നാണയങ്ങളുടെ കാവല്‍ക്കാരന്‍
text_fieldsആയിരക്കണക്കിന് നാണയങ്ങളുടെ അപൂര്‍വ ശേഖരവുമായി വിസ്മയം തീര്‍ക്കുകയാണ് കയ്പമംഗലം കൊപ്രക്കളം കിഴക്ക് സ്വദേശി മൂന്നാക്കപ്പറമ്പില്‍ കബീറിന്‍റെ മകന്‍ സിജില്‍. 80 ലധികം രാജ്യങ്ങളുടെ വ്യത്യസ്ത നാണയങ്ങളും 75 ഓളം രാജ്യങ്ങളുടെ കറന്‍സികളും കാല്‍നൂറ്റാണ്ട് പിന്നിട്ട അധ്വാനത്തിലൂടെ ഈ 36കാരന്‍ സ്വന്തമാക്കി.
അബൂദബിയില്‍ ജോലി ചെയ്യുന്ന സിജിലിന് സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ നാണയങ്ങളും സ്റ്റാമ്പുകളും കൗതുകമായിരുന്നു. മുതിര്‍ന്നതോടെ സ്റ്റാമ്പ് ശേഖരിക്കുന്നത് നിര്‍ത്തി നാണയകറന്‍സി ശേഖരണത്തിലേക്ക് തിരിയുകയായിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലവിലുണ്ടായിരുന്ന വെള്ളി നാണയങ്ങള്‍ തുടങ്ങി, കഴിഞ്ഞ വര്‍ഷം അടിച്ചിറക്കിയ ഒറ്റ രൂപ നാണയമടക്കം വിവിധങ്ങളായ 38 ഒറ്റ രൂപ നാണയങ്ങള്‍ വരെ ശേഖരത്തിലുണ്ട്.
1840 ല്‍ ഈസ്റ്റിന്ത്യാ കമ്പനി പുറത്തിറക്കിയ വിക്ടോറിയ രാജ്ഞിയുടെ തലയുള്ള വെള്ളിനാണയം 3,000ത്തോളം രൂപ നല്‍കിയാണ് സിജില്‍ സ്വന്തമാക്കിയത്. ഇതോടൊപ്പം 1901 ലെ വിക്ടോറിയ നാണയം, 1903 ലെ എഡ്വേര്‍ഡ് ഏഴാമന്‍റെ നാണയം, 1916 ലെ ജോര്‍ജ് അഞ്ചാമന്‍റെ നാണയം, 1947 ലെ ജോര്‍ജ് ആറാമന്‍റെ നാണയം തുടങ്ങിയവ നാണയ ശേഖരത്തിന് മാറ്റുകൂട്ടുന്നു. പല രാജ്യങ്ങളിലുമായി ജോലി ചെയ്യുന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരിലൂടെയും സ്റ്റാമ്പ്, നാണയ പ്രദര്‍ശനങ്ങള്‍ നടക്കുന്നിടങ്ങള്‍ സന്ദര്‍ശിച്ചുമാണ് ഇവയെല്ലാം ശേഖരിച്ചത്.
ഓരോ രാജ്യത്തും നിലവിലുള്ള കറന്‍സികളുടെ പേരുകള്‍ അടക്കം എഴുതി ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം 50 ലധികം രാജ്യങ്ങളിലെ സ്റ്റാമ്പുകളും നിരവധി രാഷ്ട്രങ്ങളിലെ ടെലിഫോണ്‍ കാര്‍ഡുകളും ശേഖരത്തിലുണ്ട്. അപൂര്‍വ നാണയകറന്‍സി ശേഖരം സ്വന്തമായിട്ടും ഒരിക്കല്‍ പോലും പൊതു പ്രദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് സിജില്‍ പറയുന്നു. വിദേശത്ത് നിന്നും ഓരോ അവധിക്കും വരുമ്പോള്‍ കിലോ കണക്കിന് നാണയവുമായാണ് ഈ ചെറുപ്പക്കാരന്‍റെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.