ആ ചിത്രങ്ങളിൽ നിങ്ങൾ മരിക്കുന്നില്ല യാനിസ്...
text_fieldsഒരുപാട് വാക്കുകൾക്കു പകരം ഒരു ചിത്രം മതി ലോകത്തോട് ഒത്തിരിക്കാര്യങ്ങൾ ഒട്ടേറെക്കാല ം സംസാരിക്കാൻ. യാനിസ് ബെഹ്റാകിസിന്റെ ചിത്രങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ 30 വർഷങ്ങള ായി. ലോകത്തിന്റെ അതിസുന്ദരമായ കാഴ്ചകളിലൊന്നും ഉടക്കിനിന്ന് നേരം കളയാത്തൊരു ക്യാമറയും തൂക്കി അയാൾ കടന്ന ുചെന്നതൊക്കെയും മനുഷ്യദുരിതങ്ങളുടെ ചാവുനിലങ്ങളിലേക്കായിരുന്നു. യുദ്ധങ്ങളും പലായനങ്ങളും പലപാട് കണ്ട യാനി സ് 58ാമത്തെ വയസ്സിൽ അർബുദത്തോട് പൊരുതി ജയിക്കാനാവാതെ ഈ ലോകത്തിൽനിന്ന് മായുമ്പോൾ ആ ചിത്രങ്ങൾ ഇനിയുള്ള കാലം അതിവാചാലമായി സംസാരിച്ചുകൊണ്ടേയിരിക്കും.
യുദ്ധമെന്ന് പേരിടുന്നില്ലെങ്കിലും അതിന്റെ കെടുതികൾ പല ദേശങ്ങളിലൂടെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നുവെന്ന് റോയിട്ടർ വാർത്താ ഏജൻസിക്കുവേണ്ടി പകർത്തിയ ചിത്രങ്ങളിലൂട െ യാനിസ് പറഞ്ഞുകൊണ്ടേയിരുന്നു. അശാന്തമായ സിറിയയുടെ മണ്ണിൽ നിന്ന് ജീവനും വാരിപ്പിടിച്ച് ഗ്രീക്കിന് റെ അതിർത്തി ദേശമായ മാസിഡോണിയയിലെ വിശാലമായ റോഡിലൂടെ കൊടും മഴയിൽ നടന്നുവരുന്ന അഭയാർത്ഥിയായ പിതാവിന്റ െയും അയാൾ വാരിപ്പിടിച്ചിരിക്കുന്ന കുഞ്ഞു മകളുടെയും ചിത്രം മതി യാനിസിനെ ലോകം എക്കാലവും ഓർത്തിരിക്കാൻ. സ്വന് തം നെഞ്ചിൽ നനഞ്ഞൊട്ടി കിടക്കുന്ന കുഞ്ഞിനെ, വഴിയിലെങ്ങും വീണ് മരിച്ചുപോയില്ലല്ലോ എന്ന ആശ്വാസത്തിൽ അമർത്തി ചുംബിക്കുന്ന ആ പിതാവിൽ ഈ ലോകത്തിന്റെ മുഴുവൻ വേദനകളും ഒറ്റ ഫ്രെയിമിൽ ഒത്തുചേർന്നിരിക്കുന്നു. വയലൻസിന്റെ വിദൂരദൃശ്യങ്ങൾ പോലും പതിയാത്ത ആ ചിത്രം മതി സിറിയ എന്ന ദേശത്തിന്റെ കരളലിയുന്ന വാർത്തകളെ ലോകമെങ്ങുമെത്തിക്കാൻ.
അടിക്കുറിപ്പുകളില്ലാതെ വായിക്കാൻ പോന്ന ചിത്രങ്ങളായിരുന്നു യാനിസ് ബഹ്റാകിസിന്റേത്. സിറിയ, അഫ്ഗാൻ, ലിബിയ, കൊസോവ, ചെച്നിയ, സിയറ ലിയോൺ, സൊമാലിയ, ഇൗജിപ്റ്റ്, ടുണീഷ്യ, ഉക്രൈൻ, കശ്മീർ, ഇറാഖ്, ഇസ്രായേൽ- ഫലസ്തീൻ അതിർത്തികൾ...
ദുരന്തങ്ങളുടെ നടുക്കയങ്ങളിൽനിന്ന് യാനിസിന്റ്റെ ക്യാമറയുടെ ഷട്ടറുകൾ ലോകത്തോട് ചിലച്ചുകൊണ്ടേയിരുന്നു. ആ ചിത്രങ്ങൾ കണ്ട് നടുങ്ങിക്കൊണ്ടായിരുന്നു ലോകമെങ്ങുമുള്ള മിക്ക പത്രങ്ങളുടെയും പ്രഭാതങ്ങൾ കണ്ണുതുറന്നത്.
1960 ൽ ഗ്രീസിലെ ഏതൻസിൽ ജനിച്ച യാനിസിനെ 2015ൽ 'ദ ഗാർഡിയൻ' പത്രം ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. 'കഴിഞ്ഞ 25 വർഷമായി ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ ചിത്രങ്ങൾ ഞാൻ പങ്കുവെച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഇതാ അവർ അതിർത്തി കടന്ന് എന്റെ രാജ്യത്തേക്കും വന്നിരിക്കുന്നു. ഓരോ രാത്രികളിലും അപകടം നിറഞ്ഞ കടലുകൾ താണ്ടി അവർ എന്റെ നാടിന്റെ അതിർത്തികളിൽ എന്തു സംഭവിക്കുമെന്നു പോലുമറിയാതെ വന്നിറങ്ങുന്നു....'
സിറിയയിൽ നിന്ന് അഭയം തേടി ഗ്രീസിന്റെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും അതിർത്തികളിൽ വന്നിറങ്ങുന്ന മനുഷ്യരുടെ ഗതികേടുകൾ ലോകമറിഞ്ഞത് യാനിസിന്റെ അതിവാചാലമായ ചിത്രങ്ങളിലൂടെയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നിസ്സഹായതയും മാത്രമായിരുന്നില്ല, മരണവും ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു ആ ചിത്രങ്ങളിൽ. തകിടം മറിഞ്ഞ ചെറിയ തോണിയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന പിതാവിന്റ ചിത്രം കാണുമ്പോൾ അറിയാതൊരു വിറയൽ കാഴ്ചക്കാരന്റെ ഉള്ളംകാലിൽനിന്ന് അരിച്ചുകയറും.
പേരിനും പെരുമയ്ക്കുമായല്ല താൻ ചിത്രങ്ങൾ എടുക്കുന്നതെന്നും സുന്ദരമായ ഈ ലോകത്തിന്റെ മറുവശങ്ങളിൽ ഇങ്ങനെയും നടക്കുന്നുവെന്നു പറയുകയുമായിരുന്നു തന്റെ ലക്ഷ്യമെന്നും യാനിസ് പറഞ്ഞിരുന്നു.
അർബുദം കവർന്നുകൊണ്ടിരിക്കുമ്പോഴും അതിരാവിലെ മുതൽ പാതിരാത്രി വരെ അഭയാർത്ഥികളുടെ ജീവിതം പകർത്താൻ പാഞ്ഞുനടക്കുകയായിരുന്നു യാനിസ്. യുദ്ധമുഖത്തുനിന്ന് നിരവധി ചിത്രങ്ങൾ പകർത്തുമ്പോഴും യുദ്ധത്തെ അതിരറ്റ് വെറുത്തിരുന്നു യാനിസ്. വെറുതെ ചിത്രം പകർത്തുക മാത്രമായിരുന്നില്ല, അദ്ദേഹം. ക്യാമറയുടെ ക്ലിക് ബട്ടണിലേക്ക് നീങ്ങിയ അതേ കൈകൾ അഭയാർത്ഥികൾക്കുനേരേയും അനുതാപത്തോടെ നീണ്ടു ചെന്നിട്ടുമുണ്ട്..
2000ൽ സിയറ ലിയോണിൽ യാനിസിനും സംഘത്തിനും നേരേ ആക്രമണമുണ്ടായി. കൂടെയുണ്ടായിരുന്ന അമേരിക്കൻ റിപ്പോർട്ടർ കുർട്ട് ഷോർക്കും അസോസിയേറ്റ് പ്രസിന്റെ സ്പാനിഷ് ക്യാമറമാൻ മിഗുൽ ഗിൽ മൊറേനോ ഡി മൊറായും ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യാനിസും ദക്ഷിണാഫ്രിക്കൻ ക്യാമറമാൻ മാർക് ഷിഷോമും കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. 2016 ൽ പുലിറ്റ്സർ അവാർഡിനും അദ്ദേഹം നയിച്ച ടീം അർഹമായി. പുരസ്കാരങ്ങൾ എന്നും യാനിസിന്റെ പിന്നാലെയുണ്ടായിരുന്നു...
58ാമത്തെ വയസ്സിൽ വിടപറഞ്ഞെങ്കിലും യുദ്ധവിരുദ്ധതയുടെയും അഭയാർത്ഥി പ്രതിസന്ധികളുടെയും മുഖച്ചിത്രമായി യാനിസ് ബെഹ്റാക്കിന്റെ ചിത്രങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും. നിക് ഉട്ടിന്റെയും കെവിൻ കാർട്ടറുടെയും ചിത്രങ്ങൾ പോലെ..
(ചിത്രങ്ങൾക്ക് കടപ്പാട്: റോയിട്ടേഴ്സ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.