പ്രതിരോധത്തിന്‍റെ ഫലസ്തീൻ പാഠങ്ങൾ
text_fieldsഇസ്രായേൽ അധിനിവേശത്തിനെതിരായ സയണിസ ഭീകരത ലോകശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിൽ ഫലസ്തീനിലെ തെരുവ് ചിത്രങ്ങൾ മുതൽ ഫലസ്തീൻ പോരാളികളുെട കഫിയ വരെയുണ്ട്. സർഗാത്മക പ്രതിഷേധവും സംസ്കാരങ്ങളുടെ സൗന്ദര്യപരമായ സമന്വയവുമൊക്കെ നിഴലിക്കുന്ന പോർമുഖത്തെ കുറിച്ച്...
ദേശസ്നേഹത്തിെൻറ പ്രതീകങ്ങൾ പലതാണ്. ഓരോ രാജ്യത്തിെൻറയും സാമൂഹികവും സാംസ്കാരികവുമായ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഐക്കണുകളായിരിക്കും രാജ്യത്തെ ജനങ്ങൾ രാജ്യക്കൂറിെൻറ മുദ്രാവാക്യങ്ങൾക്കൊപ്പം ഉയർത്തിക്കാട്ടുക. പൈതൃക ശേഷിപ്പുകൾക്കും പരമ്പരാഗത നടപ്പുരീതികൾക്കും വലിയ പ്രാധാന്യം നൽകിപ്പോരുന്ന സംസ്കാരം അറബികളുടെ രക്തത്തിലുണ്ട്. വ്യത്യസ്ത അറബ് രാജ്യങ്ങളിലെയും ജീവിതരീതികളിൽ വമ്പിച്ച മാറ്റങ്ങൾ സംഭവിച്ച് പടിഞ്ഞാറൻ അറബ് രാജ്യങ്ങൾ ആധുനികതയുടെ കുപ്പായമണിഞ്ഞിട്ടും ബഹുഭൂരിഭാഗം അറബികളും പഴമയെ അനുസ്മരിപ്പിക്കുന്ന സാമ്പ്രദായിക ശീലങ്ങളോടും പൂർവികരുടെ വന്യമായ മരുഭൂ ജീവിതകാലത്തോടും കുലീനമായ ബന്ധം സൂക്ഷിക്കുന്നവരാണെന്ന് പൊതുവെ വിലയിരുത്തപ്പെടാറുണ്ടല്ലോ.
ഭാഷയുടെ പേരിലും ‘അറബ്’ എന്ന മഹാ സംസ്കൃതിയുടെ പേരിലുമൊക്കെ അവർക്കിടയിൽ എപ്പോഴും ഒരു സാംസ്കാരിക ഐക്യബോധമുറങ്ങുന്നുണ്ടാവുക സ്വാഭാവികമാണ്. എന്തൊക്കെ സംഭവവികാസങ്ങളുണ്ടായാലും എത്രമേൽ ആധുനികത തൊട്ടുതീണ്ടിയാലും സ്വത്വത്തെ കൈവിടാനും സംസ്കാരത്തെയാകെ മാറ്റിമറിക്കാനും സന്നദ്ധമല്ലാത്ത വിഭാഗമാണ് അറബ് സമൂഹം. യുദ്ധങ്ങൾ നിലക്കാത്ത മേഖലയാണ് എന്നും പശ്ചിമേഷ്യയുടെ പ്രാന്തപ്രദേശങ്ങൾ. ഇതിൽ രൂക്ഷമായ അവസ്ഥയാണ് ഫലസ്തീനികളുടേത്. അവരുടെ സ്വത്വത്തെയും സംസ്കാരത്തെയും മുറുകെപ്പിടിക്കാൻ വേണ്ടിയാണ് ശിഥിലമായി നൂറ്റാണ്ടുകാലത്തോളമായിട്ടും രാജ്യത്തെ പഴയ പ്രതാപത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാനുള്ള വിമോചന സമരങ്ങളിൽനിന്നും പിന്മാറാൻ ഒരിക്കലും അവരെ കൂട്ടാക്കാതിരിക്കുന്നുണ്ടാവുക.
ഫലസ്തീനിൽ നടക്കുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെയും അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനിനോടുള്ള കാഴ്ചപ്പാടിനെയും മുസ്ലിം വികാരം മാത്രമാക്കുന്ന ഒരു തെറ്റായ വായന പരക്കെയുണ്ട്. അതിനു തുടക്കംകുറിച്ചത് സയണിസ്റ്റുകളാണ്. “ഒരൊറ്റ അഭയാർഥിയും തിരിച്ചുവരില്ല, വയസ്സന്മാർ മരിക്കും, ചെറുപ്പക്കാർ മറന്നേക്കും”. ഫലസ്തീനികളെ അവരുടെ ഗ്രാമങ്ങളിൽനിന്നും തുടച്ചുനീക്കി 110 രാജ്യങ്ങളിൽനിന്നുള്ള ജൂതന്മാരെ അവരുടെ പാർപ്പിടസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്ന ‘വംശശുദ്ധീകരണ’ പരിപാടിയുടെ വലിയൊരു ഭാഗം പൂർത്തീകരിച്ചശേഷം സയണിസത്തിെൻറ സ്ഥാപകൻ ബെൻഗൂറിയൻ നടത്തിയ പ്രസ്താവനയാണിത്.
അധിനിവേശം കേവലമൊരു അക്രമോത്സുക രാഷ്ട്രീയമല്ല. കഴുകിയാൽ അഴുക്കു മാറാത്ത ഭീകര അതിക്രമം കൂടിയാണ്. ലോകത്ത് ഏറ്റവും പഴക്കമുള്ളതും അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടതും പുനരധിവാസമില്ലാത്തതുമായ അധിനിവേശം ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശമാണെന്നതിൽ സംശയമില്ലല്ലോ. ‘നക്ബ’ അഥവാ മഹാദുരന്തം എന്ന വിശേഷണമുള്ള 1938ലെ ആദ്യത്തെ സയണിസ്റ്റ് യുദ്ധനീക്കത്തിനു ശേഷം മുതൽ ഫലസ്തീനികൾ നെഞ്ചോടുചേർത്ത ചരിത്രശേഷിപ്പുകളും സംസ്കാരങ്ങളും ആയിരം ദുരന്തങ്ങൾ വേട്ടയാടിയിട്ടും അവർ വിടാതെ നെഞ്ചോട് ചേർത്തിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്. ഫലസ്തീനിെൻറ ചരിത്രം തിരയുന്നവർക്കു മുന്നിൽ തുറന്നുവെക്കപ്പെടുക സ്വാഭാവികമായും ഫലസ്തീൻ വിമോചന നേതാവായി തിളങ്ങിയ യാസിർ അറഫാത്തും ഐക്യരാഷ്ട്രസഭയിൽ അദ്ദേഹം ഉയർത്തിക്കാട്ടിയ ചിഹ്നങ്ങളുമായിരിക്കും.
‘ഒരു ൈകയിൽ ഒലീവ് ഇലയും മറുകൈയിൽ തോക്കും’ കേവലം ഒരു കാർഷിക സംസ്കാരത്തെയും അതിനെ തകർത്തുകളഞ്ഞ യുദ്ധവും എന്നതിനപ്പുറം, ഫലസ്തീൻ ജനതക്കുവേണ്ടി അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ യാസർ അറഫാത്ത് ഒലീവ് കമ്പ് ഉയർത്തിക്കാട്ടിയതിൽ ഒരുപാട് അർഥവ്യാപ്തികൾ ഉണ്ടായിരുന്നു. പ്രധാനമായും ഒലീവ് കൃഷി ചെയ്യുന്ന നാടുകളിൽ ഒന്നായിരുന്നു ഫലസ്തീൻ. ഈത്തപ്പഴവും പഴവർഗങ്ങളും പൂക്കളും ഉൾപ്പെടെ കാർഷികവിളകൾ സമൃദ്ധമായി വളരുന്ന പ്രദേശം. ബ്രിട്ടീഷ് കൊളോണിയൻ ശക്തികളുടെ ഒത്താശയോടെ രാജ്യത്തെ അട്ടിമറിച്ച് സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കാനുള്ള ഗൂഢാലോചനകൾ ഉരുത്തിരിയുന്ന കാലത്തുപോലും ഫലസ്തീെൻറ ഗ്രാമങ്ങളിൽ സാധാരണ കർഷകർ അഭിവൃദ്ധിയിലും സഹവർത്തിത്വത്തിലും തന്നെയായിരുന്നു.
അറബ് വികാരവും ജന്മനാടായ ഫലസ്തീൻ വികാരവും ഒരുപോലെ കൊണ്ടുനടക്കുന്ന ജനവിഭാഗം അവരിന്നും ചരിത്രത്തോട് ഒട്ടിനിൽക്കുക തന്നെയാണു ചെയ്യുന്നത്. നിരവധി യുദ്ധങ്ങൾ വേട്ടയാടിയിട്ടും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് അഭയാർഥികളായി ചിതറിപ്പോയിട്ടും പ്രതിഷേധ രീതികളിലൊക്കെ അവരുടെ ചരിത്രത്തെയും സംസ്കാരത്തെയും സന്നിവേശിപ്പിച്ചു എന്നത് ആവേശം നൽകുന്ന കാര്യമാണ്.
സംസാരിക്കുന്ന മതിൽചിത്രങ്ങൾ
നാസിസവും ഫാഷിസവും ആസൂത്രിതമായി പ്രചരിപ്പിക്കാൻ കലകളെ ഉപയോഗപ്പെടുത്തിയിരുന്നല്ലോ. ഇതിനു പ്രതിരോധമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുമുണ്ടായ ചിത്രകലാ പ്രതിഷേധങ്ങളെ മറികടക്കാൻ ഫാഷിസ്റ്റ് ശക്തികൾക്ക് സാധിച്ചിട്ടില്ല. പിൽക്കാലത്ത് ചിത്രകലാ പ്രതിഷേധരംഗത്ത് ശ്രദ്ധേയമായ രാജ്യമാണ് ഫലസ്തീൻ.
ഫലസ്തീനിലെ അധിനിവേശ വിരുദ്ധ ചുവർചിത്രങ്ങൾ പലപ്പോഴും അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. സയണിസ ഭീകരത ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ ഫലസ്തീനിലെ തെരുവ് ചിത്രങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇസ്രായേൽ അധിനിവേശം നടത്തിയ ഭാഗങ്ങളിലൊക്കെ ഫലസ്തീനികളെ വിഭജിക്കപ്പെട്ട വൻ മതിലുകളിൽ വരക്കപ്പെടുന്ന ചിത്രങ്ങളുടെ രചയിതാക്കളെ അറിയാൻ സാധ്യമല്ലെങ്കിലും ചില ചിത്രങ്ങൾ കാണാൻ അയൽ രാജ്യങ്ങളിൽനിന്നുപോലും ആളുകളെത്താറുണ്ടെന്ന് ഫലസ്തീനി സുഹൃത്തുക്കൾ പറയുന്നു.
അടുത്തിടെ ഏറെ പ്രതിഷേധങ്ങൾക്കും മനുഷ്യക്കുരുതിക്കും ഇടയാക്കിയ അമേരിക്കയുടെ ഇസ്രായേൽ എംബസി ജറൂസലമിലേക്ക് മാറ്റുന്ന വേളയിൽ ഗസ്സയിലെ മതിലിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പരിഹസിച്ചുള്ള ഭീമൻ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. സർഗാത്മക പ്രതിഷേധവും കാഴ്ചപ്പാടുകളും സംസ്കാരങ്ങളുടെ സൗന്ദര്യപരമായ സമന്വയവുമൊക്കെ ഫലസ്തീനിലെ ചുവർചിത്രങ്ങളിൽ വരച്ചുവെക്കപ്പെടുന്നു.
താക്കോൽ സമരം
ഇസ്രായേലിനും ഫലസ്തീനുമിടയിൽ സമാധാനം സ്ഥാപിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിെൻറ വികാരം മനസ്സിലാക്കി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലും മറ്റും നിരവധി കരാറുകൾ നിലവിൽവന്നിട്ടുണ്ടെങ്കിലും അതിൽ ഒരു കരാർപോലും ഫലസ്തീൻ ജനതയുടെ സമാധാനത്തിനു ഹേതുവായിട്ടില്ല. യാസിർ അറഫാത്ത് ഫലസ്തീൻ അതോറിറ്റിയുടെ നേതൃത്വം ഏറ്റെടുത്തതിനുശേഷം നിലവിൽവന്ന ചരിത്രപ്രധാനമായ ഓസ്ലോ കരാർപോലും ഫലസ്തീൻ ജനതയെ തുണച്ചിട്ടില്ല.
2018 ജൂലൈയിൽ ഗസ്സ മുനമ്പിൽ ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ‘Great March Of Return’ എന്ന പ്രമേയത്തിൽ ആറുവാര സമരം സംഘടിപ്പിക്കുകയുണ്ടായി. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഫലസ്തീനിലുണ്ടായ ഏറ്റവും വലിയ സമരമുന്നേറ്റമായിരുന്നു ‘Great March Of Return’. സയണിസ്റ്റുകൾ പിടിച്ചടക്കിവെച്ച തങ്ങളുടെ സ്വന്തം വീടുകളിലേക്ക് തിരികെ പോകേണ്ടതുണ്ട് എന്നതാണു പ്രസ്തുത സമരം ആവശ്യപ്പെടുന്നത്. പഴയ വീടുകളുടെ താക്കോൽക്കൂട്ടങ്ങളും താക്കോലിെൻറ കട്ടൗട്ടുകളും ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിെൻറ ഐക്കണുകളായിരുന്നു. നിരവധി പ്രതിഷേധക്കാർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനു ഫലസ്തീനികൾക്ക് ഇസ്രായേൽ പട്ടാളത്തിെൻറ ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു.
വിപ്ലവത്തിെൻറ മേൽതട്ടം
സ്വയം പര്യാപ്തമായ വസ്ത്രനിർമാണ മേഖലയെ നിലനിർത്തുക, തങ്ങളുടെ മേൽ അധിനിവേശം നടത്തുന്നവർ ഇറക്കുമതി ചെയ്യുന്ന വിദേശനിർമിത ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക, നിസ്സഹകരണ സമരരീതി ആവിഷ്കരിക്കുക എന്നിങ്ങനെയുള്ള ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് കൈത്തറി മേഖല വളർന്നുവന്നത്. നിസ്സഹകരണ പ്രസ്ഥാനം എന്നപേരിൽ രൂപംകൊണ്ട മുന്നേറ്റത്തിൽനിന്നാണു ഖദർ വസ്ത്ര വ്യവസായം സ്വാതന്ത്ര പോരാട്ട ചരിത്രത്തിെൻറ ഭാഗമായത്. സമാനമായ സമരരീതി എന്ന് പറയാൻ കഴിയുന്ന മുന്നേറ്റത്തെ ഫലസ്തീൻ ജനത അവരുടെ വിമോചന സമരത്തിെൻറ ഭാഗമായി ആവിഷ്കരിക്കുന്ന കാഴ്ചകൾ ഫലസ്തീനിൽ കാണാം.
ആൺ-പെൺ വ്യത്യാസമില്ലാതെ ഫലസ്തീനിലെ ബഹുഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഒരു തരം സ്കാർഫ്, കറുപ്പ് കലർന്ന കള്ളി ഡിസൈനിൽ നെയ്തെടുക്കുന്ന ‘കഫിയ’ പതിറ്റാണ്ടുകളായി ഫലസ്തീനിൽ തരംഗമാണ്. ‘കഫിയ’ എന്നാൽ മധ്യപൗരസ്ത്യ ദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പരമ്പരാഗത തട്ടമാണ്. അറബ് പെനിൻസുലയിലെ വിവിധ രാജ്യക്കാർ ഉപയോഗിക്കുന്ന കഫിയകൾ വ്യത്യസ്ത രീതിയിലുള്ളതുമാണ്. ഫലസ്തീനിൽ 1930 കാലയളവ് മുതൽ ജനകീയ പ്രചാരം നേടിത്തുടങ്ങിയ കഫിയയുടെ നിലവിലുള്ള ഏക ഫാക്ടറി യാസർ ഹിർബാവി എന്നയാളുടെ ഉടമസ്തതയിലുള്ളതാണ്.
അറബ് രാജ്യങ്ങളിലെ സാമ്പ്രദായിക തലപ്പാവ് സംസ്കാരത്തിൽ ഫലസ്തീൻ കഫിയക്ക് മാത്രം ലോക ശ്രദ്ധ നേടിക്കൊടുത്തത് ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ കഫിയ വഹിച്ച പങ്കുതന്നെയാണ്. തങ്ങൾ ഉപയോഗിച്ച് പോന്നിരുന്ന കേവലമൊരു തട്ടം അസാധാരണമായി രാജ്യത്തിെൻറ സ്വാതന്ത്ര്യ സമരത്തിെൻറ ഐക്കണാവുന്നു. ഒരിക്കൽ യാസിർ അറഫാത്ത് രാജ്യചിഹ്നമായി കഫിയയെ ഉയർത്തിക്കാട്ടിയത് മുതൽ ഫലസ്തീൻ സന്ദർശിക്കുന്ന നിരവധി രാഷ്ട്ര പ്രമുഖന്മാർ കഫിയ ധരിച്ച് രാജ്യത്തോട് ഐക്യദാർഢ്യം അറിയിച്ചു തുടങ്ങുകയായിരുന്നു.
പ്രവാസത്തിൽ പിറക്കുന്ന ഫലസ്തീനിയുടെ മക്കൾക്കും സയണിസ്റ്റുകളുടെ കൈകളിൽനിന്ന് മാതൃരാജ്യം മോചിപ്പിക്കപ്പെടണം എന്ന അടങ്ങാത്ത അവബോധമുണ്ടാകുന്നത് വിസ്മയകരമാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫലസ്തീനി പ്രവാസികളുടെ കൂട്ടായ്മകൾ സജീവമാണ്. പുസ്തകരചനയും നിരൂപണങ്ങളും രാഷ്ട്രീയം പ്രമേയമാവുന്ന ചർച്ചാസംഗമങ്ങളും സംഘടിപ്പിക്കപ്പെടുന്നു. നിരവധി ഫലസ്തീനി എഴുത്തുകാർ അവരുടെ സൃഷ്ടികൾ പാശ്ചാത്യ രാജ്യങ്ങളിൽനിന്നാണ് പുറത്തിറക്കുന്നത്.
റംസി ബറൂദിനെ പോലുള്ള യുവ എഴുത്തുകാർ ദീർഘകാലമായി ന്യൂയോർക് ആസ്ഥാനമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമാണ്. മറ്റു രാജ്യക്കാരുടെ മക്കളേക്കാൾ പ്രവാസത്തിൽ പിറക്കുന്ന ഫലസ്തീനിയുടെ മക്കൾ അടങ്ങാത്ത രാജ്യസ്നേഹമുള്ളവരായി വളരുന്നു എന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. അറബ് ലോകത്തെ ആദ്യത്തെ ഹിപ് ഹോപ് ഗായികയായ ഷാദിയ മൻസൂർ ലണ്ടനിൽ പൗരത്വമുള്ള ഫലസ്തീനിൽനിന്നും കുടിയേറിയ ക്രിസ്ത്യൻ കുടുംബത്തിൽനിന്നുള്ളതാണ്. 1999ൽ പുറത്തിറങ്ങിയ ‘കഫിയ അന്നൽ കഫിയ’ എന്ന ഗാനത്തിൽ കൂടിയാണ് ഷാദിയ മൻസൂർ രംഗത്തേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.