അതിജീവനത്തിന്‍റെ വർണക്കുടകൾ
text_fieldsഭിന്നശേഷിക്കാർ എന്ന് കേൾക്കുമ്പോൾ ഉയർന്ന്പൊങ്ങാറുള്ള സഹതാപതരംഗങ്ങളേ, നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. ഇത് ഒരു അത്ഭുതലോകമാണ്. മുഴുവൻ ശാരീരികേശഷിയുമുണ്ടെന്ന് അവകാശപ്പെടുന്നവരുടെ മുന്നിലൂടെ അതിശയകരമായി നടന്നുപോകുന്ന ഭിന്നശേഷിയുള്ള വ്യക്തികളുടെ ലോകം. ഇവരാണ് ഈ കഥയിലെ നായകന്മാർ. ജീവിതം നിസ്സഹായതയും അവശതയും പറഞ്ഞിരിക്കാതെ ഇരുതലമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ആളുകളുടെ കൂട്ടത്തിൽ നിന്ന് പോരാടുന്ന മനുഷ്യർ.
അങ്ങനെ ചിലരെ പരിചയപ്പെടാം..
- തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ എന്ന സ്ഥലത്താണ് 34കാരനായ മനോജിെൻറ വീട്. 13 വർഷം മുമ്പ് വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. അരക്കുതാഴോട്ട് തളർന്നു.
- ആലപ്പുഴക്കാരനായ അജിത്തിന് (അജിത് കൃപാലയം) രണ്ടു വയസ്സിൽ പോളിയോ വന്നതാണ്. ഏതാണ്ട് 90 ശതമാനവും വൈകല്യമുണ്ട്.
- കൊല്ലം ജില്ലയിലെ അഞ്ചൽ കരുക്കോണിൽ താമസിക്കുന്ന സുരേഷ്ബാബു എന്ന 49കാരൻ കച്ചവടം നടത്തിയും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ജീവിച്ചിരുന്നത്. 28ാം വയസ്സിലാണ് സുരേഷിന് കാലിന് ചലനശേഷി നഷ്്ടപ്പെട്ടത്.
- ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ താമസിക്കുന്ന വിഷ്ണു വിജയൻ രണ്ടരവർഷം മുമ്പാണ് ജോലിക്കിടെ വീടിന് മുകളിൽനിന്ന് വീഴുന്നത്. അരക്ക് താെഴ തളർന്നു.
- തൃശൂർ കുന്നംകുളം സ്വദേശിയായ കവിത ഒമ്പതാം തരത്തിൽ പഠിക്കുമ്പോഴാണ് നട്ടെല്ലിന് ടി.ബി വന്ന് നെഞ്ചിന് താഴേക്ക് തളർന്നുപോകുന്നത്. 12 വർഷത്തോളം പൂർണമായും കിടപ്പിലായിരുന്ന കവിത ആറു വർഷമായിേട്ടയുള്ളൂ എഴുന്നേറ്റിരിക്കാൻ തുടങ്ങിയിട്ട്.
- പാലക്കാട് ലക്കിടി പേരൂർ പഞ്ചായത്തിൽ താമസിക്കുന്ന സുരേഷ് എട്ടുവർഷം മുമ്പാണ് മരത്തിൽനിന്ന് വീഴുന്നത്. അരക്ക് താഴെ ചലനശേഷി നഷ്്ടപ്പെട്ടു.
- കോഴിക്കോട് പൂവാട്ട്പറമ്പ് സ്വദേശിയാണ് മാലിക്. സൗദി അറേബ്യയിലെ റിയാദിലെ ബുറൈദയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. നട്ടെല്ലിനുണ്ടായ ക്ഷതം അരക്ക് താഴെ തളർത്തി.
- കാസർകോട് ബന്ധിയോട് അടുക്ക സ്വദേശിയായ ഹനീഫ മൗലവിക്ക് പോളിയോ ബാധിച്ചാണ് കാലുകളുടെ ശേഷി നഷ്്ടപ്പെട്ടത്.
- കോട്ടയം ജില്ലയിലെ കുമരകം കണ്ണാടിച്ചാലിനടുത്ത് താമസിക്കുന്ന ജനീഷ് തെങ്ങ് ചെത്തുന്നതിനിടെയാണ് പിടിവിട്ട് താഴെവീഴുന്നത്. നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്കു താഴെ തളർന്നു.
- മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ മുസ്തഫ പറമ്പൻ 15 വർഷം മുമ്പാണ് കവുങ്ങിൽനിന്ന് വീണത്. നട്ടെല്ലിനേറ്റ ക്ഷതം അരക്ക് താഴെ പൂർണമായും തളർത്തി.
- വയനാട് മേപ്പാടി സ്വദേശി നാരായണന് 10 വർഷം മുമ്പാണ് ബൈക്കപകടത്തിൽ പരിക്കേൽക്കുന്നത്. നട്ടെല്ലിനേറ്റക്ഷതം അദ്ദേഹത്തിെൻറ ജീവിതം വീൽചെയറിലാക്കി.
- എറണാകുളം ജില്ലയിലെ കുറ്റിപ്പുഴ സ്വദേശിയായ മിനിക്ക് ആർത്രൈറ്റിസ് ബാധിച്ചാണ് ശരീരം തളർന്നത്. 30 വർഷത്തിലേറെയായി വീൽചെയറിലാണ്.
- കണ്ണൂർ കൂത്തുപറമ്പ് സൗത്ത് നരവൂർ സ്വദേശിയായ സജിതക്ക് ഒന്നര വയസ്സിലാണ് പോളിയോ ബാധിച്ചത്. കാലുകളുടെ ചലനശേഷി നഷ്്ടപ്പെട്ടു.
- പാലക്കാട് കേരളശ്ശേരി സ്വദേശി വേണുഗോപാൽ എട്ടു വർഷം മുമ്പാണ് തേങ്ങിൽനിന്ന് വീണത്. നട്ടെല്ല് തകർന്ന് കിടപ്പിലായി.
- തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീരാജ് 13 വർഷം മുമ്പാണ് കെട്ടിടത്തിന് മുകളിൽനിന്ന് വീണത്. നട്ടെല്ലിന് ക്ഷതം പറ്റി കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു.
മേൽപറഞ്ഞവർ ഈ കഥയിലെ ചില കഥാപാത്രങ്ങൾ മാത്രമാണ്. പറഞ്ഞതിലേറെ കഥാപാത്രങ്ങൾ തിരശ്ശീലക്ക് പിന്നിലുണ്ട്്. അത് വിവരിക്കാൻ ഈ താൾ മതിയാകാത്തതുകൊണ്ട് ഉദാഹരണം പറഞ്ഞുവെച്ചു. ഈ മനുഷ്യരുടെ അവസ്ഥ കേട്ടാൽ പരസഹായം കൂടാതെ ജീവിക്കാൻ പറ്റാത്തവരാണെന്ന് ഒറ്റനോട്ടത്തിൽ പറയാമെങ്കിലും ഇവർ ജീവിക്കാൻ വേണ്ടി എന്ത് ജോലി ചെയ്യാനും തയാറാണ്. മഴക്കാലമെത്തുമ്പോൾ നാം ആദ്യം ഒാർക്കുന്നത് കുടയെ കുറിച്ചല്ലേ. അതെ, അവരും ഒാർത്തത് കുടയെ കുറിച്ചാണ്. പക്ഷേ, അത് സ്വയം ഉപയോഗിക്കാനല്ല. മറ്റുള്ളവർക്കുകൂടി ചൂടാനാണ്. ആ തണലിൽ അവർക്കുകൂടി കയറിനിൽക്കാനാണ്. കുട നിർമാണം ജീവിതമാർഗമാക്കിയ നൂറിലധികം ഭിന്നശേഷിക്കാരാണ് ഇന്ന് നമ്മുടെ കേരളത്തിലുള്ളത്. ഇന്ന് അവർക്കൊരു കൂട്ടായ്മയുണ്ട്. ആ കൂട്ടായ്മയാണ്. ഈ കുടക്കീഴിൽ നിർത്തിയത്.
വാട്സ്ആപ് കൂട്ടായ്മയും കുട നിർമാണവും
വെറുതെ കുട നിർമിച്ചതുകൊണ്ടായില്ലല്ലോ, ഭിന്നശേഷിക്കാരായ ഇവർക്ക് അത് വിപണിയിലെത്തിക്കാൻ പരസഹായം കൂടിയല്ലേ തീരൂ... അവിടെയാണ് ദൈവദൂതനെപ്പോലെ ഒരാൾ അവതരിക്കുന്നത്. ഹൈസ്കൂൾ അധ്യാപകനായ പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സന്നദ്ധപ്രവർത്തകൻ ഇവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നു. ഭിന്നശേഷിക്കാരായ മനുഷ്യരുടെ വാട്സ്ആപ് കൂട്ടായ്മ ആരംഭിക്കുന്നു. തെൻറ സുഹൃത്തായ ഭിന്നശേഷിക്കാരെൻറ പൊള്ളുന്ന ജീവിതാവസ്ഥയിൽ നിന്നുള്ള പാഠമാണ് ഇത്തരക്കാരെ ഒരുമിപ്പിച്ചു നിർത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കുട നിർമാണവും മറ്റുക്രാഫ്റ്റ് വർക്കുകളുമായി മുന്നോട്ടുപോകുന്ന ചുരുക്കം ചിലർ ആദ്യം ഈ കൂട്ടായ്മയുടെ ഭാഗമായി. കുടനിർമാണംതന്നെ ജീവിതത്തൊഴിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം, പേപ്പർ പേനയുടെ നിർമാണവുമുണ്ട്. നിർമാണം അറിയുന്നവരും അറിയാത്തവരുമായി നിരവധി പേർ ഇതിെൻറ ഭാഗമായി. നിർമാണം അറിയാത്തവരെ പഠിപ്പിക്കാനും ഈ കൂട്ടായ്മ മുൻകൈയെടുത്തു. നിലവിൽ 82 പേരാണ് ഈ കൂട്ടായ്മയിൽ അംഗങ്ങളായിട്ടുള്ളത്. പുതിയ ആളുകളെ കണ്ടെത്തി ഉൾപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ഇതോെടാപ്പം ഒരു ഫേസ്ബുക്ക് പേജും രൂപവത്കരിച്ചു.
വിപണനവും പ്രതിസന്ധിയും
ചലനശേഷി നഷ്്ടപ്പെട്ടവരായതിനാൽ മാർക്കറ്റിലെത്തുക, വിപണനം നടത്തുക തുടങ്ങിയവ അപ്രായോഗികമാണ്. സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ആ പ്രതിസന്ധിയും അവർ മറികടന്നു. മാർക്കറ്റ് കണ്ടെത്താനും അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനും വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഉള്ള കൂട്ടായ്മകൊണ്ട് സാധിച്ചു. മെറ്റീരിയൽസ് എവിടെ കിട്ടും. നിർമാണത്തിനും മറ്റുമായി ഏതെല്ലാം സാങ്കേതികവിദ്യ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ഇവർ പരസ്പരം പങ്കുവെച്ചു. സമൂഹമാധ്യമങ്ങൾ വഴിതന്നെ നിർമാതാക്കൾ ഫോൺ നമ്പർ പരസ്യപ്പെടുത്തും. അതുവഴി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്ക് നേരിട്ടോ കൊറിയർ വഴിയോ ഉൽപന്നങ്ങൾ നൽകുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നല്ല മഴയായതിനാൽ കുടവിപണി സജീവമായിരുന്നു. എന്നാൽ, ഇത്തവണ പ്രതീക്ഷ തെറ്റിച്ചു.
വലിയ വിപണി പ്രതീക്ഷിച്ച് നിർമിച്ചുവെച്ചിരുന്ന കുടകൾ പലതും കോവിഡും ലോക്ഡൗണും വന്നതോടെ വിൽക്കാനാവാതെ കിടക്കുന്നു. ലോകമെമ്പാടുമുള്ള കോവിഡ് സാമ്പത്തിക പ്രതിസന്ധി ഇവരെയും തളർത്തി എന്ന് തീർച്ച. എങ്കിലും ഇവർക്ക് പ്രതീക്ഷയുണ്ട്, മഴക്കാലത്ത് കുടനിവർത്താെത മലയാളി മുന്നോട്ടുപോകില്ലെന്ന്. വൻകിട കമ്പനികളുടെ കുടകൾ തേടിപ്പോകുന്ന മനുഷ്യരോട് ഇവർക്ക് ഒന്നേ പറയാനുള്ളൂ: ബ്രാൻഡ്നെയിം ഇല്ലന്നേയൂള്ളൂ, അതിനെക്കാൾ ഈടും ഉറപ്പും തങ്ങൾ നിർമിക്കുന്ന കുടക്കുണ്ടെന്നു മാത്രം.
കുടകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരോട്...Umbrella By Differently Abled -Kerala എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഭിന്നശേഷിക്കാരായ കുടനിർമാതാക്കളുടെ മൊബൈൽ നമ്പർ ലഭിക്കും. ഏറ്റവും അടുത്തുള്ള നിർമാതാവിനെ കണ്ടെത്തി വിളിച്ചാൽ കുട സ്വന്തമാക്കാം. 8304095974, 6282458717 (വിനു വി. പിള്ള) എന്നീ മൊബൈൽ നമ്പറിലും ബന്ധപ്പെടാം. ഫേസ്ബുക്ക് ലിങ്ക്: www.facebook.com/kudakal/
-ഫഹീം ചമ്രവട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.