മരം ഒരു വരം അഥവാ വിജയന്‍
text_fieldsആള്‍ക്കൂട്ടങ്ങളോ പ്രശസ്തിയോ ഇല്ലാതെ കീറിപ്പിന്നിയ വേഷവും ധരിച്ച് പൊരിവെയിലത്ത് നില്‍ക്കുന്ന ഒരാളെ കാമറക്കണ്ണുകള്‍ ഒരിക്കല്‍ പോലും തേടിയെത്തില്ല. എന്നാല്‍ അങ്ങനെയുള്ളവരെയും കണ്ടെത്താനാകും. സൂക്ഷ്മതയോടെ നോക്കിയാല്‍ ഫ്രെയിമില്‍ തെളിഞ്ഞു വരുന്ന മരത്തിന്‍െറ വേരിലും കുറ്റിയിലും പാഴ്ത്തടിയിലും തീര്‍ക്കുന്ന ശില്‍പ്പങ്ങളെയും വിവിധങ്ങളായ വീട്ടുപകരണങ്ങളെയും കാണാം. പാഴ്ത്തടികളോടും മരക്കുറ്റികളോടും പെരുത്ത് ഇഷ്ടമുള്ള വിജയന്‍െറ ലോകത്തേക്ക് പോകാം. ഒരു മരത്തടിയുടെ കഷ്ണമോ വേരോ മരക്കുറ്റിയോ കിട്ടിയാല്‍ നമ്മള്‍ ചിന്തിക്കുന്നത് എന്തായിരിക്കും? 53കാരനായ വിജയനോടാണ് ചോദ്യമെങ്കില്‍ ഇതിനെ ഏതു രിതിയില്‍ എങ്ങനെ മാറ്റിയെടുത്ത് കരവിരുത് പ്രകടിപ്പിക്കാം എന്നായിരിക്കും ഉത്തരം കിട്ടുക.
കോട്ടയം നാഗമ്പടത്തെ നെഹ്റു സ്റ്റേഡിയത്തിന് എതിര്‍വശം വഴിയോരത്ത് ചെന്നാല്‍ കാണാം വിജയന്‍െറ മരത്തടിയില്‍ തീര്‍ത്ത വീട്ടുപകരണങ്ങളുടെ ശേഖരം. ഒരു രൂപവുമില്ലാത്തതെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന മരക്കുറ്റികളില്‍ നിന്നും രൂപം കൊള്ളുന്നത് കടഞ്ഞെടുത്ത വീട്ടുപകരണങ്ങളും ശില്‍പ്പങ്ങളും ഒക്കെയാണ്. എട്ടോളം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും താനുണ്ടാക്കിയ ശില്‍പ്പങ്ങളുടെ പ്രദര്‍ശനം ഇതിനകം നടത്തിക്കഴിഞ്ഞിരിക്കുന്നു ഇദ്ദേഹം. 300 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ ഇദ്ദേഹം സ്വയം നിര്‍മിച്ചവയില്‍പ്പെടുന്നു. ദിവസം 12 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രതയും ക്ഷമയും കൈമുതലാക്കി നിര്‍മിക്കുന്ന ഇവകളോരോന്നും പൂര്‍ത്തിയാക്കാന്‍ 28 ദിവസങ്ങള്‍ വരെ വേണ്ടിവരാറുണ്ട്.
അടുത്തകാലത്ത് മലയാലപ്പുഴ അമ്പലത്തില്‍ നിര്‍മിച്ചു നല്‍കിയ സരസ്വതിപീഠമടക്കം വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും ഇദ്ദേഹം നിര്‍മിച്ച ശില്‍പങ്ങളും ഉപകരണങ്ങളും കാണാനാകും. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമക്കാരനായ വിജയന്‍ പാരമ്പര്യമായി കിട്ടിയ കൈത്തൊഴിലിനോടുള്ള കമ്പം നിമിത്തം സ്വകാര്യ കമ്പനിയിലെ പ്രൊജക്ട് മാനേജര്‍ തസ്തികയിലെ ഉയര്‍ന്ന ജോലി 2013 ഡിസംബറില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ: സുജ. ഇടപ്പള്ളിയില്‍ മറൈന്‍ എന്‍ജിനീയറിങ് ഡിപ്ലോമക്ക് പഠിക്കുന്ന അജയ്കുമാറും ജയലക്ഷ്മിയുമാണ് മക്കള്‍.
പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശിയായ വിജയന്‍ പാരുക്കുഴി നാഗമ്പടത്തെത്തിയിട്ട് രണ്ടു മാസത്തോളമായി. കൊച്ചി, ഹരിപ്പാട് കൊട്ടാരങ്ങളിലൂം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലുമെല്ലാം ഇദ്ദേഹത്തിന്‍െറ മുത്തശ്ശന്‍ തീര്‍ത്ത ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പാഴ്ത്തടികളും വേരുകളും തേടിയുള്ള വിജയന്‍െറ യാത്രകള്‍ തുടരുകയാണ്, താന്‍ മനസില്‍ ആഗ്രഹിച്ച വിധത്തിലുള്ള മരക്കുറ്റികള്‍ വീണു കിട്ടുമ്പോള്‍ നാട്ടിന്‍പുറത്തുകാരനു മാത്രം സ്വന്തമായ സ്വാഭാവിക ചിരിയുതിര്‍ത്ത് കൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.