ശൂന്യാകാശം തൊടുന്ന ആത്മവിശ്വാസം
text_fields‘‘നിങ്ങൾ തോൽക്കുന്നത് വീണു പോവുമ്പോഴല്ല, വീണിടത്തു നിന്ന് എഴുന്നേൽക്കാതിരിക്കുമ്പോഴാണ്’’
പോളിയോ ബാധിച് ച് തളർന്ന വലതുകാൽ, രണ്ടടി നടക്കണമെങ്കിൽ മിനിറ്റുകളെടുക്കണം, അതും ക്രച്ചസിെൻറ സഹായത്തോടെ, അങ്ങനെയുള്ള ഒരു സ്ത്രീക്ക് ലോകത്ത് എന്തൊക്കെ ചെയ്യാൻ സാധിക്കും. വെറുതെ വീട്ടിലിരിക്കൽ, അല്ലെങ്കിൽ നാം കേട്ടുശീലിച്ചതുപോലുള്ള എന്തെങ്കിലും ചെറിയ രീതിയിലുള്ള കൈത്തൊഴിൽ. അല്ലാതെ അവർ എന്തു ചെയ്യാൻ. എന്നാൽ, കേട്ടുതഴമ്പിച്ച ഈ സങ്കൽപങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ണാമൂല മേലത്തുംമേലെ ഖാദി ലെയ്നിൽ രാധാംബിക. സെക്കൻഡുകളെ കീറിമുറിച്ച് കുതിച്ചുപായുന്ന റോക്കറ്റുകൾക്കും രാജ്യം വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾക്കും പുതിയ ആകാശദൂരങ്ങൾ കീഴടക്കി കുതിക്കാൻ അവർ കരുത്തുപകരുന്നു എന്നു പറഞ്ഞാൽ കേൾക്കുന്നവർക്ക് വിശ്വസിക്കാൻ വലിയ പ്രയാസമുണ്ടാവും. എന്നാൽ, വിശ്വസിച്ചേ മതിയാവൂ. ലോകരാജ്യങ്ങളെ മറികടന്ന് പുത്തൻ സാങ്കേതികവിദ്യയുമായി രാജ്യം അനുദിനം പുതിയ ആകാശദൂരം കീഴടക്കുമ്പോൾ രാധാംബികയുടെ മനസ്സും അതിലേറെ ഉയരത്തിലാണ് കുതിക്കുന്നത്. ഒപ്പം പിന്തുണയുമായി ഭിന്നശേഷിക്കാരുൾപ്പെടെയുള്ള ഒരു കൂട്ടം തൊഴിലാളികളുമുണ്ട്. ഇന്ത്യന്‍ സ്‌പേസ് റിസർച് ഓര്‍ഗനൈസേഷൻ (െഎ.എസ്.ആർ.ഒ) വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിലെല്ലാം രാധാംബികയുടെയും സഹപ്രവർത്തകരുടെയും വിയർപ്പുതുള്ളികൾ കൂടിയുണ്ട്. ഈ വർഷത്തെ മികച്ച തൊഴിൽദാതാവിനുള്ള ഭിന്നശേഷി വിഭാഗം ദേശീയ-സംസ്ഥാന പുരസ്കാര േജതാവുകൂടിയാണ് രാധാംബിക. െഎ.എസ്.ആർ.ഒയുമായി ബന്ധപ്പെട്ട ബഹിരാകാശ പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും സഹായകമായ അനുബന്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന അമ്പലമുക്കിലെ ശിവവാസു ഇലക്ട്രോണിക്സ് സ്ഥാപനമാണ് രാധാംബികയുടെ കരുത്തും ഉൗർജവും.
മനസ്സിനെയല്ല, പോളിയോ തളർത്തിയത് ശരീരത്തെയാണ്
പല്ലില്ലാത്ത മോണകാട്ടി സദാ ചിരിക്കുന്ന രാധാംബികയോട് വിധിക്ക് അസൂയ തോന്നിയിട്ടുണ്ടാകണം. അതുകൊണ്ടാവാം പിച്ചവെച്ചുനടക്കാനുള്ള തയാറെടുപ്പിലേക്ക് കുഞ്ഞിക്കാലുകൾ ഊന്നാനൊരുങ്ങുമ്പോൾ രണ്ടാം വയസ്സിൽ വിധി അതിനെ തട്ടിമറിച്ചത്. പക്ഷേ, തോറ്റത് രാധാംബികയായിരുന്നില്ല, വിധിയാണ്. അവിടെനിന്നങ്ങോട്ട് തോല്‍ക്കാന്‍ അവർ നിന്നുകൊടുത്തിട്ടേയില്ല. ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളും പുഞ്ചിരിയോടെ ഏറ്റുവാങ്ങി അവര്‍ പുതിയ ഒരു ലോകം സൃഷ്ടിക്കുകയായിരുന്നു. പരമേശ്വരൻ പിള്ള എന്ന വാസുപിള്ള-സരോജിനി അമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകളാണ് രാധാംബിക. രണ്ടാംവയസ്സിലാണ് പോളിയോ ബാധിച്ച് വലതുകാൽ തളർന്നത്. കാലിന് സ്വാധീനക്കുറവുള്ളതുകൊണ്ട് മുട്ടിലൂന്നിയായിരുന്നു നടത്തം. നടപ്പില്‍ അൽപമൊന്നു ശ്രദ്ധമാറിയാല്‍ എവിടെയെങ്കിലും തട്ടിവീഴുന്ന അവസ്ഥ. ഇതിനിടെ പലപ്പോഴായി മുടങ്ങിയ പഠനം, പരസഹായമില്ലാതെ നടക്കാൻ പറ്റാത്ത ചിന്ത മാത്രമായിരുന്നു. വൈകല്യംമൂലം മറ്റുള്ളവരുടെ സഹതാപം ഏറ്റുവാങ്ങുകയോ വീടിെൻറ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുകയോ ചെയ്യേണ്ടവളല്ല ഞാനെന്ന തിരിച്ചറിവാണ് അവരെ മുന്നോട്ടുകുതിക്കാൻ പ്രേരിപ്പിച്ചത്. അമ്പലമുക്ക് ഗേൾസ് സ്കൂളിലായിരുന്നു പഠനം. തുടർന്ന് പ്രീഡിഗ്രിക്ക് ചേർന്നു. താനാര്‍ക്കുമൊരു ഭാരമാകരുതെന്നുള്ള ദൃഢനിശ്ചയമാണ് രാധാംബികയെ തൊഴിൽ പരിശീലനത്തിലേക്ക് എത്തിച്ചത്. തുടർന്നാണ് നാലാഞ്ചിറ വൊക്കേഷനൽ റീഹാബിലിറ്റേഷന്‍ സെൻററില്‍ ഇലക്ട്രോണിക്സ് കോഴ്സിനു ചേരുന്നത്. അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഐ.എസ്.ആർ. ഒയുടെ പരിശീലനപരിപാടിയെക്കുറിച്ച് കേള്‍ക്കുന്നതും അപേക്ഷ അയക്കുന്നതും.
തളർന്നുവീഴാതെ മുന്നോട്ട്
ലോകാരോഗ്യ സംഘടന 1981ൽ ആയിരുന്നു ആദ്യമായി ലോക ഭിന്നശേഷി വർഷമായി ആചരിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മുൻകൈയെടുത്താണ് പൊതുമേഖല സ്ഥാപനങ്ങളിലുൾപ്പെടെ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി തൊഴിലധിഷ്ഠിത പരിശീലനം നൽകാൻ നിർദേശിച്ചത്. ഇതിെൻറ ഭാഗമായാണ് ഐ.എസ്.ആർ.ഒ നാലാഞ്ചിറ വി.ആർ.സിയിൽനിന്ന് മിടുക്കരായ അഞ്ചു പേരെ തിരഞ്ഞെടുക്കുന്നത്. അതിൽ ഒരാൾ രാധാംബികയായിരുന്നു. അവർക്ക് 14 ദിവസത്തെ പ്രത്യേക പരിശീലനവും നല്‍കി. അത് പൂര്‍ത്തിയായപ്പോള്‍ അവരുടെതന്നെ പ്രോജക്ട് ചെയ്യാനേൽപിക്കുകയായിരുന്നു. ഏൽപിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയതോടെ തുടര്‍ന്നും പ്രോജക്ടുകള്‍ കിട്ടിത്തുടങ്ങി. ഇരുന്ന് ജോലി ചെയ്യാന്‍ വീടിനടുത്തുതന്നെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി.
രാജ്യത്തെ മികച്ച തൊഴിൽദാതാവ്
1983ൽ 24ാം വയസ്സിലാണ് രാധാംബിക തിരുവനന്തപുരം അമ്പലമുക്കില്‍ ശിവവാസു ഇലക്ട്രോണിക്സ് എന്ന സ്വന്തം സ്ഥാപനം തുടങ്ങുന്നത്. ഏഴു ജീവനക്കാരുമായാണ് രാധാംബിക തൊഴിൽ ദാതാവിെൻറ കുപ്പായമണിഞ്ഞത്. ഇന്ന് 147 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും വനിതകളാണ്. 37 ശതമാനം പേർ വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാരുമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ളവരാണ് തൊഴിലാളികൾ. ചലനവൈകല്യം, ശ്രവണവൈകല്യം, മസ്തിഷ്ക തളർവാതം, ബുദ്ധിവൈകല്യം, സംസാരവൈകല്യം, ഒന്നിൽ കൂടുതൽ തരത്തിലുള്ള വൈകല്യങ്ങൾ ഒരുമിച്ച് അനുഭവിക്കുന്നവർ എന്നിവർ, മറ്റുള്ളവർക്കൊപ്പം തുല്യപങ്കാളിത്തത്തോടെ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഐ.ടി.ഐ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ മെക്കാനിക്സ് കഴിഞ്ഞുവരുന്ന വിദ്യാർഥികള്‍ക്കാണ് ഇവിടെ തൊഴില്‍പരിശീലനം നല്‍കുന്നത്. പരിശീലനകാലത്ത് 5000 രൂപ സ്‌റ്റൈപന്‍ഡും നല്‍കുന്നുണ്ട്. വി.എസ്.എസ്.സിക്കു പുറമേ മറ്റു പല സ്ഥാപനങ്ങളിലും ഇവിടെനിന്ന് പരിശീലനം പൂര്‍ത്തിയാക്കി പോയവര്‍ ജോലി ചെയ്യുന്നുണ്ട്.
ഐ.എസ്.ആർ.ഒയുടെ തണലിൽ കുതിച്ചുയർന്ന്
എ.എസ്.എല്‍.വി (Augmented Satellite Launch Vehicle), മംഗൾയാന്‍, പി.എസ്.എല്‍.വി (Polar Satellite Launch Vehicle) തുടങ്ങി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ബഹിരാകാശ പദ്ധതികളുടെ വിജയത്തില്‍ ശിവവാസുവില്‍നിന്നുള്ള തൊഴിലാളികളുടെയും പ്രയത്നഫലമുണ്ട്. ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങളിലും വിക്ഷേപണവാഹനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഹാർഡ്വെയര് ഭാഗമായ പ്രിൻറഡ് സര്‍ക്യൂട്ട് ബോര്‍ഡിെൻറ (PCB ) വയറിങ്, ഹാര്‍നെസിങ്, അസംബ്ലിങ്, ടെസ്റ്റിങ് ജോലികളാണ് ശിവവാസുവില്‍ ചെയ്യുന്നത്.
സൂക്ഷ്മതയും കണിശതയും ആവശ്യമായ ജോലിയാണിത്. സോള്‍ഡറിങ്ങിലെ ചെറിയൊരു പിഴവുപോലും വൻ സുരക്ഷാവീഴ്ചക്ക് കാരണമാകാം എന്നുള്ളതുകൊണ്ട് ക്ഷമതാപരീക്ഷയില്‍ വിജയിക്കുന്നവരെ മാത്രമേ പ്രോജക്ടില്‍ ജോലി ചെയ്യാനുള്‍പ്പെടുത്താറുള്ളൂ.
ഇവക്കുള്ള അസംസ്കൃത വസ്തുക്കൾ ഐ.എസ്.ആർ.ഒ ആണ് നൽകുന്നത്. വി.എസ്.എസ്.സി നിര്‍ദേശിച്ചിട്ടുള്ള സാങ്കേതിക നിലവാരവും അത്യാധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ലാബും ബോർഡ് സൂക്ഷിക്കുന്ന ചേംബറുമാണ് ഇവിടെയുള്ളത്. വി.എസ്.എസ്.സി (Vikram Sarabhai Space Centre)യുടെ ആദ്യ കോൺട്രാക്ടറാണ് രാധാംബിക.
താങ്ങായി കുടുംബവും ജീവനക്കാരും
തളർന്ന വലതുകാലിനൊപ്പം പലതവണയാണ് സാമ്പത്തിക പ്രതിസന്ധിയിലൂടെ രാധാംബികയും സ്ഥാപനവും കടന്നുപോയത്. അതിനെയെല്ലാം മനസ്സുതുറന്ന് ചിരിച്ചായിരുന്നു രാധാംബിക നേരിട്ടത്. 1984ലായിരുന്നു വിവാഹം. ഭർത്താവ് കെ. മുരളീധരൻ നായർ കെ.എസ്.ഇ.ബിയിൽ ഓവർസിയറായിരുന്നു. മക്കളും അമ്മക്കു പിന്തുണയുമായുണ്ട്. മകൻ ശ്രീവിനായക് എൻജിനീയറാണ്. മകൾ ശ്രീരശ്മി എം.എസ്സി വിദ്യാർഥിയാണ്.
ജീവനക്കാരുടെ പിന്തുണയാണ് സ്ഥാപനത്തിെൻറ വളർച്ചയും വിജയവുമെന്ന് രാധാംബിക പറയുന്നു. ഭിന്നശേഷി തൊഴിലാളികളുടെ മികവ് പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയതായി രാധാംബിക പറയുന്നു. ചിലകാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സാധാരണക്കാരെക്കാള്‍ പ്രാപ്തിയുള്ളവരാണ് അവർ. അവരുടെ കൃത്യവും സൂക്ഷ്മവുമായ ജോലിയും ആത്മാർഥതയും പ്രശംസനീയമാണ്. കാര്യങ്ങൾ ഒരു തവണ പറഞ്ഞുകൊടുത്താൽ കൃത്യമായി ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നുണ്ടെന്നും രാധാംബിക പറയുന്നു.
കീഴടക്കാൻ ഇനിയും ഉയരങ്ങൾ
രാജ്യത്തെ മികച്ച ഭിന്നശേഷി തൊഴിൽദാതാവിനുള്ള ഇത്തവണത്തെ കേന്ദ്ര-സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാധാംബിക പറയുന്നു. കേരളത്തിലേക്ക് ആദ്യമായാണ് ഈ പുരസ്കാരം എത്തുന്നത്. ഗുണമേന്മയിലും ജോലി ചെയ്ത് തിരിച്ചേൽപിക്കാനുള്ള സമയപരിധിയിലും വിട്ടുവീഴ്ചയില്ലാത്തതിനാല്‍ ഇപ്പോഴും ഐ.എസ്.ആർ.ഒയുടെ പ്രഥമപരിഗണന തങ്ങള്‍ക്കുതന്നെയാണെന്ന് 60കാരിയായ രാധാംബിക പറയുന്നു. കഴിഞ്ഞ ഡിസംബർ ആദ്യവാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽനിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റുവാങ്ങി. കൂടുതൽ സ്ത്രീകൾ ഉൾപ്പെെടയുള്ള ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി സ്ഥാപനം വിപുലീകരിക്കാനാണ് ആഗ്രഹം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.