മണിപ്പൂരിലെ പ്രിയപ്പെട്ടവന്‍
text_fields1994ലാണ് രത്തന്‍ ലുവാങ് എന്ന പത്ര ഫോട്ടോഗ്രാഫറെ മണിപ്പൂരികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. അക്കാലംവരെ അവിടത്തെ പത്രങ്ങളില്‍ ‘ജീവനുള്ള’ ചിത്രങ്ങള്‍ അച്ചടിച്ചു തുടങ്ങിയിരുന്നില്ല. മണിപ്പൂരികളുടെ യഥാര്‍ഥ കഥ പറയുന്ന തുടര്‍ചിത്രങ്ങളിലൂടെ ‘പൊഖ്നഫാം’ പത്രവും രത്തന്‍ ലുവാങ്ങും മണിപ്പൂരികളുടെ ഇടയില്‍ പ്രത്യേക സ്ഥാനം നേടി. ദിവസവും അച്ചടിക്കുന്ന പത്രത്തില്‍ ഒരു പേജ് നിറയെ ചിത്രങ്ങള്‍ക്കായി മാറ്റിവെച്ചു. സാധാരണക്കാരുടെമേല്‍ പട്ടാളത്തിന്‍െറയും അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളുടെയും കടന്നുകയറ്റങ്ങള്‍ രത്തന്‍ ചിത്രങ്ങളില്‍ പകര്‍ത്തി. കുറച്ചു കാലം അതൊരു പരീക്ഷണമായിരുന്നു. തികച്ചും പേടിപ്പെടുത്തുന്ന കാലം. ഫോട്ടോ മാത്രമായിരുന്നു രത്തന്‍െറ സംഭാവന. അതിനൊരു അടിക്കുറിപ്പും. വിഘടനവാദ ഗ്രൂപ്പുകാര്‍ മണിപ്പൂരികളെ വെടി വെച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ വരെ അച്ചടിച്ചുവരാന്‍ തുടങ്ങിയതോടെ രത്തന്‍ എല്ലാവരുടെയും നോട്ടപ്പുള്ളിയായി. 10 വര്‍ഷക്കാലം ഫോട്ടോ ജേണലിസ്റ്റായി മണിപ്പൂരില്‍ തുടര്‍ന്ന അദ്ദേഹം മണിപ്പൂരി ജനതയുടെ മനം കവര്‍ന്നു. ആയിരക്കണക്കിന് ആരാധകരെയാണ് രത്തന്‍ മണിപ്പൂരില്‍ സൃഷ്ടിച്ചെടുത്തത്.
2006നുശേഷം രത്തനെ ഇല്ലാതാക്കാനായി വിവിധ ഗ്രൂപ്പുകള്‍ മണിപ്പൂരില്‍ മത്സരിച്ചു. ഇത്തരം മത്സരത്തിനുള്ള പ്രധാന കാരണം അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകാരുടെ ഗുണ്ടാപ്പിരിവിന്‍െറ കഥ വിവരിക്കുന്ന തുടര്‍ചിത്രങ്ങള്‍ പത്രത്തില്‍ നിരന്തരമായി അച്ചടിച്ചുവരാന്‍ തുടങ്ങി എന്നതാണ്. ഒടുവിലത് സംഭവിച്ചു. 2008 ഫെബ്രുവരിയിലെ ഒരു പ്രഭാതത്തില്‍ രത്തനുനേരെ മണിപ്പൂരിലെ അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പിലെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. വെടിയേറ്റ ഉടന്‍ അദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചു. വെടിയേറ്റ വിവരം പുറത്തുവന്നതോടെ മണിപ്പൂര്‍ നിശ്ചലമായി. രത്തന്‍ മരിച്ചുവെന്ന കിംവദന്തി പരന്നതോടെ പതിനായിരക്കണക്കിന് വരുന്ന മണിപ്പൂരികള്‍ സംസ്ഥാനത്താകെ പ്രതിഷേധം ആളിക്കത്തിച്ചു. ഒരാഴ്ചക്കകം രത്തനെ വെടിവെച്ച വിഘടനവാദ ഗ്രൂപ്പുകാരെ പിടികൂടുമെന്ന സര്‍ക്കാര്‍ വാഗ്ദാനം മണിപ്പൂര്‍ സമരചരിത്രത്തില്‍ പുത്തനുണര്‍വുനല്‍കി. ഒരാഴ്ചക്കാലം മണിപ്പൂരില്‍ നിന്ന് ഒരു പത്രവും പ്രസിദ്ധീകരിച്ചില്ല.
പതിനായിരക്കണക്കിനാളുകള്‍ രത്തനെ ചികിത്സിക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ ആശുപത്രിക്കു മുന്നില്‍ തടിച്ചു കൂടിക്കൊണ്ടിരുന്നു. (ഈ ആശുപത്രിയിലെ പ്രത്യേക ജയിലിലാണ് ഇറോം ശര്‍മിള AFSPA നിയമം പിന്‍വലിക്കാനുള്ള ഒന്നരപ്പതിറ്റാണ്ടു പിന്നിട്ട നിരാഹാരസമരം തുടരുന്നത്) ഒരാഴ്ചക്കാലത്തെ നിരന്തര ഇടപെടലുകള്‍ക്കും പട്ടാളത്തിന്‍െറയും സര്‍ക്കാറിന്‍െറയും പ്രത്യേക താല്‍പര്യ പ്രകാരമുള്ള അന്വേഷണങ്ങള്‍ക്കും ഒടുവില്‍ വെടിവെച്ച വിഘടനവാദികള്‍ സര്‍ക്കാറിന് കീഴടങ്ങി. അപ്പോഴും ആശുപത്രിയിലുള്ള രത്തന്‍െറ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി കൈവന്നിരുന്നില്ല. വെടിവെച്ച വിഘടനവാദി ഗ്രൂപ്പിലെ അംഗങ്ങള്‍ സര്‍ക്കാറിനു കീഴടങ്ങിയ വാര്‍ത്തയറിഞ്ഞ് അവരെ ‘ഞങ്ങള്‍ക്ക് വിട്ടു തരണ’മെന്നാവശ്യപ്പെട്ടു കൊണ്ട് ആയിരക്കണക്കിനാളുകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തു. ഈ പടയാളികളെ പിരിച്ചുവിടാന്‍ പട്ടാളത്തിന് ബലം പ്രയോഗിക്കേണ്ടിവന്നു. കീഴടങ്ങിയ വിഘടനവാദ ഗ്രൂപ്പുകാര്‍ എന്തിനാണ് തങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന ചോദ്യത്തിന് ഉത്തരം നല്‍കി.
പത്ര ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ രത്തന്‍ ലുവാങ് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തുന്നു, അനധികൃത പണം സമ്പാദിക്കുന്നു, ധാരാളം ഭൂമിയും മറ്റ് സ്വത്തുക്കളും ഉണ്ടാക്കിയെടുക്കുന്നു, സര്‍വോപരി മണിപ്പൂരിലെ ഡോക്ടര്‍മാരില്‍ നിന്ന് ധാരാളം പണം അനധികൃതമായി കൈപ്പറ്റുന്നു എന്നീ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് രത്തന്‍െറ ജീവനെടുക്കുക എന്ന ഉത്തരത്തിലേക്ക് വിഘടനവാദ ഗ്രൂപ്പുകാരെ എത്തിച്ചത്. എന്നാല്‍, സത്യം ഇതായിരുന്നില്ളെന്ന് മണിപ്പൂരികള്‍ പറയുന്നു. വിഘടനവാദികളുടെ ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിക്കിടക്കയിലായിരുന്ന രത്തന്‍ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുരുന്നു: ‘തനിക്കെതിരെ ഉന്നയിച്ച ഏതെങ്കിലും ആരോപണങ്ങളിലൊന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ എന്നെ നിങ്ങള്‍ക്ക് വീണ്ടും വെടിവെക്കാം, കൊല്ലാം.’ ഒരു വര്‍ഷത്തിനുശേഷം, രത്തനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ളെന്ന് അന്വേഷണസംഘം കണ്ടത്തെി. ഈ ഒരു വര്‍ഷക്കാലം വെടിയുണ്ട നീക്കാനുള്ള ചികിത്സയിലായിരുന്നു രത്തന്‍. ബംഗളൂരുവിലെ അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികിത്സക്കൊടുവില്‍ തുടയിലെ വെടിയുണ്ട നീക്കം ചെയ്തത്.
വിഘടനവാദികള്‍ രത്തനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി അന്വേഷിച്ച സംഘം ഉന്‍മൂലനശ്രമത്തിന് പ്രധാന കാരണമായി കണ്ടത്തെിയത് മണിപ്പൂരിലെ ഡോക്ടര്‍മാരുടെ പക്കല്‍ നിന്ന് വിഘടനവാദികള്‍ പണപ്പിരിവ് നടത്തുന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്തുകൊണ്ടു വന്ന സംഭവമാണ്. മണിപ്പൂരിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്ന് സ്വകാര്യ പ്രാക്ടീസിന് ഈടാക്കിയിരുന്നത് അമ്പതു രൂപയായിരുന്നു. എന്നാല്‍, തീവ്രവാദികളുടെ അനിയന്ത്രിത പിരിവും ഭീഷണിയും മൂലം അമ്പത് രൂപ എന്നത് നൂറുരൂപയായി. ഇതുകഴിഞ്ഞ് പിന്നീട് 150 രൂപയിലത്തെിയപ്പോഴാണ് രത്തനിലെ ആക്ടിവിസ്റ്റ് ഉണര്‍ന്നത്. ലക്ഷക്കണക്കിന് രൂപയാണ് തീവ്രവാദികള്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയിരുന്നത്. സര്‍ക്കാര്‍ ശ്രമിച്ചിട്ടും തീവ്രവാദികള്‍ മയപ്പെടാത്ത സാഹചര്യത്തിലാണ് തീവ്രവാദികള്‍ക്കെതിരായ സമരത്തിന് രത്തന്‍ മുന്നില്‍നിന്നത്. അന്വേഷണ സംഘം വധശ്രമത്തിന്‍െറ പേരില്‍ വിഘടനവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പക്ഷേ, മണിപ്പൂരിലാണ് ഇതൊക്കെ നടക്കുന്നതെന്നതു കൊണ്ട് മറ്റൊന്നും സംഭവിച്ചില്ല. ഒന്നു രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം കോടതിയില്‍ കേസ് തീര്‍പ്പാക്കാനുള്ള ശ്രമത്തിന് സമ്മര്‍ദം തുടങ്ങി. ഇതോടെ, വിഘടനവാദികള്‍ക്ക് രത്തന്‍ നിരുപാധികം മാപ്പുനല്‍കി. (ആയുധംവെച്ച് കീഴടങ്ങിയ ഇവരിലെ ചിലരിപ്പോഴും രത്തന്‍ ലുവാങ്ങിനെ കാണാന്‍ മണിപ്പൂര്‍ പ്രസ് ക്ളബില്‍ എത്താറുണ്ട്.)
മണിപ്പൂരില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മിളയുടെ സമരചിത്രങ്ങള്‍ ആദ്യമായി പുറത്തേക്കുവരുന്നത് ഇതെ ഫോട്ടോഗ്രാഫറിലൂടെയാണ്. അക്കാലത്തെ സകല ഫോട്ടോകളുടെയും കര്‍ത്തവ്യം അദ്ദേഹത്തിന്‍െറ ആക്ടിവിസമാണ്. മൂക്കില്‍ ഘടിപ്പിച്ചിട്ടുള്ള പ്ളാസ്റ്റിക് ട്യൂബ് വലിച്ചെറിഞ്ഞ് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിനെ ഇറോം ശര്‍മിള പ്രതിരോധിച്ചിരുന്ന സമയങ്ങളില്‍ പൊലീസും ആശുപത്രി അധികൃതരും രത്തന്‍െറ സഹായമാണ് തേടിയിരുന്നത്. അദ്ദേഹത്തിന്‍െറ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി തുമ്പിക്കൈ വീണ്ടും തിരിച്ചുകയറ്റും. വേദനാനിര്‍ഭരമായ ഈ രംഗങ്ങള്‍ രത്തന്‍െറ വിവരണങ്ങളിലൂടെ കേട്ടിരിക്കുക വളരെ ഹൃദയഭേദകമായ അനുഭവമാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇറോം ശര്‍മിള നടത്തി വരുന്ന അനിശ്ചിത നിരാഹാര സമരത്തിലെ ശക്തി രത്തന്‍ തന്നെയാണെന്ന് പറയാന്‍ ഇറോം ശര്‍മിളക്കും മടിയില്ല. മണിപ്പൂരില്‍ ഇറോം ശര്‍മിളക്കുള്ള അതേ സ്ഥാനം തന്നെയാണ് ഈ ഫോട്ടോഗ്രാഫര്‍ക്ക് ഉള്ളതെന്ന് മണിപ്പൂരി മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
നാഗാ തീവ്രവാദത്തോളം പഴക്കമില്ളെങ്കിലും ഇംഫാല്‍ താഴ്വരയില്‍ ഇപ്പോഴും വളരുംതോറും പിളര്‍ന്ന് വിഘടനവാദ ഗ്രൂപ്പുകളുടെ എണ്ണം കൂടിവരുകയാണ്. സമാന്തര നികുതി പിരിവോ തട്ടിക്കൊണ്ടുപോയി വിലപേശുന്ന റാക്കറ്റുകളോ ആയി ഇവര്‍ മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. പട്ടാളവും പൊലീസും വിഘടനവാദ ഗ്രൂപ്പുകാരും സമാന്തരഭരണം നടത്തുന്ന മണിപ്പൂരിലെ യഥാര്‍ഥ വര്‍ത്തമാനങ്ങള്‍ അതുകൊണ്ട് തന്നെ പുറത്തറിയാറില്ല. എല്ലാ വിഘടനവാദ ഗ്രൂപ്പുകാരെയും പ്രീതിപ്പെടുത്തി വേണം ഇവിടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍. ഇതിന് വിപരീതമായി പേനയോ കാമറയോ എടുത്താല്‍ രത്തന്‍ ലുവാങ്ങിന്‍െറ അവസ്ഥയാണുണ്ടാവുയെന്ന് മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. AFSPA നിയമം മണിപ്പൂരില്‍ വിഷലിപ്തമായ ഒരാവരണം പോലെ അണ്ടര്‍ഗ്രൗണ്ടിനെയും ഓവര്‍ഗ്രൗണ്ടിനെയും പൊതിഞ്ഞു നില്‍ക്കുകയാണിന്നും.
ഈ ആവരണം സുതാര്യമാകാത്തിടത്തോളം കാലം മണിപ്പൂര്‍ ഒരു വേദനയായി തുടരുമെന്ന് ഇവിടത്തെ മാധ്യമപ്രവര്‍ത്തകരില്‍ പലരും പറയുന്നു. വെടിയേറ്റ മുറിവുകള്‍ ഉണങ്ങുന്നതിനു മുമ്പുതന്നെ ഫോട്ടോ ജേണലിസത്തിലേക്ക് തിരിച്ചത്തെിയ രത്തന്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ തന്‍െറ മണിപ്പൂര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ മണിപ്പൂര്‍ പ്രസ്ക്ളബിന്‍െറ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന ഈ ഫോട്ടോഗ്രാഫറാണ് പട്ടാളത്തിന്‍െറയും സര്‍ക്കാറിന്‍െറയും വിഘടനവാദികളുടെയും പ്രശ്നങ്ങളില്‍ പലപ്പോഴും മാധ്യസ്ഥ്യം വഹിക്കാറുള്ളത്. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ എല്ലാവരും ഒരേപോലെ ആശ്രയിക്കുന്നത് രത്തനെയാണ്. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും രത്തന്‍ ഇപ്പോഴും പലരുടെയും നോട്ടപ്പുള്ളി തന്നെയാണ്. ‘ഇനിയും വെടിവെച്ചു കൊല്ലാനുള്ള ശ്രമം ഉണ്ടായിക്കൂടെന്നില്ല’ എന്നും അദ്ദേഹം പറയുന്നു. കുടുംബസമേതം ഇംഫാല്‍ പട്ടണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്‍െറ മൂത്ത മകള്‍ റഷ്യയില്‍ എം.ബി.ബി.എസിന് പഠിക്കുന്നു, മറ്റൊരു മകള്‍ ബംഗളൂരുവില്‍ ബി.ഡി.എസിന് പഠിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.