ഐശ്വര്യത്തിന്‍റെ പാലാഴി
text_fieldsമലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സത്യൻ അന്തിക്കാട് ചിത്രം ‘നാടോടിക്കാറ്റി’ൽ ദാസനും വിജയനും കഴിയാതെ പോയ വിജയം കൈപ്പിടിയിലൊതുക്കി റോബിനും കുടുംബവും ചിരിക്കുന്നു. കഷ്ടപ്പാടുകൾക്കും ദുരിതത്തിനുമിടയിൽ മോഹൻലാലും ശ്രീനിവാസനും ജീവിതം പച്ചപിടിപ്പിക്കുന്നതിന് സിനിമയിൽ കണ്ടെത്തിയ പശു പാൽ നൽകുന്നതിൽ പിശുക്കുകാണിച്ചത് മലയാളികൾ കണ്ടു. ഐശ്വര്യത്തിന്‍റെ സൈറൺ വിളി നിലച്ചതോടെ ഇരുവരും പശു വളർത്തൽ ഉപേക്ഷിച്ച് മറ്റുമാർഗങ്ങൾ തേടിപ്പോയി.
എന്നാൽ, യഥാർഥ ജീവിതത്തിൽ ഒരു പശുവുമായി 30 വർഷം മുമ്പ് ജീവിതം തുടങ്ങിയ റോബിൻ ഇപ്പോൾ 70 പശുക്കളുടെ ഉടമയായി ജീവിതത്തിൽ വിജയം കൊയ്യുന്നു. കുമളി ഒന്നാം മൈലിലെ റോബിന്‍റെ പശുവളർത്തൽ കേന്ദ്രത്തിൽനിന്ന് ദിനേന 1000 ലിറ്റർ പാലാണ് വിപണിയിലെത്തുന്നത്. പുലർച്ചെ മൂന്നിന് ഭാര്യ ലൈജുവിനൊപ്പം തൊഴുത്തിലെത്തുന്ന റോബിൻ യന്ത്രം ഉപയോഗിച്ചാണ് പാൽ കറന്നെടുക്കുന്നത്. ചെന്നൈയിൽ പഠിക്കുന്ന മകൾ പ്രിയ മേരിയും അവധിക്ക് നാട്ടിൽ വരുമ്പോൾ മാതാപിതാക്കൾക്ക് സഹായത്തിനെത്തും.
റോബിെൻറ 15ാമത്തെ വയസിൽ ഒരു പശുവുമായാണ് ക്ഷീരവിപ്ലവത്തിന് തുടക്കം. 30 വർഷം പിന്നിടുമ്പോൾ പശുക്കളുടെ എണ്ണം 70ലെത്തി നിൽക്കുന്നു. ഒപ്പം മലബാറി, ജമ്നാപ്യാരി, ബീറ്റൽ, സിരോഗി ഇനങ്ങളിൽപെട്ട ആടുകൾ, അലങ്കാരക്കോഴികൾ, മുയൽ, താറാവ്, എമു, പ്രാവ് തുടങ്ങി ലൗ ബേർഡ്സും ഗിനിപ്പന്നിയും വരെയായി റോബിന്‍റെ കഠിനാധ്വാനം ഫാമിെൻറ രൂപത്തിൽ വികസിച്ചിരിക്കുന്നു. 2010ൽ സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടി. തുടർന്ന് മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ സംഘടനകൾ എന്നിവയുടെ നിരവധി പുരസ്കാരങ്ങൾ റോബിനെ തേടിയെത്തി.
നാടിെൻറ പാലാഴിയായി തന്‍റെ ഫാം തുടരുമ്പോഴും ഈ രംഗത്തെ വെല്ലുവിളികളും ചെറുതല്ലെന്ന് റോബിൻ പറയുന്നു. രണ്ടുവർഷം മുമ്പ് കുളമ്പുരോഗം ബാധിച്ച് കന്നുകാലികളിൽ മിക്കതും അവശതയിലായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒരുലക്ഷം രൂപവരെ വിലയുള്ള പശുക്കളാണ് റോബിന്‍റെ തൊഴുത്തിലുള്ളത്. എന്നാൽ, ഇവയെ ഇൻഷുർ ചെയ്യാൻ ശ്രമിച്ചാൽ അരലക്ഷം രൂപയിൽ താഴെയെ വിലയിടുന്നുള്ളൂ. വീടിനോട് ചേർന്നാണ് റോബിന്‍റെ പശുത്തൊഴുത്ത്. മറ്റു ജീവികളുടെ കൂടുകളും വീടിന് സമീപത്തുതന്നെ.
ഫാമിലെ ജീവികളെ കാണാനും ലാളിക്കാനും ഇപ്പോൾ തേക്കടിയിലെത്തുന്ന വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികളും വരുന്നുണ്ട്. ക്രമേണ റോബിനും പശുക്കളും ടൂറിസം രംഗത്തേക്ക് ചുവടുവെച്ച് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.