മല്ലിക തനേജയും തോഡാ ധ്യാൻ സേയും
text_fieldsഒരു നാടകത്തിനു വേണ്ട വേദിയോ സജ്ജീകരണങ്ങളോ ഇല്ലാത്ത അരങ്ങ്. ഒരു ഭാഗത്ത് കുറച്ച് തുണികൾ കൂട്ടിയിട്ടതായി കാണാം. ചുറ്റും കാണികളിരിക്കുന്ന ആ അരങ്ങിന്റെ നടുവിൽ വെളിച്ചം വീഴുമ്പോൾ അതിനു കീഴിൽ അവൾ നിൽക്കും, നൂൽബന്ധമില്ലാതെ. മല്ലിക തനേജയുടെ ‘തോഡാ ധ്യാൻ സേ’ എന്ന ഏകാംഗ നാടകം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ലോകത്തിൽ പല സ്ഥലങ്ങളിൽ ഇൗ നാടകം അവതരിപ്പിച്ചപ്പോഴും കാണികൾ നിശ്ശബ്ദരായി, ചിലർ നാണിച്ച് തല താഴ്ത്തി. മറ്റു ചിലർ അതിനുപോലും കഴിയാതെ സ്തബ്ധരായി. നഗ്നശരീരം കാണുമ്പോഴുണ്ടാകുന്ന അപകർഷതക്ക് എല്ലായിടത്തും ഒരേ മുഖമാണ്. മല്ലിക തെൻറ മുന്നിലിരിക്കുന്ന ഒാരോരുത്തരുടെയും കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞുതുടങ്ങും; തോഡാ ധ്യാൻ സേ, അൽപം ശ്രദ്ധയോടെ.
പെൺകുട്ടികൾ ഒാരോ തവണ വീടിനു പുറത്തിറങ്ങുമ്പോഴും കേൾക്കുന്ന നൂറുകണക്കിന് ഉപദേശങ്ങളെക്കുറിച്ച്. അവളെത്തന്നെ സുരക്ഷിതയാക്കാൻ എടുക്കേണ്ടിവന്ന മുൻകരുതലുകളെക്കുറിച്ച്. അവർ സഞ്ചരിക്കാതെ വിട്ട എളുപ്പവഴികളെക്കുറിച്ച്. ഇങ്ങനെ പറയവെ കൂട്ടിയിട്ട തുണികളിൽനിന്ന് ചിലത് എടുത്തുടുക്കുന്നത് കാണാം. ഒന്നിനുമേലെ ഒന്നായി ആ വേഷങ്ങൾ മുഴുവൻ ഉടുത്ത് കഴിയുമ്പോഴേക്കും കാണികൾക്ക് ശ്വാസംമുട്ടുംവിധം വീർത്തു കഴിഞ്ഞിരിക്കും മല്ലിക. ഒടുവിൽ തലയിൽ ഒരു ഹെൽമറ്റുകൂടി െവച്ചുകഴിയുമ്പോഴേക്കും സമൂഹം വേഷമായും ശാസനയായും ഉപേദശമായും പെൺകുട്ടികളിൽ അടിച്ചേൽപിക്കുന്ന സുരക്ഷാവലയം അവളെ എത്രത്തോളം ശ്വാസംമുട്ടിക്കുന്നുവെന്ന് വ്യക്തമാവും. രാജ്യം സന്ദർശിക്കാനെത്തുന്ന വിദേശി വനിതകൾക്ക് ഡൂസ് ആൻഡ് ഡോൺ ഡൂസ് ലിസ്റ്റ് നൽകിയ ടൂറിസം മന്ത്രിയുള്ള നമ്മുടെ രാജ്യവും ഇൗ നാടകത്തിന് അനുയോജ്യമായ തട്ടകംതന്നെ.
സംഗീതനാടക അക്കാദമി അവാർഡ് ജേതാവായ ബൻവാരി തനേജയുടെ മകളാണ് മല്ലിക തനേജ. കിറോറി മാൽ കോളജിൽ കെവൽ അറോറയുടെ ശിഷ്യയുമാണ്. അവിടെനിന്നാണ് കലയിലൂടെ ചോദ്യങ്ങൾ ചോദിക്കാൻ താൻ പഠിച്ചതെന്ന് മല്ലിക പറയുന്നു. തുടക്കത്തിൽ വളരെക്കുറച്ച് മിനിറ്റുകൾ മാത്രമുണ്ടായിരുന്ന ഇൗ നാടകം ടാഡ്പോൾ റിപ്പോർട്ടറിയിൽെവച്ചാണ് വികസിക്കുന്നത്. മായ കൃഷ്ണ റാവുവിനെപ്പോലുള്ളവരുടെ സഹായത്തിൽ വളർന്ന നാടകം പിന്നീട് സ്യൂറിക് തിയറ്ററിലടക്കം അനേകം വേദികളിൽ അവതരിപ്പിച്ചു. കേരളത്തിൽ രണ്ടുതവണ മല്ലിക ‘തോഡാ ധ്യാൻ സേ’യുമായി എത്തി. നാടകത്തിനൊടുവിൽ തനിക്ക് മുന്നിലിരിക്കുന്ന പെൺകുട്ടികളോടും ഇൗ നാടകം ഏറ്റെടുത്ത് അവതരിപ്പിക്കാൻ ആവശ്യെപ്പടുമ്പോൾ യഥാർഥ കലയുടെ ലക്ഷ്യം അവിടെ നിർവചിക്കപ്പെടുകയാണ്. ഡൽഹിയുടെ പൊതു ഇടങ്ങളിലേക്ക് നാടകത്തെ എത്തിക്കാൻവേണ്ടി മല്ലിക തുടങ്ങിെവച്ച പുതിയ സംരംഭമാണ് ലോസ്റ്റ് ആൻഡ് ഫൗണ്ട്. പ്രഫഷനും പാഷനും അപ്പുറത്ത് കലയെ രാഷ്ട്രീയ സാമൂഹിക ഉപകരണമായി കാണുന്ന ഇൗ കലാകാരി സംസാരിക്കുന്നു.
തോഡാ ധ്യാൻ സേ ചെയ്യാൻ പ്രേരിപ്പിച്ചതെന്തായിരുന്നു?
അഞ്ചുവർഷം മുമ്പാണ് തോഡാ ധ്യാൻ സേയെക്കുറിച്ച് ചിന്തിക്കുന്നത്. അന്ന് ബോംെബയിലെ ശക്തി മിൽ റേപ് കേസ് പുറത്തുവന്നപ്പോഴാണ് ഇങ്ങനെയൊരു നാടകം ചെയ്യണമെന്ന് മനസ്സിലുറപ്പിക്കുന്നത്. ശക്തി മിൽസ് കോമ്പൗണ്ടിനുള്ളിൽ സുഹൃത്തിനൊപ്പം പെട്ടുപോയ 22 വയസ്സുള്ള ഒരു ഫോേട്ടാ ജേണലിസ്റ്റിനെ ഒരു ജുവനൈലുൾെപ്പടെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച സംഭവമാണ് ശക്തി മിൽസ് റേപ് കേസ്.
ജനക്കൂട്ടത്തിന് മുന്നിൽ നഗ്നയായി നിൽക്കുമ്പോൾ എന്താണ് തോന്നാറ്? എന്തു തയാറെടുപ്പുകളാണ് ഇതിനായി നടത്തിയത്?
ഒരു കലാകാരി/കലാകാരൻ എടുക്കുന്ന ഏതു തരം റിസ്ക്കിനും അതിന്റേതായ തയാറെടുപ്പുകൾ ആവശ്യമാണ്. ഇൗ നാടകത്തിനു വേണ്ടി എനിക്ക് എന്റെ ശ്വാസഗതി പരമാവധി നിയന്ത്രിക്കേണ്ടതുണ്ടായിരുന്നു. പരമാവധി സ്വച്ഛമായ ശ്വാസഗതി നിലനിർത്തേണ്ടിയിരുന്നു. ബ്രീത്തിങ് എക്സർസൈസുകൾ തന്നെയാണ് പ്രധാന തയാറെടുപ്പ്.
പല സ്വഭാവക്കാരായ ആളുകൾക്കു മുന്നിൽ ഇൗ നാടകം അവതരിപ്പിക്കുമ്പോൾ എന്തായിരുന്നു വെല്ലുവിളികൾ? പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഉൗഹിക്കാൻ കഴിഞ്ഞിരുന്നോ? മറ്റു പല മാധ്യമങ്ങളും സെൻസർ ചെയ്യപ്പെടുന്ന അവസരത്തിൽ നാടകപ്രവർത്തക എന്നത് ഒരു അനുഗ്രഹമല്ലേ?
ആളുകൾ എങ്ങനെ പ്രതികരിക്കുെമന്നതിനെക്കുറിച്ചൊരു ഉൗഹവുമില്ലായിരുന്നു. പക്ഷേ, എല്ലാ സ്ഥലങ്ങളിലും ഹൃദ്യമായ സ്വീകരണമായിരുന്നു നാടകത്തിന് ലഭിച്ചത്. നാടകനടിയാവുക എന്നത് അങ്ങേയറ്റം വെല്ലുവിളികൾ ഉയർത്തുമ്പോഴും ഇതൊരു വല്യ സാധ്യതയായിത്തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം നാടകത്തിെൻറ അത്രയും പ്രേക്ഷകരോട് സംവദിക്കാൻ അവസരം തരുന്ന മറ്റൊരു ഫോം ഇല്ല. ആളുകൾക്ക് കൂട്ടമായി കഥകൾ ജീവിച്ചുതീർക്കാൻ പറ്റുന്നൊരിടമാണ് എനിക്ക് നാടകം.
അഞ്ചു വർഷമായി തോഡാ ധ്യാൻ സേയോടൊപ്പമുള്ള യാത്ര തുടങ്ങിയിട്ട്. അനുഭവങ്ങൾ പങ്കുവെക്കാമോ?
കലാകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഒരുപാട് വളരാൻ സാധിച്ചു. രാജ്യത്തിനകത്തും പുറത്തുമായി അനേകം യാത്രകൾ നടത്തി. എല്ലായിടത്തും സ്ത്രീകളുടെ പ്രശ്നങ്ങൾ സമാനമാണ്, ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും. ഒരു സ്ഥലത്തും സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലക്ഷ്യത്തിന്റെ ഏഴയലത്ത് എത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെയാണ് ഇൗ നാടകത്തിന് ലോകത്തിലെ എല്ലായിടങ്ങളിലും വലിയ സ്വീകരണം ലഭിച്ചത്. വെറും എട്ട് മിനിറ്റ് സ്കെച്ചിൽനിന്ന് 22 മിനിറ്റുള്ള നാടകമായി തോഡാ ധ്യാൻ സേ മാറിയതും ഇൗ യാത്രക്കിടയിലാണ്.
കേരളത്തിലെ പ്രേക്ഷകരെക്കുറിച്ച് എന്ത് തോന്നുന്നു?
അറിഞ്ഞിടത്തോളം കേരളത്തിൽ ആഴമേറിയ ലിംഗ അസമത്വങ്ങൾ ഉണ്ട്. എന്നിട്ടും രണ്ടുതവണ തോഡാ ധ്യാൻ സേ ക്ക് കേരളത്തിൽ വേദി ഒരുക്കിത്തന്നിരുന്നു. ഇൗ നാടകത്തെ അവർ നിറഞ്ഞ കൈയടികളോടെ തന്നെയാണ് സ്വീകരിച്ചത്. മലയാളി പ്രേക്ഷകർ എന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്.
സ്ത്രീകൾ ഇൗ നാടകം കാണുമ്പോൾ എന്താണ് പറയാറുള്ളത്? എന്തായിരിക്കും സ്ത്രീകൾക്ക് നേരെ ഇത്രയധികം ആക്രമണങ്ങൾക്കുള്ള കാരണം?
സ്ത്രീകളും ഇൗ നാടകവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. അവർ പലപ്പോഴും അവരെ തന്നെയും അവരുടെ ചിന്തകളെ തന്നെയുമായിരുന്നു നാടകത്തിലൂടെ കണ്ടത്. നമ്മുടെ ജനപ്രിയ മാധ്യമങ്ങളിലും കലകളിലും മറ്റും സ്ത്രീയെ ചിത്രീകരിക്കുന്നത് നമ്മുടെ പൊതുബോധത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും ഇൗ ആൺ നോട്ടമാണ് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത്.
നാടകത്തിൽ ഉപയോഗിച്ച വസ്ത്രങ്ങളുടെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി?
അത് പ്രേക്ഷകൻ വായിച്ചെടുക്കേണ്ടതാണ്. പറയാൻ ഞാൻ തയാറല്ല.
കലയെ സാമൂഹിക പരിഷ്കരണ ഉപകരണമാക്കാൻ കഴിയുമെന്ന വിശ്വാസമുേണ്ടാ?
മാറ്റത്തിനുള്ള വളരെ ശക്തമായ വാഹിനിയാണ് കല എന്ന് തന്നെ വിശ്വസിക്കുന്നു. ആളുകൾ സ്വീകരിക്കുന്നിടത്തോളം കാലം കലക്ക് ഒരുപാട് പ്രതിഫലനങ്ങളുണ്ടാക്കാൻ സാധിക്കും. ഇൗ കാലയളവിൽ നമ്മുടെ സമൂഹത്തിൽ സംഭവിച്ച സാംസ്കാരിക പരിഷ്കാരങ്ങൾക്ക് കലയും ഒരു കാരണമായിരുന്നല്ലോ.
‘തോഡാ ധ്യാൻ സേ’യെക്കുറിച്ച് കൂടുതൽ എന്താണ് പറയാനുള്ളത്?
നമ്മൾ കരുതിയിരിക്കേണ്ട ഒരുപാട് അവസരങ്ങൾ ഉണ്ടെങ്കിലും തോഡാ ധ്യാൻ സേ എന്ന് പരസ്പരം പറയുന്നത് നിർത്തേണ്ടിയിരിക്കുന്നു.
ഏകാന്തരമായ നാടക വേദികൾക്ക് (Theatre in alternate spaces) പ്രചാരമേറി വരുകയാണല്ലോ?
കലകൾ പ്രത്യേകിച്ചും പെർഫോമിങ് ആർട്ടുകൾ ജനാധിപത്യവത്കരിക്കുന്നതിൽ ഇത്തരം ബദൽ ഇടങ്ങൾക്ക് വല്യ പങ്കുണ്ട്. മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കലകളുടെ വളർച്ചക്കും ഇത് ഒരു കാരണമാകും. കുറച്ചുകൂടി രസകരമായ പ്രേക്ഷകരിലേക്കും ഇത് കലയെ എത്തിക്കും. ഇന്ന് ഒരുപാട് കലാകാരന്മാരിത് പരീക്ഷിച്ച് വിജയിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിച്ച ഒരു ആക്ട് ചെയ്തു. കാലിക പ്രസക്തിയുള്ള മറ്റൊരു വിഷയം തിരഞ്ഞെടുക്കുകയാണെങ്കിൽ എന്തായിരിക്കും?
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു എന്നെനിക്ക് തോന്നുന്നില്ല. എങ്കിലും വർണം, ജാതി, മതം തുടങ്ങി മറ്റ് പല വിഷയങ്ങളും ചർച്ചചെയ്യേണ്ടതാണ്. ഇവയെല്ലാം അന്യോന്യം കൂട്ടിമുട്ടുന്നിടങ്ങളാണ് ചർച്ചെചയ്യപ്പെടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.