സ്വാമിയാശാനെ കണ്ടുപഠിക്കൂ
text_fields33 വര്‍ഷമായി വളയം പിടിക്കാന്‍ തുടങ്ങിയിട്ട്, പക്ഷെ നേരിയ ഒരു അപകടം പോലും സ്വാമിയാശാന്‍ ഓടിച്ച വാഹനങ്ങള്‍ക്കുണ്ടായിട്ടില്ല. ഡ്രൈവിങ് ജീവിത മാര്‍ഗമായിട്ടല്ല മറിച്ച് സമൂഹത്തോടുള്ള ഒരു പ്രതിബദ്ധതയായിട്ടാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറും ഏറ്റുമാനൂര്‍ സ്വദേശിയുമായ ജഗദീഷ് എന്ന സ്വാമിയാശാന്‍ കണക്കാക്കുന്നത്. ജീവിതത്തില്‍ കയ്പ്പേറിയ ഒട്ടനവധി അനുഭവങ്ങള്‍ക്കു ശേഷമാണ് ജഗദീഷ് ഡ്രൈവിങ് ജോലിയിലേക്ക് തിരിയുന്നത്. വര്‍ഷങ്ങളോളം മണല്‍തൊഴിലാളിയായും കയറ്റിറക്ക് തൊഴിലാളിയായും ജീവിച്ച ജഗദീഷിന്‍റെ ജീവിതത്തിലെ വഴിത്തിരിവ് ലോറിയില്‍ ‘കിളി’യായി ജോലിയില്‍ പ്രവേശിച്ചതാണ്. വളരെ ശ്രദ്ധയോടെ വാഹനമോടിച്ചു പരിചയിച്ച ജഗദീഷ് താന്‍ പഠിച്ച പാതയില്‍ തന്നെ ഒട്ടേറെ പേരെ ഡ്രൈവിങ് അഭ്യസിപ്പിച്ചിട്ടുണ്ട്. തീര്‍ത്തും സസ്യഭുക്കായ ഏറ്റുമാനൂര്‍ തൊണ്ണംമാക്കില്‍ (ജഗദ് മന്ദിര്‍) ജഗദീഷിന് കൂട്ടുകാര്‍ ഇട്ട പേരാണ് ‘സ്വാമി’ എന്നത്. പിന്നീട് ജഗദീഷ് സ്വാമിയാശാന്‍ എന്ന പേരിലായി അറിയപ്പെടുന്നത്.
ഒട്ടേറെ ഡ്രൈവിങ് സ്കൂളുകളില്‍ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി ആരംഭിച്ച സ്കൂളിന് ജഗദീഷ് എന്ന് പേരു നല്‍കിയതും കൂട്ടുകാര്‍ തനിക്കിട്ട ഇരട്ടപ്പേരുതന്നെ സ്വാമി ഡ്രൈവിങ് സ്കൂള്‍. സ്കൂള്‍ തുടങ്ങി എതാനും മാസം കഴിഞ്ഞപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ലഭിച്ചു. അതോടെ സ്കൂളിന്‍റെ നടത്തിപ്പുചുമതല ഭാര്യ ഗീതക്ക് കൈമാറി. ഇപ്പോള്‍ മകനും ഡ്രൈവിങ് പരിശീലന രംഗത്തുണ്ട്. ഭാര്യ നടത്തുന്ന ഡ്രൈവിങ് സ്കൂളിലൂടെ ഓരോ മാസവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുട്ടിയെ സൗജന്യമായി ഡ്രൈവിങ് പഠിപ്പിക്കാനുള്ള സാഹചര്യങ്ങളും സ്വാമിയാശാന്‍ ഒരുക്കി. വാഹനത്തിന് പെട്രോള്‍ അടിക്കാതെ ഡ്രൈവിങ് പഠനം സാധ്യമല്ല. അതിന് ആശാന്‍ കണ്ടെത്തിയ വഴി മാസത്തില്‍ ഒരു ദിവസത്തെ ആഹാരം വെടിഞ്ഞ് ആ തുക ഇതിനായി മാറ്റിവെക്കുക എന്നതാണ്.
ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസത്തെ വേതനം കൂടി അദ്ദേഹം മാറ്റിവെച്ചു തുടങ്ങി. ഇപ്പോള്‍ കോട്ടയം ഡിപ്പോയില്‍ സെലക്ടഡ് ഗ്രേഡ് ഡ്രൈവറാണ്. മികച്ച ഡ്രൈവിങ്ങിന് ഒട്ടേറെ സംഘടനകള്‍ ആശാനെ ആദരിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സുരേഷ്കുറുപ്പ് എം.എല്‍.എ എന്നിവരിൽ നിന്ന് ജഗദീഷ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.