Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഒരു അറബിക്കഥ

ഒരു അറബിക്കഥ

text_fields
bookmark_border
ഒരു അറബിക്കഥ
cancel

നൂറു കണക്കിനുപേരെ സാക്ഷിയാക്കി ഉപഹാരം സ്വീകരിക്കുമ്പോള്‍ ഗോപാലിക ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ തിക്താനുഭവങ്ങള്‍ ആ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. അതുകൊണ്ടാകാം സദസ്സിനെ അഭിവാദ്യം ചെയ്യാന്‍ വാക്കുകള്‍കിട്ടാതെ ഒരുനിമിഷം നിശ്ശബ്ദയായി അവര്‍.

ലോക അറബിഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ 'ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍' സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറാണ് വേദി. 28 വര്‍ഷക്കാലം അറബിഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ചടങ്ങില്‍ ഗോപാലിക ടീച്ചറെ ആദരിച്ചത്. അറബിക് അധ്യാപികയായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ സ്ത്രീയായ ബി.ടി.എന്‍. ഗോപാലിക അന്തര്‍ജനത്തിന് ആത്മാഭിമാനത്തിന്‍െറ ദിവസമായിരുന്നു അത്. അറബി പഠിപ്പിക്കാനിറങ്ങിപ്പുറപ്പെട്ടതിന്‍െറ പേരില്‍ പണ്ട് സാംസ്കാരിക കേരളം മുഴുവന്‍ ചര്‍ച്ചചെയ്ത 'വിവാദ'നായികയാണ് ഗോപാലിക അന്തര്‍ജനം.

ആദ്യ സ്കൂളിന്‍െറ പടിയിറങ്ങുമ്പോള്‍
1982ലെ മഞ്ഞ് വീഴുന്നൊരു പ്രഭാതത്തിലാണ് അവര്‍ അറബിക് അധ്യാപികയായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എല്‍.പി സ്കൂളിന്‍െറ പടി കയറിച്ചെല്ലുന്നത്. നാലുദിവസം ജോലി ചെയ്തു. ഒരു ബ്രാഹ്മണസ്ത്രീ കുട്ടികളെ അറബി പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് അടുത്ത ദിവസം പ്രദേശത്തെ യാഥാസ്ഥിതികര്‍ ഇളകിമറിഞ്ഞു. അറബി ഉച്ചാരണം ശരിയല്ളെന്നായിരുന്നു പ്രധാന പരാതി. വലിയൊരു വിഭാഗം ഇവരെ അനുകൂലിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയാറായില്ല. പിരിച്ചുവിടണമെന്നായിരുന്നു ആവശ്യം. സംഭവമറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്ഥലത്തെ ത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ അറബിക് ഇന്‍സ്പെക്ടറെ വരുത്തിച്ച് ഉച്ചാരണപരിശോധന നടത്തി.

ഉച്ചാരണത്തില്‍ കുഴപ്പമില്ളെന്ന റിപ്പോര്‍ട്ട് അപ്പോള്‍തന്നെ ഇന്‍സ്പെക്ടര്‍ അധികൃതര്‍ക്ക് കൈമാറി. കോലാഹലങ്ങളൊഴിഞ്ഞെന്ന ആശ്വാസത്തിലാണ് അടുത്തദിവസം സ്കൂളിലത്തെിയത്. സ്റ്റാഫ് റൂമിലിരിക്കുകയായിരുന്ന അവരെ പ്രധാനാധ്യാപകന്‍ വിളിപ്പിച്ചു. മാനേജര്‍ അന്വേഷിച്ചെന്നും നേരില്‍ കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. പുറത്ത് പ്രതിഷേധം ശക്തമായതിനാല്‍ സ്കൂളിലെ അധ്യാപനം അവസാനിപ്പിക്കണമെന്നായിരുന്നു മാനേജറുടെ നിര്‍ദേശം. മറുത്തൊന്നും പറയാനാവാതെ ആറു ദിവസത്തെ അധ്യാപനജീവിതം ബാക്കിയാക്കി അവര്‍ സ്കൂളിന്‍െറ പടികളിറങ്ങി. അടുത്ത ദിവസങ്ങളില്‍ പത്രങ്ങളിലൊക്കെ വാര്‍ത്തവന്നു. ഇതോടെ വിഷയം സാംസ്കാരിക കേരളം ഗൗരവമായി ചര്‍ച്ചചെയ്തു. നിയമസഭാ സമ്മേളനത്തിലും സംഭവം കോളിളക്കമുണ്ടാക്കി.

'ടെലിവിഷന്‍പോലും അന്ന് നാട്ടിലില്ല. റേഡിയോയിലൂടെ നിയമസഭാവലോകന വാര്‍ത്തകളില്‍ തന്‍െറ അധ്യാപനകാര്യം പരാമര്‍ശിച്ചിരുന്നത് കേട്ടത് ഇന്നും ഓര്‍മയുണ്ട്. വിവാദമുണ്ടായ തുടര്‍ദിവസങ്ങളില്‍ ഒട്ടേറെ പേര്‍ വീട്ടില്‍ വന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പത്രക്കാരുമൊക്കെ. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഞാനറിഞ്ഞിരുന്നില്ല.'

നീതിപീഠം നല്‍കിയ നിയമനം
ഇതിനിടെ മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട്, കോഴിക്കോട് കോടതിയില്‍ അഭിഭാഷകനായ തലശ്ശേരി സ്വദേശി ശശിധരന്‍ ജോലിയില്‍ തുടരാന്‍ നിയമസഹായം വാഗ്ദാനംചെയ്ത് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ചെയ്തു. ഏറെക്കാലം കാത്തുനില്‍ക്കേണ്ടിവന്നില്ല. ജോലി നല്‍കണമെന്ന് കോടതിയുടെ വിധി വന്നു. സ്പെഷല്‍ കേസ് പരിഗണിച്ച് പി.എസ്.സി വഴി അധ്യാപികയായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. 1989 ജനുവരി ആറിന് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ തിരുവാലി ജി.എല്‍.പി സ്കൂളില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 16 വര്‍ഷമായി ചെമ്മാണിയോട് ജി.എല്‍.പി സ്കൂളിലെ പ്രിയ അധ്യാപിക. 1993ല്‍ പുറത്തിറങ്ങിയ 'നാരായം' സിനിമയുടെ കഥാതന്തു ടീച്ചറുടെ അധ്യാപന വിവാദത്തെ ആസ്പദമാക്കിയാണ്. ഉര്‍വശിയാണ് ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശശിശങ്കര്‍ അണിയിച്ചൊരുക്കിയ സിനിമ അന്ന് കുടുംബസമേതം തിയറ്ററില്‍പോയി കണ്ടു.

ശാന്തി കുടുംബത്തില്‍ നിന്ന്
മലബാറിലെ പ്രശസ്തമായ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ മേല്‍ശാന്തിക്കാരാണ് ചെമ്മാണിയോട് പനയൂര്‍ മനയില്‍ കുടുംബം. തലമുറകളായി കൈമാറിവന്ന സുകൃതമായാണ് അവരതിനെ കാണുന്നത്. ഭര്‍ത്താവും ക്ഷേത്രം മേല്‍ശാന്തിയാണ്. അറബി പഠിപ്പിക്കുന്നതിന്‍െറ പേരില്‍ കുടുംബത്തിലെ ആരെങ്കിലും മുഖം ചുളിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ഏറെ പ്രോത്സാഹനവും തന്നു. ഭര്‍ത്താവിന്‍െറയും വീട്ടുകാരുടെയും ബന്ധുക്കളുടെയും തണലിലാണ് ഇത്രയും കാലം ജോലി ചെയ്യാനായത്. കുന്നംകുളം കരിക്കാട് ഭട്ടി തെക്കേടത്ത് മനയില്‍നിന്ന് ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരി വേളികഴിച്ച് പനയൂര്‍ മനയില്‍ കൊണ്ടുവരുന്നതിന് മുമ്പേ തന്നെ താന്‍ പഠിച്ചത് അറബിയാണെന്ന് അവര്‍ക്കറിയാമായിരുന്നു.

അറബി ഭാഷയെ സ്നേഹിച്ച കാലം
വേദമന്ത്രങ്ങളുയരുന്ന നാലുകെട്ടില്‍ സന്ധ്യാനാമം ചൊല്ലുന്നൊരു കൗമാരക്കാരിയായിരുന്നു അന്നവള്‍. യു.പി ക്ളാസുകളില്‍ മുസ്ലിം കുട്ടികള്‍ അറബി പഠിക്കുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്നു അന്നൊക്കെ. '10ാംതരം പാസായി വീട്ടിലിരിക്കുന്ന കാലമാണത്. അറബിഭാഷ പഠിക്കണമോ എന്ന് അച്ഛനാണ് ചോദിച്ചത്. പുതിയൊരു ഭാഷ പഠിക്കാനാവുമല്ളോ എന്നായിരുന്നു എന്‍െറ മനസ്സില്‍. വീട്ടുകാര്‍ എതിര്‍പ്പു പറഞ്ഞില്ല. കുന്ദംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ കോഴ്സിന് കൊണ്ടുപോയി ചേര്‍ത്തത് അച്ഛനാണ്. 10ാം ക്ളാസ് വരെ സംസ്കൃതം പഠിച്ചതുകാരണം അറബി അക്ഷരമാല മുതല്‍ പഠിക്കേണ്ടിവന്നു. ഇതുകാരണം ഏറെ കഷ്ടപ്പെട്ടാണ് പഠിച്ചെടുത്തത്. എല്‍.പി വിഭാഗം 10 മാസത്തെ കോഴ്സായിരുന്നു. യു.പി തലം അറബിക് ഡിപ്ളോമയും പഠിച്ചു. അന്ന് എന്‍െറ ക്ളാസില്‍ വേറെയും രണ്ട് നമ്പൂതിരിക്കുട്ടികള്‍ അറബി പഠിച്ചിരുന്നു. ഹൈമാവതിയും സാവിത്രിയും. ഇരുവരും പിന്നീട് അധ്യാപകരായി'.

28 വര്‍ഷം അറബിഭാഷയെ സ്നേഹിച്ച് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ആ മനസ്സ് ഇന്ന് ശാന്തമാണ്. തിരിച്ചിറങ്ങാന്‍ നേരം അവരോട് ചോദിക്കാതിരിക്കാനായില്ല, ആ പ്രതിഷേധകാലത്തെ കുറിച്ച് ഇപ്പോഴെന്താണ് തോന്നുന്നത്? 'ജോലി നഷ്ടപ്പെട്ടല്ളോ എന്ന നിരാശ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധവുമായി രംഗത്തെ ത്തിയവരോട് ഒരു ദേഷ്യവും തോന്നിയിരുന്നില്ല. അത് ഇന്നുമില്ല. എല്ലാ മതങ്ങളും സ്നേഹവും സമാധാനവുമല്ളേ പഠിപ്പിക്കുന്നത്. ഞാന്‍ സ്നേഹവും ലാളനയും നല്‍കി പഠിപ്പിച്ചുവിട്ട ആയിരക്കണക്കിന് കുട്ടികളുണ്ട്. സ്വന്തം മക്കളെപ്പോലെയാണ് ഞാനവരെ സ്നേഹിച്ചത്. പലരുമിന്ന് വിദേശരാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gopalika antharjanamLifestyle News
Next Story