സ്നേഹപ്പൊതി വിളമ്പുന്നവർ
text_fields‘‘കോഴിക്കോട് ബീച്ചാശുപത്രിയിൽ അസുഖബാധിതരായ 23 വയോ ധിക മാതാപിതാക്കളെ മക്കൾ ഉപേക്ഷിച്ചു. ചികിത്സക്കെന്ന പേരിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾ തന്ത്രപൂർവം കടന്നുകളയുകയായിരുന്നു. അവരെ തിരികെ കൊണ്ടുപോവാനായി സന്നദ്ധ സംഘടനകളുടെ വളൻറിയർമാരടക്കം മക്കളെ പലതവണ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവരെ വേണ്ടെന്ന അറുത്തുമുറിച്ചുള്ള മറുപടിയായിരുന്നു ലഭിച്ചത്’’ -ഇത് ഇക്കഴിഞ്ഞ 21ന് പത്രങ്ങളിൽ വന്ന വാർത്തയാണ്.
ചുക്കിച്ചുളിഞ്ഞ തൊലി, മങ്ങിയ കാഴ്ച, കേൾവിക്കുറവ്, ഉറയ്ക്കാത്ത കാൽവെപ്പുകൾ... അങ്ങനെ പോകുന്നു വാർധക്യംകൊണ്ടുവരുന്ന അരിഷ്ടതകൾ. ജീവിതത്തിെൻറ വസന്തകാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ് വയോജനങ്ങൾ. അവരോടുള്ള അവഗണനയും ക്രൂര പെരുമാറ്റങ്ങളും ഇന്നൊരു വാർത്തപോലും അല്ലാതായിക്കഴിഞ്ഞു. താൻ അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽനിന്ന് പ്രാണനുതുല്യം സ്നേഹിച്ച മക്കളാൽപോലും പുറന്തള്ളപ്പെടുന്ന സാഹചര്യങ്ങളിലാണ് ഇന്ന് പല വയോജനങ്ങളും ജീവിക്കുന്നത്.
ജീവിതസായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആഹ്ലാദവും പരിഗണനയും നല്കുന്ന സമൂഹമോ വിരലിെലണ്ണാവുന്ന വ്യക്തികളോ ഉണ്ടെങ്കിൽ എത്ര നന്നായിരിക്കും. ദാരിദ്ര്യത്തെയും നിസ്സഹായതയെയും പലപ്പോഴും പലരും കണ്ണടച്ച് അവഗണിക്കുമ്പോഴും, ചില നല്ല മനുഷ്യര്‍, ആ കാഴ്ചകള്‍ തരുന്ന വേദന സ്വയമേറ്റെടുത്ത് പട്ടിണിക്കോലമായി മാറിയ ഒരുപറ്റം മനുഷ്യർക്ക് ആശ്വാസമായി മാറുന്നു. അത്തരം നിസ്സഹായരായ നടതള്ളപ്പെട്ട ഒരു പറ്റം മനുഷ്യജന്മങ്ങളെ വർഷങ്ങളായി ഊട്ടുന്ന, അവർക്കായി തെൻറ ജീവിതം നീക്കിെവച്ച് അവശതയുടെ മൂർധന്യാവസ്ഥയിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഒരു വയോധികനെ നമുക്ക് പരിചയപ്പെടാം.
എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം
‘‘ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു, നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിെൻറ മ്ലാനമായ മിഴികളിലും കണ്ടു. ഒന്നും ചോദിക്കാതെ കൈയിലുണ്ടായിരുന്ന ഒരു കഷണം റൊട്ടി ഞാനവള്‍ക്കു നൽകി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് പതുക്കെ കഴിക്കാന്‍ തുടങ്ങി. അതു കണ്ട് ഞാന്‍ ചോദിച്ചു: ‘എന്താണിങ്ങനെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ...’ കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു: ‘ഇത് തീര്ന്നുപോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.’ അന്നാണ് ഞാന്‍ വിശപ്പിെൻറ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പിനിന്നിരുന്നു. ഈ വിശപ്പിെൻറ വിളി നാം മറക്കരുത്, അവഗണിക്കരുത്.’’ വിശപ്പിനെക്കുറിച്ച് പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞ സംഭവമാണിത്. ഒരു വ്യക്തിയുടെ ഏറ്റവും വലിയ വേദന വിശപ്പാണ്. ഭക്ഷണമാണ് വലിയ ആവശ്യം. ഒരാളെ ഭക്ഷിപ്പിക്കുന്നതിനേക്കാള്‍ വലിയ പുണ്യകര്മമില്ല. കുടലുവറ്റിച്ച് കരളുകത്തിച്ച് സകല സിരകളെയും തളര്ത്തിയുറക്കുന്ന വിശപ്പിെൻറ വേദന അറിയാത്തവര്‍ ഇതെങ്ങനെ അനുഭവിക്കും? ശരീരമാകെ പിടിച്ചുമുറുക്കുന്ന വിശപ്പിെൻറ കാഠിന്യത്താൽ തളര്‍ത്തി ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവെൻറ ദയനീയാവസ്ഥ അത് അനുഭവിക്കാത്തവന് എങ്ങനെ മനസ്സിലാകും? വിശപ്പിെൻറ വിളിയുടെ വിളിപ്പാടകലെപ്പോലും ചെല്ലാത്ത നാമെന്തറിയുന്നു.
വർഷം19: ഇത് മുടങ്ങാത്ത ദിനചര്യ
സമയം ഉച്ച 12.30. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അസുഖബാധിതരെയും വൃദ്ധന്മാരെയും നടതള്ളുന്ന ഒമ്പതാം വാർഡിനടുത്ത് ഒരു ഓട്ടോ വന്നു നിൽക്കുന്നു. അതിൽനിന്ന് പ്രായം തളർത്തിയെങ്കിലും ഊർജം കൈവെടിയാത്ത 89കാരൻ അപ്പൂപ്പൻ പുറത്തിറങ്ങുന്നു. അദ്ദേഹത്തെ കണ്ടതോടെ വാർഡിനുള്ളിൽനിന്ന് ആർപ്പുവിളിക്കും സന്തോഷത്തിനുമൊപ്പം നിസ്സഹായത നിഴലിച്ച കൈകളും മുഖങ്ങളും ചുറ്റും മൂടിക്കെട്ടിയ കമ്പിവലയിൽ അള്ളിപ്പിടിച്ച് പുറത്തേക്ക് എത്തിനോക്കുന്നു. കാരണം അവർക്ക് അത്രമേൽ സന്തോഷം നൽകുന്ന കാര്യമാണത്. ഡ്രൈവറുടെ സഹായത്തോടെ അയാൾ ഓട്ടോയിൽനിന്ന് നാലഞ്ചു വലിയ പാത്രങ്ങൾ വലിച്ചിറക്കി ട്രോളിയിൽ കയറ്റി വാർഡിനുള്ളിലേക്ക് കൊണ്ടുപോവുന്നു. അഞ്ചു മിനിറ്റിനകം തിരിച്ചുവന്ന് ആരോടും പറയാതെ മിണ്ടാതെ അതേ ഓട്ടോയിൽ കയറി തിരിച്ചുപോവുന്നു. ഇത് രാധാകൃഷ്ണപിള്ള. 19 വർഷമായി ഒമ്പതാം വാർഡിനെ ഇക്കാലമത്രയും ഒരു ദിവസംപോലും മുടങ്ങാതെ വിഭവ സമൃദ്ധമായ ഊണ് നൽകി ഊട്ടുന്നു.
അത്താഴപ്പഷ്ണിക്കാരെ കാത്തിരിക്കാറുള്ള അമ്മ
‘‘മദർ തെരേസയുടെ കഥ അമ്മയാണ് എന്നോട് പറഞ്ഞത്. വിശക്കുന്നവന് ആഹാരം നൽകണമെന്ന് പറഞ്ഞ് പഠിപ്പിച്ച അമ്മയാണ് എനിക്കെന്നും മാതൃക’’ പിള്ളച്ചേട്ടൻ പറയുന്നു. വിശന്ന് വലയുന്നവർക്കായി അമ്മ എന്നും ഒരു ഉരുള ചോറ് വീട്ടിൽ എടുത്തുവെക്കുമായിരുന്നു. ആ ശീലമാണ് തനിക്കും പകർന്നുകിട്ടിയതെന്ന് പിള്ളച്ചേട്ടൻ പറയുന്നു. അമ്മയുടെ വാക്ക് ഉൾക്കൊണ്ട് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യഭക്ഷണപ്പൊതികളുമായി ചെന്നപ്പോൾ നിയമത്തിെൻറ നൂലാമാല പറഞ്ഞ് അധികൃതർ അദ്ദേഹത്തെ വിലക്കി. അദ്ദേഹം നിരാശപ്പെട്ടില്ല. നൂറിലേറെ ഭക്ഷണപ്പൊതികളുമായി തിരികെ വരുമ്പോഴാണ് വഴിയരികിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന മിൽമ സീനിയർ ഫിനാൻസ് മാനേജറായിരുന്ന ജോർജ് ജോസഫ്-മേരിക്കുട്ടി ദമ്പതികളെ പരിചയപ്പെടുന്നത്. തുടർന്ന് അവരിൽനിന്ന് ലഭിച്ച പിന്തുണയും നിർദേശവും ഉപദേശവും ഉൾക്കൊണ്ടാണ് ജനറൽ ആശുപത്രിയിൽ ഉച്ചഭക്ഷണം കൊടുക്കാൻ തുടങ്ങിയത്.
മാതാ വനിതാ ചാരിറ്റബ്ൾ സൊസൈറ്റി
പേട്ട കവറടി റോഡിൽ രാധാകൃഷ്ണപിള്ളയുടെ വീടായ ലക്ഷ്മിമന്ദിരം തന്നെയാണ് സൊസൈറ്റി ഓഫിസും പാചകപ്പുരയും. അന്നദാനം മഹാദാനം എന്ന പേരിൽ ഇവിടെ ബോർഡ് കാണാം. ഭാര്യ ഇന്ദിരാമ്മ 10 വർഷം മുമ്പ് അർബുദം ബാധിച്ച് മരിച്ചു. സമീപത്തുള്ള സത്രീകളുൾപ്പെടെയുള്ളവരെ ചേർത്ത് രൂപവത്കരിച്ചതാണ് സൊസൈറ്റി. പുലർച്ചെ അഞ്ചിന് ഇവിടത്തെ അടുക്കള സജീവമാകും. കോട്ടയം പാലാ സ്വദേശിയായ രാധാകൃഷ്ണപിള്ള ജോലി ലഭിച്ചതോടെയാണ് തിരുവനന്തപുരെത്തത്തിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. മൂന്ന് മക്കളിൽ മകൾ ആർ. ജയലക്ഷ്മിയാണ് സൊസൈറ്റിയുടെ സെക്രട്ടറി. ഭക്ഷണം പാകംചെയ്യാൻ രണ്ടു ജീവനക്കാരുണ്ട്. ഇതിൽ കുമാരപുരം സ്വദേശിയായ രാധമ്മ 16 വർഷമായി അദ്ദേഹത്തിെൻറ കൂടെയുണ്ട്. ഓട്ടോഡ്രൈവർ അശോകനാണ് ഭക്ഷണം ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുന്നത്. ഹർത്താൽ ദിനത്തിൽ വാഹനം കിട്ടാതെ വന്നാൽ ജനറൽ ആശുപത്രിയിൽനിന്ന് അയക്കുന്ന ആംബുലൻസ് എത്തിയാണ് ഭക്ഷണം കൊണ്ടുപോവുന്നത്.
എന്തുകൊണ്ട് ജനറൽ ആശുപത്രി?
വിശപ്പിെൻറ നിലവിളി കേട്ടറിഞ്ഞ് ഭക്ഷണപ്പൊതികളുമായി അന്ന് ആദ്യമായി പിള്ളച്ചേട്ടൻ പഴയ ഓടിട്ട കെട്ടിടത്തിലെ ഒമ്പതാം വാർഡിലേക്ക് ചെന്നപ്പോൾ ആശുപത്രി ജീവനക്കാരുടെ മുഖത്ത് സന്തോഷം ഇല്ലായിരുന്നു. കാര്യം ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്നഴ്സ് പറഞ്ഞത് ഇതായിരുന്നു. ‘‘ചേട്ടാ, കെട്ടിടം ചോർന്നൊലിക്കുന്നു, മാത്രമല്ല കിടന്നകിടപ്പിൽനിന്ന് എഴുന്നേൽക്കാൻപോലും പറ്റാതെ മലവും മൂത്രവും നിറഞ്ഞ തറയിൽ അതിൽ മുങ്ങി വൃത്തിഹീനമായി കിടക്കുന്ന വയോജനങ്ങളായ രോഗികളെ കുളിപ്പിക്കാനും താർപ്പായ വേണമായിരുന്നു? വാങ്ങിത്തരാമോ? നിങ്ങളെ ദൈവം അനുഗ്രഹിക്കും. ഇങ്ങോട്ട് ആരും തിരിഞ്ഞുനോക്കാറില്ല, മാസങ്ങൾക്കുശേഷം ആദ്യമായാണ് സഹായവുമായി ഒരാൾ ഇങ്ങോട്ട് ഞങ്ങളെ തേടിയെത്തിയത്.’’
രാജവാഴ്ചക്കാലത്തോളം പ്രായംചെന്ന തിരുവനന്തപുരം ജനറൽ ആശുപത്രി ഒമ്പതാം വാർഡ് ആരും തുടങ്ങിയതല്ല. വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധരായ തീരാരോഗികൾ, മാനസിക വൈകല്യമുള്ളവർ, നിരത്തിൽ അലയുന്നവർ, തെരുവുകൾക്ക് താങ്ങാനാവാതെ വരുന്ന അനാഥ ജന്മങ്ങൾ, തീർന്നില്ല നിയമപാലകർ കൊണ്ടുവരുന്ന ഊരും പേരും അറിയാത്ത ലഹരിക്കടിമയായവർ, ഒരു യാദൃച്ഛികതയെന്നോണം വർഷങ്ങളുടെ മിന്നിമറയലിൽ ഇവരെല്ലാം ഒരു മേൽക്കൂരക്ക് കീഴിലായി. പണ്ട് ഓടിട്ട ആ പഴയ കെട്ടിടത്തിന് ചുറ്റും പൊന്തക്കാടുകളായിരുന്നു. ആവശ്യത്തിന് വെള്ളമില്ല, ഭക്ഷണമില്ല, അക്കാരണത്താൽതന്നെ വൃത്തിഹീനവും അസഹ്യമായ ഗന്ധവുമായിരുന്നു.
ഏക്കർകണക്കിന് ഭൂമിയുടെ മൂലയിലായിരുന്നു ആശുപത്രിയുടെ സ്ഥാനവും. ഇവിടെ എത്തിപ്പെടുന്നവരിൽ പണക്കാരുണ്ട്, ഉന്നത ഉദ്യോഗസ്ഥരായി വിരമിച്ചവരുണ്ട്, ഉന്നത ജോലിക്കാരായ മക്കളുള്ളവരുണ്ട്. മക്കൾപോലും ഉപേക്ഷിച്ച ഇവരെ പിന്നെ ആർക്കു വേണം, ആശുപത്രി അധികൃതർ കനിഞ്ഞാൽ മാത്രമേ ഭക്ഷണവും എന്തിന് മലമൂത്രത്തിൽ കുളിച്ചുള്ള കിടത്തത്തിൽനിന്നുതന്നെ മോചനവുമുണ്ടായിരുന്നുള്ളൂ. അതിൽ ഭക്ഷണംതന്നെ ലഭിക്കുന്നത് വല്ലപ്പോഴും, കുളിയാവട്ടെ മാസങ്ങൾ കഴിഞ്ഞിട്ടും. പുറത്തുപോയി കഴിക്കാനോ സ്വയംഭക്ഷിക്കാൻപോലും കഴിയാത്തവർ. ഈ ദയനീയ വിവരങ്ങളാണ് അദ്ദേഹത്തെ അങ്ങോെട്ടത്തിച്ചത്.
മനസ്സും വയറും നിറക്കുന്ന ഊൺ
ദിവസവും ആശുപത്രിയിലെ നൂറോളം പേർക്കാണ് ഭക്ഷണമുണ്ടാക്കുന്നത്. 20 കിലോ മുന്തിയിനം അരിയുടെ ചോറ്, തോരൻ, സാമ്പാർ, അച്ചാർ, പപ്പടം, കിച്ചടി, പായസമുൾപ്പെടുന്നതാണ് ഊൺ. വിശേഷദിവസങ്ങളിൽ വിഭവസമൃദ്ധമായ ഗംഭീര സദ്യയാണ് നൽകുക. രോഗികൾക്കായി തയാറാക്കുന്ന ഭക്ഷണത്തിൽനിന്നു മാത്രമേ പിള്ളച്ചേട്ടൻ ഭക്ഷണം കഴിക്കാറുള്ളൂ. പൂജപ്പുര ആശാഭവനിലെ വനിതാ വിഭാഗങ്ങളിൽ വൈകീട്ടുള്ള ഭക്ഷണവും പതിവായി നൽകുന്നു. ലൂർദ് മാതാ കെയർ ഹോമിൽ മാസംതോറും ഒരു ചാക്ക് അരിയും നൽകുന്നു. ആശുപത്രിയിൽ അവശ്യമരുന്നുകൾ തീർന്നാൽ പിള്ളച്ചേട്ടനോട് പറഞ്ഞാൽ നിമിഷങ്ങൾക്കകം എത്തിക്കുമെന്ന് ആശുപത്രിയിലെ ഡോ. ഷീജ പറയുന്നു.
ഒമ്പതാം വാർഡിൽ ഫ്രിഡ്ജ്, ഫാൻ, രോഗികൾക്കുള്ള ഉപകരണങ്ങൾ, വീൽചെയർ, ജീവനക്കാർക്ക് യൂനിഫോം, രോഗികളുടെ മാനസികോല്ലാസത്തിന് രണ്ടു ടി.വി എന്നിവയും നൽകിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികൾ, രോഗികൾ, ഡ്രൈവർമാർ എന്നിവർക്ക് പതിവായി ഓണക്കിറ്റും നൽകിവരുന്നുണ്ട്. ഇതിന് പുറമെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് പഠനസഹായം, രണ്ടു വിദ്യാർഥികൾക്ക് മാസംതോറും പണം, പ്രദേശത്തെ അന്ധന്മാർക്ക് വസ്ത്രവും സാമ്പത്തികസഹായവും, പാവപ്പെട്ടവർക്ക് മുടങ്ങാതെയുള്ള ഭക്ഷണകിറ്റ് എന്നിവയും നൽകുന്നുണ്ട്.
ടെൻഷൻ തരാത്ത പെൻഷൻ
1993ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്ന് സൂപ്രണ്ടായി വിരമിച്ചയാളാണ് രാധാകൃഷ്ണപിള്ള. തനിക്ക് കിട്ടുന്ന പെൻഷൻ പണവും മക്കളുടെ ശമ്പള വിഹിതവും ചേർത്ത് ലഭിക്കുന്ന തുകയാണ് സൊസൈറ്റിയുടെ കൈത്താങ്ങ്. നല്ലൊരു തുകയാണ് സൊസൈറ്റിക്ക് മാസവും ചെലവുവരുന്നത്. പക്ഷേ, ആരുടെയും മുന്നിലും കൈനീട്ടാറില്ല. പണമില്ലാത്തതിെൻറ പേരിൽ ഭക്ഷണമോ നൽകാറുള്ള സഹായങ്ങളോ മുടക്കിയിട്ടുമില്ല. കാര്യങ്ങൾ അറിഞ്ഞ് ആരെങ്കിലും ഒരു ദിനത്തെ ഊൺ നൽകാൻ മുന്നോട്ടുവന്നാൽ പിള്ളച്ചേട്ടൻ സന്തോഷത്തോടെ സ്വീകരിക്കും. അന്നത്തെ ഊൺ സ്പെഷൽ ആയിരിക്കും. സഹായങ്ങളും അങ്ങനെതന്നെ. സന്തോഷത്തോടെ സ്വീകരിക്കും. ലഭിക്കുന്ന സഹായങ്ങൾ വർഷാവർഷം കൃത്യമായി ഒാഡിറ്റ് ചെയ്ത് ആർക്കും പരിശോധിക്കാവുന്ന തരത്തിൽ പുസ്തകമാക്കി പ്രസിദ്ധീകരിക്കും. ഈയിടെ വാർത്ത അറിഞ്ഞ് ഉദാരമനസ്സുകൾ സഹായവുമായി എത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഓർമിക്കാൻ...
‘‘മക്കൾ പടിയടച്ചപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി ഹോട്ടലുകളില്‍ നിന്നും മറ്റും തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ആഹാരമാക്കാന്‍ ചാവാലിപ്പട്ടികള്‍ക്കൊപ്പം കാത്തിരിക്കുന്ന നിസ്സഹായരായ വയോജനങ്ങളുൾപ്പെടെയുള്ള മനുഷ്യക്കോലങ്ങള്‍, മക്കളുടെ കൺമുന്നിൽ ഭക്ഷണം കിട്ടാതെ ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ച് നേരംവെളുപ്പിക്കുന്നവര്, ഒരു ദിനമെങ്കിലും വയറുനിറച്ചുറങ്ങാന് കൊതിക്കുന്നവര്‍, അവരുടെ സ്ഥാനത്ത് ഒരു നിമിഷം ‘ഞാൻ’ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക.’’ അദ്ദേഹം പറഞ്ഞുനിർത്തി.
കുടുംബത്തിെൻറയും സമൂഹത്തിെൻറയും ആദരവ് അര്‍ഹിക്കുന്നവരാണ് വയോജനങ്ങള്‍. വാര്‍ധക്യം ജീവിതത്തിെൻറ ഒരവസ്ഥ മാത്രമാണ്. വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം സമൂഹത്തില്‍ വളരണം. ലോക വയോജന ദിനത്തിൽ പ്രായം തളർത്താത്ത പിള്ളച്ചേട്ടനെപ്പോലെയുള്ള മനുഷ്യസ്നേഹികൾക്ക് സല്യൂട്ടടിക്കാം നമുക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.