കാരുണ്യ വഴിയിലെ ദേശാടനം
text_fieldsസാമൂഹ്യസേവനം ലക്ഷ്യം വെച്ചുള്ള 75 വര്‍ഷത്തെ സുശീല ജോര്‍ജിന്റെ ജീവിതം ദേശാതിര്‍ത്തികളില്ലാത്ത കാരുണ്യ പ്രവാഹമാണ്. മേരിലാന്‍ഡ് കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന പേരിലുള്ള സംഘടന വഴിയാണ് അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്...
45 വർഷം മുമ്പാണ് ബ്രിട്ടീഷ് പെട്രോളിയത്തിൽ എൻജിനീയറായിരുന്ന ഭർത്താവിനൊപ്പം സുശീല ജോർജ് അബൂദബിയിലെത്തിയത്. തന്റെ സ്വപ്നങ്ങളിലൊന്നും ഒരിക്കലും അബൂദബിയുണ്ടായിരുന്നില്ല. എം.എഡ് ബിരുദധാരിയായ സുശീല ജോർജ് 22ാം വയസ്സിൽ മദ്രാസിൽ അധ്യാപകരുടെ പരിശീലകയായി പ്രവർത്തിക്കുന്നതിനിടെയാണ് ബഡഗ സമുദായത്തിലെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടത്. തന്റെ ജീവിതലക്ഷ്യവും മാർഗവും തിരുത്തിയതായിരുന്നു ആ നിയോഗം. അമേരിക്കയിലേക്ക് പോകാനായിരുന്നു താൽപര്യം.
എന്നാൽ, ഇൗ മണ്ണിൽതന്നെയായിരുന്നു വരേണ്ടിയിരുന്നതെന്നും ദൈവത്തിന്റെ നാട് ഇതാണെന്നും അവർ ഇന്ന് തിരിച്ചറിയുന്നു. വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയുള്ള 75 വർഷത്തെ അവരുടെ ജീവിതം ദേശാതിർത്തികളില്ലാത്ത കാരുണ്യ പ്രവാഹമാണ്. മേരിലാൻഡ് കെയർ ആൻഡ് ഷെയർ എന്ന പേരിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സുശീല ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
പാകിസ്താനിലെ വിധവകൾക്ക് ഭവന പദ്ധതി, മാൾട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിചരണം, ദക്ഷിണേന്ത്യയിൽ രക്ഷിതാക്കൾ ഉപേക്ഷിച്ച കുട്ടികൾക്ക് അഭയകേന്ദ്രം, കണ്ണിന് തകരാറുള്ളവർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കാഴ്ച പദ്ധതി, തലാസീമിയ ബാധിത കുട്ടികൾക്ക് മജ്ജ മാറ്റിവെക്കൽ, ഹൃദ്രോഗമുള്ള കുട്ടികൾക്ക് ശസ്ത്രക്രിയ, താൻസനിയയിലെ എയിഡ്സ് ബാധിത കുട്ടികളുടെ പുനരധിവാസം തുടങ്ങിയ പദ്ധതികൾക്കൊക്കെയും നേതൃത്വം നൽകുന്നത് ഇൗ 75കാരിയാണ്.
കാഴ്ച പദ്ധതിയിലും ഹൃദയ ശസ്ത്രക്രിയ പദ്ധതിയിലും നടൻ മമ്മൂട്ടിയും പങ്കാളിയാണ്. ഹൃദയ ശസ്ത്രക്രിയ പദ്ധതിയിൽ 250ഒാളം ശസ്ത്രക്രിയകളും കാഴ്ച പദ്ധതിയിൽ ആയിരത്തിലധികം നേത്ര ശസ്ത്രക്രിയകളും നടത്തി. വാൾപ്പാറയിലുള്ള എസ്റ്റേറ്റിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും ആദിവാസി വികസനത്തിനായാണ് ഇവർ ചെലവഴിക്കുന്നത്. താൻസനിയയിൽ 72 എയിഡ്സ് ബാധിത കുട്ടികൾക്ക് അഭയമായി കെട്ടിടമുണ്ടാക്കിക്കൊടുക്കുന്ന പ്രവൃത്തിക്ക് നേതൃത്വം നൽകാൻ അവിടേക്കുള്ള യാത്രകളിലാണ് ഇവരിപ്പോൾ.
ലോകത്തെ മിക്ക രാജ്യങ്ങളിലും സുശീല ജോർജ് പോയിട്ടുണ്ട്. 28 രാജ്യങ്ങളിൽനിന്ന് മുപ്പതിലധികം അവാർഡുകൾ ഇവരെ തേടിയെത്തി. പുലർച്ചെ നാലിന് എഴുന്നേൽക്കുന്നതാണ് സുശീല ജോർജിന്റെ ശീലം. എങ്കിലേ പ്രാർഥനക്ക് സമയം കിട്ടൂവെന്ന് അവർ പറയും. പ്രാർഥനക്കും ബൈബിൾ വായനക്കും ശേഷമാണ് മറ്റു പ്രവർത്തനങ്ങളിലേക്ക് കടക്കുക. ഒരു ദിവസം ഒരു നേരം മാത്രമാണ് പ്രധാന ഭക്ഷണം. കുറെ വർഷമായിട്ട് സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്.
‘‘ഭക്ഷണം അറിഞ്ഞു കഴിക്കണം. കണ്ടമാനം വാരിക്കഴിച്ചാൽ ജീവിതത്തെ ദോഷകരമായി ബാധിക്കും. സസ്യാഹാരം കഴിക്കുന്നവർക്ക് രോഗങ്ങൾ കുറഞ്ഞിരിക്കും. വലിയ ശക്തിയുള്ള ആന സസ്യാഹാരമല്ലാതെ എന്തെങ്കിലും കഴിക്കുന്നുണ്ടോ? മുമ്പ് ഞാനും സസ്യാഹാരി ആയിരുന്നില്ല. ഒരു ഘട്ടത്തിൽ സസ്യാഹാരത്തിലേക്ക് മാറുകയായിരുന്നു. നിവൃത്തിയുള്ള കാലത്തോളം ഇനി സസ്യാഹാരി ആയിരിക്കും’’ -സുശീല ജോർജ് പറയുന്നു.
അക്ഷീണമായി ഇപ്പോഴും കർമമണ്ഡലത്തിൽ നിറയാൻ സാധിക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ ‘ദൈവവിശ്വാസം’ എന്ന ഒറ്റ വാക്കിൽ അവർ ഉത്തരം നൽകും. ദൈവത്തെ അറിഞ്ഞാൽ, അവന്റെ ഹിതത്തിന് അനുസൃതമായി ജീവിച്ചാൽ എല്ലാ അനുഗ്രഹങ്ങളും വിജയങ്ങളും തേടിയെത്തുമെന്നതാണ് ഇവരുടെ തത്ത്വം. ‘വിശക്കുന്നവന്റെ വിശപ്പിൽ ഞാനുണ്ട്, ദാഹിക്കുന്നവെൻറ ദാഹത്തിൽ ഞാനുണ്ട്, നഗ്നനായവന്റെ നഗ്നതയിൽ ഞാനുണ്ട്’ എന്നാണ് ദൈവം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് സുശീല ജോർജ് പറയുന്നു.
സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരും പഠിക്കുന്നവരും ജീവനക്കാരുമുൾെപ്പടെ അടുത്തറിയുന്നവരെല്ലാം ഇവരെ വിളിക്കുന്നത് അമ്മയെന്നാണ്. വിദ്യാഭ്യാസ ഗുണനിലവാരത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അരുതെന്ന കാഴ്ചപ്പാടാണ് സുശീല ജോർജിനുള്ളത്. അതിനാൽ, ഏറ്റവും ആധുനികമായ പഠന സാമഗ്രികൾ തേടിപ്പിടിച്ച് ഇവർ സ്കൂളിലെത്തിക്കും. യു.എ.ഇയിൽ ഏറ്റവും കൂടുതൽ റോബോട്ടുകളുള്ള വിദ്യാഭ്യാസ സ്ഥാപനം മേരിലാൻഡ് സ്കൂളാണ്. തന്റെ ഒരു വിദ്യാർഥി നൊേബൽ സമ്മാനം നേടുന്നതാണ് ഇവരുടെ വലിയ സ്വപ്നങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.