നാലാം നിലയിലെ അഭയം
text_fieldsനാലാം നിലയില്‍, എച്ച് ആര്‍ ഡിപ്പാര്‍ട്മെന്‍റിന് തൊട്ടടുത്തുള്ള ആ മുറി ഒരഭയ കേന്ദ്രമായിരുന്നു. കരിയറിനിടെ കയറിവരുന്ന കടലിളക്കങ്ങളില്‍ പെട്ടു പോവുന്ന ആര്‍ക്കും കയറിച്ചെന്ന് സ്വന്തം പ്രശ്നങ്ങള്‍ പറയാവുന്ന ഒരിടം. മുന്‍വിധിയോ മുന്‍ധാരണയോ ഇല്ലാതെ അത് കേള്‍ക്കാന്‍ കാതുള്ള വലിയൊരു മനസ്സുണ്ടായിരുന്നു അവിടെ. വെറുമൊരു കേള്‍വി മാത്രമാവില്ല, പ്രശ്ന പരിഹാരവും അതോടൊപ്പമുണ്ടാവും. അടിമുടി പെട്ടുപോവുന്ന അവസ്ഥയില്‍ പോലും മുന്നോട്ടു കടക്കാനുള്ള വഴി അവിടെ തെളിയും. തൊഴില്‍ ശ്രേണിയില്‍ ഏറ്റവും മുകളിലുള്ളവര്‍ക്കും ഏറ്റവും താഴത്തേട്ടിലുള്ളവര്‍ക്കും ഒരേ പരിഗണന അവിടെ ലഭിച്ചിരുന്നു.
ആ മുറി ഇപ്പോഴുമുണ്ട്. എന്നാല്‍, വെള്ളത്താടിയില്‍ നീണ്ട കൈവിരലുകള്‍ ആഴ്ത്തി മുന്നിലിരിക്കുന്നവരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന ആ കാത് അവിടെയില്ല. ആ മുറിയെയും പ്രിയപ്പെട്ട സ്ഥാപനത്തെയും കുടുംബാംഗങ്ങള്‍ പോലെ ആത്മബന്ധമുള്ള സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഉറ്റവരെയുമെല്ലാം ഉപേക്ഷിച്ച്, ആ മനുഷ്യന്‍ കാലത്തിനപ്പുറത്തേക്ക് നടന്നു പോയിരിക്കുന്നു. തൈക്കാട് ശാന്തികവാടത്തിലെ, ബ്രൗണ്‍ നിറത്തിലുള്ള ഇരുമ്പു വാതില്‍ കടന്ന്, അകത്തെ അഗ്നിനാളങ്ങളിലേക്ക് പതുക്കെ അലിഞ്ഞു പോയിരിക്കുന്നു.
ടി.എന്‍ ഗോപകുമാറായിരുന്നു അത്. ലോകമെങ്ങുമുള്ള മലയാളികള്‍ ഏറെ സ്നേഹത്തോടെ ഉറ്റുനോക്കിയിരുന്ന ഒരാള്‍. വെറും 20 എപ്പിസോഡുകള്‍ കഴിഞ്ഞാല്‍, ആയിരം തികയ്ക്കുമായിരുന്ന കണ്ണാടി എന്ന മനുഷ്യപ്പറ്റു തുളുമ്പുന്ന ചാനല്‍ പരിപാടിയിലൂടെ മലയാളികളുടെ വീടകങ്ങളിലെ പതിവുസ്വരമായി മാറിയ ഒരാള്‍. ഒരുപാട് സവിശേഷതകള്‍ ഉണ്ടായിരുന്ന ആ മനുഷ്യനെ 'കണ്ണാടി' എന്ന ഒറ്റവാക്കിലൂടെ അവര്‍ ചേര്‍ത്തുവെച്ചു. ജന്‍മനാടിനെ തൊടാന്‍ 'കണ്ണാടി' മാത്രമുണ്ടായിരുന്ന ഒരു കാലം നല്‍കിയ സ്നേഹവായ്പില്‍നിന്നു പിറന്നതാണ് ആ അടുപ്പം. അതറിയാന്‍ കണ്ണാടിയുടെ പഴയ ഒരു എപ്പിസോഡ് ഓര്‍ത്താല്‍ മതി. ആ എപ്പിസോഡിലെ പ്രധാനഭാഗം കേരളത്തിന്‍്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള മഴയുടെ ദൃശ്യങ്ങളായിരുന്നു. ആ മഴപ്പെയ്ത്ത് സമര്‍പ്പിച്ചത് പ്രവാസി മലയാളികള്‍ക്കായിരുന്നു. സൗദിയിലെ ഒരു ലേബര്‍ക്യാമ്പില്‍നിന്ന് കണ്ണാടിക്കു വന്നൊരു കത്തായിരുന്നു അതിനു വഴിയൊരുക്കിയത്. 'ഇവിടെ കൊടും ചൂടാണ്, നാട്ടിലോ മഴക്കാലവും. ഞങ്ങള്‍ക്കും മഴ കാണണം. 'കണ്ണാടി' നാട്ടിലെ മഴക്കാലം ഞങ്ങള്‍ക്ക് കാണിച്ചു തരണം' ഇതായിരുന്നു കത്തിലെ ഡിമാന്‍്റ്. അക്കാലത്ത് ഇതിന് മറ്റ് വഴികള്‍ അവര്‍ക്കുണ്ടായിരുന്നില്ല. 'കണ്ണാടി' അന്ന് നിന്നു പെയ്തു. മരുഭൂമിയിലെ ലേബര്‍ ക്യാമ്പിലിരുന്ന് ടിവിയിലൂടെ മഴ നനഞ്ഞ ആ പാവം മനുഷ്യരെയാണ് അതുകണ്ടവരെല്ലാം ഓര്‍ത്തിരിക്കുക.
എന്നാല്‍,കണ്ണാടി മാത്രമായിരുന്നില്ല അദ്ദേഹം. മലയാളത്തില്‍ സ്വകാര്യ ചാനല്‍ സാന്നിധ്യത്തിന് തുടക്കമിട്ട ഏഷ്യാനെറ്റ് സ്ഥാപക ടീമിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ചാനലിന്‍്റെ അമരക്കാരന്‍. അതിനുമുമ്പ്, മലയാളത്തിലും ഇംഗ്ളീഷിലുമുള്ള പത്രങ്ങളില്‍ ഉശിരന്‍ വാര്‍ത്തകള്‍ എഴുതിയിരുന്ന റിപ്പോര്‍ട്ടര്‍. പ്രതിവാര കോളങ്ങള്‍ കൊണ്ടും എയ്തു തറക്കുന്ന നിശിത വിശകലനങ്ങളും ലേഖനങ്ങളും കൊണ്ടും ഉള്ളു തൊടുന്ന കുറിപ്പുകള്‍ കൊണ്ടും മലയാള ആനുകാലികങ്ങളില്‍ നിറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍. രണ്ട് സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ അടക്കം നേടിയ 13 പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരന്‍. അങ്ങനെ പല വഴികള്‍, പല റോളുകള്‍.
ജീവന്‍ മശായി എന്ന ചലച്ചിത്രത്തിന്‍്റെയും ദൂര്‍ദര്‍ശന്‍ കാലത്ത് ഏറെ ശ്രദ്ധേയമായ മലയാറ്റൂരിന്‍റെ 'വേരുകള്‍' സീരിയലിന്‍്റെയും മറ്റനേകം ഡോക്യുമെന്‍്ററികളുടെയും സംവിധായകനായിരുന്നു ടി.എന്‍ ജി എന്ന് ഒപ്പമുള്ളവര്‍ വിളിച്ചു പോരുന്ന ആ മനുഷ്യന്‍. കാഴ്ചയില്‍ ഒരു ജ്ഞാനവൃദ്ധനായി അതിവേഗം മാറിയ ഈ മാധ്യമപ്രവര്‍ത്തകന്‍ എന്നും കര്‍മയോഗിയായിരുന്നു. മാധ്യമപ്രവര്‍ത്തനം നല്‍കിയ എല്ലാ തിരക്കുകള്‍ക്കിടയിലും, സൗഹൃദത്തിന്‍്റെ എല്ലാ ആഘോഷങ്ങള്‍ക്കിടയിലും, സമയത്തെ കൃത്യമായി കൈകാര്യം ചെയ്ത്, എഴുത്തിനോടും വായനയോടുമുള്ള തീവ്രമായ ആസക്തി കൊണ്ടു നടന്നു. നിരന്തരം എഴുതി. ഫിക്ഷനും നോണ്‍ ഫിക്ഷനും മാറിമാറി തൊട്ടു. ശരിയെന്നു തോന്നുന്നത് എവിടെ ആയാലും വെട്ടിത്തുറന്നു പറഞ്ഞു. അപ്പുറത്ത് ആരെന്നു നോക്കാതെ വിയോജിപ്പുകള്‍ ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപ്പിള്ളയുടെ ഭാര്യ ആയിരുന്ന അമ്മ തങ്കത്തിന്‍്റെയും വേദപണ്ഡിതനും പേരുകേട്ട വൈദ്യനുമായിരുന്ന അച്ഛന്‍ വട്ടപ്പള്ളിമഠത്തില്‍ നീലകണ്ഠ ശര്‍മ്മയുടെയും അസാധാരണമായ ജീവിതം, സ്വന്തം ദേശത്തിന്‍റെ സ്ഥലരാശിയില്‍ അടയാളപ്പെടുത്തിയ 'ശുചീന്ദ്രം രേഖകള്‍' എന്ന പുസ്തകം ഉറ്റവരില്‍നിന്നുപോലും എതിര്‍പ്പുകളുയര്‍ത്തി. എന്നാല്‍, അസാമാന്യമായ ധീരതയോടെ ആ കടലിളക്കങ്ങളെല്ലാം മറികടന്നു. സഹമാധ്യമങ്ങള്‍ പലതും ചാരനെന്നു മുദ്രകുത്തി കല്ലറെിഞ്ഞ നമ്പിനാരായണനെന്ന ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനൊപ്പം നിന്ന്, ഭരണകൂടവും പിണിയാളുകളും കെട്ടിപ്പൊക്കിയ നുണക്കഥകളെ തല്ലിത്തകര്‍ത്തു. സിഖ് വംശഹത്യയുടെയും ബാബരി മസ്ജിദ് തകര്‍ക്കലിന്‍്റെയും നാളുകളില്‍ തികഞ്ഞ നീതിബോധവും മനുഷ്യപ്പറ്റും കാണിച്ച മാധ്യമപ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായിരുന്നു.
എന്നാല്‍, ഒപ്പം ജോലി ചെയ്തിരുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉറ്റവര്‍ക്കും ആദ്യം പറഞ്ഞ പോലെ ഒരഭയകേന്ദം തന്നെ ആയിരുന്നു അദ്ദേഹം. ജീവിതത്തില്‍നിന്ന് അദ്ദേഹം പടിയിറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന തോന്നലില്‍ അവരെല്ലാം അകമേ തളര്‍ന്നുപോയതും അതിനാലാണ്. സ്ഥാപനത്തിനകത്ത് തികഞ്ഞ ജനാധിപത്യം നിലനിര്‍ത്തി എന്നതായിരുന്നു കപ്പിത്താന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത പ്രധാന കാര്യം. ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തെ സക്രിയമാക്കി നിര്‍ത്തുന്ന പ്രധാന ഘടകവും അതു തന്നെയായിരുന്നു. ചായാതെ, ചരിയാതെ മലയാളത്തിലെ നമ്പര്‍വണ്‍ ചാനലിനെ മുന്നോട്ടുനടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതിലെ ഒരു ഘടകം ഈ ജനാധിപത്യപരത തന്നെ ആയിരുന്നു. തികഞ്ഞ മതേതരവാദി ആയിരുന്നു ആ മനുഷ്യന്‍. ഒപ്പം നടന്നവരില്‍ പലരും മതവിഭാഗീയതയുടെ പാളയങ്ങളിലേക്കും വര്‍ഗീയതയുടെ രാഷ്ട്രീയ വഴികളിലേക്കുമൊക്കെ കാലെടുത്തു വെച്ചപ്പോഴൊന്നും ടി.എന്‍ജിക്ക് അടിതെറ്റിയില്ല. അസഹിഷ്ണുതയുടെ ചീഞ്ഞ കാലം ഇന്ത്യയെ പലനിലക്കായി പൊള്ളിക്കുന്ന സമയത്ത് അദ്ദേഹവുമായി നീണ്ട ഒരഭിമുഖം നടത്തിയിരുന്നു ഞാന്‍. ആ അഭിമുഖം അവസാനിക്കുന്നത് ഇങ്ങനെ ആയിരുന്നു: 'അപകടകരമാണ് ഇത്. ഈ കാര്യങ്ങള്‍ ഇങ്ങനെ നീണ്ടു പോയാല്‍, ഇനിയിപ്പോള്‍ പുതിയ സ്വഭാവങ്ങള്‍ അവര്‍ക്ക് കൈവരും. ഫാഷിസ്റ്റ് സ്വഭാവം. കൈവിട്ടുപോയാല്‍ തുറന്ന ഒരു യുദ്ധത്തിലേക്ക് സമൂഹം നീങ്ങും. അപ്പോള്‍ ഒരു വല്ലാത്ത ദുരന്ത കാലഘട്ടത്തിലേക്ക് നമ്മള്‍ പ്രവേശിക്കും. പിന്നെ എന്തു സംഭവിക്കും എന്നു പറയാന്‍ പറ്റില്ല'.
തിങ്കളാഴ്ചയാണ് ഇതെഴുതുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വെബ്പോര്‍ട്ടലില്‍ അദ്ദേഹത്തിന്‍്റെ പ്രതിവാര കോളം 'മാധ്യമമുഹൂര്‍ത്തങ്ങള്‍' അപ്ഡേറ്റ് ചെയ്യണ്ട ദിവസം. അതേ നേരം. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പേ അദ്ദഹേം കോളം തന്നിരിക്കും. പ്രാചീന ഗുഹാചിത്രങ്ങളിലേതുപോലെ നൃത്തം ചെയ്യുന്ന ആ അക്ഷരങ്ങള്‍ വായിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും, ആ വരികളുടെ ആര്‍ജ്ജവവും ധീരതയും സൗമ്യതയുമെല്ലാം ടൈപ്പ് ചെയ്തു കൂട്ടുമ്പോള്‍ ആയാസതയല്ല, ഉള്ളുതൊടുന്ന ഒരനുഭവമാണ് ഉണ്ടാവുക. പതിനൊന്നരയാവുമ്പോള്‍ അദ്ദേഹം ഓഫീസിലത്തെും. കോളം പ്രസിദ്ധീകരിച്ച ശേഷം, അതിന്‍റെ പ്രിന്‍റുമായി ചെന്നു കാണുമ്പോള്‍ ആ വരികളെ അടിമുടി നോക്കിയിട്ട് അദ്ദേഹം ചിരിക്കും. അടുത്ത ആഴ്ചത്തെ കോളം എന്തായിരിക്കുമെന്നു പറയും. മൂന്നാലു ദിവസം കഴിയുമ്പോള്‍ ഒരു വിളി വരും. ' എടാ, വാ...'. മുറിയില്‍ എത്തുമ്പോള്‍ പുതിയ കുറിപ്പ് തയ്യറായിരിക്കും. മാധ്യമപ്രവര്‍ത്തക ജീവിതത്തില്‍നിന്നും മുറിച്ചെടുത്ത തീവ്രമായ മറ്റൊരേടാവും അതും.
ഇനി അതില്ല. ആ വിളി. ആ വരികള്‍. ഏതു ഭൂമികുലുക്കത്തിലും അമ്മപ്പക്ഷിയെപ്പോലെ ചേര്‍ത്തുനിര്‍ത്തുന്ന ആ കരുതല്‍. നാലാം നിലയിലെ ആ മുറി ഇനിയൊരിക്കലും പഴയപോലെയാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.