ഫ്രെയിമുകൾ ഭേദിച്ച പെൺ ജീവിതങ്ങൾ
text_fields‘നാല് ചുവരുകൾക്കിടയിലെന്നപോലെ ഫ്രെയിമിനുള്ളിൽ ഒതുങ്ങി കൂടിയതാവും ഈ ചിത്രങ്ങളുമെന്ന് പ്രതീക്ഷിച്ച് കയറി ചെല്ലുമ്പോൾ തന്നെ അകത്തളങ്ങൾ ഭേദിച്ച് പൂത്ത ഒരു കൂട്ടം പെൺപൂക്കളുടെ നറുമണം അവിടമാകെ പരന്നിരിക്കുന്നു’ - ‘പെണ്ണടയാളം’ ഫോേട്ടാ പ്രദർശനം കണ്ട ഒരാൾ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി അഞ്ച് കാമറകൾ പകർത്തിയ പെൺചിത്രങ്ങളാണ് ലോക വനിത ദിനം ഉൾപ്പെടെയുള്ള ദിവസങ്ങളിൽ കോഴിക്കോട് ലളിത കല അക്കാദമി ആർട്ട് ഗാലറിയിൽ ആസ്വാദകർക്ക് കാഴ്ച വിരുന്നൊരുക്കിയത്. അഞ്ച് ഫോേട്ടാഗ്രാഫർമാർ ചേർന്ന് പകർത്തിയ പെൺജീവിതങ്ങളിൽ നിറഞ്ഞത് കാലം ആവശ്യപ്പെടുന്ന ചുവരെഴുത്തുകൾ തന്നെയാണ്.
സുബീഷ് യുവ, സുഭാഷ് കൊടുവള്ളി, ഷിറാസ് സിതാര, ദേവരാജ് ദേവൻ, സുഭാഷ് നീലാംബരി എന്നീ സുഹൃത്തുക്കൾ ചേർന്നുള്ള ‘ക്യാമറീസ്’ കൂട്ടായ്മയുടെ ആദ്യ പ്രദർശനമായിരുന്നു ‘പെണ്ണടയാളം’. ആർത്തവം വിഷയമായ സുഭാഷ് നീലാംബരിയുടെ ‘ഉടൽ പൂക്കുന്ന ഇടം’ ആണ് പ്രദർശനത്തിലെത്തുന്നവരുടെ കണ്ണിലുടക്കുന്ന ആദ്യ ചിത്രം.
പ്രദർശനത്തിലൂടെ ഇൗ ചെറുപ്പക്കാർ ഉയർത്തിക്കാണിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം വ്യക്തമായി പറയുന്ന ചിത്രമാണിത്. നേപ്പാളിലെ തെരുവിൽ നിന്ന് ഷിറാസ് പകർത്തിയ ഇടിഞ്ഞുെപാളിഞ്ഞ കെട്ടിടത്തിന് മുകളിലെ ഏകാകിയായ സ്ത്രീ, ദേവരാജ് പൊന്നാനി തുറമുഖത്ത് നിന്നെടുത്ത മീൻ സഞ്ചിയുമായി നിൽക്കുന്ന വയോധിക തുടങ്ങിയ എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാണ്.
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും അതിനെതിരെ സ്ത്രീ സമൂഹം നടത്തുന്ന പോരാട്ടങ്ങളും ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇൗ പ്രദർശനത്തിലൂടെ സ്വന്തം ആയുധമായ കാമറ ഉപയോഗിച്ച് അവരുടെ പോരാട്ടങ്ങൾക്കൊപ്പം ചേർന്നുനിൽക്കുകയാണ് ഞങ്ങൾ -ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിലിൽ ഫോേട്ടാഗ്രാഫറായ ഷിറാസ് സിതാര പറയുന്നു. അഞ്ചു വർഷത്തെ അന്വേഷണത്തിെൻറ അനുഭവങ്ങളുടെ സാക്ഷ്യങ്ങളാണ് ഇൗ ചിത്രങ്ങളെന്ന് കെ.എസ്.ഇ.ബിയിൽ ലൈൻമാനായി ജോലി ചെയ്യുന്ന സുഭാഷ് നീലാംബരി പറയുന്നു.
ക്യാമറീസിെൻറ ആദ്യ പ്രദർശനത്തിന് വിഷയം തേടിയപ്പോൾ സ്ത്രീകളോടുള്ള വിവേചനങ്ങൾക്കെതിരായ കാഴ്ചയുടെ പ്രതിഷേധമല്ലാെത മറ്റൊന്നും മനസ്സിൽ വന്നില്ല -അഞ്ചു വർഷമായി ഫോേട്ടാഗ്രഫിയിൽ സജീവമായ അദ്ദേഹം പറഞ്ഞു.
എക്സിബിഷനെക്കുറിച്ച് ആലോചനകൾ നടക്കുേമ്പാഴാണ് കേരളത്തിൽ ശബരിമല സ്ത്രീപ്രവേശനവും ആർത്തവവും ഉറക്കെ ചർച്ച ചെയ്തുകൊണ്ടിരുന്നത്. ആ ഒരു അന്തരീക്ഷത്തിൽ മറ്റൊരു വിഷയത്തിന് ഞങ്ങൾക്കിടയിൽ സ്പേസ് ഉണ്ടായില്ല എന്നതാണ് സത്യം -നല്ലൊരു യാത്രികൻ കൂടിയായ ദേവരാജ് ദേവൻ പറഞ്ഞു. പെണ്ണടയാളം എന്ന പ്രമേയത്തിന് കാരണം ഉള്ളിലെ രാഷ്ട്രീയം തന്നെയാണെന്ന് സുഭാഷ് കൊടുവള്ളിയും സുബീഷ് യുവയും പറയുന്നു. സ്ത്രീ മുന്നേറ്റത്തിനൊപ്പം കാമറയുമായി ചേർന്ന് നിൽക്കുക എന്ന ചിന്ത തന്നെയാണത് -യുവ വിഷ്വൽസ് എന്ന സ്ഥാപനം നടത്തുന്ന സുബീഷ് യുവ കൂട്ടിച്ചേർത്തു.
ഫോേട്ടാ ക്ലബ് എന്ന സ്ഥാപനം നടത്തുകയാണ് സുഭാഷ്. ലൈഫ്, സാക്ഷി എന്നീ സോളോ എക്സിബിഷനുകൾ പല വേദികളിലായി നടത്തിയിട്ടുണ്ട്.
ഏറ്റവും സമകാലികമായ രാഷ്ട്രീയം പറയുന്ന വിഷയം ആസ്പദമാക്കിയതിനാൽ തന്നെ കാഴ്ചക്കാർ ചിത്രങ്ങൾ ചർച്ച ചെയ്തു. നല്ല അഭിപ്രായങ്ങളും പ്രതികരണങ്ങളും ഒരുപാട് ലഭിച്ചു. നേരിട്ടും സോഷ്യൽ മീഡിയ വഴിയും പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവെന്ന് അഞ്ചു പേരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ഖത്തറിലായിരുന്ന ഷിറാസിന് പ്രദർശനത്തിെൻറ നാലാം ദിവസമാണ് നാട്ടിലെത്താനായത്. നേരത്തേ പ്രദർശനത്തിനെത്തിയ വിദ്യാർഥികളടക്കം വീണ്ടുമെത്തി ചിത്രങ്ങളെക്കുറിച്ച് ഏറെ നേരം സംസാരിച്ചത് മറക്കാനാവില്ലെന്ന് ഷിറാസ് പറയുന്നു. പയ്യോളി സ്വദേശികളാണ് സുബീഷും സുഭാഷ് നീലാംബരിയും ഷിറാസും. ഒരു വൈകുന്നേരം ഇവരുടെ ചർച്ചകൾക്കിടയിലാണ് ഫോേട്ടാഗ്രഫി ഗ്രൂപ് എന്ന ആശയം ഉദിച്ചത്. സോഷ്യൽ മീഡിയ വഴി ലഭിച്ച സൗഹൃദങ്ങളായ പാലക്കാട് സ്വദേശി ദേവരാജ് ദേവനെയും സുഭാഷ് കൊടുവള്ളിയേയും കൂടെക്കൂട്ടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
കാരണം കാഴ്ചപ്പാടുകളിലും ചിന്താഗതിയിലും അഞ്ചുപേരിലും സമാനതകൾ ഉണ്ടായിരുന്നു. സമകാലികമായതും അധികമാരും കാണാത്തതും പറയാത്തതുമായ കാഴ്ചയുടെ ഇടങ്ങൾ ഇനിയും സമൂഹത്തിന് പരിചയപ്പെടുത്തണമെന്നാണ് ക്യാമറീസ് ആഗ്രഹിക്കുന്നത്. സമൂഹത്തോട് കലഹിക്കുന്ന ചിത്രങ്ങളുമായി വർഷത്തിൽ ഒരു പ്രദർശനമെങ്കിലും നടത്തണമെന്നാണ് കാമറയെ സ്നേഹിക്കുന്ന കൂട്ടുകാരുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.