ടെക് ലോകത്ത് നല്ല പിള്ളേര്‍
text_fieldsപണ്ട് ചെറുപ്പക്കാര്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നവരായിരുന്നു. കഥ മാറി. തല കുനിച്ചാണ് ഇപ്പോള്‍ നടപ്പും ഇരിപ്പും. കുറ്റം പറയരുത്, എമണ്ടന്‍ മൊബൈലുകളില്‍ വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയായി സജീവമാണവര്‍. അതിനാലാണ് തലകുനിയുന്നത്. ഉശിരന്‍ ചര്‍ച്ചകളും കമന്‍റുകളും ആക്ഷേപഹാസ്യവുമായി സൈബര്‍ലോകത്തെ താരങ്ങള്‍! എന്നാല്‍, മറ്റു ചിലരുണ്ട്. സമയം എങ്ങനെ കൊല്ലാമെന്നതു മാത്രം സാമൂഹിക മാധ്യമങ്ങളുടെ ലക്ഷ്യമായി കൊണ്ടു നടക്കുന്നവര്‍. പക്ഷേ, അവര്‍ക്കുള്ള പഴിയടക്കം നമ്മുടെ നല്ല സൈബര്‍പിള്ളേര്‍ കേള്‍ക്കുന്നു.
എറണാകുളം നോര്‍ത് പറവൂര്‍ സ്വദേശി രതീഷ് ആര്‍. മേനോന്‍, വയനാട് പടിഞ്ഞാറത്തറ എന്‍.കെ. അബ്ദുല്‍ മുനീര്‍ എന്നിവരെ ടെക് ലോകത്തെ നല്ല പിള്ളേരെന്ന് വിളിക്കാം. കാരണമുണ്ട്, നയാപൈസ വാങ്ങാതെ കമ്പ്യൂട്ടറിനെപ്പറ്റിയും മൊബൈല്‍ ഫോണുകളെപ്പറ്റിയുമുള്ള സകല വിവരങ്ങളും ഇവര്‍ ഓണ്‍ലൈന്‍ വഴി നാട്ടുകാരെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വിഡിയോകളും കമന്‍റുകളുമൊക്കെയായി എല്ലാവരെയും വിവര ലോകത്തെ തന്ത്രങ്ങളും കുതന്ത്രങ്ങളും പഠിപ്പിക്കുന്നു, തലക്കനമില്ലാതെ.
രതീഷ് ആര്‍. മേനോന് പ്ളസ് ടു പഠനത്തിനുശേഷം നാട്ടിലെ കോളജില്‍ പ്യൂണ്‍ ആയി പണി കിട്ടി. കമ്പ്യൂട്ടര്‍ സയന്‍സില്‍ തല്‍പരന്‍. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമെന്ന പ്രതീക്ഷയില്‍ വിവരമുള്ളവരെ സമീപിച്ചു. പക്ഷേ, മുടിഞ്ഞ ജാഡ. ഒരു കാര്യം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ പലര്‍ക്കും മടി. അങ്ങനെയാണ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ രതീഷിനെ ഒപ്പംകൂട്ടിയത്. പിന്നെ, പിന്നോട്ടു നോക്കിയില്ല. പണിക്കു ശേഷം മുഴുസമയവും ഇന്‍റര്‍നെറ്റിലൂടെ ടെക് ലോകത്തിന്‍െറ ഓളപ്പരപ്പിലേക്ക് ഒറ്റച്ചാട്ടം. വെള്ളംകുടിച്ചു, ശ്വാസം മുട്ടി. പിന്നെപ്പിന്നെ പതിയെ തുഴയാനായി. ഇപ്പോള്‍ കാലും കൈയും കെട്ടിയിട്ടാല്‍ പോലും നീന്തി കരക്കണയും.
2009ല്‍ www.suhrthu.com എന്ന മലയാള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് തുടങ്ങി. അങ്ങനെയാണ് മറ്റുള്ളവരെ ടെക് ടെക്നിക്കുകള്‍ പഠിപ്പിക്കുന്നതിന്‍െറ ഒന്നാം അധ്യായം തുടങ്ങുന്നത്. സൈറ്റില്‍ 1,34,000 പേര്‍ അംഗങ്ങളാണ്. RatheeshRMenonOfficial എന്ന ഫേസ്ബുക് പേജും തുടങ്ങി. മൂന്നു ലക്ഷമാണ് ലൈക്. ആഴ്ചയില്‍ ലക്ഷത്തിലധികം പേര്‍ പേജ് സന്ദര്‍ശിക്കുന്നുമുണ്ട്. വാട്സ്ആപ്പിലും സംശയ നിവാരണം നടത്തുന്നു.
ഓണ്‍ലൈനില്‍ സംശയങ്ങള്‍ ചോദിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി വരും. മൊബൈലില്‍ വിവിധ ആപ്ളിക്കേഷനുകള്‍ ഉപയോഗിക്കുന്ന വിധം, ബേസിക് ആപ്ളിക്കേഷന്‍സ്, വൈഫൈ സ്ട്രെങ്ത് കൂട്ടല്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ തിരികെ നേടാനുള്ള വിദ്യ, വാട്സ്ആപ്പില്‍ വിഡിയോ ഷെയര്‍ ചെയ്യാനുള്ള സ്പെഷല്‍ ആപ്ളിക്കേഷന്‍, സൈബര്‍ സുരക്ഷ തുടങ്ങി സകല കാര്യങ്ങള്‍ സംബന്ധിച്ചും സംശയം ദൂരീകരിക്കും. മിക്ക തന്ത്രങ്ങളും പഠിപ്പിക്കാനായി രണ്ട്, മൂന്ന്, അഞ്ച് മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള മലയാളം വിഡിയോകളും അയച്ചുതരും. ‘ഫോട്ടോഷോപ് ഉപയോഗം’, ‘യൂട്യൂബിലൂടെ വരുമാനം നേടാം’, ‘സെല്‍ഫിയെടുക്കാനുള്ള കുതന്ത്രം’, ‘മൊബൈല്‍ ഫോണിലെ വിഡിയോ എഡിറ്റര്‍’ തുടങ്ങിയ വിഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആപ്ളിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന വിഡിയോകളില്‍ രതീഷിന്‍െറ ശബ്ദവും ഉണ്ടാകും. 400ഓളം അറിവുകള്‍ മലയാളം വിഡിയോകളായി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്ക്രീന്‍ റെക്കോഡര്‍, മിററിങ് സോഫ്റ്റ്വെയര്‍ എന്നിവ ഉപയോഗിച്ചാണ് വിഡിയോകള്‍ തയാറാക്കുന്നത്.
ഇന്‍റര്‍നെറ്റിന്‍െറയും മൊബൈല്‍/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനുകളുടെയും അനന്തസാധ്യതകളാണ് രതീഷ് ലളിതമായി നാട്ടുകാരെ പഠിപ്പിക്കുന്നത്. അതും വിവരസാങ്കേതികത പഠിക്കാന്‍ പള്ളിക്കൂടത്തില്‍ പോകാതെ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതില്‍പ്പിന്നെയാണ് വയനാട്ടുകാരന്‍ മുനീറും അധ്യാപനത്തില്‍ ഒപ്പംകൂടിയത്. വിദേശത്ത് മലയാളികളുമായി ബന്ധമുള്ള മറ്റുരാജ്യക്കാരും ഇവരുടെ ഓണ്‍ലൈന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ്. വീട്ടിലിരുന്ന് വെബ്ഡിസൈന്‍ ചെയ്താണ് രതീഷ് കുടുംബം പോറ്റുന്നത്. അപര്‍ണയാണ് ഭാര്യ. രണ്ടാം ക്ളാസ് വിദ്യാര്‍ഥി ഋതുനന്ദ മകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.