ടോക്യോയിലെ റമദാൻ രാവുകൾ
text_fieldsലോകത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരം, തിരക്കേറിയ റെയിൽവേ സ്റ്റേഷൻ, ഏറ്റവും വേഗതയേറിയ ട്രെയിൻ ശൃംഖല, മികച് ച പൊതുഗതാഗതം, സോണി, ടൊയോട്ട, കാനോൺ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആസ്ഥാനം. ഒരാധുനിക നഗരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉൾകൊണ്ട, സാങ്കേതികവിദ്യയിൽ ലോകത്തിനു മുമ്പേ സഞ്ചരിച്ച ടോക്കിയോ നഗരം ലോകത്തേതൊരു നഗരത്തെ പോലെ റമദാനിനെ ഏറ്റുവാങ്ങിയിരിക്കുകയാണ്.
ഇൗയുള്ളവൻ ഇവിടെ എത്തിയിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു. മുൻപരിചയമില്ലാത്ത കാര്യങ്ങൾ കണ്ടുംകേട്ടും അനുഭവിച്ചും അമ്പരപ്പ് ഏറെകുറെ മാറിത്തുടങ്ങി. കൃത്യനിഷ്ഠത, അച്ചടക്കം, ഉത്തരവാദിത്ത ബോധം, പരസ്പര ബഹുമാനം തുടങ്ങിയ ഒരു സംസ്കാരത്തെ നീതിപൂർവം മുന്നോട്ട് നയിക്കാനാവശ്യമായ എല്ലാ മാനുഷിക ഗുണങ്ങളും അലിഞ്ഞു ചേർന്ന സമൂഹം. രണ്ട് അണു ബോംബുകൾ ചവച്ചുതുപ്പിയ ശേഷിപ്പുകളിൽ നിന്ന് വിസ്മയാവഹം ഉയിർത്തെഴുനേറ്റ ജനത. ഇവരുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ സംഗതി എന്താണെന്ന് ചോദിച്ചാൽ നിസ്സംശയത്തോടെ പറയാൻ സാധിക്കും, അത് ഇൗ ജനം ഓരോ മനുഷ്യരെയും പരിഗണിക്കുന്ന മാനസിക രീതിയാണ്.
ദേശം, ലിംഗം, പ്രായം, തൊഴിൽ, നിറം, മതഭേദമന്യെ അപരെൻറ അന്തസ്സ്, സ്വകാര്യത, സമയം എന്നിവ ഇവർ അങ്ങേയറ്റം ആദരവോടെ കാണുന്നു. എത്രത്തോളമെന്നാൽ, ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ഒരു വാഹനത്തിെൻറ മുന്നിലൂടെ റോഡ്മുറിച്ചു കടക്കുന്നവർ, നന്ദി സൂചകമായി ഡ്രൈവറോട് തലകുനിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. ‘ഞാനാദ്യം’ എന്ന ചിന്ത ആരിലും ഉദിക്കുന്നേയില്ല. ക്യൂ എല്ലായിടത്തും പാലിക്കപെടുന്നു. കാഴ്ചശേഷിയില്ലാത്തവർക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാൻ വേണ്ടി ലോകത്താദ്യമായി നിരത്തുകൾ അവതരിച്ചത് ജപ്പാനിലാണ് എന്ന കാര്യം കൂടി ചേർത്ത് വായിക്കണം. എന്നിരുന്നാലും മറ്റേതു നഗരത്തെ പോലെ ഉന്മാദ തെരുവകളും ചൂതാട്ട കേന്ദ്രങ്ങളും ഇവിടെയും ഒരുപാടുണ്ട്.
ഒരു അഗോള നഗരത്തിെൻറ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുകയും, അതേസമയം ജാപ്പനീസ് അല്ലാത്ത ഒരു ഭാഷ ബഹുഭൂരിപക്ഷത്തിനു വശമില്ലാതിരിക്കുകയും ചെയുന്നു എന്നത് എന്നെകുറെ വിഷമിപ്പിച്ചു. പിന്നെങ്ങനെ ഈ നഗരം ഇത്ര ആഗോളമായി എന്ന സംശയം ഉയരുന്നതിന് ആരെയും കുറ്റം പറയാവുന്നതല്ല. ജാപ്പനീസിെൻറ എ.ബി.സി.ഡി പോലുമറിയാത്ത എന്നെ പോലുള്ള ആളുകൾ ഇവിടെ എങ്ങനെ അതിജീവിക്കുന്നു എന്ന സാഹസികവും എന്നാൽ വളരെ രസകരവുമായ ദൈനംദിന അനുഭവങ്ങളാണ്.
എന്നെ സംബന്ധിച്ച കുറച്ചു കൂടി ഗൗരവമേറിയതാണ് പിന്നെയുള്ള ഒരുകാര്യം. വളരെ ഒറ്റപ്പെട്ട സാമൂഹിക ജീവിതം നയിക്കുന്ന ഇവർ മറ്റൊരാളുടെ ഒരു കാര്യത്തിലും സമ്മതമില്ലാതെ ഇടപെടാറില്ല. അതുകൊണ്ടു തന്നെ ഒരു ശരാശരി മലയാളിലെ പിന്നോട്ട് നയിക്കുന്ന "നാട്ടാരെന്തു വിചാരിക്കും" എന്ന ചോദ്യം തന്നെ ഇവിടെ ഉയരുന്നില്ല. ഒരുനിലക്ക് നോക്കുമ്പോൾ വളരെ പുരോഗമനപരമായ കാര്യം. പക്ഷേ, ദിവസങ്ങളോളം ഒരാളോട് പോലും സംസാരിക്കാതെ ജീവിച്ചു തീർക്കുന്നവരുടെ മാനസിക സഘർഷം വളരെ ഭീകരമായിരിക്കില്ലേ? ഈ ഏകാന്തതയുടെ ഇരുട്ട് ഇവിടെ ജീവിക്കുന്ന ഓരോരുത്തരിലും ഏറിയും കുറഞ്ഞും പ്രതിഫലിച്ചു കൊണ്ടിരിക്കും. നാട്ടിലോട്ടുള്ള ഫോൺവിളിയും കോഴിക്കോട്ടും കൊണ്ടോട്ടിയിലുമുള്ള ക്യാമ്പസിലെ സുഹൃത്തുക്കളും പിന്നെ മലയാളി അസോസിയേഷൻ 'നിഹോൺ കൈരളിയും' ഒക്കെ ആയി ഞാൻ അങ്ങനെ മുന്നോട്ട് പോകുന്നു. അപ്പോഴും നോമ്പ് എങ്ങനെയെന്ന ചോദ്യം എെൻറ മനസിൽ ബാക്കിയായിരുന്നു.
18 കിലോമീറ്റർ അകലെ, അര മുക്കാൽ മണിക്കൂർ ട്രെയിൻ ദൂരത്തുള്ള ടോക്കിയോ ജാമി (Camii) എന്നറിയപ്പെടുന്ന, എനിക്ക് ഏറ്റവും അടുത്തുള്ള പള്ളിയിലാണ് ആഴ്ചതോറുമുള്ള ജുംഅ നമസ്കാര കേന്ദ്രം. തുർക്കിഷ് എംബസ്സിയുടെ സഹകരണത്തോടെ, തുർക്കിഷ് സാംസ്കാരിക കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന അതിമനോഹരമായ പള്ളി, 1938ൽ റഷ്യയിൽ നിന്ന് കുടിയേറിയ ഏതാനും തുർക്കിക്കാരാൽ പണി കഴിപ്പിക്കപ്പെട്ടതാണ്. ഓട്ടോമൻ വസ്തു മാതൃകയിൽ വെള്ള മാർബിളിൽ പൊതിഞ്ഞ, ഇസ്ലാമിക പൈതൃകം വിളിച്ചോതുന്ന ഈ സൗധം, ഇവിടുത്തെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. വർണങ്ങളോട് കൂടിയ ചില്ല് ജാലകങ്ങളും അറബിക്കാലിഗ്രാഫിയിൽ തീർത്ത ചുമരുകളും കാണാൻ വിശ്വാസ ഭേദമന്യേ ഒരുപാടാളുകളാണ് ഇവിടെ സന്ദർശകരായി എത്താറുള്ളത്. അതിനു പുറമെ പ്രാർഥനക്കെത്തുന്ന വിശ്വാസികളും സെൽഫി എടുത്താണ് സ്ഥലംവിടാറ്.
നമ്മുടെ നാട്ടിൽ തീരെ പരിചയമില്ലാത്ത മിമ്പർ ഘടനയാണ് എടുത്തു പറയേണ്ട മറ്റൊരു പ്രധാന ആകർഷണം. ഏറ്റവും മുന്നിലെ നിരയിൽ ഇമാം നിൽക്കുന്നതിെൻറ വലതു ഭാഗത്തായി കവാടത്തോടു കൂടി വീതി കുറഞ്ഞ പത്തോളം കോണിപ്പടികൾ, അതാണ് ഓട്ടോമൻ മാതൃകയിലുള്ള പള്ളികളുടെ മിമ്പർ. പള്ളിയോെടാപ്പം ഒരു വലിയ ഹാൾ, ഒരു ചെറിയ എക്സിബിഷൻ സെന്‍റർ, ഹലാൽ സ്റ്റോർ അടങ്ങിയതാണ് ഈ തുർക്കിഷ് സാംസ്കാരിക കേന്ദ്രം. അറബിയും ഖുർആനും പഠിക്കാനുള്ള സൗകര്യം സൗജന്യമായി തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇതുവരെ വായിച്ചും കേട്ടും മാത്രം പരിചയമുള്ള ഇസ്ലാമിെൻറ മാനവികതയും സഹോദര്യവും നേരിട്ടനുഭവിക്കാൻ സാധിക്കുന്നു എന്നതാണ് ഇത്തരം പള്ളികളിലെ ഒത്തുകൂടലിലൂടെ സാധ്യമാകുന്നത്. ഇന്തോനേഷ്യ, തുർക്കി, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരാണ് ഇവിടെ പ്രാർഥനക്കെത്തുന്നവരിൽ ബഹുഭൂരിപക്ഷവും. ഉത്തരാഫ്രിക്ക, യൂറോപ് തുടങ്ങിയ രാജ്യക്കാരും ഇവിടെ വരുന്നവരിൽപെടും. ജുംഅക്ക് ശേഷമുള്ള ലഘുഭക്ഷണവും ‘സൊറ’ പറച്ചിലും ഓരോരുത്തരുടെയും മനസ്സിനെ വിശാലമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
ഇക്കാരണങ്ങളാൽ തന്നെ ഇന്ത്യക്കു പുറത്തുള്ള എെൻറ ആദ്യ നോമ്പു കാലവും ഈ പള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. റമദാൻ അടുക്കുേമ്പാൾ വ്രതാരഭം എങ്ങനെ അറിയും എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. നോമ്പാണോ എന്നറിയാൻ തലേന്ന് രാത്രി വരെ കാത്തിരിക്കുന്ന 'സംവിധാന'ത്തിെൻറ പോരായ്മ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന സമയം. പത്തോളം വർഷമായി, ഇവിടുത്തുകാരനായി ജീവിക്കുന്ന, ജപ്പാൻ റുഹിയ്യത് അൽ ഹിലാൽ കമ്മിറ്റിയിലെ അംഗമായ ഒരു കോഴിക്കോടുകാരൻ സുഹൃത്തിനെ വിളിച്ചന്വേഷിച്ചു. സവിശേഷമായ ജിയോ ലൊക്കേഷൻ അനുസരിച്ച് ഹിലാൽ പിറവി കാണാനുള്ള സാധ്യത ജപ്പാനിൽ തീരെയില്ലെന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ ഇവിടുത്തെ ഹിലാൽ കമ്മിറ്റി ഇന്തോനേഷ്യയിലെ ഹിലാൽ പിറവിക്കനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അവർ ഇന്തോനേഷ്യയിൽ നിന്നുള്ള വിളിക്ക് കാത്ത് നിൽക്കുകയാണ്.
തുർക്കിയിലെ ഹിജ്റ കലണ്ടറനുസരിച്ചാണ്, തുർക്കി ജാമിയിൽ നോമ്പും പെരുന്നാളുമൊക്കെ. അതു കൊണ്ടു തന്നെ റമദാൻ വ്രതാരംഭവും പെരുന്നാൾ ദിനങ്ങൾക്ക് മുൻമ്പ്് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അതോടപ്പം ദിവസവും നടക്കുന്ന 400 പേർക്കുള്ള ഇഫ്താർ സംഗമത്തിെൻറ കാര്യം കൂടി ഖത്തീബ് റമദാനിലെ മുമ്പത്തെ അവസാന ജുംഅയിൽ അറിയിക്കുകയും ചെയ്തതോടെ ഞാൻ ഒരു മുഴുനീളെ 'തുർക്കി മുസ്ലിം' ആയിമാറി.
റമദാൻ നേരത്തെ നിശ്ചയിച്ച പ്രകാരം, മെയ് ആറിന് ഇവരോടപ്പം തന്നെ തുടങ്ങാൻ ഞാൻ തീരുമാനിച്ചു. ഞാനെെൻറ ഓഫീസ്ടൈം റീഷെഡ്യൂൾ ചെയ്ത് വൈകുന്നേരം അഞ്ചു മണിവരെ ആക്കി. ഇഫ്താറിന് ഒരു മണിക്കൂർ മുമ്പെങ്കിലും പള്ളിയിലോെട്ടത്താന് ഇങ്ങനെ ചെയ്തത്. ഏകദേശം15 മിനിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തം. അടുത്ത 15 മിനിട്ട് സ്പെഷ്യൽ എക്സ്പ്രസ് അല്ലെങ്കിൽ സെമി സ്പെഷ്യൽ എക്സ്പ്രസ് മെട്രോ ട്രെയിനിൽ, പിന്നീട് ഒരു 15 മിനിട്ട് കൂടി നടന്നിട്ട് വേണം അവിടെയെത്താൻ. ഈ നടത്തത്തിെൻറ മുക്കാൽ ഭാഗവും റോഡ് സൈഡിലുള്ള ഒരു പാർക്കിലൂടെ ആയതിനാൽ നടത്തം വളരെ ആയാസ രഹിതമായിരുന്നു.
വുളുവെടുത്തു പള്ളിയിൽ പ്രവേശിച്ച എന്നെ സ്വീകരിച്ചത് ഇമാമിെൻറ ഹൃദ്യമായ ഖുർആൻ പാരായണമായിരുന്നു. തറാവീഹ് നിന്നായിരുന്നു അത്. ബാങ്ക് കൊടുക്കുന്നതു വരെ അദ്ദേഹം പാരായണം തുടർന്നു കൊണ്ടിരുന്നു. ഞാൻ ചുറ്റും നോക്കി, പ്രായഭേദമെന്യേ വിവധ രാജ്യങ്ങളിൽ നിന്നുള്ളവർ. ഏറ്റവും പിറകിലെ നിരയിൽ സ്ത്രീകളും അവക്കിടയിലൂടെ ഓടികളിക്കുന്ന കുട്ടികളും. അപ്പോഴാണ് പ്രവേശന കവാടത്തിനരികെ, പള്ളിക്കുള്ളിൽ പ്രവേശിക്കുന്ന മുസ് ലിം, അമുസ്ലിം സ്ത്രീകൾക്ക് ഉപയോഗിക്കാൻ അടുക്കിവെച്ചിരിക്കുന്ന ഹിജാബുകളും, തൂക്കിയിട്ടിരിക്കുന്ന പർദ്ദ പോലെയുള്ള വസ്ത്രങ്ങളും ശ്രദ്ധിച്ചത്. ഞാനോർത്തു, എത്ര തരത്തിലുള്ള ആൾക്കാരെയാണ് ഈ പള്ളി ഉൾക്കൊള്ളുന്നത്. എല്ലാവരെയും ഒരേ പോലെ സ്വീകരിക്കുന്നു. ഇസ്ലാമിനെയും ഇസ് ലാമിക ചിഹ്നങ്ങളെയും അറിയാനുള്ള അവസരം ഒരുക്കികൊടുക്കുന്നു.
നോമ്പ് തുറക്കാൻ സമയമടുത്തപ്പോൾ എല്ലാവരും പുറത്തിറങ്ങി അവിടെ ഒരുക്കിയിരുന്ന പേപ്പർ ഗ്ലാസ്സിലൊഴിച്ചു വെച്ചിരിക്കുന്ന വെള്ളവും ഈത്തപ്പഴവും കൈയ്യിലെടുത്തു പ്രാർഥനയോടെ ബാങ്കിന് കാതോർത്തിരുന്നു. വില കൂടിയ പഴവർഗങ്ങൾ. ഒന്നും നോമ്പ് തുറയുടെ ഭാഗമല്ലാത്തത് സ്വാഭാവികം. മഗ് രിബ് നമസ്കാരത്തിന് ശേഷം എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിലോട്ട് പതുക്കെ നീങ്ങുകയാണ്. അവിടെയാണ് ഇഫ്താർ ഒരുക്കിയിട്ടുള്ളത്. നിരനിരയായി ഇടതുവശം ചേർന്ന് ആണുങ്ങളെല്ലാരും കോണിപ്പടികളിറങ്ങുന്നു. സ്ത്രീകൾ വലതുവശം ഇറങ്ങി പുതിയനിരയുണ്ടാകുന്നു. ഏകദേശം നാന്നൂറിലധികം ആളുകളുണ്ടാകും. എെൻറ തൊട്ടുപിറകിൽ നിൽക്കുന്ന, 25 വയസ് തോന്നിക്കുന്ന, ഒരു ഇന്തോനേഷ്യകാരൻ എെൻറ പേരും ഊരും ചോദിച്ചു. ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ, അടുത്ത ചോദ്യം, " ഇന്ത്യയിൽ ഹിന്ദു - മുസ് ലിം സംഘർഷം കൂടുതലാണല്ലേ?". കിട്ടിയ അവസരം മുതലെടുത്ത് എനിക്കറിയാവുന്ന വർത്തമാന രാഷ്ട്രീയ സാഹചര്യങ്ങൾ ഞാൻ വിശദീകരിക്കാൻ തുടങ്ങി. കേരളിത്തിലെ മുസ് ലിം ജീവിതങ്ങളും ഇടക്ക് കയറിവന്നു.
പിന്നാലെ ഭക്ഷണത്തിലേക്ക്. തടിച്ചു പൊക്കമുള്ള ഒരു തുർക്കിക്കാരൻ, ഭക്ഷണം വിളമ്പാനുപയോഗിക്കുന്ന നാലു കള്ളികളുള്ള ട്രേ, സ്പൂണിെൻറ കൂടെവരിയിൽ നിൽക്കുന്ന ഓരോരുത്തർക്കും കൊടുത്തു കൊണ്ടിരിക്കുന്നു. ഭക്ഷണം വിളമ്പുന്നവരും ഇവർ തന്നെ. എന്നാൽ വരി നിയന്ത്രികുന്നത് ഒരു മെലിഞ്ഞ പാകിസ്താനിയാണ്. ഒലിവുഓയിൽ ചേർത്ത് വേവിച്ച ചോർ, ബീഫ് കറി, സാലഡ്, ഒരുതരം മധുരപാനീയം എന്നിവ കൊണ്ട് ട്രേ നിറച്ചതിനു ശേഷം ഞാൻ ഹാളിലേക്ക് പ്രവേശിച്ചു. 12 പേർക്കിരിക്കാവുന്ന, വൃത്താകൃതിയുലുള്ള ഇരുപതോളം മേശയും അതിനു ചുറ്റും കസേരകളും. അതിൽ ആളുകളും കൊണ്ട് ഹാൾ നിറഞ്ഞിരുന്നു. നടുവിൽ നീളത്തിലുള്ള മൂന്ന് മേശകളും അതിനോടപ്പം ചേർന്നുള്ള കസേരകളും കൊണ്ട് ഹാളിനെ രണ്ടു ഭാഗങ്ങളാക്കിയിട്ടുണ്ട്. ആണുങ്ങൾ ഒരുഭാഗത്തും പെണ്ണുങ്ങൾ മറുഭാഗത്തും. ഒരുമിച്ച് കഴിക്കേണ്ടവർ ഈമേശക്ക് അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുന്നുണ്ട്.
ഓരോ മേശയുടെയും മധ്യത്തിൽ ആവശ്യത്തിന് പേപ്പർ ഗ്ലാസുകളും വെള്ളകുപ്പികളും പിന്നെ ഒരു ബോക്സ് ടിഷ്യുപേപ്പർ, ഒരു പ്ലേറ്റ് ഈത്തപ്പഴം എന്നിവ വെച്ചത് ശ്രദ്ധിക്കുന്നിടക്ക് ഒരു ഒഴിഞ്ഞ കസേര എനിക്കും കിട്ടി. ഒരു പാകിസ്താനിയും ഇംഗ്ലണ്ടുകാരനും അപ്പുറത്തായി സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇന്തോനേഷ്യ, തുർക്കി രാജ്യക്കാരും എെൻറ മേശക്കപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. പാകിസ്താനി െഎ.ടി എഞ്ചിനീയറാണ്. ദുബൈയിൽ ജോലി ചെയ്യുന്ന കാലത്ത് പരിചയപ്പെട്ട ഒരു ജപ്പാനീസ് യുവതിയെയും കെട്ടി ജപ്പാനിൽ സ്ഥിര താമസമാക്കിയ വിദ്വാനാണ് അദ്ദേഹം.
ഇശാ നമസ്കാരത്തിന് ഇനിയുമുണ്ട് അൻപതു മിനിട്ടോളം. പുറത്തു നല്ല കാറ്റ് വീശുന്നതിനാലും ഞാൻ പള്ളിയുടെ ഉള്ളിൽ കയറി ചുമരിലുള്ള കാലിഗ്രഫി ആസ്വദിച്ചിരിപ്പായി. ചിലർ ഫോണിൽ നോക്കി കൊണ്ടിരിക്കുന്നു. ചിലർ പരസ്പരം സംസാരിച്ചിരിക്കുന്നു, മറ്റു ചിലർ ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കുന്നു. ഏറ്റവും കുളിരു നൽകുന്ന കാഴ്ച അതൊന്നുമല്ല. പരസ്പരം നന്മ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ഭർത്താവും ഭാര്യയും. അവർക്കു ചുറ്റും ഓടി കളിക്കുന്ന കുട്ടികളും. ഇതൊരു പള്ളിയുടെ അകത്തളത്തിലാണെന്ന കാര്യം വായനക്കാർ മറന്നു പോകരുത്. എത്ര സുന്ദരമാണ് ഇസ്ലാം!
ഒറ്റനോട്ടത്തിൽ പാശ്ച്യാത്യർ എന്ന് േതാന്നിക്കുന്ന രണ്ടു പേരുടെ മേൽ എെൻറ ശ്രദ്ധ പതിഞ്ഞു. അതിലൊരാൾ വളരെ താൽപര്യത്തോടെ പ്രവാചകെൻറയും നാല് ഖുലഫായി റാശിദുകളുടെയും കാലിഗ്രഫിയിലെഴുതിയ പേരുകൾ ചൂണ്ടികൊണ്ട് ഓരോരുത്തരെയും പരിചയപ്പെടുത്തി കൊടുക്കുകയാണ്. രണ്ടാമത്തെ ആൾ അതൊക്കെ ഉത്സാഹപൂർവം ശ്രവിച്ചു കൊണ്ട് കാമറയിൽ പകർത്തുന്നു. ഇടക്കെന്തോ സംശയവും ചോദിക്കുന്നുണ്ട്.
അപ്പോഴാണ് ഇശാ നമസ്കാരസമയത്തിനു 20 മിനിട്ട് മുമ്പേ നമ്മുടെ ഇമാം പള്ളിയിലേക്കു കയറി വന്നു, കൂടെ കുറച്ചു പേരും പിന്നെ ഒരു ജാപ്പനീസ് യുവതിയും. ഏറ്റവും മുന്നിലെ സ്വഫിൽ അവർ മുഖാമുഖം ഇരുന്നു. കൂടെയുള്ളവർ ചുറ്റിനും. എനിക്കിതുവരെ കാണാൻ ഭാഗ്യമുണ്ടാകാത്ത ഒരു കാര്യം ഞാൻ ആ നിമിഷം സാക്ഷ്യം വഹിക്കാൻ പോവുകയായിരുന്നു. ഇമാം പറയുന്നത് ഒരു ട്രാൻസ്ലേറ്റർ മുഖാന്തരം ആ യുവതി ശ്രവിച്ചു കൊണ്ടിരുന്നു. പിന്നീടദ്ദേഹം രണ്ട് പ്രാവശ്യം കലിമ ചെല്ലിക്കൊടുത്തു, അവരത് ഏറ്റുപറയുന്നു. തുടർന്ന് തക്ബീർ ധ്വനികൾ കൊണ്ട് പള്ളിയുടെ അന്തരംഗം നിറഞ്ഞു. അതെ, ജീവിതത്തിലാദ്യമായി ഒരാളുടെ ഇസ്ലാം ആശ്ലേഷണത്തിനു ഞാൻ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഖുർആനും മറ്റു പുസ്തകങ്ങളുമടങ്ങിയ ഒരു പേപ്പർ ക്യാരിബാഗ് കൂടി യുവതിക്ക് സമ്മാനിക്കപ്പെട്ടതോടെ ആ കാഴ്ചക്കും വിരാമമായി.
(ടോകിയോ ചോഫു യൂണിവേഴ്സിറ്റി ഒാഫ് ഇലക്േട്രാ കമ്യൂണിക്കേഷനിലെ ഭൗതിക ശാസ്ത്ര ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.