Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകതിരൂർ എന്ന...

കതിരൂർ എന്ന ചിത്രഗ്രാമം

text_fields
bookmark_border
കതിരൂർ എന്ന ചിത്രഗ്രാമം
cancel
camera_alt???????? ??? ???????????? ????????????

ഏതോ ചിത്രകാരന്‍ കണ്ട സ്വപ്നം പോലെയാണ് കതിരൂര്‍ ഗ്രാമം. എങ്ങും ചിത്രങ്ങള്‍... നാല്‍ക്കവലകളില്‍, നാട്ടുവഴികളില്‍, വായനശാലകളില്‍, സ്കൂള്‍ ചുവരുകളില്‍, ബസ്സ്റ്റോപ്പുകളില്‍... അങ്ങനെ നോക്കുന്നിടത്തെല്ലാം ചിത്രങ്ങള്‍. ഒരു നാടും സാധാരണക്കാരായ നാട്ടുകാരും ഒരുകൂട്ടം ചിത്രകാരന്മാരും ഒന്നിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് അസാധാരണമൊരു ചിത്രചരിതം. കണ്ണൂര്‍ ജില്ലയില്‍ പാട്യവും കോടിയേരിയും കൂത്തുപറമ്പും പിണറായിയും അതിരിടുന്ന കതിരൂര്‍ ഗ്രാമം. വടക്കന്‍ പാട്ടിന്‍െറ ഈരടികളില്‍ ചുവന്നു തുടുത്ത മണ്ണ്. എതിരിട്ടവരോട് ചുരികത്തലപ്പു കൊണ്ട് മറുപടി നല്‍കിയ കളരിവീരന്മാരുടെ നാട്. വിദ്വേഷത്തിന്‍െറയും കുടിപ്പകയുടെയും കാര്‍മേഘങ്ങള്‍ നിറഞ്ഞ ഇന്നലെകള്‍ക്കു മീതെ കതിരൂര്‍ ദേശം ചായം തേക്കുകയാണ്. കാണുംതോറും കൗതുകമേറുന്ന ചിത്രശാലയായി പരിണമിക്കുകയാണ്.

ചിത്രങ്ങളാല്‍ നിറയുന്ന നാട്
കതിരൂരിന് ആ പേര് വന്നതിന് പിന്നില്‍ രണ്ട് കഥകളുണ്ട്. പ്രസിദ്ധമായ സൂര്യനാരായണ ക്ഷേത്രം ഇവിടെയുള്ളതിനാല്‍ കതിരവന്‍െറ ഊര് എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഒരു കഥ. സമൃദ്ധമായ നെല്‍വയലുകള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ കതിരൂര്‍ എന്ന് പേരു വന്നെന്ന് മറ്റൊരു കഥ. കതിരൂരിലെത്തുമ്പോള്‍ ഒരു ചിത്രകഥയിലേക്ക് നടന്നുകയറുന്ന പോലെയാണ്. കതിരൂര്‍ വായനശാലയുടെ ചുവരില്‍ കാണാം, കുമാരനാശാന്‍െറ ഖണ്ഡകാവ്യമായ ചണ്ഡാലഭിക്ഷുകിയിലെ ദൃശ്യാവിഷ്കാരം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ചുവരുകളില്‍ നിറയുന്നത് ഉപ്പുസത്യഗ്രഹവും ഝാന്‍സി റാണിയും വാഗണ്‍ ട്രാജഡിയുമുള്‍പ്പെടെ വൈദേശികാധിപത്യത്തിന്‍െറയും സ്വാതന്ത്ര്യ പോരാട്ടത്തിന്‍െറയും വിവിധ ദൃശ്യങ്ങള്‍. തൊട്ടടുത്ത നായനാര്‍ സ്മാരക മന്ദിരത്തിന്‍െറ ചുവരില്‍ അയ്യങ്കാളിയുടെ നവോത്ഥാന മുന്നേറ്റങ്ങള്‍, ആയുര്‍വേദ ആശുപത്രിയില്‍ സുശ്രുതന്‍െറ ശസ്ത്രക്രിയാവിധികള്‍. തച്ചോളി ഒതേനനും കതിരൂര്‍ ഗുരിക്കളും പടവെട്ടിയ പൊന്നിയത്തെ പുത്തരിക്കണ്ടം വയലിനടുത്ത് അങ്കക്കലിപൂണ്ട കളരിവീരന്മാരുടെ ചിത്രം, കതിരൂര്‍ ബസ്സ്റ്റോപ്പില്‍ നാടിന്‍െറ സംസ്കാരവും സ്പന്ദനവും യൗവനവും രേഖപ്പെടുത്തുന്ന ചിത്രമിശ്രണം... അങ്ങനെയങ്ങനെ പൊതു ഇടങ്ങളെല്ലാം ചുവര്‍ചിത്രങ്ങളാല്‍ നിറയുകയാണ്.

ചിത്രഗ്രാമം പദ്ധതി
ആര്‍ട്ടിസ്റ്റ് ശങ്കരനാരായണ മാരാറാണ് ചിത്രങ്ങളാല്‍ നിറയുന്ന ഗ്രാമം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ആലോചനകള്‍ക്കൊടുവില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പഞ്ചായത്ത് തീരുമാനിച്ചു. പദ്ധതി നടത്താനായി സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി. ഒരു കലാപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനപ്പുറം കതിരൂരിലെ ജനങ്ങളില്‍ ചിത്രകലയെക്കുറിച്ച് കൂടുതല്‍ അവബോധവും അതുവഴി ചിത്രസാക്ഷരതയും പദ്ധതിയിലൂടെ ലക്ഷ്യമിട്ടു. വിപുലമായ മുന്നൊരുക്കം നടത്തി. ആദ്യം പഞ്ചായത്ത് മെംബര്‍മാര്‍ക്ക് ചിത്രകലയെക്കുറിച്ച് വിശദമായ ക്ലാസ് നല്‍കി. തുടര്‍ന്ന് 18 വാര്‍ഡുകളിലും കമ്മിറ്റി രൂപവത്കരിച്ച് പദ്ധതി വിശദീകരിച്ചു. വരക്കാനുള്ള ഇടങ്ങളും വിഷയവും ഈ കമ്മിറ്റികള്‍ തീരുമാനിച്ചു. ഓരോ സ്ഥലത്തിനും അനുയോജ്യമായ ചിത്രങ്ങളാണ് വരക്കാന്‍ തീരുമാനിച്ചത്. ജൂലൈയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ എട്ട് മുതല്‍ 12 വരെ അഞ്ച് ദിവസങ്ങളില്‍ ചിത്രകാരന്മാര്‍ കതിരൂരില്‍ ക്യാമ്പ് ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളമുള്ള 70 ചിത്രകാരന്മാര്‍ പങ്കെടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. അങ്ങനെ 70 പൊതു ഇടങ്ങളിലായി നൂറിലേറെ ചിത്രങ്ങള്‍ ഒരുങ്ങി. പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും അംഗന്‍വാടിയും ക്ഷേത്രപരിസരവുമൊക്കെ കാന്‍വാസുകളായി.  


ആര്‍ട്ടിസ്റ്റുകളും സഹായികളുമുള്‍പ്പെടെ 200ഓളം പേര്‍ക്ക് കതിരൂരിലെ നാട്ടുകാര്‍ താമസമൊരുക്കി. ചിത്രങ്ങളുടെ സംരക്ഷണവും പരിപാലനവുമൊക്കെ നാട്ടുകാരുടെ ചുമതലയാണ്. പദ്ധതിയുടെ സാമ്പത്തിക സഹായം പഞ്ചായത്ത് വഹിക്കുന്നു. ചിത്രകാരന്മാര്‍ പ്രതിഫലം പോലും ആവശ്യപ്പെടാതെയാണ് ഉദ്യമത്തില്‍ പങ്കാളികളായത്. ചിത്രഗ്രാമം പദ്ധതി ഒന്നാംഘട്ടമാണ് പൂര്‍ത്തിയാവുന്നത്. രണ്ടാംഘട്ടമായി പഞ്ചായത്തിലെ വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ചിത്രങ്ങള്‍ വരക്കും. 8000 വീടുകള്‍ പഞ്ചായത്തിലുണ്ട്. ഓരോ വീട്ടിലും ഓരോ ചിത്രമാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ എവിടത്തെിരിഞ്ഞൊന്നു നോക്കിയാലും ചിത്രങ്ങള്‍ മാത്രം നിറയുന്നൊരു ചിത്രപുസ്തകം പോലെ മനോഹരിയാവും ഗ്രാമം.

ചിത്രകലയുടെ കതിരൂര്‍ കളരി
സൂക്ഷ്മമായൊരു ചിത്രത്തില്‍ ചായക്കൂട്ടുകള്‍ ചേര്‍ത്തിണക്കിയ പോലെ അഭേദ്യബന്ധമാണ് കതിരൂര്‍ ഗ്രാമത്തിന് ചിത്രകലയുമായുള്ളത്. ചിത്രകലയെ പ്രഫഷനലായി സമീപിക്കുന്ന നിരവധി ചിത്രകാരന്മാര്‍ കതിരൂരിലും സമീപപ്രദേശങ്ങളിലുമായുണ്ട്. ചിത്രങ്ങളാല്‍ നിറഞ്ഞ് ആര്‍ട്ട് ഗാലറികള്‍ക്ക് സമാനമായ നിരവധി വീടുകളുണ്ടിവിടെ. കതിരൂര്‍ എന്ന ചെറുടൗണില്‍ മാത്രം ചിത്രകലാ പഠനത്തിനായുള്ളത് നാല് കലാവിദ്യാലയങ്ങളാണ്്..! കതിരൂരിലെ പ്രശസ്തമായ സൂര്യനാരായണ ക്ഷേത്രത്തില്‍ അര്‍ധനാരീശ്വരന്‍െറയും ദക്ഷിണാമൂര്‍ത്തിയുടെയും ചുവര്‍ചിത്രങ്ങളുണ്ട്. അശോകന്‍ ചെറുവത്തൂരും അനില്‍ പൊന്ന്യവും ചേര്‍ന്ന് വരച്ച ചിത്രങ്ങള്‍. പ്രശസ്ത ചിത്രകാരന്‍ കെ.കെ. മാരാരും ആല്‍ബെര്‍ട്ട് ഫ്രെന്‍സും ചേര്‍ന്ന് തയാറാക്കിയ ‘വാള്‍ പെയിന്‍റിങ്സ് ഇന്‍ കേരള; 1000 ഇയേഴ്സ് ഓഫ് ടെമ്പിള്‍ ആര്‍ട്ട്’ എന്ന ഗ്രന്ഥം ക്ഷേത്രശ്രീകോവില്‍ ചിത്രങ്ങളെ കുറിച്ചുള്ള വിശദപഠനമാണ്. അതില്‍ ലിവിങ് ട്രഡിഷന്‍ ഗണത്തില്‍പെടുത്തിയ ഒരേയൊരു ചിത്രം കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ചിത്രമാണ്.

ഇന്ത്യയിലെ ആദ്യ ജനകീയ ആര്‍ട്ട് ഗാലറി
കതിരൂരില്‍ ചിത്രകല എത്രത്തോളം ജനകീയമാണെന്നതിന്‍െറ തെളിവാണ് ഇവിടത്തെ ആര്‍ട്ട് ഗാലറി. ജനകീയാസൂത്രണ പദ്ധതി തുക ഉപയോഗിച്ച് എന്തൊക്കെ പദ്ധതികള്‍ ചെയ്യാം എന്ന ചര്‍ച്ച വന്നപ്പോള്‍ കതിരൂരിലെ നാട്ടുകാര്‍ ആര്‍ട്ട് ഗാലറി എന്ന നിര്‍ദേശം വെച്ചു. അങ്ങനെ 13 വര്‍ഷം മുമ്പ് 2003ല്‍ കതിരൂര്‍ ടൗണില്‍ ആര്‍ട്ട് ഗാലറി സ്ഥാപിച്ചു. ഇന്ത്യയില്‍ ജനകീയാസൂത്രണ പദ്ധതിയിലൂടെ സ്ഥാപിതമായ ആദ്യ ആര്‍ട്ട് ഗാലറിയായിരുന്നു അത്. ആസൂത്രണത്തിന്‍െറ പുത്തന്‍ സാധ്യതകള്‍ കതിരൂരില്‍ ജനങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. 90 വര്‍ഷത്തിലേറെ പഴക്കമുള്ള കതിരൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ചിത്രകലാകേന്ദ്രമാണ്. സ്കൂളിന് സ്വന്തമായി ആര്‍ട്ട് ഗാലറിയുണ്ട്. കുട്ടികള്‍ വരക്കുന്നു. പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. 1994ല്‍ അന്താരാഷ്ട്ര ചിത്രകലാ ക്യാമ്പിന് വേദിയായത് കതിരൂര്‍ സ്കൂളാണ്.

ലക്ഷങ്ങള്‍ ചെലവഴിച്ച് സംഘടിപ്പിക്കുന്ന കലാമാമാങ്കങ്ങളും പ്രദര്‍ശനങ്ങളും നടക്കുന്ന കാലത്ത് കതിരൂരിലെ ചിത്രഗ്രാമം പദ്ധതി നിസ്സാരമെന്ന് തോന്നിയേക്കാം. എന്നാല്‍, ചിത്രസംസ്കാരവും ചിത്രസാക്ഷരതയും വളര്‍ത്താനുള്ള ഒറ്റക്കെട്ടായുള്ള ഉദ്യമമെന്ന നിലയില്‍ കതിരൂര്‍ ചിത്രഗ്രാമം പദ്ധതി വേറിട്ട് നില്‍ക്കുന്നു. ജനകീയ പങ്കാളിത്തമാണ് മുഖമുദ്ര. കതിരൂരിന്‍െറ ചരിത്രവഴികളില്‍ അങ്കത്തട്ടുകളില്‍ എത്രയോ ചുവപ്പുപടര്‍ന്നതാണ്. എത്രയോ പടയോട്ടങ്ങളുടെ രഥമുരുണ്ട നാട്ടുവഴികളാണ്. രാഷ്ട്രീയ കേരളം പലപ്പോഴായി ഭീതിയോടെ കേട്ടതാണ് കതിരൂര്‍ എന്ന സ്ഥലനാമം. എന്നാല്‍, അതൊന്നുമല്ല തങ്ങളെന്ന് വിളിച്ചുപറയുകയാണ് ഒരു ജനത. പിന്നെയും കലുഷിതമാകുന്ന കാലത്തെ, വരകളും വര്‍ണങ്ങളും കൊണ്ട് മറികടക്കാനൊരുങ്ങുകയാണവര്‍.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kathiroor villagearts
News Summary - art history of kathiroor village
Next Story