ഇരുട്ടിന്‍റെ താളം
text_fieldsജീവിത പ്രാരബ്ധത്തിന്‍റെ പാറമടകളില്‍ തളംകെട്ടിയ ബാല്യം, കരിങ്കല്‍ ചീളുകളില്‍നിന്ന് തെറിച്ചുവീണ സംഗീതത്തെ കെട്ടിപ്പിടിക്കുന്നു. അന്ധതയുടെ തണുത്ത ഇരുട്ടിലിരിക്കുമ്പോള്‍ കരിങ്കല്‍ ക്വാറിയിലെ ഓരോ പൊട്ടിത്തെറിയും ഓരോ ഉത്സവമാണ്. നാലു വയസ്സുകാരന്‍ മണികണ്ഠന്‍ എന്ന അണ്ണാച്ചിക്കുട്ടി അതുകേട്ട് താളം പിടിക്കും. കാഴ്ചയില്ലാത്ത അവന്‍ എന്തുകിട്ടിയാലും കൊട്ടിനോക്കുമായിരുന്നു. ശബ്ദംകൊണ്ട് വസ്തുക്കളെ തൊട്ടറിഞ്ഞ ബാല്യം പിന്നീട് ആ ഒച്ചകളെത്തന്നെ പ്രണയിച്ചു തുടങ്ങി. അകക്കണ്ണുകൊണ്ട് അവയിലെ സംഗീതം തിരിച്ചറിഞ്ഞു.
ജാതീയത കൊടികുത്തിവാഴുന്ന തമിഴിന്‍റെയും തമിഴനെ നികൃഷ്ഠരായി കാണുന്ന മലയാളിയുടെയും മുന്നില്‍ നട്ടെല്ലുയര്‍ത്തി മൃദംഗം പെരുപ്പിക്കുകയാണ് മണികണ്ഠന്‍ എന്ന പ്രതിഭ. അകക്കണ്ണിന്‍റെ കാഴ്ചയില്‍ മണികണ്ഠന്‍ മൃദംഗത്തില്‍ വിരലോടിക്കുമ്പോള്‍ ചുറ്റിനും സംഗീതം നിറയും. ചടുലതാളത്തില്‍ കാണികളെ അമ്പരപ്പിച്ച് മൃദംഗത്തില്‍ പെരുമ്പറപെയ്യിക്കുന്ന മണികണ്ഠന് പരാധീനതകളുടെ ബാല്യത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്നാല്‍, പരിമിതികളെക്കുറിച്ചും പരാധീനതകളെ കുറിച്ചും പറയാനുള്ളതല്ല ജീവിതമെന്ന് പാടുകയാണ് അവന്‍റെ മൃദംഗം. അംഗപരിമിതര്‍ക്ക് പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, ജാതി മേധാവിത്വത്തിന്‍റെ കഠിന ദുര്‍ഗങ്ങള്‍ പൊളിക്കാനുള്ള ‘കൊട്ടു’ കൂടിയാണ് മണികണ്ഠന്‍റെ ജീവിതം.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുവന്ന നാടോടി കുടുംബത്തിലെ അഞ്ചാമത്തെ മകനാണ് മണികണ്ഠന്‍. അച്ഛന്‍ മുനിയാണ്ടിയും അമ്മ ഈശ്വരിയും ഇടുക്കി ഉപ്പുതറയിലെ കരിങ്കല്‍ ക്വാറിയിലെ ജോലിക്കായാണ് കേരളത്തിലത്തെിയത്. ജനിച്ച് 21 ദിവസത്തോളം മണികണ്ഠന്‍ കണ്ണ് തുറന്നിരുന്നില്ല. പിന്നീട് നേരിയ തോതില്‍ കാഴ്ച കിട്ടി. കൂലിപ്പണിക്കാരും നിരക്ഷരരുമായ മാതാപിതാക്കള്‍ക്ക് ആ കാഴ്ചക്കുറവ് പോരായ്മയായിരുന്നില്ല. അങ്ങനെ സാധാരണ കുട്ടികള്‍ക്കൊപ്പം ജനറല്‍ സ്കൂളില്‍ മണികണ്ഠന്‍ ജീവിതം ആരംഭിച്ചു. അവിടെ തമിഴ് ചുവ കലര്‍ന്ന മലയാളം സംസാരിക്കുന്ന, ശരിയായി പഠിക്കാത്ത ‘അണ്ണാച്ചി’ക്കുട്ടിയായി അവന്‍. സംസാരത്തിലെ തമിഴ് ചുവ കുട്ടികള്‍ക്ക് കളിയാക്കാനുള്ള വഴിയൊരുക്കി. ചില വാക്കുകളില്‍ നാക്കുടക്കും, ചിലത് വഴങ്ങാതെ നില്‍ക്കും. ആര്‍ത്തു ചിരിക്കുന്ന സഹപാഠികളുടെ ശബ്ദത്തില്‍ അവന്‍ അവഗണന തിരിച്ചറിയും.
ഒറ്റനോട്ടത്തില്‍ മണികണ്ഠന്‍റെ രൂപഭാവങ്ങള്‍ക്ക് അസാധാരണത്വമൊന്നുമില്ല; അന്ധനാണെന്നതൊഴിച്ചാല്‍. യാദൃച്ഛികമായി സംസാരിക്കാനിടയായപ്പോള്‍ മലയാളിയാണെന്ന് കരുതി. ആത്മവിശ്വാസത്തോടൊപ്പം അത്ര ഭാഷാശുദ്ധിയും ഉണ്ടായിരുന്നു ആ സ്വരത്തിന്. പണ്ട് ടീച്ചറും സഹപാഠികളും കളിയാക്കിയതിന്‍റെ വേദന നിറഞ്ഞ സന്തോഷത്തില്‍ അവന്‍ അതിനെ കുറിച്ചു പറയും. അടുത്തിരുന്ന പെണ്‍കുട്ടിക്ക് ഞാന്‍ അണ്ണാച്ചിയായിരുന്നെങ്കില്‍ ടീച്ചര്‍ക്ക് ഞാന്‍ തമിഴ് പുലിയായിരുന്നു. പതിവായി ഗൃഹപാഠം ചെയ്യാതെ വരുന്ന എന്നെ ആ ടീച്ചര്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. എന്തുകൊണ്ടാണ് ഞാനിങ്ങനെ വരുന്നതെന്ന് അന്വേഷിക്കാന്‍ അവര്‍ക്ക് സമയവുമില്ലായിരുന്നു. ഹോംവര്‍ക് ചെയ്യാത്തതിന് എന്‍േറതായ കാരണങ്ങളുണ്ട്. കാഴ്ചാപ്രശ്നവും വീട്ടിലെ സാഹചര്യവുമായിരുന്നു അത്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയെന്ന പരിഗണനയൊന്നും ഉണ്ടായിരുന്നില്ല. തമിഴനായ, ക്ലാസിലെ ഏറ്റവും മോശം വിദ്യാര്‍ഥിയായി ഞാന്‍. സ്കൂളില്‍ എന്‍റെ മേല്‍വിലാസം തന്നെ അതായിരുന്നു. പക്ഷേ, പനയോല മറച്ച കൂരയില്‍ അക്ഷരങ്ങള്‍ തപ്പിത്തടഞ്ഞ് എഴുതാന്‍ ശ്രമിക്കുന്ന ബാലന്‍റെയുള്ളില്‍ സപ്തസ്വരങ്ങള്‍ തിടംവെക്കുന്നത് കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
മാതാപിതാക്കള്‍ കരിങ്കല്‍ ക്വാറിയില്‍ ജോലിക്ക് പോകുമ്പോള്‍ നിര്‍ത്താന്‍ ഒരിടം എന്ന നിലയിലാണ് എന്നെ സ്കൂളില്‍ ചേര്‍ത്തത്. കാലടി മറ്റൂര്‍ സെന്‍റ് ആന്‍റണി എല്‍.പി.എസില്‍ നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍, ആദ്യമായി ഞാനൊരു അന്ധനാണെന്ന് തിരിച്ചറിഞ്ഞതിന്‍റെ ‘സന്തോഷം’ ഇന്നുമെന്‍റെ ഉള്ളിലുണ്ട്. മറ്റൊന്നും കൊണ്ടല്ല, ബോര്‍ഡിലെഴുതിയ അക്ഷരങ്ങള്‍ വായിക്കാനറിയാത്ത ഈ ‘പൊട്ടന്‍’ ചെക്കനെ ക്ലാസ് ടീച്ചര്‍ അന്ന് ആദ്യമായി ആശ്ലേഷിച്ചു. സ്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് കാഴ്ചവൈകല്യം തിരിച്ചറിയുന്നത്. പതിവായി പിന്‍ബെഞ്ചിലിരിക്കുന്ന, വായിക്കാനറിയാത്ത, എപ്പോഴും ഡെസ്കില്‍ മുട്ടിക്കൊണ്ടിരിക്കുന്ന എന്നെ എന്തെല്ലാമോ ആക്കിയത് ആ ആലിംഗനമായിരുന്നു. പേരോര്‍മയില്ലാത്ത ആ ടീച്ചര്‍ എന്തിനാണെന്നെ കെട്ടിപ്പിടിച്ചതെന്ന് ഇന്നുമറിയില്ല. അകക്കണ്ണിന്‍റെ കാഴ്ചയില്‍ സംഗീതത്തിന്‍റെ അജ്ഞാത ഭൂഖണ്ഡങ്ങളിലേക്ക് കപ്പലോടിക്കുന്ന നാവികനായിരുന്നു തന്‍റെ ശിഷ്യന്‍ എന്ന് ആദ്യം തിരിച്ചറിഞ്ഞത് അവരായിരുന്നു.
കരിങ്കല്ലിന്‍റെ പരുഷമായ ശബ്ദകോലാഹലത്തില്‍ പരുക്കനായ ജീവിതയാഥാര്‍ഥ്യം മാതാപിതാക്കളുടെ കാതുകളെ ബധിരമാക്കിയിരുന്നു. എന്നാല്‍, ബധിര വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ഇത് അപശ്രുതിയായില്ല. മണികണ്ഠന്‍റെ പ്രതിഭയെ അവര്‍ തിരിച്ചറിഞ്ഞു. നാലാം ക്ലാസിലെ മെഡിക്കല്‍ ക്യാമ്പില്‍ അന്ധത തിരിച്ചറിഞ്ഞതോടെ അധ്യാപകരുടെ ഉപദേശത്തില്‍ പഠനം സ്പെഷല്‍ സ്കൂളിലാക്കി. നാലു മുതല്‍ 10വരെ പഠിച്ച ആലുവ കീഴ്മാട് അന്ധ വിദ്യാലയമാണ് മണികണ്ഠനെ കണ്ടെത്തിയത്.
ചെറുപ്പത്തില്‍ കൈയില്‍ എന്തു കിട്ടിയാലും താളം പിടിക്കും. സ്കൂളില്‍ പാത്രങ്ങളിലും ഡെസ്ക്കിലും കൊട്ടുന്ന പതിവുണ്ടായിരുന്നു. കാണുന്നവര്‍ക്കെല്ലാം അസ്വസ്ഥതയായി എന്‍റെ ‘കൊട്ടല്‍’. മറ്റൂര്‍ സ്കൂളിലെ രാജന്‍ സാറാണ് ആ കൊട്ടിലെ താളത്തിന്‍റെ കൃത്യത കണ്ടെത്തിയത്. അദ്ദേഹം പറഞ്ഞപ്പോള്‍ സംഗീതാധ്യാപകന്‍ ഹാര്‍മോണിയം വായിക്കാന്‍ പഠിപ്പിച്ചു. കീഴ്മാട് സ്കൂളില്‍ പഠിക്കുമ്പോള്‍ യാദൃച്ഛികമായാണ് സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ തബല വായിക്കാന്‍ അവസരം ലഭിച്ചത്. സംഘഗാനത്തിന് വേണ്ടിയായിരുന്നു അത്. മറ്റൂര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്ത് ജാക്സണ്‍ തബല വായിക്കുന്നത് അടുത്തിരുന്ന് ‘കാണുന്ന’ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തബലയില്‍ പൗഡര്‍ തേക്കുന്നതും വിരലുകളുടെ ചലനവും അവ്യക്തമായി കണ്ടു. എങ്കിലും ആ ശബ്ദത്തിലും താളത്തിലും വരുന്ന വ്യത്യാസം ‘കാതു’കൂര്‍പ്പിച്ചു പഠിച്ചു. ആ പാഠവുമായാണ് സ്കൂള്‍ കലോത്സവത്തില്‍ തബല വാദകനായത്. കുട്ടിക്കാലം മുതല്‍ ശബ്ദത്തോടുള്ള കൂട്ട് സംഗീതത്തിലേക്ക് വഴികാട്ടിയതോടെ സംഗീത സംവിധായകന്‍ എന്ന മോഹം ഉള്ളില്‍ കുരുത്തു.
അന്ധത ഒരു കുറവാണെന്നോ വൈകല്യത്തെ മറികടന്ന ബീഥോവന്‍ എന്ന ലോക സംഗീതജ്ഞന്‍ ഉണ്ടായിരുന്നെന്നോ ഒന്നും അറിയില്ല. ഇല്ലായ്മയുടെയും ബലഹീനതയുടെയും ‘ധാരാളിത്തം’ സ്വപ്നത്തിന് ശ്രുതിമീട്ടി. തബല വായന കേട്ടതും ഹാര്‍മോണിയം അല്‍പം പഠിച്ചതുമല്ലാതെ മൃദംഗം എന്ന ഉപകരണത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല. ആ കലോത്സവത്തില്‍ വ്യക്തിഗത ഇനമായ ഹാര്‍മോണിയത്തിനും ഗ്രൂപ്പ് ഇനങ്ങളായ കഥാപ്രസംഗത്തിനും സംഘഗാനത്തിനും എ ഗ്രേഡ് ലഭിച്ചത് അംഗീകാരമായി. കോഴിക്കോട് കൊളത്തറ സ്പെഷ്യല്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ പഠിക്കുമ്പോഴാണ് ട്രിപ്പിള്‍ ഡ്രമ്മില്‍ പരിശീലിക്കുന്നത്. ഇതിനായി സ്കൂളിലെ ബാന്‍ഡ് സെറ്റില്‍ ചേര്‍ന്നു. പക്ഷേ, കണ്ണു കാണാത്തവനായതിനാല്‍ മ്യൂസിക് ടീമിലെ കീ പോസ്റ്റായ ഡ്രം വായിക്കാന്‍ അവരെന്നെ അനുവദിച്ചില്ല. ഒരിക്കല്‍, പരിശീലന സമയത്ത് മണ്ണെണ്ണ ഉപയോഗിച്ച് ഡ്രം ബീറ്റ് ക്ലീന്‍ ചെയ്യേണ്ട സ്ഥാനത്ത് കണ്ണുകാണാത്ത ഞാന്‍ അതു ചെയ്തത് വെളിച്ചെണ്ണ ഉപയോഗിച്ച്. ആ ‘കണ്‍പിഴ’യാല്‍ അത് വായിക്കാനുള്ള എന്‍റെ യോഗ്യത ചോദ്യംചെയ്യപ്പെട്ടു.
പ്ലസ്ടു കഴിഞ്ഞ് ചെന്നൈ അഡയാര്‍ കോളജില്‍ സംഗീതം പഠിക്കാന്‍ ചേരുമ്പോഴും മൃദംഗം എന്ന ഉപകരണത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇന്‍റര്‍വ്യൂ സമയത്തുപോലും അത് കണ്ടിരുന്നില്ല. പഠിച്ചത് മുഴുവന്‍ കേരളത്തിലായതിനാലും അവിടെ, വിശേഷിച്ച് കൊച്ചിയിലും കോഴിക്കോട്ടും കര്‍ണാട്ടിക്കിനേക്കാള്‍ ഹിന്ദുസ്ഥാനിക്കുള്ള പ്രാമുഖ്യവും ആ ഉപകരണത്തെ എന്നില്‍ നിന്നും അകറ്റി. ആകെ പരിചയമുള്ളത് തബല. അതിന് മൃദംഗവുമായുള്ള ജന്മാന്തര ബന്ധം ഇപ്പോഴെനിക്കറിയാം. കര്‍ണാടക സംഗീതത്തിലെ താളക്രമങ്ങള്‍ മൃദംഗത്തിന്‍റെ പരിണാമത്തോടൊപ്പം വികസിച്ചതാണെന്നും ശിവന്‍റെ താണ്ഡവനൃത്തത്തിന് നന്ദികേശ്വരന്‍ മൃദംഗവുമായി അകമ്പടി സേവിച്ചുവെന്ന പുരാണവും അറിയാം. ‘ദേവവാദ്യം’ എന്നറിയപ്പെടുന്നു മൃദംഗം. രണ്ടടിയില്‍ കൂടുതല്‍ നീളത്തില്‍ ഉള്ളു പൊള്ളയായി മധ്യം തെല്ലു വീര്‍ത്ത്, ഇരുവശവും വായ തോല്‍വാറിട്ട് കെട്ടി മുറുക്കി വരിഞ്ഞിരിക്കുന്ന മരം കൊണ്ടുണ്ടാക്കിയ മൃദംഗം. കര്‍ണാടക സംഗീതത്തില്‍ മാത്രമല്ല എന്‍റെ ജീവിതത്തിലും അതിനുള്ള പ്രാധാന്യവും വൈകിയെങ്കിലും മനസ്സിലായി.
വായവട്ടം കുറഞ്ഞ വലന്തലയിലെ മുദ്രയും മീട്ടുതോലും, മധ്യതട്ടുമെല്ലാം എന്‍റെ കണ്ണുകള്‍ക്ക് മാത്രമാണ് അന്യം. വിരലുകളില്‍ അവ വലന്തലയെന്നും ഇടന്തലയെന്നും വ്യത്യാസമില്ലാതെ നാദം പൊഴിക്കും. ഇടന്തലയുടെ ശ്രുതി മന്ദ്രസ്ഥായി പഞ്ചമത്തോട് ചേര്‍ക്കാനായി തൊപ്പിത്തോലിന്മേല്‍ ഗോതമ്പ് മാവോ റവയോ നനച്ച് ഒട്ടിച്ച്വെക്കുന്നതും ഗമകരൂപത്തിലുള്ള ഗും കാരശബ്ദം വരുന്നതും എന്‍റെ കാതുകള്‍ക്ക് അന്യമല്ല. മുദ്രത്തോലിന്‍റെ അറ്റത്ത് തടിക്കഷണം കൊണ്ടിടിച്ച് ശ്രുതിയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നതും കണ്ണിന്‍റെ കലയല്ല, കാതിന്‍റെ, ഹൃദയത്തിന്‍റെ ദേവിയാണത്.
ഒന്നു മുതല്‍ നാലു വരെ കേരളത്തില്‍ ജനറല്‍ സ്കൂളിലും ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലും ഹയര്‍സെക്കന്‍ഡറി കോഴിക്കോട് കൊളത്തറ സ്പെഷ്യല്‍ സ്കൂളിലും ചെന്നൈ അഡയാര്‍ സംഗീത കോളജില്‍നിന്ന് മൃദംഗവും അഭ്യസിച്ച, വെറുമൊരു സംഗീത വിദ്യാര്‍ഥിയായ എന്‍റെ ഈ ജീവിതത്തിന് എന്ത് വിലയെന്ന് വായനക്കാരെ പോലെ ഞാനും ചോദിക്കുന്നു. ഞാനൊരു വാര്‍ത്തയാണോ എന്നറിയാതെ ഇതവസാനിപ്പിക്കുമ്പോഴും എനിക്കറിയില്ല ചെന്നൈയിലെ പ്രമുഖമായൊരു സംഗീത സദസ്സില്‍, കച്ചേരിയില്‍ എനിക്ക് എന്നെങ്കിലും മൃദംഗം വായിക്കാനാവുമോ എന്ന്. എന്‍െറ അന്ധത മാത്രമല്ല, ജാതിയും പ്രശ്നമാണ്. സവര്‍ണ മേല്‍കോയ്മയില്‍ തിടംവെച്ച ആ വേദിയിലേക്ക് പിന്നാക്ക വിഭാഗക്കാരനായ എനിക്ക് എന്നെങ്കിലും പ്രവേശം ലഭിക്കുമോ? അറിയില്ല. എന്നാലും കാലം കഴിവിനെ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പാതി തുറന്ന കണ്ണുമായി ഞാനിവിടെ കല്‍പാക്കത്ത് ജീവിക്കുന്നു.
മണികണ്ഠന്‍ തന്‍െറ സംഗീത ജീവിതം തുടരുകയാണ്, ഉമയാള്‍പുരം ശിവരാമനെ ആരാധിച്ച് തൃച്ചിനപ്പള്ളി വടലൂര്‍ വള്ളലാല്‍ രാമലിംഗ ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയിട്ടും ആ താരകം തെളിഞ്ഞില്ല. സ്വകാര്യ സ്കൂളില്‍ സംഗീതാധ്യാപകനായി ജോലി നോക്കുന്നതിനിടയില്‍ രണ്ടു തവണ ലഭിച്ച തമിഴ് ഇസൈ സംഘം പുരസ്കാരവും മക്കള്‍ ടി.വി, ചെന്നൈ ഓള്‍ ഇന്ത്യ റേഡിയോ എന്നിവയില്‍ പരിപാടി അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‍െറ അരങ്ങില്‍ പൊഴിഞ്ഞ ആയിരക്കണക്കിന് കണ്ണീര്‍ കണങ്ങളില്‍നിന്നും തിരിച്ചറിവിന്‍റെ കഠിന രാഗമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ മണികണ്ഠന്‍ പാടുകയാണ്, പാതി തുറന്ന മിഴികളടച്ച് വിരലിന്‍റെ മാസ്മരിക വേഗത്തില്‍ ഉമയാള്‍പുരം ശിവരാമനെ മനസ്സില്‍ ധ്യാനിച്ച്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.