പക്ഷികളുടെ ചിത്രമെടുക്കാൻ ഉലകംചുറ്റി 75കാരൻ
text_fieldsപക്ഷികളുടെ ചിത്രങ്ങൾ ശേഖരിക്കാൻ ഉലകം ചുറ്റുന്നത് സാംസൺ എന്ന ഫോട്ടോഗ്രാഫർ തുടരുകയാണ് ഇൗ 75ാം വയസ്സിലും. ലോകത്താകമാനമുള്ള പക്ഷികളുടെ ലക്ഷക്കണക്കായ ചിത്രങ്ങളാണ് പാലാ വെള്ളാപ്പാട് കണ്ടത്തിൽ കെ.വി. സാംസണിൻെറ ശേഖരത്തിലുള്ളത്. അപൂർവമായി മാത്രം കണ്ടെത്തുന്ന പക്ഷി, ജന്തുജാലങ്ങൾ ഉൾപ്പെടെയുള്ള അമൂല്യ ചിത്രസമ്പത്ത് സ്വരുക്കൂട്ടാൻ അദ്ദേഹം സഞ്ചരിച്ചത് 118 ലോക രാഷ്ട്രങ്ങളും 60 വർഷത്തെ പരിചയ സമ്പത്തുമാണ്. പാലാ ടൗണിൽ പഴയ ബസ്സ്റ്റാൻഡിനുള്ളിലായി സാംസൺ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയാണ് ഫോട്ടോഗ്രഫി രംഗത്തേക്ക് ഇയാൾ എത്തുന്നത്.
ആധുനിക ഗ്രാഫിക്സ് സംവിധാനങ്ങൾ എത്തുന്നതിനുമുമ്പ് തന്നെ ഇവയെ വെല്ലുന്ന മികവോടെ കല്യാണ ആൽബങ്ങളും ചിത്രങ്ങളും എടുത്തു നൽകിയിട്ടുണ്ട്. കേരളത്തിൽ തന്നെ ആദ്യമായി വിഡിയോ സംവിധാനം എത്തിച്ചതും സാംസണാണ്. അരുവിത്തുറയിൽ നടന്ന ഒരു വിദേശ കല്യാണത്തിൽ വിദേശിയർ വിഡിയോ ഉപയോഗിച്ച് ചടങ്ങുകൾ പകർത്തിയിരുന്നു. അന്ന് അവരുമായി കൂടിക്കാഴ്ച നടത്തുകയും വിഡിയോയുടെ പ്രവർത്തന രീതികൾ പഠിക്കുകയും ചെയ്ത ശേഷമാണ് അമേരിക്കയിലുള്ള തെൻറ സുഹൃത്തു വഴി വിഡിയോ കാമറ എത്തിക്കുന്നത്. ടൗൺ വികസനത്തിൻെറ ഭാഗമായി സ്റ്റാൻഡ് വികസിപ്പിക്കുകയും ഇവിടെയുള്ള കച്ചവടസ്ഥാപനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തതോടെയാണ് സാംസൺ തനിക്കേറെ ഇഷ്ടപ്പെട്ട ഫ്രീലാൻസ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്.
ആദ്യകാലങ്ങളിൽ ചിട്ടി പിടിച്ചും കടംവാങ്ങിയും ഒക്കെയായിരുന്നു സഞ്ചാരത്തിന് പണം കണ്ടെത്തിയിരുന്നത്. പിന്നീട് ഓരോ യാത്രയിൽ നിന്നുതന്നെ അടുത്ത യാത്രകൾക്കുള്ള പണം കണ്ടെത്താനായി. സുഹൃത്തുക്കളും ടൂർ ഓപറേറ്റർമാരും അടങ്ങുന്ന രണ്ടു ഡസനിൽ കുറയാത്ത ആളുകളുണ്ടാകും ഒരോ യാത്രയിലും. അവരുടെയെല്ലാം ചിത്രങ്ങളും അപൂർവ നിമിഷങ്ങളും സാംസണിൻെറ കണ്ടെത്തലുകളും ഒക്കെയായി തിരിച്ചെത്തുമ്പോഴേക്കും ഒരു ആൽബം പൂർത്തിയാക്കിക്കഴിയും. ഈ ആൽബത്തിന് ആവശ്യക്കാരും ഏറെയാണ്. യാത്രക്ക് െചലവായതിെൻറ ഇരട്ടിയോളം സമ്പാദിക്കാനുമാവും.
െമാറീഷ്യസിലെ സഞ്ചാരത്തിനിടെ ലഭിച്ച ഹണി ബേഡ് എന്ന പക്ഷിയുടെ ചിത്രമാണ് ഏറ്റവും മഹനീയമായി സാംസൺ കരുതുന്നത്. പത്രക്കടലാസുകളും നാരും കരിയിലയും ചേർത്തുണ്ടാക്കിയ കൂട്ടിൽ കുഞ്ഞുങ്ങൾക്കുള്ള തീറ്റിയുമായി പ്രവേശിക്കുന്നതിന് മുമ്പ് പരിസരം സസൂക്ഷ്മം വീക്ഷിക്കുന്ന ഹണി ബേഡ്. പിന്നീട് പടം വിശദമായി പരിശോധിക്കുമ്പോഴാണ് പക്ഷി കൂടു നിർമിക്കാൻ ഉപയോഗിച്ച കടലാസ് ഏതോ മലയാളം പത്രമാണെന്ന് തിരിച്ചറിഞ്ഞത്. ഇതാണ് ഇൗ ചിത്രം പ്രിയങ്കരമാക്കിയത്. നിരവധി അനുമോദനങ്ങൾക്കും മത്സരങ്ങൾക്കും വരെ ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്.
സെപ്റ്റംബറിൽ, ജപ്പാൻ, ചൈന, കൊറിയ എന്നിവിടങ്ങൾ ഉൾപ്പെടുന്ന രണ്ടു മാസത്തോളം നീളുന്ന കപ്പൽയാത്ര നടത്താൻ തയാറെടുക്കുകയാണ് സാംസൺ. ഭാര്യ ഓമനയുടെയും മക്കളായ സജി, മെർളി, സൗമ്യ എന്നിവരുടെയും പൂർണ പിന്തുണയും സാംസെൻറ യാത്രകൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.