പക്ഷികളോടുള്ള ‘ഇഷ്ഖ്’
text_fieldsപ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ സ്വന്തം ഇഷ്ടങ്ങൾക്കും ഹോബികൾക്കും വിടപറയുന്നവരാണ് പലരും. എന്നാൽ, സൗദിയിൽ രണ്ട് പതിറ്റാണ്ടായി ബിസിനസ് മേഖലയിൽ കഴിയുന്ന മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി ഇരഞ്ഞിക്കൽ ആഷിഖ് അലി ഇതിൽനിന്നും വ്യത്യസ്തനാണ്. താമസിക്കുന്ന കെട്ടിടത്തിെൻറ മട്ടുപ്പാവിലെ പ്രവാസത്തിെൻറ ഇത്തിരിവട്ടത്തും പക്ഷി വളർത്തലിനെ സ്നേഹിക്കുന്ന ആഷിഖ് പടർന്നു പന്തലിച്ച ബിസിനസ് സ്ഥാപനങ്ങൾ നോക്കി നടത്തുന്ന തിരക്കുകൾക്കിടയിലും അവയെ പരിചരിക്കാൻ സമയം കണ്ടെത്തുന്നു. സൗദിയിലെ യാമ്പൂവിൽ അദ്ദേഹം താമസിക്കുന്ന ഇരുനില കെട്ടിടത്തിന്‍റെ ടെറസിൽ ഒന്ന് കയറിയാൽ പക്ഷികളുടെ കളകൂജനങ്ങളാണ് സ്വാഗതം ചെയ്യുക. 40 ഇനങ്ങളിലുള്ള പ്രാവുകളുടെ വേറിട്ട കാഴ്‌ചകളാണ് ഇവിടത്തെ മുഖ്യ ആകർഷണം. വിവിധ തരത്തിലുള്ള കോഴികളും തത്തകളും കാടയും ലവ് ബേഡ്‌സും ആഷിഖ് ഇവിടെ വളർത്തുന്നു. അപൂർവ മത്സ്യങ്ങളുള്ള ചെറിയ രീതിയിലുള്ള അേക്വറിയവും ഉണ്ട്. പ്രത്യേകം കൂടുകൾ ഓരോ ഇനത്തിലുംപെട്ട പ്രാവുകൾക്കും മറ്റു പക്ഷികൾക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. പക്ഷി വളർത്തലി നോട് ചെറുപ്പത്തിേല താൽപര്യം പ്രകടിപ്പിച്ചിരുന്ന ആഷിഖ് സൗദിയിൽ എവിടെ പോയാലും നോട്ടമിടുന്നത് പുതിയ തരത്തിലുള്ള പ്രാവുകൾ സ്വന്തമാക്കാനായിരിക്കും.
ആഷിഖിനെ പക്ഷിവളർത്തലിൽ പ്രോത്സാഹിപ്പിക്കാനും വേണ്ട സഹകരണങ്ങൾ നൽകാനും സഹോദരനായ അജ്മലും സ്പോൺസറിെൻറ സഹോദരങ്ങളായ ഹമീസ്, അബ്ദുല്ല, മുബാറക് എന്നിവരും കൂടെയുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് ഇവിടെ പക്ഷികൾക്ക് കൂടൊരുക്കിയിരിക്കുന്നത്. തീറ്റയും വെള്ളവുമെല്ലാം വെക്കാൻ കൂടിനോട് ചേർന്ന് സജ്ജീകരണം ഒരുക്കിയിരിക്കുന്നു. പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിർത്താൻ പോഷകസമ്പുഷ്ടമായ ആഹാരം നൽകാൻ ജാഗ്രത കാണിക്കുന്നു. പക്ഷികൾക്കായി ദിവസവും അഞ്ചു കിലോയിലധികം ധാന്യങ്ങൾ തീറ്റയായി വേണം. കുതിർത്ത ചോളം, പയർ വർഗങ്ങൾ, ഗോതമ്പ്, തിന വിവിധ തരത്തിലുള്ള നിലക്കടലകൾ എന്നിവ തരാതരം ഭക്ഷണമായി നൽകണം. കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ നൈസർഗികമായി ഇണയായവയിൽനിന്നും ആരോഗ്യമുള്ളവയെ തിരഞ്ഞെടുത്ത് പ്രത്യേകം കൂടുകളിൽ പാർപ്പിക്കണം. അങ്ങനെ എല്ലാ പരിചരണവും ആഷിഖ് ദിനചര്യയാക്കി മാറ്റിയിരിക്കുകയാണ്. ഭാര്യ യാസ്മിനും മക്കളായ സെബ, സിയ, സെറ, സോഹ എന്നിവരും പക്ഷികളുടെ പരിചരണത്തിന് സഹായിക്കാറുണ്ട്.
വളർത്തുപക്ഷികളിൽ ശാന്തശീലരും സമാധാന വാഹകരുമായി പൊതുവെ അറിയപ്പെടുന്നവയാണല്ലോ പ്രാവുകൾ. രൂപഭംഗി കൊണ്ടും വർണവൈവിധ്യം കൊണ്ടും ഏവരുടെയും മനം കവരുന്നവയാണ് പ്രാവുകൾ. പണ്ടുകാലം മുതലേ ഒരു വിനോദം എന്ന നിലയിൽ പ്രാവു വളർത്തൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. പ്രാവുകളെ സമാധാന വാഹകരെന്ന് പറയുന്നത് വെറുതെയല്ല. അൽപനേരം അവയോടൊപ്പം ചെലവഴിച്ചാൽത്തന്നെ നമുക്കത് മനസ്സിലാക്കാൻ കഴിയും. ശബ്ദം, തൂവൽ വിന്യാസം, രൂപഭംഗി എന്നിവയാണ് പ്രാവുകളുടെ സ്ഥാനവും വിലയും നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ. വിവിധ രൂപത്തിലും വർണത്തിലുമുള്ള നൂറിലേറെ അലങ്കാരപ്രാവുകളുടെ നീണ്ടനിര ഇവിടെ കാണാം. പ്രാവുകളെ കൂടുകളിൽനിന്ന് പുറത്തേക്ക് പറത്തിവിട്ടാലും തിരിച്ചവ കൂട്ടിലേക്കുതന്നെ മടങ്ങിയെത്തുന്നു. പ്രാവിനങ്ങളിൽ ഇവിടെയും മുമ്പൻ അമേരിക്കക്കാരനായ രാജകീയ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന ‘കിങ് പീജിയ’നുകളാണ്. തോണി വളവുള്ള മുതുകും ഉയർന്ന ചെറുവാലും ഉന്തിനിൽക്കുന്ന നെഞ്ചുമാണ് ഇവയുടെ പ്രധാന ആകർഷകം. നിറ വ്യത്യാസം, തൂവലുകളാൽ സമൃദ്ധമായ പാദം എന്നിവ ഇവയെ മറ്റുള്ളവയിൽനിന്നും വ്യത്യസ്തരാക്കുന്നു.
തൂവലുകൾ കൊണ്ട് മുഖം മറച്ചിരിക്കുന്ന ജാക്കബൈൻ പ്രാവ്, തല നിറയെ ഇടതൂർന്ന മുടിപോലെ തൂവൽ നിറഞ്ഞ ബൊക്കാറോ, പിറകിലെ തൂവലുകളൊന്നായി മയിൽപ്പീലി പോലെ വിടർത്തി കാഴ്ചക്കാരെ ആകർഷിക്കുന്ന ഷീൽഡ് ഫാൻ ഡൈൽ, ഇവക്കെല്ലാമൊപ്പം കുഞ്ഞൻ മുഖവും വലിയ ഉന്തിനിൽക്കുന്ന കണ്ണുകളുമായി കുഞ്ഞു മുഖ പ്രാവ്, കണ്ണിനു മുകളിൽ മാത്രം വെളുത്ത തൂവലുകളണിഞ്ഞ് പാകിസ്താനി ലാഹോറി പ്രാവും തലക്കുമുകളിൽ വെളുത്ത തൂവലുകളുള്ള മൂക്കീ പ്രാവും കഴുത്തിനു ചുറ്റും തൂവൽ തൊങ്ങലുകൾ കൊണ്ടലങ്കരിച്ച ക്യാപ്പുചൈനും കുളക്കോഴിയെ പോലെ കുണുങ്ങിനടന്ന് പന്തിനെപോലെ ഉരുണ്ടു മറിയുന്ന ‘കുറത്തി’ പ്രാവും മൂങ്ങാപ്രാവും കാലിനു ചുറ്റും പൂപോലെ തൂവലുകളുള്ള പൊമറേനിയൻ പൗട്ടറും റുമാനി, മിസ്‌രി, സൂരി, ഇസ്റാഈലീ, തുർകി, ഫ്രാൻസി, സീനി, സൻആനി തുടങ്ങി വിവിധ രാജ്യങ്ങളുടെ പേരുകളിലറിയപ്പെടുന്ന പ്രാവുകളും ആഷിഖിെൻറ അപൂർവ ശേഖരത്തിലുണ്ട്. ഇവയിൽ മുകി, ലാഹോർ എന്നീ ഇനങ്ങൾ ഇന്ത്യൻ ഇനങ്ങളായി അറിയപ്പെടുന്നവയാണ്.
രണ്ടായിരത്തിലധികം റിയാൽവരെ വിലവരുന്ന നൈജീരിയൻ തത്ത ആണ് കൂട്ടത്തിലെ വിലകൂടിയ താരം. സംസാരം നന്നായി അനുകരിക്കാൻ കഴിയുന്ന ഈ അപൂർവ തത്തക്ക് തെൻറ വീടിനകത്തുതന്നെയാണ് സ്വതന്ത്രമായി വിഹരിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും കഴിയുന്ന വിധത്തിൽ ആഷിഖ് താമസം ഒരുക്കിയിരിക്കുന്നത്. കർവാൻ, കിനാരി തുടങ്ങിയ അറബി പേരുകളിലറിയപ്പെടുന്ന വേറിട്ട ചില തത്തകളുടെ ഇനങ്ങളും ഇവിടെ കാണാം. കോഴികളിൽ സീനി, ബാറാഹിമ, അബൂശൂശത്ത് തുടങ്ങിയ പേരിലറിയപ്പെടുന്ന കാഴ്ചയിൽ കൗതുകമുണർത്തുന്ന വിവിധ ഇനങ്ങളിലുള്ളവയും ഇവിടെ സ്വതന്ത്രമായി വിഹരിക്കുന്നു. വിലകൂടിയ ശുദ്ധജല മത്സ്യമായ ആരോവാനയും ഷാർക് ഇനത്തിൽപെട്ട വർണ മത്സ്യവുമൊക്കെ ആഷിഖിെൻറ കൊച്ചു അേക്വറിയത്തിൽ വർണാഭമായ കാഴ്ചയാണ് ഒരുക്കുന്നത്. പക്ഷി വളർത്തലിലൂടെ നാടൻ മുട്ടകൾ സുലഭമായി ഉപയോഗിക്കാൻ ഈ കുടുംബത്തിനാകുന്നു.
പുറത്തു നിന്ന് മുട്ടകൾ അടുത്ത കാലത്തൊന്നും വാങ്ങേണ്ടി വന്നിട്ടില്ലെന്ന് ആഷിഖ് പറയുന്നു. കിളികളുമായുള്ള കിന്നാരം പറച്ചിലോടെയാണ് ആഷിഖിന്‍റെ ഓരോ ദിനവും തുടങ്ങുന്നത്. കുട്ടിക്കാലം മുതൽ പക്ഷികളോടുള്ള സ്നേഹമാണ് പക്ഷി വളർത്തലിലേക്ക് പ്രചോദനമായി മാറിയതെന്ന് അദ്ദേഹം പറയുന്നു. പക്ഷി വളർത്തൽ ഒരു ഹോബിയാക്കി മാറ്റി അതിൽ അനുഭൂതി കാണുന്ന ആഷിഖ് തീർച്ചയായും എല്ലാവർക്കും മാതൃകയും പക്ഷി വളർത്തലിന് ഏറെ പ്രചോദനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.