കഴിച്ചാല്‍ അച്ഛന് ഏറെ ഇഷ്ടമായിരുന്ന അമ്മയെ അനാവശ്യമായി ശകാരിക്കുമായിരുന്നു.
ആ ഒരു അനുഭവത്തില്‍ നിന്നാണ് മദ്യം ജീവിതത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഞാന്‍ തീരുമാനിച്ചത്. ഇങ്ങനെ ഒരുപാട് അനുഭവങ്ങളും പാഠങ്ങളുമാണ് എനിക്ക് എൻെറ അച്ഛനും അമ്മയും സമ്മാനിച്ചിട്ടുള്ളത്. തീര്‍ച്ചയായും എൻെറ എല്ലാ വിജയത്തിേൻറയും പുറകില്‍ അവരാണ്. അവരില്‍ നിന്നും ഞാന്‍ നേടിയ അറിവുകളിലും അനുഭവങ്ങളിലും നിന്നാണ് ഞാന്‍ എന്റെ ജീവിതത്തിന്റേയും ബിസിനസ്സിേൻറയും അടിത്തറ പാകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.