സുബ്ഹാൻ: പ്രളയത്തിന്റെ പൊന്നുമോന് ഒരു വയസ്സ് VIDEO
text_fieldsപ്രളയക്കെടുതിയുടെ നടുക്കുന്ന രാപ്പകലുകളിൽ പ്രതീക്ഷയുടെ ഹെലികോപ്റ്റർ ചിറകിലേറി വന്നൊരു ശുഭവാർത്തയുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് നാവികസേനയുടെ ഹെലികോപ്റ്ററിൽ കയറ്റിക്കൊണ്ടുപോയ യുവതി സുഖപ്രസവത്തിലൂടെ ഓമനക്കുഞ്ഞിന് ജന്മം നൽകിയ വാർത്ത. ആലുവ ചെങ്ങമനാട് കളത്തിങ്ങൽ ജബീലിന്റെ ഭാര്യ സാജിത ജബീലാണ് അതിസാഹസികമായി കോപ്റ്ററിൽ തൂങ്ങിക്കയറി, ലേബർ റൂമിലേക്ക് പറന്നത്.
പ്രളയക്കെടുതികൾ ഉച്ചസ്ഥായിയിലായ, നാടെങ്ങും വെള്ളംമൂടിയ ആഗസ്റ്റ് 17ന് ഉച്ചക്ക് 2.12ന് കൊച്ചിയിൽ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ ആ ആൺകുഞ്ഞ് പിറന്നുവീണു. പരിശുദ്ധൻ എന്നർഥം വരുന്ന സുബ്ഹാൻ എന്ന് ലോകം അവനെ വിളിച്ചു.
പ്രളയത്തിന് ഒരു വർഷം പിന്നിടുമ്പോൾ അവനും ഒരു വയസ്സാവും. ചെങ്ങമനാട്ടെ വീട്ടിൽ എല്ലാവരുടെയും ഓമനയായി അവൻ വളരുകയാണ്, ഒരു ചരിത്ര നിമിഷത്തിലാണ് താനീ ഭൂമിയിലേക്ക് പിറന്നുവീണതെന്നും തന്റെ ജനനത്തിനായി നാട് കാത്തിരിക്കുകയായിരുന്നുവെന്നും അറിയാതെ.
ചൊവ്വര കൊണ്ടോട്ടിയിലെ ഹിദായത്തുൽ ഇസ്ലാം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാജിത നാവികസേന ഹെലികോപ്റ്ററിൽ തൂങ്ങിക്കയറുന്ന ദൃശ്യങ്ങളും പ്രസവശേഷം കുഞ്ഞിനൊപ്പമുള്ള ചിത്രവും അതിജീവനത്തിെൻറ സുന്ദരക്കാഴ്ചകളായി ആഘോഷിക്കപ്പെട്ടു. ഓപറേറ്റര്‍ വിജയ് വർമയുടെ നേതൃത്വത്തിലുള്ള മൂന്ന് കമാന്‍ഡിങ് ഓഫിസര്‍മാരും ഡോ. മഹേഷും ചേർന്നാണ് നാട് മുഴുവൻ നെഞ്ചിടിപ്പോടെ കണ്ട രക്ഷാദൗത്യം നയിച്ചത്. അന്നത്തെ അനുഭവം ജീവിതത്തിലൊരിക്കലും മറക്കാനാവാത്തതാണെന്ന് സാജിത പറയുന്നു.
''എന്ത് സംഭവിക്കുമെന്ന പേടിയായിരുന്നു ആകെ. എന്റെ മാത്രമല്ല, വയറ്റിലുള്ള കുഞ്ഞിന്റെ ജീവനെക്കുറിച്ചും ടെൻഷനുണ്ടായിരുന്നു. എന്നാൽ, നാവികസേനയും ആശുപത്രിയിലുള്ളവരും ധൈര്യം തന്ന് ഒപ്പംനിന്നു. കുഞ്ഞ് പിറന്നുവീണപ്പോഴുണ്ടായ അനുഭൂതി മറക്കാനാവില്ല''- അവർ 'മാധ്യമ'ത്തോട് പറഞ്ഞു.
നേവിയിലെ ഉദ്യോഗസ്ഥനായ സുഭാഷാണ് സുബ്ഹാന് നാമകരണം ചെയ്തത്. 'പ്രളയപുത്രൻ' എന്നാണ് മകനെ കളിയായി ഈ മാതാവ് വിശേഷിപ്പിക്കുന്നത്. ബുദ്ധിയുറച്ചു കഴിഞ്ഞാൽ എല്ലാം അവനെ പറഞ്ഞു മനസ്സിലാക്കണം. മനുഷ്യസ്നേഹിയായി മകൻ വളരണമെന്നാണ് സാജിതയുടെ ആഗ്രഹം. മൊബൈൽ ഷോപ് നടത്തുകയാണ് ജബീൽ. മുഹമ്മദ് നഈം, മുഹമ്മദ് നുഐം എന്നീ രണ്ട് സഹോദരന്മാരുണ്ട് കുഞ്ഞു സുബ്ഹാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.