മനുഷ്യനെ പ്രണയിക്കുന്ന ചിത്രങ്ങൾ
text_fieldsകണ്ണുകളെത്താത്ത അകലത്തിലും കാലുകളെത്താത്ത ദൂരത്തിലും മറഞ്ഞിരിക്കുന്ന കാഴ്ചയുടെ എത്രയോ ഭൂപടങ്ങൾ മനുഷ്യനെ വെല്ലുവിളിച്ചു കൊണ്ട് മുന്നിൽ നിവർന്നു കിടക്കുന്നു.. ചിലപ്പോൾ നാമയക്കുന്ന ഒരു നിശ്വാസത്തിന്‍റെ സഞ്ചാര ദൂരത്തിൽ മാത്രമായിരിക്കും അവ. ഒന്നു തല ചെരിച്ചു നോക്കിയാൽ കാണാവുന്നത്. നമ്മുടെ കാഴ്ചയുടെയും ചിന്തയുടെയും നിഴൽ രൂപമായി പോലും കടന്നുവരാതെ പോവുന്ന മനുഷ്യ ജന്മങ്ങൾ ഉണ്ട് അവിടെയെല്ലാം.. അവരുടെ കനം തൂങ്ങുന്ന ജീവിതങ്ങളും.. എല്ലാം ഒരു നോട്ടത്തിനപ്പുറത്ത് മറഞ്ഞിരിക്കുന്നു...
മിനുക്കിയോമനിച്ച് കൊണ്ടു നടക്കുന്ന വ്യാജമായ മുഖപടത്തിനപ്പുറത്ത് ഓരോരുത്തരുടെയും ഉള്ളിൽ ഒരു പച്ചയായ മനുഷ്യൻ ഉണ്ട്. ആ മനുഷ്യരെ ഉണർത്താനാവുന്നവരെ കലാകാരൻമാരെന്ന് വിളിയ്ക്കാമെങ്കിൽ എം.എ ഷാനവാസ് മനുഷ്യന്‍റെ ഉള്ളുണർത്തുന്ന കലാകാരനാണ്. വെളുപ്പും കറുപ്പും നരച്ചതും കടുത്തതും ഇരുളും തെളിച്ചവും ഇഴപിരിഞ്ഞ് ഭൂമിയുടെ ഏതെക്കെയോ കോണുകളിൽ തന്നെ കാത്തു കിടക്കുന്ന കാഴ്ചയുടെ തുരുത്തുകളിലേക്കുള്ള ദേശാടനമാണ് ഷാനവാസ് എന്ന ഫോട്ടോഗ്രാഫറുടെ സഞ്ചാരങ്ങൾ. ആരുടെയും ശ്രദ്ധ പതിയാത്ത മനുഷ്യ, ദേശങ്ങളെ അസാമാന്യ വൈഭവത്തോടെ പകർത്തി, ഫോട്ടോഗ്രാഫിയുടെ പതിവു സമവാക്യങ്ങൾ പൊളിച്ചെഴുതുന്നിടത്ത് ഈ കൈകളിലെ ക്യാമറകൾ സംസാരിച്ചു തുടങ്ങുന്നു. അതിൽ ആകാശമുണ്ട്, മണ്ണുണ്ട്, മരമുണ്ട്, മനുഷ്യനുണ്ട്, കണ്ണുകൾ കാണാത്ത സൗന്ദര്യമുണ്ട്, കാതുകൾ കേൾക്കാത്ത ഹൃദയത്തിന്‍റെ ഭാഷയുണ്ട്... ജീവിതത്തിന്‍റെ സൗന്ദര്യവും കനവും തൂങ്ങുന്ന ആ ഫ്രെയിമുകളിലേക്ക് നോക്കുമ്പോൾ ഒരുവേള അതിന്‍റെ ഭാരം താങ്ങാനാവാതെ കാഴ്ചക്കാരൻ തരിച്ചുനിന്നേക്കാം. തനിക്ക് ചുറ്റും ഇതുവരെ ഉണ്ടായിരുന്നവരാണോ ഇവരൊക്കെ എന്ന ആശ്ചര്യത്തോടെ ഒരുപാട് ജീവിതങ്ങളുടെ ആഴങ്ങളിലേക്ക് മിഴിപായിച്ച് ഒരാൾ ചുറ്റുമുള്ളവരെ തിരിച്ചറിയുന്ന നിമിഷം കൂടിയായി മാറിയേക്കാം അത്.
സൂക്ഷ്മ സൗന്ദര്യത്തിന്‍റെ ചാരുതക്കൊപ്പം അനുഭവങ്ങളുടെ ഋതുഭേദങ്ങളും ലെൻസിന്‍റെ ചതുരക്കണ്ണിലേക്ക് ചേർത്തുവെച്ചുള്ള ഓരോ ക്ലിക്കിനു പിന്നിലും പ്രതിഭയുടെ കണ്ണും മനസ്സും കാണാം. ഒരു പക്ഷെ, ഫോട്ടോഗ്രാഫിയിൽ ഇതേവരെ ആരും പരീക്ഷിക്കാത്ത മനുഷ്യ, ദേശങ്ങളുടെ സുന്ദര ചിത്രങ്ങൾ അപ്പോൾ ജനിക്കുന്നു. ദേശാന്തരങ്ങളിലേക്കുള്ള ഉൾവിളികൾ ഉയരുമ്പോൾ ക്യാമറയും കയ്യിലേന്തിയുള്ള ഇറക്കങ്ങൾ.. ചില കാലങ്ങളിലേക്കും ദേശങ്ങളിലേക്കും ചെന്നുചേരുന്നത്. അറേബ്യൻ മരുഭൂവിലെ മണൽതിട്ടകൾ മുതൽ ഇന്ത്യയുടെ കൈത്തറി ഗ്രാമങ്ങളിലേക്ക് വരെ അത് നീളുന്നു.. ഭക്തിസാന്ദ്രമായ കാശിയിൽ, അല്ലെങ്കിൽ തലപ്പാവണിഞ്ഞ ജിസ്പികൾക്കൊപ്പം... ഒരു യാത്ര കഴിയുമ്പോൾ അടുത്തതിനുള്ള ഇരമ്പൽ ഉള്ളിൽ ചുരമാന്തിത്തുടങ്ങും. ആ യാത്രകളാണ് തന്‍റെ ജീവശ്വാസമെന്ന് അയാൾ പറയുന്നതിൽ നുണയില്ലെന്ന് ഓരോ ഫ്രെയിമുകളും സാക്ഷി പറയുന്നു.
‘‘സൗന്ദര്യാത്മകമായ ഒരു കാഴ്ചപ്പാടാണ് ഫോട്ടോഗ്രഫിക്ക് പൊതുവിലുള്ളത്. കാഴ്ചയുടെ സൗന്ദര്യം ഓരോരുത്തരിലും രൂപപ്പെടുന്നതിൽ വ്യത്യാസങ്ങൾ ഉണ്ടാവും. ഉറൂബിന്‍റെ സുന്ദരികളും സുന്ദരൻമാരും വായിക്കുന്നതുവരെ സൗന്ദര്യം എന്നത് വളരെ പുറംമോടി ആയ ഒന്നായിരുന്നു നമുക്ക്. അതുകൊണ്ട് വളരെ നിഷ്കളങ്കമായി ചിരിക്കുന്ന ഒരാൾ എന്നെ സംബന്ധിച്ചിടത്തോളം സുന്ദരനാണ്. മാത്രമല്ല, സൗന്ദര്യത്തെ കുറിച്ച് അടിയുറച്ച കുറെ ശൽക്കങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പൊഴിഞ്ഞു പോവുന്നു എന്നതാണ് യാത്ര ചെയ്യുമ്പോൾ നമ്മളിൽ സംഭവിക്കുന്നത്. യഥാർഥത്തിൽ ഒരു അജണ്ടകളുമില്ലാത്ത മനുഷ്യരെ തേടിച്ചെല്ലലും കൂടിയാവുന്നു അത്...
ആർഭാടം എന്നൊക്കെ നമ്മൾ വിളിക്കുന്നതിന്‍റെ തുടക്കമുണ്ടല്ലോ? അതിനെപോലും ഏറ്റവും സന്തോഷത്തോടെ കാണുന്ന മനുഷ്യർ ഉണ്ട് നമുക്കു ചുറ്റും. ഒരിക്കൽ ക്യാമറയും തൂക്കിയുള്ള യാത്രക്കിടെ ഒരു ഗ്രാമത്തിൽ എത്തി. അവിടെ മൂന്നു നാലു കുടുംബങ്ങൾ ചേർന്ന് ഒരു കുഞ്ഞു കോഴിയെ വിലക്ക് മേടിച്ച് അതിന്‍റെ പപ്പും പൂടയും കളയുകയാണ്. ഇതുകണ്ട് ഉടുതുണിയില്ലാത്ത കുറെ കുഞ്ഞുങ്ങൾ ആഹ്ലാദ നൃത്തം ചവിട്ടുന്നു. അവർ ചിരിച്ചുകൊണ്ട് പറയുന്നുണ്ട് 'ഞങ്ങൾ കോഴിയെ ആണ് ഇന്ന് കറിവെക്കുന്നത്' എന്ന്. നമുക്കൊക്കെ ചിന്തിക്കാനാവാത്ത ഒന്നാണത്.
മറ്റൊരിക്കൽ, യാത്രയിൽ ഒരു ഫലസ്തീനിയെ പരിചയപ്പെട്ടു. പേരു ചോദിച്ചപ്പോൾ അയാൾ പറയുന്നു എനിക്ക് പേരില്ല, ഞാൻ ഒരു പോരാളിയാണ് എന്ന്. ഇത് കേട്ടപ്പോൾ ശരിക്കും ഞെട്ടലാണ് ഉണ്ടായത്. ഒരു ദേശം അയാളിലേക്ക് ചേർന്നു നിൽക്കുകയാണ്. അപ്പോൾ അയാളുടെ പേര് ഫലസ്തീനി എന്നാവുന്ന ഒരു അവസ്ഥ! നമുക്ക് അങ്ങനെയൊന്ന് സങ്കൽപ്പിക്കാനാവുമോ?’’–ഷാനവാസ് ചോദിക്കുന്നു.
ശരീരം വരയ്ക്കുന്ന ദേശങ്ങൾ...
നമുക്ക് ചുറ്റുമുള്ള ദൃശ്യങ്ങളിലേക്ക് മനുഷ്യപക്ഷത്തിന്‍റെ രാഷ്ട്രീയത്തെ സമർഥമായി കൂട്ടിയിണക്കുന്നുണ്ട് ഈ ഫ്രെയിമുകൾ. ആരും കാണാത്ത ജീവിതങ്ങൾ, യാഥാർഥ്യങ്ങൾ, അതിലേക്ക് ഒന്ന് നോക്കൂ എന്നാണ് ആ ചിത്രങ്ങൾ പ്രലോഭിപ്പിക്കുന്നത്. വാർത്താ ചിത്രങ്ങളുടെ അളവുകളിലേക്ക് കലയുടെ അംശങ്ങളെ സന്നിവേശിപ്പിക്കുന്ന മിശ്രണം സംഭവിക്കുന്നത് ഫോട്ടോഗ്രാഫർ ഒരു പത്രപ്രവർത്തകൻ കൂടി ആയതിനാലാവണം. മനുഷ്യ ദേഹത്തിന്‍റെ ഭൂപടങ്ങളെ കാമറ കൊണ്ട് തൊട്ടെടുക്കുമ്പോൾ ഫോട്ടോഗ്രഫി എന്നത് കേവലം കാഴ്ചാഭംഗിക്കപ്പുറം സൂക്ഷ്മ രാഷ്ട്രീയത്തിന്‍റെ മികച്ച രൂപകം കൂടിയായി മാറുന്നു. ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫിയും ഒന്നാവുന്ന നിമിഷം കൂടിയാണത്.
‘‘എനിക്ക് ഫോട്ടോഗ്രഫി എന്നത് കേവലം ചിത്രമെടുപ്പല്ല, കാമറയുടെ കലയുമല്ല. അത് എന്‍റെ ജീവിതം തന്നെയാണ്. അതിലൂടെ ചുറ്റുമുള്ള ജീവിതത്തെ പകർത്തലാണ്. ജീവിതങ്ങൾ തേടാനുള്ള ഒരു ഉപകരണം മാത്രമാണ് കാമറ. നിലവിലുള്ളതിലേക്ക് കാമറ തുറക്കുന്നു. അതിലെ മനുഷ്യരെ ലോകത്തിനു മുന്നിൽ എത്തിക്കലല്ല, ലോകത്തിന്‍റെ കണ്ണുകളെ ആ ജീവിതത്തിലേക്ക് കൊണ്ടു വരാനാണ് ഞാൻ ശ്രമിക്കുന്നത്. ഇതാ ഇവിടെ ഒരു ജീവിതം ഉണ്ട്. അത് നിങ്ങൾ കാണുക. അതുകൊണ്ട് തന്നെ ദേശങ്ങളെ ‘ലാൻഡ് സ്കേപ്പ് ’ എന്നല്ല, ‘ഹ്യൂമൻ സ്കേപ്പ് ‘എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.
വല്ലാത്ത ആർത്തിയോടെ ഒരാളുടെ സ്വകാര്യതയിലേക്ക് ഞാൻ കടന്നു ചെല്ലാറില്ല. മറിച്ച് അവരിൽ ഒരാളാവും. അവരുമായി ഒരാത്മബന്ധം സ്ഥാപിക്കും. അതിനു വേണ്ടി എത്ര സമയവും കാത്തിരിക്കും. അവർക്കൊപ്പം സംസാരിക്കും. ഭക്ഷണം കഴിക്കും. ചിലപ്പോൾ ഒന്നും മിണ്ടാതെ തോളിൽ കയ്യിട്ട് അവരിലേക്ക് എന്നെയും എന്നെ അവരിലേക്കും ചേർത്ത് നടക്കും. ആ സമയത്ത് നമ്മുടെ ഉള്ളിൽ നിന്ന് ഉറവ പൊട്ടുന്ന ഒരു അടുപ്പംമുണ്ട്. അപ്പോൾ മാത്രമാണ് ഞാൻ ക്യാമറ തുറക്കുക.
ഒരു അമ്മ, അവർ എനിക്ക് മകനെ പോലെ അടുത്തിരുത്തി ഭക്ഷണം തന്നു. അങ്ങനെ ഒരുവേളയിൽ ഞാൻ അവരുടെ ചിത്രം പകർത്തി. അതിമനോഹരമായിരുന്നു അത്. അങ്ങനെ അല്ലാതെ എനിക്ക് കഴിയില്ല...’’ ആ അമ്മ മുഖം. അവർ നടന്നുതീർത്ത അല്ലെങ്കിൽ കടന്നുപോവുന്ന തീക്ഷ്ണമായ ജീവിതം അവിടെ ഉണ്ടായിരുന്നു. ഒരൊറ്റ നോട്ടത്തിൽ ഒരു നൂറു കാര്യങ്ങൾ പറയുന്ന ചിത്രം. ഒരൊറ്റ ക്ലിക്കിലെ ചിത്രം ആ നിമിഷത്തിേൻ്റതു മാത്രമല്ല, ഒരായുസിന്‍റേത് കൂടിയാവുന്ന അൽഭുതമാണത്.
‘‘ഒരു കുഞ്ഞ് അമ്മയോട് ചിരിക്കുമ്പോൾ അവർ പകർത്തുന്ന കുട്ടിയുടേത് പോലെയാവില്ല ഒരു ഫോട്ടോഗ്രാഫർ ആ കുഞ്ഞിനെ പകർത്തിയാൽ. ഫോട്ടോഗ്രാഫർക്ക് ഒരുപക്ഷെ, നല്ല ഫോട്ടോ എടുക്കാൻ കഴിഞ്ഞേക്കും. എന്നാൽ, അമ്മയുടെ മുന്നിൽ അവൻ ചിരിച്ച ആ ചിരി അതിൽ ഉണ്ടാവില്ല. എനിക്ക് വേണ്ടത് ഇതാണ്. മനുഷ്യന്‍റെ ഉള്ളിൽ ഉള്ള സ്ഥായിയായ ഒരു ഭാവം. അത് കിട്ടാൻ ചിലപ്പോൾ മണിക്കൂറുകൾ, അല്ലെങ്കിൽ ദിസവങ്ങൾ വേണ്ടി വരും. അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫി എന്ന് പറയുന്നത് എനിക്ക് ജീവവായുവാണ്. അതിൽ കലർപ്പുകൾ ഇഷ്ടമില്ല. അതുകൊണ്ട് യാത്രകൾ ഞാൻ ഒറ്റക്കാണ് നടത്താറ്.’’
‘‘ഒരിക്കൽ ഒരു ഓട്ടോറിക്ഷക്കാരനെ പരിചയപ്പെട്ടു. അദ്ദേഹം എന്നെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പി. അഭിജിത്തിനെയും വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം തന്നു. എന്തിനാണത്? ഞങ്ങൾ അയാളുടെ ആരാണ്? എന്നിട്ടും നമ്മൾ തമ്മിൽ എങ്ങനെ ഇത്ര അറിഞ്ഞവരായി. അയാൾ ചിരിക്കുന്നു, സംസാരിക്കുന്നു. ഫോട്ടോ എടുകേണ്ടിടത്തേക്കെല്ലാം വളരെ താൽപര്യത്തോടെ അയാളുടെ വണ്ടിയിൽ ഞങ്ങളേയും കൊണ്ട് കറങ്ങുന്നു. പിരിയുമ്പോൾ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. എന്നിട്ട് പൊട്ടിക്കരയുകയായിരുന്നു അയാൾ. ഏതാനും നേരത്തെ പരിചയത്തിൽ നിന്ന് ഉറവയെടുത്ത ആത്മബന്ധം. അവിടെ മനുഷ്യന് അറിയാനും സംസാരിക്കാനും മനസിലാക്കാനും ഭാഷ പോലും ഒരു അധികപ്പറ്റായി മാറുന്നു. ദേശങ്ങൾ എല്ലാം വ്യത്യാസപെട്ടിരിക്കും. പക്ഷെ, മനുഷ്യന്‍റെ ഹൃദയഭാഷ ഒന്നാണ്. ആ ഭാഷ മനസിലാക്കാനായാൽ നമുക്ക് പരസ്പരം അറിയാനാവും. അപ്പോൾ മനുഷ്യ ഹൃദയങ്ങളിലെ ശത്രുതയും വിദ്വേഷവും അലിഞ്ഞില്ലാതാവും. നമ്മൾ ചിരിച്ചാൽ മതി, നമ്മുടെ എക്സ്പ്രഷൻസ് തന്നെ മതി. മൂകമായ, ഗാഢമായ ഒരു ബന്ധം ഉറവെടുക്കാൻ... അങ്ങനെ ഒരു മനുഷ്യനെ കണ്ടെത്തിക്കഴിഞ്ഞാൽ ആ ഫ്രെയിമിലേക്ക് അവെൻ്റ ഭാരമുള്ള ജീവിതം കയറി വരും... സത്യത്തിൽ എനിക്ക് മനുഷ്യനോട് അഗാധമായ പ്രണയമാണ്. ചിലപ്പോഴൊക്കെ റിക്ഷ വലിക്കുന്നവരെ കണ്ടാൽ അവരെ പോലെ റിക്ഷ വലിക്കാൻ തോന്നാറുണ്ട്. ചെരുപ്പിടാത്തവരെ കാണുമ്പോൾ അങ്ങനെ ഇറങ്ങി നടക്കാൻ തോന്നും.’’
മണ്ണും മനുഷ്യനും
നരവംശ ശാസ്ത്രപരവും കൂടിയാണ് ഈ ഫോട്ടോഗ്രാഫറുടെ അന്വേഷണങ്ങൾ. അന്തരീക്ഷത്തിനു പോലും മനുഷ്യന്‍റേതു പോലെ സവിശേഷമായ സ്വഭാവങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ‘‘വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോയാൽ അവിടുത്തെ പ്രകൃതി തന്നെ മറ്റൊന്നാണ്. ചുവന്ന ആകാശം, ചുവന്ന തലമുടിയുള്ള മനുഷ്യർ, മൊത്തം ഒരു ചുവപ്പു രാശി. മറ്റു സ്ഥലങ്ങളിൽ പോയാൽ അവിടുത്തെ അന്തരീക്ഷത്തിൽ പൊടിയാണ്. പൊടിയിൽ കുളിച്ച മനുഷ്യരും. ചിലയിടങ്ങളിൽ നരച്ച ആകാശം, അതുപോലെയുള്ള മനുഷ്യരും. പ്രകൃതിയും മനുഷ്യരും ഒരേ നിറങ്ങളിൽ ഇഴുകിപ്പിണഞ്ഞു കിടക്കുന്ന കാഴ്ച!! മണ്ണും മുനുഷ്യന്‍റെ സ്വഭാവവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പോവുന്നിടത്തെ മണ്ണുകൾ എടുത്ത് ശേഖരിച്ച് വെക്കുന്ന സ്വഭാവം കൂടി ഉണ്ടെനിക്ക്...’’
മറ്റേതോ കാല ദേശങ്ങളിലേക്ക് ചിത്രങ്ങളായി കൂടുമാറുന്ന ജീവിതങ്ങൾ തേടി ഈ കൈകളിലെ ക്യാമറകൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു... ആരുടെയൊക്കെയോ കണ്ണുകളിലും സംസാരങ്ങളിലും കഥാപരിണാമം നടത്തുന്നതുപോലും അറിയാതെ ചിത്രങ്ങൾപ്പുറത്തേക്ക് അദ്ദേഹം പകർത്തുന്ന ജീവിതങ്ങളും യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു... (ഷാനവാസിന്‍റെ ചിത്രങ്ങൾ കാണാൻ www.shanavazphotography.com സന്ദർശിക്കാം.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.