വീണ്ടും സൗഹൃദത്തണലില്‍
text_fieldsവാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പുതുതലമുറ കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങളെ വെല്ലുന്ന ഓര്‍മകള്‍ അയവിറക്കി അവര്‍ വീണ്ടും കലാലയമുറ്റത്ത് ഒത്തുചേര്‍ന്നു. കോട്ടയം സി.എം.എസ് കോളജ് ചരിത്രവിഭാഗം (ബി.എ ഹിസ്റ്ററി) 1953-56 ബാച്ചിലെ ‘പഴയ ചുണക്കുട്ടികള്‍’ വര്‍ഷങ്ങളോളം സൗഹൃദം കാത്തുസൂക്ഷിച്ചതിന്‍റെ കഥകള്‍ പറഞ്ഞാണ് മണിക്കൂറുകള്‍ ചെലവഴിച്ചത്. കോളജിന്‍റെ പടിയിറങ്ങിയ ശേഷം ജീവിതത്തിന്‍റെ നാനാതുറകളില്‍ വര്‍ത്തിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കിട്ടതിനൊപ്പം ചിതലരിക്കാത്ത ഓര്‍മകളും അയവിറക്കി.
ബെഞ്ചമിന്‍ ബെയ് ലി നിര്‍മിച്ച പഴക്കംചെന്ന കോളജിലെ ഗ്രാമര്‍ സ്കൂള്‍ ഹാളിലെ പഴയ ക്ലാസ്മുറിയില്‍ വീണ്ടും പഠിതാക്കളായി ഒത്തുകൂടിയവരുടെ പ്രായം 80വയസ്സിന് മുകളിലായിരുന്നു. അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തവരും മരിച്ചവരും ഒഴികെ പഴയ സഹപാഠികളായ 40 പേര്‍ കൂട്ടായ്മയില്‍ കണ്ണികളായി. അതില്‍ 17 സ്ത്രീകളും 23 പുരുഷന്മാരും പഴയ ക്ലാസ്മുറിയില്‍ സൗഹൃദ തണല്‍ വിരിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഗാനരചയിതാവ് എല്‍.പി.ആര്‍. വര്‍മയുടെ സഹോദരിപുത്രി രമണിയുടെ പ്രാര്‍ഥനാ ഗീതത്തോടെയായിരുന്നു തുടക്കം. പഠന കാലത്തിനുശേഷം കണ്ടിട്ടു പോലുമില്ലാത്ത പഴയ കൂട്ടുകാര്‍ യൗവനത്തിന്‍റെ ഓര്‍മയിലേക്ക് അതിവേഗം സഞ്ചരിച്ചു.
കലാലയ ജീവിതത്തിനിടെയുണ്ടായ വികൃതികള്‍ ഏറ്റുപറഞ്ഞും പഴയ ചങ്ങാതിമാരുടെ വിളിപ്പേര് ചൊല്ലിയും ഓര്‍മശക്തി പുതുക്കി. ‘ചട്ടയും മുണ്ടും’ ധരിച്ച് അന്ന് ക്ലാസിലെത്തിയിരുന്ന കോട്ടയം സ്വദേശിനി ‘ടി.ജെ. റോസ’യെ എല്ലാവരും തിരഞ്ഞു. പഴയ അഡ്രസില്‍ കത്തുകള്‍ ഉള്‍പ്പെടെ അയച്ചിട്ടും റോസയെ കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചത്. പഠനകാലത്ത് അധികം പരസ്പരം സംസാരിക്കാറില്ലാതിരുന്ന ‘പെണ്‍കുട്ടികളും ആണ്‍കുട്ടികളും’ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അതിരറ്റ സന്തോഷത്തിലാണ് അനുഭവങ്ങള്‍ പങ്കിട്ടത്.
63 കൊല്ലം സഞ്ചരിച്ച വഴികളും ജീവിതാനുഭവങ്ങളും പ്രതിപാദിച്ച പലരും സ്നേഹം ഊട്ടിയുറപ്പിക്കാനും ‘സൊറ’പറയാനുമാണ് മണിക്കൂറുകളാണ് ചെലവഴിച്ചത്. ഇംഗ്ലീഷ് അധ്യാപകന്‍ തോംസണ്‍ സായിപ്പിന്‍റെയും മലയാളം അധ്യാപകന്‍ അമ്പലപ്പുഴ രാമവര്‍മയുടെയും ക്ലാസുകളില്‍ നടന്ന രസകരമായ അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി. അനുവാദമില്ലാതെ കടന്നെത്തിയ രോഗത്തിന്‍റെയും പ്രായത്തിന്‍റെയും അവശതയില്‍ ബന്ധുക്കളുടെ കൈപിടിച്ച് വേച്ചുവേച്ച് നടന്നാണ് പലരും എത്തിയത്. സഹപാഠികളെ വീണ്ടും കണ്ടുമുട്ടിയതോടെ അവശതകള്‍ മാറിനിന്നു. പിന്നിട്ട യൗവനത്തിന്‍െറ ഓര്‍മകളിലേക്ക് തിരിച്ചു നടന്നപ്പോള്‍ പലരും കണ്ണീര്‍പൊഴിച്ചു. ഈ ബാച്ചില്‍ ഉള്‍പ്പെട്ടവരെ കോര്‍ത്തിണക്കി 2014 ഡിസംബര്‍ 15ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലാണ് ആദ്യ ഒത്തുചേരല്‍ സംഘടിപ്പിച്ചത്.
നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അന്ന് കണ്ടത്തൊനായത് 22 പേരെയാണ്. അതിന് മുന്നിട്ടിറങ്ങിയ റിട്ട. ലേബര്‍ ഓഫിസര്‍ യു.എസ്. മുഹമ്മദ്കുട്ടിയുടെ വിയോഗം ഒത്തുചേരലിനെ ദു:ഖസാന്ദ്രമാക്കി. അന്നത്തെ ചങ്ങാതിക്കൂട്ടത്തിന് ചുക്കാന്‍പിടിച്ച കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് എബ്രഹാം ഇട്ടിച്ചെറിയ, പി.കെ. സുകുമാരന്‍ നായര്‍, മറിയം ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും ഒത്തുചേരലിന് അവസരമൊരുങ്ങുകയായിരുന്നു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍നിന്ന് അടക്കമുള്ളവര്‍ വന്നെത്തിയിരുന്നു. കൂട്ടിനെത്തിയ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ഇനിയുള്ള വര്‍ഷങ്ങളില്‍ മേയ് ഒന്നിന് വീണ്ടും ഒത്തുകൂടാമെന്ന പ്രാര്‍ഥനയോടെയായിരുന്നു പടിയിറക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.