സംതൃപ്തിയോടെ ദേവികുളത്തേക്ക്...
text_fieldsതൃശൂർ ജില്ലയിലെ അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥയാണ് സബ് കലക്ടർ ഡോ. രേണു രാജ്. പുതിയ തട്ടകമായ ദേവികുളത്തേക്ക് സ്ഥലം മാറുമ്പോൾ സാംസ്കാരിക നഗരത്തിൽ ചെലവഴിച്ച നാളുകളെ കുറിച്ചും അവിടത്തെ ജനങ്ങളെ കുറിച്ചുമുള്ള ഒാർമ്മകൾ അവർ പങ്കുവെക്കുന്നു...
സബ്കലക്ടറായി തൃശൂരെത്തി കൃത്യം ഒരു വർഷമാകുമ്പോഴാണ് ദേവീകുളത്തേക്ക് സ്ഥലം മാറ്റം. സബ്കലക്ടറെന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തയാണോ?
ഈ ഒരു വർഷം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. റവന്യൂ വകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ലോ ആൻഡ് ഓർഡർ കാര്യങ്ങളിലും കൾച്ചറൽ ആക്ടിവിറ്റീസിലും തുടങ്ങി എല്ലാ മേഖലകളിലും ഇടപെടാൻ കഴിയുന്ന നല്ല അനുഭവായിരുന്നു.
എല്ലാ പ്രദേശത്തിനും അതിന്‍റേതായ പ്രത്യേകതകൾ ഉണ്ടാകാം. ഇതെല്ലാം ചലഞ്ച് ആയി എടുക്കാനും അവസരങ്ങളായി ഉപയോഗിക്കാൻ കഴിയുമോ എന്നുമാണ് ആലോചിക്കേണ്ടത്. പ്രശ്നങ്ങളുടെ പ്രത്യേകത കൊണ്ടും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും വളരെ വ്യത്യസ്തമായ സ്ഥലമാണ് ദേവീകുളം. മലയോര മേഖലയാണ്. അവിടുത്തെ ആളുകൾക്കും വ്യത്യസ്തതയുണ്ടാകാം. കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സമയം എടുക്കുമെങ്കിലും അവിടെയും എനിക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അല്ലാതെ ഭയമൊന്നുമില്ല.
താങ്കൾ ഏറ്റവുമധികം പ്രശംസ പിടിച്ചു പറ്റിയ നടപടിയായിരുന്നു വടക്കാഞ്ചേരിക്കടുത്തുള്ള വാഴക്കോട്ടെ അനധികൃത ക്വാറിക്കെതിരെയുള്ളത്. അതിലേക്ക് വന്നത് എങ്ങനെയാണ്?
വടക്കാഞ്ചേരി, മുള്ളൂർക്കര ഭാഗത്തുള്ള അനധികൃത ക്വാറികളെക്കുറിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ നിജസ്ഥിതി അന്വേഷിക്കാനാണ് അവിടെയെത്തിയത്. ഇക്കാര്യം പരിശോധിക്കാൻ അതിരാവിലെ പോകുമ്പോൾ, വഴിയിൽ വെച്ചുതന്നെ കല്ലുകളുമായി പോകുന്ന കുറേ ലോറികൾ കണ്ടു. ഇതിന്‍റെ സ്രോതസ് അന്വേഷിച്ച് ചെന്നപ്പോഴാണ് ക്വാറി കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി മനസിലായപ്പോൾ തന്നെ സ്ഥലം എസ്.ഐയെ വിളിച്ച് ക്വാറി അടച്ചുപൂട്ടാൻ നിർദേശം കൊടുക്കുകയായിരുന്നു.
അപ്പോൾ അതേക്കുറിച്ച് അറിയാമായിരുന്നില്ല. നിയമത്തിന്‍റെ മുന്നിൽ ഇത്തരം രാഷ്ട്രീയകാര്യങ്ങൾക്കൊന്നും പ്രസക്തിയില്ലല്ലോ.
ദേവികുളത്തും ഇത്തരത്തിലുള്ള ഇടപെടലുകൾ പ്രതീക്ഷിക്കാമോ?
സ്ഥലം ആവശ്യപ്പെടുന്ന ഇടപെടലുകൾ തീർച്ചയായും നടത്തും. നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട് എന്നറിഞ്ഞാൽ തീർച്ചയായും ഇടപെടും.
നേരത്തയും ബന്ധമുള്ള സ്ഥലമാണല്ലോ തൃശൂർ. സബ്കലക്ടറായതിനു ശേഷമുള്ള അനുഭവം എന്തായിരുന്നു?
തൃശൂർ വളരെ നല്ല സ്ഥലമാണ്. രണ്ടുവർഷം പഠിക്കാൻ വേണ്ടി ഇവിടെ താമസിച്ചിരുന്നു. പ്ലസ് വൺ, പ്ലസ് ടു പഠിച്ചത് സേക്രഡ് ഹാർട്ടിലാണ്. പി.സി തോമസിന്‍റെയടുത്ത് കോച്ചിങ്ങിനും പോയിരുന്നു. കുറച്ചുസ്ഥലങ്ങളൊക്കെ പരിചയമുണ്ടായിരുന്നു. കൾച്ചറലി ആക്ടീവ് ആയ സ്ഥലമാണ്. ഒരുപാട് പരിപാടികൾ, സമ്മേളനങ്ങൾ, സംവാദങ്ങൾ, സാംസ്ക്കാരിക പരിപാടികളും നടക്കുന്ന സ്ഥലം.
പൊതുജനങ്ങളും വളരെ നല്ല ആൾക്കാരാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുറേയധികം പേർ പങ്കെടുത്തിരുന്നു. നല്ല അനുഭവമായിരുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മറ്റും യുവജനങ്ങളുടെ പങ്കാളിത്തമാണ് എടുത്തു പറയേണ്ട വസ്തുത. വയോജനദിനത്തിനും കോളജിലേയും മറ്റും കുട്ടികൾ പങ്കെടുത്തു. ഒറ്റക്ക് ഒരാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സഹപ്രവർത്തകരുടേയും മേലുദ്യോഗസ്ഥരുടേയും സപ്പോർട്ട് കൊണ്ടാണ് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത്.
സാംസ്ക്കാരിക തലസ്ഥാനത്ത് ഒരു നർത്തകി സബ്കലക്ടറായി എത്തിയപ്പോൾ കൂടുതൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതായി തോന്നിയോ?
ഞാൻ സബ്കലക്ടർ ആയ സമയത്ത് തന്നെ തൃശൂരിൽ സംസ്ഥാന കലോത്സവം വന്നു എന്നുള്ളത് ഭാഗ്യമാണ്. അത് നല്ലൊരു അവസരവുമായിരുന്നു. കലോത്സവങ്ങളിൽ പങ്കെടുക്കുന്ന ആൾ എന്ന നിലയിൽ കുറേക്കൂടി ഇൻവോൾവ് ചെയ്യാനും നന്നായി പ്രവർത്തിക്കാനും കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.