മണല്‍ കൊണ്ട് ചിത്രമെഴുതി സനു
text_fieldsപരമ്പരാഗത കലാകാരന്മാരുടെ കരവിരുതും സൗന്ദര്യ ബോധവും തീര്‍ത്ത നിരവധി ചിത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇവയെല്ലാം നിരവധി ചായക്കൂട്ടുകളാല്‍ നിര്‍മിച്ചവയാണ്. എന്നാല്‍, നിറത്തിന് ചായക്കൂട്ടുകള്‍ ഉപയോഗിക്കാതെ ‘മണല്‍’ കൊണ്ട് വിവിധ വര്‍ണങ്ങളിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുകയാണ് കൂട്ടാറിനടുത്ത് തേര്‍ഡ്ക്യാമ്പ് കണ്ടത്തില്‍ താഴെ സനു (25). മനുഷ്യ രൂപം, പ്രകൃതിഭംഗി, ആരാധനാലയങ്ങള്‍, റോഡുകള്‍, പുഴകള്‍, ക്രിസ്തുവിന്‍റെ രൂപം, മക്ക നഗരം, ശ്രീകൃഷ്ണന്‍, ശിവനും പാര്‍വതിയും, കര്‍ഷകര്‍, സിനിമാ നടീനടന്മാര്‍, തുടങ്ങി എന്തും സനു നിമിഷങ്ങള്‍ക്കുള്ളില്‍ മണല്‍ച്ചിത്രങ്ങളാക്കും.
500ല്‍ പരം മണല്‍ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. കടല്‍ത്തീരങ്ങളില്‍നിന്ന് സംഭരിക്കുന്ന വിവിധതരം മണലുകളാണ് കാന്‍വാസില്‍ ചിത്രങ്ങളായി രൂപാന്തരപ്പെടുന്നത്. കന്യാകുമാരി, ഭാരതപുഴ, വിവിധ ആറുകള്‍, തോടുകള്‍, നെല്‍പാടങ്ങള്‍ എന്നിവിടങ്ങളിലെ മണലുകളാണ് ഉപയോഗിക്കാറ്. മണലിനൊപ്പം പശയും ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. പല നിറത്തിലുള്ള മണലുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്.
ആലപ്പുഴ, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, വൈക്കം, ചേര്‍ത്തല, ഇടുക്കി എന്നിവിടങ്ങളിലെ മണലാണ് ചിത്ര നിര്‍മാണത്തിനായി ഏറെയും ഉപയോഗിക്കുന്നത്. ഓരോ പ്രദേശത്തിലെയും മണ്ണിന്‍റെ ഘടനവ്യത്യാസം അനുസരിച്ച് മണലിനും മാറ്റംവരും. ഇടുക്കിയില്‍ പല നിറത്തിലുള്ള മണലുകളുണ്ട്്. വിവിധ നിറങ്ങളിലുള്ള ചരലുകളും മട്ടി കല്ലുകളും പൊടിച്ചെടുത്തും ചിത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
നിലവില്‍ 19 നിറങ്ങളിലുള്ള മണല്‍ ശേഖരം സനുവിനുണ്ട്. തരി കൂടിയ മണല്‍ ഉപയോഗ യോഗ്യമല്ല. അതിനാല്‍, മണല്‍ കഴുകി ഉണക്കി പേറ്റിയും അരിച്ചുമാണ് ഉപയോഗിക്കുന്നത്. ആദ്യം സ്കെച്ചിട്ട ശേഷം കളര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നിടത്ത് പശ തേച്ച് മണല്‍ ഇടുകയാണ്. ഒപ്പം മണലില്‍ ഷേഡ് നല്‍കാറുമുണ്ട്. സാധാരണ ഷേഡ് പറ്റില്ല. ചെറുപ്പം മുതല്‍ ചിത്രകലയോട് കമ്പമുള്ള ഇദ്ദേഹം ചിത്രരചനക്ക് ചായങ്ങള്‍ക്ക് പകരം എന്ത് ഉപയോഗിക്കാമെന്ന അന്വേഷണമാണ് ഒടുവില്‍ മണലില്‍ എത്തിച്ചത്.
കഴിഞ്ഞ ഏഴു വര്‍ഷമായി മണല്‍ ചിത്രങ്ങള്‍ വരക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും വിവിധ നിറങ്ങളിലുള്ള മണല്‍ സുഹൃത്തുക്കള്‍ വഴി സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. നേര്യമംഗലം പവര്‍ ഹൗസിലെ കരാര്‍ ജീവനക്കാരനായ ഇദ്ദേഹത്തെ മണല്‍ ചിത്ര നിര്‍മാണത്തിന് ഭാര്യയും ജ്യേഷ്ഠനും സഹായിച്ചു വരുന്നു. ഭാര്യ അഞ്ജു കട്ടപ്പന ഗവ. ഐ.ടി.ഐ അധ്യാപികയും ജ്യേഷ്ഠന്‍ മനു കല്ലാര്‍ ഗവ. എല്‍.പി സ്കൂള്‍ അധ്യാപകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.