വിജീഷ് ഒരുങ്ങുന്നു; റെക്കോഡ് ബൈക്കോട്ടത്തിന്
text_fields85 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നിരത്തിലൂടെ ആറായിരം കിലോമീറ്റര്‍. സാഹസികവും സ്വപ്നതുല്യവുമായ നേട്ടത്തിലേക്ക് ബൈക്കോടിക്കാന്‍ ഒരുങ്ങുകയാണ് വിജീഷെന്ന ചെറുപ്പക്കാരന്‍. ബംഗളൂരുവില്‍ നിന്ന് തുടങ്ങി പുണെ, മുംബൈ വഴി ഡല്‍ഹിയും കൊല്‍ക്കത്തയും വിശാഖപട്ടണവും ചെന്നൈയും പിന്നിട്ട് ബംഗളൂരുവില്‍ തിരിച്ചെത്തുക. രണ്ട് ദേശീയ റെക്കോഡുകളിലേക്കുള്ള യാത്ര വിജീഷ് ഒക്ടോബറില്‍ തുടങ്ങും.
ദൂരങ്ങളിലേക്കുള്ള അതിവേഗയാത്രകള്‍ വിജീഷിന് പുതിയതല്ല. 24 മണിക്കൂര്‍ കൊണ്ട് 1000 മൈലും 36 മണിക്കൂറില്‍ 2500 കിലോമീറ്ററും പിന്നിട്ട് അമേരിക്കന്‍ ഇന്‍റര്‍നാഷനല്‍ സംഘടനയായ അയണ്‍ ബട്ട് അസോസിയേഷന്‍െറ സാഡില്‍സോര്‍, ബണ്‍ ബര്‍ണര്‍ റെക്കോഡുകള്‍ ഈ വളാഞ്ചേരിക്കാരന്‍െറ പേരിലുണ്ട്. 24 മണിക്കൂറില്‍ 1610 കിലോമീറ്റര്‍ രണ്ട് തവണ പിന്നിട്ട് ദീര്‍ഘദൂര സാഹസിക ബൈക്ക് യാത്രയുടെ ‘ഫുള്‍ത്രോട്ടില്‍’ അംഗീകാരവും വിജീഷിന്‍െറ പേരിലുണ്ട്. ഇതിനായി ബംഗളൂരു-പുണെ റോഡില്‍ 19 മണിക്കൂറും 30 മിനിറ്റുമാണ് വിജീഷ് നിര്‍ത്താതെ ബൈക്കോടിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് വിജീഷിന്‍െറ യാത്രകളുടെ തുടക്കം. കശ്മീരിലെ ദ്രാസിലേക്ക് കാര്‍ഗില്‍ വിജയദിനാഘോഷം കാണാന്‍ ഒമ്പത് പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത് പഴയ ജാവ യെസ്ഡി ബൈക്കില്‍. ദീര്‍ഘയാത്രകള്‍ ആവേശമായതോടെ കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളുടെ ലീഡ് റൈഡറായി.
പഠിച്ച ഓട്ടോ മൊബൈലും മെക്കാനിക്കല്‍ ഡിപ്ലോമയും വിട്ടാണ് സാഹസികതയുടെ ലോകത്തേക്ക് വിജീഷ് തിരിഞ്ഞത്. ഭാരിച്ച ചെലവും സാഹസികതയും നിറഞ്ഞ യാത്രകള്‍ക്ക് സുഹൃത്തുക്കളായിരുന്നു വിജീഷിന്‍െറ താങ്ങ്. പുതിയ യാത്രക്ക് ഇതു മാത്രം പോര, സ്പോണ്‍സര്‍മാരുടെ പിന്തുണയും വേണം. അത് വന്നെത്തുമെന്ന പ്രതീക്ഷയിലാണ് വിജീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.