അത്രമേൽ ധന്യം
text_fieldsവയനാട് ചുരംകയറി വൈത്തിരിയിൽ നിന്ന് ഇടിയംവയലിലേക്ക് 13 കിലോമീറ്റർ ദൂരമുണ്ട്. പിന്നെയും 400 മീറ്ററോളം നടക്കണം അമ്പലക്കൊല്ലി കോളനിയിലെത്താൻ. കുത്തനെയുള്ള ഇറക്കം കഴിഞ്ഞാൽ അതേപോലെ കയറ്റം. വീണ്ടും ഇറക്കം. സോളിങ് നിരത്തിയത് ഏറക്കുറെ തകർന്നിരിക്കുന്നു. വാഹനങ്ങൾക്ക് പോകാൻ നന്നായി ബുദ്ധിമുട്ടണം. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കാൽനടക്കാർ പോലും തെന്നി വീഴും. മഴക്കാലത്ത് ആദിവാസികൾ വീണ് കൈപൊട്ടുന്ന കഥകൾ ഏറെ. ഇൗ വഴി കടന്നുവേണം ഇൗ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ 410ാം റാങ്ക് നേടി സംസ്ഥാനത്ത് ആദ്യമായി െഎ.എ.എസ് പദവിയിലേക്ക് കയറാനൊരുങ്ങുന്ന ആദിവാസി പെൺകുട്ടി ശ്രീധന്യ സുരേഷിന്റെ വീട്ടിലേക്കെത്താൻ.
ചുടുകട്ടകൊണ്ട് പണിത, നിലം തേക്കാത്ത, കട്ടികുറഞ്ഞ കോൺക്രീറ്റ് വീട്. വരുന്നവർക്ക് ഇരിക്കാൻ പറയാൻപോലുമുള്ള സൗകര്യം ഇവിടെയില്ല. വൈദ്യുതി കിട്ടിയിട്ട് ഏതാനും വർഷങ്ങളായിേട്ടയുള്ളൂ. കാറ്റടിച്ചാൽ പറന്നുപോവുന്ന അടുക്കള മേൽക്കൂര, മഴപെയ്താൽ വെള്ളം നിറയുന്ന മുറികൾ. ദുരിതവും കഷ്ടപ്പാടും വേദനയും നിറഞ്ഞുനിൽക്കുന്ന ഇൗ ചുവരുകൾക്കുള്ളിൽനിന്നാണ് ദൃഢനിശ്ചയത്തിെൻറ പാഠങ്ങൾകൊണ്ട് കുറിച്യ വിഭാഗത്തിൽനിന്ന് ഇൗ പെൺകുട്ടി വിജയത്തിലേക്ക് പിഴക്കാത്ത അസ്ത്രം പായിച്ചത്.
ചന്തുവിന്റെ പിന്മുറക്കാർ
കുറിച്യർ എന്നാൽ കുറിക്ക് കൊള്ളിക്കുന്നവർ എന്ന് അർഥം. അെമ്പയ്ത്താണ് കുലത്തൊഴിൽ. 1972 വരെ എല്ലാ വർഷവും തുലാം പത്തു മുതൽ മൂന്നു ദിവസം കാട്ടിൽ നായാട്ടിന് പോകുമായിരുന്നു, ഇവർ. പഴശ്ശിരാജയോടൊപ്പം യുദ്ധം ചെയ്ത് ബ്രിട്ടീഷുകാരെ വിറപ്പിച്ച തലക്കൽ ചന്തുവിെൻറ പിന്മുറക്കാർ. പക്ഷേ, ബ്രിട്ടീഷുകാർ പോയതോടെ പ്ലാേൻറഷനുകളുടെ കൈയിലായി ഇവരുടെ താമസസ്ഥലങ്ങൾ. അമ്പലക്കൊല്ലി കോളനിയിൽ 11 കുടുംബങ്ങളാണുള്ളത്. ഭൂമിക്ക് ഇപ്പോഴും കൈവശാവകാശമില്ല. അതിനാൽ സ്വന്തമായി വീട് നിർമിക്കാൻ കഴിയില്ല. വൈദ്യുതി ഇല്ലാത്ത വീടുകളിൽ ആനകളുടെയും കടുവയുടെയും കാട്ടികളുടെയും ചൂരു മണക്കുന്ന ഭയമുള്ള കാട്ടിൽ മണ്ണെണ്ണ വിളക്കിന് മുന്നിൽ കരുപ്പിടിപ്പിച്ചതാണ് ഇവരുടെ ബാല്യം. തൊഴിലുറപ്പൊക്കെ വന്നത് ഇപ്പോഴാണ്.
അതിനു മുമ്പ് മിക്കവാറും പട്ടിണിയാണ്. രാവിലെ കഞ്ഞിയോ കഞ്ഞിവെള്ളമോ. രാത്രിയും കഞ്ഞി. അസുഖമോ മരണമോ വന്നാൽ റോഡിലേക്ക് ചുമന്നു വേണം കൊണ്ടുപോകാൻ. നാലു കി.മീ. അകലെയുള്ള പൊഴുതന ഹെൽത്ത് സെൻററോ എട്ട് കി.മീ. അകലെയുള്ള വൈത്തിരി താലൂക്ക് ആശുപത്രിയോ ആണ് ആശ്രയം. കഴിഞ്ഞ ആഴ്ചപോലും പ്രസവ വേദനയുണ്ടായ സ്ത്രീയെ നാലുപേർ തോളിൽ ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ അവിടെ ഡോക്ടറുമില്ലായിരുന്നു. റോഡിെൻറ അവസ്ഥ കാരണം ഒരു ടാക്സിയും ഇവിടേക്ക് വരില്ല. എവിടെപ്പോയാലും എസ്.ടിയാണെന്ന കളിയാക്കലുകൾ, അവഹേളനത്തിെൻറ നോട്ടങ്ങൾ, ഒഴിവാക്കലിെൻറ ശബ്ദങ്ങൾ, ആട്ടലുകൾ. അങ്ങനെയാണ് അച്ഛൻ വെള്ളന് സുരേഷ് എന്ന് പേരു മാറ്റേണ്ടിവന്നത്. അവിടെനിന്നാണ് പഠിച്ചാലേ രക്ഷയുള്ളൂ എന്ന ദൃഢനിശ്ചയത്തിലേക്ക് അവർ എത്തിയത്.
സുരേഷ്, കമല, സുഷിത
അച്ഛൻ വെള്ളൻ എന്ന സുരേഷ് അെമ്പയ്ത്ത് ഗുരുവാണ്. വീടിന് മുന്നിൽ ഇപ്പോഴും അെമ്പയ്ത്ത് ബോർഡുണ്ട്. സ്ത്രീകൾ അടക്കം എല്ലാവർക്കും അറിയാം അെമ്പയ്ത്ത്. ഇതിന് പുറമെ അമ്പ്, വില്ല്, കരകൗശല വസ്തുക്കൾ എന്നിവയൊക്കെ ഉണ്ടാക്കി വിൽക്കും സുരേഷ്. ജ്യോതിഷം, കൈരേഖ ശാസ്ത്രം ,പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ജ്ഞാനമുണ്ട്. ഇതേക്കുറിച്ച് ക്ലാസുകൾ എടുക്കാറുണ്ട്. ദിനേന അഞ്ച് പത്രങ്ങൾ വായിക്കും. പുസ്തകങ്ങൾ തേടിപ്പിടിക്കും. വിദ്യാഭ്യാസത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ചെറുപ്പത്തിലേ മനസ്സിലാക്കിയിരുന്നുവെന്ന് സുരേഷ് പറയുന്നു. പക്ഷേ, ജീവിത ബുദ്ധിമുട്ടുകൾ കാരണം ഒമ്പതാം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളു. അതിെൻറ വേദന ഇപ്പോഴും ഉള്ളിൽ പുകയുന്നുണ്ട്. അന്ന് പത്താംക്ലാസ് ജയിച്ചിരുന്നെങ്കിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആവുമായിരുന്നു.
1982ൽ പി.എസ്.സി പരീക്ഷയിൽ 14�4�ം റാങ്കിൽ വന്നു. എസ്.എസ്.എൽ.സി ഇല്ലാത്തതിനാൽ നിയമനം കിട്ടിയില്ല. അന്നേ എടുത്ത പ്രതിജ്ഞയാണ്, വീടും ഭൂമിയും ഭക്ഷണവും ഇല്ലെങ്കിലും കുട്ടികളെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കും. മൂത്ത മകൾ സുഷിതയെ നന്നായി പഠിപ്പിച്ചു. അവൾക്ക് എസ്.എസ്.എൽ.സിക്ക് 85 ശതമാനം മാർക്കുണ്ടായിരുന്നു. അവൾ പഠിച്ച തരിയോട് നിർമല ഹൈസ്കൂളിൽ അന്ന് ഏറ്റവും മികച്ച മാർക്ക്. പിന്നീട് പ്ലസ് ടുവും ജെ.ഡി.എസും ഡിപ്ലോമയും പഠിച്ച് ഇപ്പോൾ ഒറ്റപ്പാലത്ത് കോടതിയിൽ അറ്റൻഡറാണ്. കോളനിയിൽനിന്ന് സർക്കാർ സർവിസിൽ എത്തുന്ന ആദ്യത്തെയാൾ.
പൊരുതലിെൻറ സാക്ഷ്യം
ശ്രീധന്യയെക്കുറിച്ച് കൂടുതൽ സ്വപ്നങ്ങളുണ്ടായിരുന്നു കുടുംബത്തിന്. ഒന്നാം ക്ലാസ് തൊേട്ട മിടുക്കിയായിരുന്നു അവൾ. അഞ്ച് വയസ്സു മുതൽ നാലു കി.മീ. നടന്നാണ് തരിയോട് സെൻറ് മേരീസ് യു.പി. സ്കൂളിൽ പോയത്. അമ്മയോ അച്ഛനോ കൂടെപ്പോയാൽ കുടുംബം പട്ടിണിയാവും. അന്ന് തൊഴിലുറപ്പൊന്നുമില്ല. സാധാരണ മുതലാളിമാരുടെ വീട്ടിലാണ് ജോലി. രാത്രി രണ്ടു മണി വരെയൊക്കെ മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിൽ ഇരുന്നു പഠിച്ചു. ഒമ്പതാം തരത്തിൽ എത്തിയപ്പോഴാണ് കറൻറ് ലഭിച്ചത്. എസ്.എസ്.എൽ.സിക്ക് 85 ശതമാനം മാർക്ക് ലഭിച്ചു. പ്ലസ് ടുവിനും നല്ല മാർക്ക് കിട്ടി. സാധാരണ 18 വയസ്സായാൽ പെൺകുട്ടികളെ കെട്ടിച്ച് വിടും.
പക്ഷേ, സ്വന്തംകാലിൽ നിൽക്കാൻ ശേഷിവന്നിട്ട് മതി കല്യാണം എന്നായിരുന്നു അവളുടെ തീരുമാനം. ഡിഗ്രിക്ക് കോഴിക്കോട് ദേവഗിരി കോളജിൽ ചേർന്നു. സുവോളജിയായിരുന്നു വിഷയം. പരീക്ഷയിൽ 86 ശതമാനം മാർക്ക്. എം.എസ്സി അപ്ലൈഡ് സുവോളജി കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽനിന്ന് എ വൺ ഗ്രേഡ്. എല്ലാം മെറിറ്റിലായിരുന്നു അഡ്മിഷൻ. സർക്കാർ സ്കോളർഷിപ് ഉണ്ടായിരുന്നു. അധ്യാപകരും സാമ്പത്തികമായി സഹായിച്ചു. സ്കൂളിൽ പഠിക്കുേമ്പാൾ എന്താവാനാണ് ആഗ്രഹം എന്ന് ചോദിക്കുേമ്പാൾ വക്കീൽ ആകണം, പൊലീസ് ആകണം എന്നൊക്കെയായിരുന്നു പറയാറുണ്ടായിരുന്നത്. എന്നാൽ, കോളജ് കാലത്താണ് െഎ.എ.എസ് മോഹത്തിെൻറ ചിറക് പടർത്തിയത്. പക്ഷേ, എങ്ങനെ, ആരോട് ബന്ധപ്പെടണം എന്ന് അറിയില്ലായിരുന്നു.
ഒരു സബ്കലക്ടറുടെ മാസ് എൻട്രി
പി.ജി. കഴിഞ്ഞ ശേഷം വൈത്തിരിയിൽ ട്രൈബൽ ടൂറിസം ഡെവലപ്മെൻറിെൻറ ഒാഫിസിൽ പ്രോജക്ട് അസിസ്റ്റൻറായി ജോലിചെയ്യുേമ്പാഴാണ് ഒരു പരിപാടിക്ക് അന്ന് മാനന്തവാടി സബ് കലക്ടറായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് ജില്ല കലക്ടർ ശ്രീറാം സാംബശിവ റാവു ഉദ്ഘാടകനായി എത്തുന്നത്. യോഗത്തിൽ മിനുട്ട്സ് എഴുതാനാണ് പോയത്. അതുവരെ ഒരു കലക്ടറെ നേരിൽ കണ്ടിട്ടില്ല. സബ്കലക്ടർ കടന്നുവന്നപ്പോൾ ഉദ്യോഗസ്ഥരും സദസ്സും കാണിച്ച ആദരവ് അദ്ഭുതം കൊള്ളിച്ചു. ഒരു െഎ.എ.എസുകാരന്/രിക്ക് എത്രയെല്ലാം അധികാരശേഷിയുണ്ടെന്ന് അന്നാണ് ബോധ്യമായത്.
അതൊരു സ്പാർക്ക് ആയിരുന്നു. പരിപാടിക്ക് ശേഷം സാംബശിവ റാവുവുമായി സംസാരിച്ചു. െഎ.എ.എസ് എൻട്രൻസ് എഴുതാൻ അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടു വെച്ചായിരുന്നു എൻട്രൻസ്. ആദ്യ ശ്രമത്തിൽ തന്നെ ജയിച്ചു. 2016 സെപ്റ്റംബർ നാലിന് തിരുവനന്തരപുരത്തെ മണ്ണന്തല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിവിൽ സർവിസസ് ട്രെയിനിങ് എക്സാമിനേഷൻ സെൻറർ സൊസൈറ്റിയിൽ കോച്ചിങ്ങിന് ചേർന്നു. രാപ്പകൽ പഠനത്തിെൻറ നാളുകളായിരുന്നു പിന്നീട്. പക്ഷേ, 2017ലെ പ്രിലിമിനറി പരീക്ഷയിൽ ഒരു പേപ്പർ നഷ്ടമായി.
ജോലി നഷ്ടം, അപകടം, രോഗം
കുടുംബത്തിൽ പ്രതിസന്ധികളുടെ കാലം കൂടിയായിരുന്നു അത്. ചേച്ചിയുടെ മകന് കാൻസർ ബാധിച്ചു. അത് കുടുംബത്തെ തളർത്തി. നേരത്തെ അനിയന് വാഹനാപകടത്തിൽ പരിക്കേറ്റപ്പോൾ അമിത അവധി വന്നതിനെ തുടർന്ന് പിതാവ് സുരേഷിന് തിരുവനന്തപുരം പട്ടത്ത് പൊലീസ് ഡി.സി.ആർ.ബിയിൽ ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇതിനു ശേഷം ശ്രീധന്യയുടെ താൽക്കാലിക ജോലിയിലെ വരുമാനമായിരുന്നു കുടുംബത്തിെൻറ ആശ്രയം. െഎ.എ.എസ് പഠനത്തിലേക്ക് നീങ്ങിയതോടെ ആ വരുമാനം നഷ്ടമായതിന് പിന്നാലെ ചികിത്സബാധ്യത കൂടി വന്നു. പലരും പിന്തിരിപ്പിച്ച സമയമായിരുന്നു അത്.
പക്ഷേ, ഒരു ആദിവാസിക്ക് ഇത് സാധിക്കും എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഇതിനിടെ, പൊലീസിൽ നിയമനം കിട്ടിയെങ്കിലും െഎ.എ.എസിന് വേണ്ടി അത് ഉപേക്ഷിച്ചു. പേപ്പർ നഷ്ടമായതിനാൽ മണ്ണന്തലയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇനി പഠിക്കാനാവില്ല. സ്വകാര്യസ്ഥാപനമാണ് ആശ്രയം. പക്ഷേ, അവിടെ വൻതുക ഫീസ് വേണം. ബുദ്ധിമുട്ടുകൾ പറഞ്ഞതോടെ ക്ലാസിൽ പെങ്കടുക്കാൻ അവർ അനുവദിച്ചു. താമസിക്കാൻ ഒരിടം വേണമായിരുന്നു. പുസ്തകങ്ങൾക്കും മറ്റുെമല്ലാം നല്ല പൈസ വേണം. ചികിത്സയും നടക്കണം. അമ്മ കമല കുടുംബശ്രീയിൽനിന്ന് 4000 രൂപ കടമെടുത്തു.
തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ള ചേച്ചിയുടെ മകെൻറ ചികിത്സക്കായി ഒരു വീട് വാടകക്കെടുത്തു. അവനെ പരിപാലിച്ചുകൊണ്ടായിരുന്നു പഠിത്തം. 2018 ജൂണിൽ വീണ്ടും പ്രിലിമിനറി എഴുതി. ഒക്ടോബറിൽ മെയിൻ പേപ്പറുകളും. ന്യൂഡൽഹിയിലായിരുന്നു ഇൻറർവ്യൂ. അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പ്രളയത്തിൽ പി.ജിക്ക് അടക്കം പഠിച്ച പുസ്തകങ്ങളെല്ലാം നശിച്ചിരുന്നു. ഷോക്കേറ്റ് കൈക്ക് പരിക്കും പറ്റി. ആ വേദനയും കടന്നാണ് മലയാളത്തിെൻറ അഭിമാനത്തിന് 410ാം റാങ്ക് വാർത്ത വന്നത്.
ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ആർക്കും നേടാവുന്നതേയുള്ളു സിവിൽ സർവിസ് എന്ന് ശ്രീധന്യ പറയുന്നു. സത്യമായ ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നതെങ്കിൽ നിങ്ങളെ തടയാൻ ആർക്കുമാവില്ല.
സിവിൽ സർവിസ് എല്ലാവിധത്തിലും സുരക്ഷിതരായവർക്കുമാത്രം പറ്റുന്ന ഒന്നല്ല. ഇൗ നേട്ടം കുടുംബത്തിനും എല്ലാ ആദിവാസികൾക്കും സമർപ്പിക്കുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ആദിവാസികളുടെ വിദ്യാഭ്യാസം. ഭൂമി പ്രശ്നങ്ങൾ. സ്ത്രീപ്രശ്നങ്ങൾ. പരിസ്ഥിതി സംരക്ഷണം. എല്ലാ മേഖലയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോയാലേ വികസനമുണ്ടാവൂ. സിവിൽ സർവിസ് പരീക്ഷയുടെ ഫലം വന്നതു മുതൽ അമ്പലക്കൊല്ലി കോളനി ഉത്സവപ്രതീതിയിലാണ്. സന്തോഷത്താൽ രണ്ട് ദിവസം ശരിയായി ഭക്ഷണം കഴിക്കാൻപോലും അവർ മറന്നുപോയിരിക്കുന്നു. ഇതൊക്കെയും സ്വപ്നമോ യാഥാർഥ്യമോ എന്ന വിസ്മയത്തിലാണ് അവർ.
പക്ഷേ, പുറത്ത് നടക്കുന്ന പ്രശംസകളൊന്നും അത്രയൊന്നും അവർ അറിഞ്ഞിട്ടില്ല. അതറിയാൻ അവരുടെ വീട്ടിൽ ടി.വിയോ പത്രമോ ഇല്ല. പക്ഷേ, ഇനി തങ്ങളുടെ ജീവിതത്തിന് ഒരു മാറ്റം വേണമെന്ന് അവർ പറയുന്നു. െഎ.എ.എസ് കിട്ടിയാൽ ഒരു വർഷം മസൂറിയിൽ ട്രെയിനിങ്ങാണ്. അവിടേക്ക് പോകാൻ അമ്പതിനായിരം രൂപയെങ്കിലും വേണം. അത് കണ്ടെത്തണം. അടുത്ത മഴക്കാലത്തെങ്കിലും ചോരാത്ത വീട്ടിൽ ഉറങ്ങണം. ജീവിതം കരുപ്പിടിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.