സാലി പറയുന്നു; ‘അനാഥരല്ല നിങ്ങൾ’
text_fieldsപത്രപ്രവർത്തനം ഒന്നാം ക്ലാസോടുകൂടി പാസായി തെരുവുനായ് പിടിത്ത ത്തിന് ഇറങ്ങിയ ആളെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെ ഒരാളെ പരിചയപ്പെടാം. തെരുവുനായ്ക്കൾക്കൊപ്പം സഞ്ചരിക്കുക, അവർക്കൊപ്പം കൂട്ടുകൂടുക, ഉല്ലസിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, അവർക്കൊപ്പം ഉറങ്ങുക... തൃശൂർ വരയിടം സ്വദേശിയായ സാലി കണ്ണനാണ് നായ്ക്കളെ ഇത്രയേറെ സ്നേഹിക്കുന്നത്. വലുതാകുമ്പോൾ വെറ്ററിനറി ഡോക്ടറാവാനാണ് അവൾ കൊതിച്ചിരുന്നത്. എന്നാൽ, ഒരുപാട് മൃഗങ്ങളെ കീറിമുറിച്ച് പഠിക്കേണ്ടി വരുമെന്ന പേടികൊണ്ട് മോഹം പാതിവഴിയിൽ ഉപേക്ഷിച്ചു. അങ്ങനെ പത്രപ്രവർത്തനത്തിലേക്ക് മനസ്സ് തിരിച്ചു. പക്ഷേ, അവളുടെ മനസ്സിലെ ആ പഴയ മോഹം വളരുന്നുണ്ടായിരുന്നു.
കോളജിലെ പഠനം കഴിഞ്ഞ് മാധ്യമപ്രവർത്തകയാകാതെ, തനിക്കേറെ ഇഷ്ടപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യണമെന്ന തീരുമാനമെടുത്തു. മനുഷ്യരെപ്പോലെ മൃഗങ്ങളെ സ്നേഹിച്ച വനിത. ഇന്നലെ പെയ്ത മഴക്ക് മുളച്ച കൂണുപോലെയല്ല സാലിക്ക് മൃഗങ്ങളോടുള്ള സ്നേഹം. പിച്ചെവച്ചുനടക്കാൻ തുടങ്ങിയ പ്രായത്തിൽ തന്നെ വീട്ടിലുണ്ടായിരുന്ന നാൽക്കാലികളോടും നായ്ക്കളോടുമെല്ലാം ചങ്ങാത്തം കൂടിയാണ് സാലിയും അനിയത്തി ജസിക്കയും വളർന്നത്. അങ്ങനെ, PAWS (പീപ്ൾ ഫോർ അനിമൽ വെൽഫെയർ സർവിസസ്) എന്ന സംഘടനയിൽ വളൻറിയറായി പ്രവർത്തനം ആരംഭിച്ചു. രാജ്യത്ത് മികച്ച സേവനം നടത്തുന്ന 100 വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട് സാലി.
സേവനം ഈ ദൗത്യം
സാലി വളരുംതോറും മൃഗങ്ങളോടുള്ള സ്നേഹവും വളരുന്നുണ്ടായിരുന്നു. ഇതിനിടയിൽ കുടുംബമായി തൃശൂരിലേക്ക് ചേക്കേറി. വിവാഹശേഷമാണ് സാലി മൃഗസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. കാരണം, ഭർത്താവ് കണ്ണൻ നാരായണെൻറ പിന്തുണ തന്നെ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത സാലിയും ഭര്ത്താവ് കണ്ണന് നാരായണനും ശ്രദ്ധേയരായി. തെരുവുനായ്ക്കളെ കൊന്നുതള്ളുന്നതിനു പകരം, അവയെ പിടിച്ച് ഡോക്ടർമാരുടെ സഹായത്തോടെ വന്ധ്യംകരണം നടത്തി തിരികെ വിടുകയാണ് തങ്ങളുടെ ദൗത്യമെന്ന് സാലി കണ്ണൻ പറയുന്നു. അത്ര എളുപ്പമായിരുന്നില്ല ആ ജോലി. നായ്ക്കൾ കൈയിൽ വന്ന് പെടുന്നത് പരിക്കേറ്റ് ചോരയൊലിക്കുന്ന അവസ്ഥയിലായിരിക്കും.
മരുന്നും ചികിത്സയും ലഭ്യമാക്കാൻ ചിലപ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയാണ് ഊട്ടിയിൽ വേൾഡ്വൈഡ് വെറ്ററിനറി സർവിസിൽ (ഡബ്ല്യു.വി.സി) ട്രെയിനിങ് കോഴ്സ് ചെയ്തത്. സാലിയെപ്പോലെതന്നെ മൃഗസ്നേഹിയായ ഭർത്താവ് കണ്ണനും ട്രെയിനിങ്ങിൽ പങ്കെടുത്തു. തെരുവുനായ്ക്കളെ എങ്ങനെ പിടിക്കാം, സംരക്ഷിക്കാം, പ്രഥമ ശുശ്രൂഷ കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പഠിച്ചത്. ഇപ്പോൾ പ്രഥമശുശ്രൂഷ തനിയെ ചെയ്യാൻ സാലിക്ക് ബുദ്ധിമുട്ടില്ല. അനിമൽ വെൽഫെയർ ബോർഡിൽനിന്ന് ഓണററി അനിമൽ വെൽഫെയർ ഓഫിസർ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷനൽ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാന സർക്കാറുകളുടെ ആവശ്യപ്രകാരം പേവിഷ പ്രതിരോധ–മൃഗ ജനനനിയന്ത്രണ പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തുകയാണ് സംഘടനയുടെ ദൗത്യങ്ങളിലൊന്ന്. കഴിഞ്ഞ ഒന്നരവർഷമായി മലപ്പുറത്താണ് ജോലിചെയ്യുന്നത്. ഏഴുപേരടങ്ങുന്ന സംഘത്തിൽ സാലി മാത്രമാണ് ഏകവനിതയും മലയാളിയും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണ ജോലികൾ ചെയ്തിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കുകയാണ് സാലിയുടെ പ്രധാന ഉത്തരവാദിത്തം.
വേണ്ടത് ബോധവത്കരണം
നായ്ക്കളോടുള്ള സാലിയുടെ സ്നേഹം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. അച്ഛൻ ബാലകൃഷ്ണ വർമയും അമ്മ ശോഭയും ധാരാളം മൃഗങ്ങളെ വീട്ടിൽ വളർത്തിയിരുന്നു. ‘‘സ്കൂളിലേക്കുള്ള യാത്രയില് എന്നും കണ്ടുമുട്ടുന്ന ഒരു നായ്ക്കുട്ടിയുണ്ടായിരുന്നു. ഞാൻ വരുന്ന സമയമാകുമ്പോൾ അവൻ എന്നെയും നോക്കി വഴിയിൽ നിൽക്കും. ഞങ്ങളൊരുമിച്ചാണ് സ്കൂളിലേക്കുള്ള യാത്ര. എെൻറ കൺമുന്നിലാണ് അവനെ തെരുവുനായ് പിടിത്തക്കാർ കൊന്നത്. ഒരുപാട് കരഞ്ഞ് അപേക്ഷിച്ചിട്ടും അവരാരും കേട്ടില്ല.
നായ്ക്കളെ സംരക്ഷിക്കണമെന്ന ചിന്ത അന്നേ മനസ്സിലുണ്ടായിരുന്നു.’’ രണ്ടായിരത്തിലധികം തെരുവുനായ്ക്കളെ സാലി പിടിച്ചിട്ടുണ്ട്. നായ്ക്കളെ വെറുംകൈകൊണ്ടാണ് പിടിക്കുന്നത്. വണ്ടിയിൽ നായ്ക്കൾക്കൊപ്പം ഇരുന്നാണ് യാത്ര. പേവിഷ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് നൽകി, വന്ധ്യംകരിച്ച് മുറിവുണങ്ങിയതിനു ശേഷം തുറന്നുവിടും. കേരളത്തിൽ ഈ ജോലിചെയ്യുന്ന ഏക സ്ത്രീയും സാലിയാകാം. പലപ്പോഴും ‘പട്ടിപിടിത്തക്കാരി’ എന്ന വിളിയും പരിഹാസവും നേരിടേണ്ടിവരാറുണ്ട്.
‘‘നായ്ക്കളെ കണ്ടാലുടൻ ആളുകൾ കല്ലെടുത്തെറിയും. പലപ്പോഴും അവ നമ്മളെ ആക്രമിക്കുന്നത് പേടികൊണ്ടാണ്. മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നതുകൊണ്ട് ഒരു പ്രയോജനവും നമുക്കില്ല. കൃത്യമായ ബോധവത്കരണത്തിെൻറ അഭാവമാണ് നമ്മുടെ നാട്ടിലെ പ്രശ്നം.’’ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുകയും താൽപര്യമുള്ളവർക്ക് അവയെ ദത്തെടുക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് സാലി. സംസ്ഥാനത്തെ സ്കൂളുകളിൽ മൃഗസ്നേഹം പ്രചരിപ്പിക്കുന്നതിന് ക്ലാസുകൾ എടുക്കുന്നതിനും തെരുവുനായ്ക്കളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നതിനും സാലി കണ്ണൻ നേതൃത്വം നൽകുന്നു. പൂർണ പിന്തുണയുമായി ഭർത്താവ് കണ്ണനും മകൻ നിരഞ്ജനും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.