കോണ്‍ട്രാക്ടര്‍ രാജേശ്വരി കെട്ടിപ്പടുത്തത്
text_fieldsകല്‍പറ്റ: കടംകേറിയ ഭര്‍ത്താവ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തപ്പോള്‍ രാജേശ്വരിക്ക് പ്രായം 24. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ഏല്‍പിച്ച് മരണത്തിന്‍െറ വഴിയേ ഭര്‍ത്താവ് പോയപ്പോള്‍ അവള്‍ തനിച്ചായിരുന്നു. സഹായിക്കാന്‍ ബന്ധുക്കളില്ല. പഠിച്ചത് എസ്.എസ്.എല്‍.സി വരെ മാത്രം. കിടപ്പാടം പോലും നഷ്ടപ്പെട്ടു. അവിടെ നിന്നാണ് ചങ്കുറപ്പിന്‍െറ മാത്രം ബലത്തില്‍ രാജേശ്വരി ജീവിതം കെട്ടിപ്പടുത്തത്. പുരുഷന്മാര്‍ മാത്രം വാഴുന്ന കരാര്‍ മേഖലയില്‍ ഇവര്‍ ഇന്ന് അറിയപ്പെടുന്ന കരാറുകാരിയാണ്. ചെറിയ കോണ്‍ക്രീറ്റ് പണി മുതല്‍ കാട്ടിനുള്ളില്‍ ആനപ്രതിരോധ മതിലുകള്‍ വരെ കരാറെടുത്ത് നിര്‍മിച്ചുനല്‍കുന്നു.
കല്‍പറ്റ മുണ്ടേരി ഐശ്വര്യ ഭവനില്‍ രാജേശ്വരി ആണ് ജീവിതംകൊണ്ട് വ്യത്യസ്തയാകുന്നത്. നാട്ടുകാര്‍ ബഹുമാനത്തോടെ കോണ്‍ട്രാക്ടര്‍ രാജി എന്നുവിളിക്കും. കൃഷിയും ബിസിനസും നടത്തിയ വകയിലുണ്ടായ ഭീമമായ കടബാധ്യത മൂലം 2006 ലാണ് ഭര്‍ത്താവ് ശശീന്ദ്രന്‍ ആത്മഹത്യചെയ്യുന്നത്. മൂത്തമകന് ഏഴും ഇളയമകള്‍ക്ക് നാലരയും വയസ്സ്. ഭര്‍ത്താവ് മരിച്ച് 16ാമത്തെ ദിവസം മറ്റു വഴികളില്ലാതെ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറി. മക്കളെ കാണാന്‍പോലും അവധി കിട്ടാത്തതിനാല്‍ ജോലി വിട്ടു. സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു കൈമുതല്‍. പരിചയക്കാരനായ കരാറുകാരന്‍ അവള്‍ക്ക് പുതിയ മേഖലയിലേക്ക് വഴികാണിച്ചു. ആദ്യം ചെറിയ പണികള്‍ കരാറെടുത്തു.
പിന്നീട് പഞ്ചായത്ത്, നഗരസഭ എന്നിവയുടെ ആദിവാസി വീടുകളുടെയും റോഡുകളുടെയും നിര്‍മാണം ഏറ്റെടുത്തു. പറഞ്ഞ സമയത്തിനുമുമ്പുതന്നെ ഗുണമേന്മയില്‍ പണിതീര്‍ത്തു. ഇതോടെ ആളുകള്‍ അറിഞ്ഞുതുടങ്ങി. 2009ല്‍ പൊതുമരാമത്ത് വകുപ്പിന്‍െറ കരാറുകാര്‍ക്കുള്ള ലൈസന്‍സ് നേടി. അതോടെ വന്‍ പദ്ധതികളും ഏറ്റെടുത്തു. 2014ലാണ് പുല്‍പള്ളി പാതിരി ചെക്കിട്ട വനത്തില്‍ വനംവകുപ്പിന്‍െറ ആന പ്രതിരോധ മതില്‍ നിര്‍മിച്ചത്. 207 മീറ്ററില്‍ കരിങ്കല്ലുകൊണ്ട് വനമധ്യത്തിലായിരുന്നു മതില്‍. 9.48 ലക്ഷം രൂപയുടേതായിരുന്നു പ്രവൃത്തി. ചെതലയം, ഇരുളം, വേങ്ങക്കോട്, വരയാല്‍, തലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും വനംവകുപ്പിന്‍െറ കെട്ടിട നിര്‍മാണമടക്കം നടത്തി. ലക്കിടി മണ്ടമടയിലെ ക്യാമ്പ് ഷെഡ്ഡിന്‍െറ പണിയാണ് ഇപ്പോള്‍ ചെയ്യുന്നത്. മണ്ണ് സംരക്ഷണവകുപ്പിന്‍െറ കുളങ്ങളുടെയും തടയണകളുടെയും പണികളും ഏറ്റെടുക്കുന്നുണ്ട്. കല്‍പറ്റ നഗരസഭയുടെ ലൈസന്‍സ് നേടിയതോടെ ഒരു നഗരസഭയുടെ ലൈസന്‍സ് നേടുന്ന സംസ്ഥാനത്തെ ആദ്യ കരാറുകാരിയുമായി.
കല്‍പറ്റ, വൈത്തിരി, വെങ്ങപ്പള്ളി സര്‍വിസ് സഹകരണ ബാങ്ക് കെട്ടിടങ്ങള്‍, കോഴിക്കോട് ജില്ലാ ബാങ്കിന്‍െറ വിവിധ കെട്ടിടങ്ങള്‍ എന്നിവയും നിര്‍മിച്ചുനല്‍കി.
റോഡുകള്‍ പലതും കാലാവധിക്കുമുമ്പേ പൊളിഞ്ഞപ്പോള്‍ രാജേശ്വരി കരാറെടുത്തതിന് ഇന്നും കോട്ടമില്ല. കടക്കെണിമൂലം നഷ്ടപ്പെട്ട ചീരാലിലെ 20 സെന്‍റ് സ്ഥലം ഇതിനകം രാജേശ്വരി പണംകൊടുത്തു തിരിച്ചുവാങ്ങി. മുണ്ടേരി അമ്പിലേരിയില്‍ സ്വന്തമായി വീടുപണിതു നാലുമാസം മുമ്പ് താമസമാരംഭിച്ചു. മറ്റിടങ്ങളിലും സ്വന്തമായി സ്ഥലം വാങ്ങി. ഇതിനിടെ, സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമയും ആയുര്‍വേദ കോഴ്സും പഠിച്ചു. ഇപ്പോള്‍ 30 നിര്‍മാണ തൊഴിലാളികള്‍ ഇവരുടെ കീഴില്‍ പണിയെടുക്കുന്നുണ്ട്. മൂന്നും നാലും പ്രവൃത്തികള്‍ ഒരുമിച്ച് ഏറ്റെടുക്കും.
തന്‍െറ സ്കൂട്ടറില്‍ തന്നെ രാജേശ്വരി എല്ലായിടത്തുമത്തെി മേല്‍നോട്ടം വഹിക്കും. മുണ്ടേരി വി.എച്ച്.എസ്.സി വിദ്യാര്‍ഥിയായ അശ്വിനും മുണ്ടേരി ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ഐശ്വര്യയുമാണ് മക്കള്‍. ‘പ്രതിസന്ധി ഘട്ടത്തില്‍ സ്ത്രീകള്‍ മനസ്സിന് ബലം നല്‍കണം. പ്രതികരണശേഷി ഉണ്ടാക്കണം, തളര്‍ന്നുപോകാത്ത ചങ്കുറപ്പ് കാട്ടണം, എങ്കില്‍ വിജയം ഉറപ്പാണ്’ -രാജേശ്വരിയുടെ വാക്കുകള്‍ക്ക് സ്വന്തം ജീവിതംതന്നെയാണ് തെളിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.