ഓര്‍മയുണ്ടോ ആ പാല്‍ക്കാരനെ
text_fieldsനാടോടിക്കാറ്റ് സിനിമയിലെ ദാസന്‍െറയും വിജയന്‍െറയും പശുവിനെ കറക്കാന്‍ കൂളിങ് ഗ്ലാസ് വെച്ച് എത്തുന്ന പാല്‍ക്കാരനെ ആരും മറക്കില്ല. സിനിമയിലും നാടകങ്ങളിലും ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച് നമ്മെ ചിരിപ്പിച്ച ഈ നടന്‍ പക്ഷേ, ഇപ്പോള്‍ രോഗങ്ങള്‍ ബാധിച്ച്, സ്വന്തമായി ഒരു വീടുപോലുമില്ലാതെ വേദന സഹിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് കരള്‍ രോഗവും ഹൃദയാഘാതവും പ്രമേഹവും ഒന്നിച്ചുവന്നതോടെ അഭിനയം നിര്‍ത്തേണ്ടി വന്നു.
കോഴിക്കോട് നെല്ലിക്കോട് വില്ലിക്കല്‍ കോട്ടക്കുന്നിലെ മകളുടെ വീട്ടില്‍ പത്തടി നടക്കാന്‍ കഴിയാതെ കിതച്ച്, കിതച്ച് ഈ പഴയ നടന്‍ ഇരിക്കുന്നു. ഒരു ജീവിതകാലം അഭിനയിച്ചും നാടകമെഴുതിയും വാങ്ങിയ മൂന്ന് സെന്‍റ് ഭൂമിയായിരുന്നു സമ്പാദ്യം. ആറ് പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചതോടെ ഇത് കടം കയറി വിറ്റു. സ്കൂളില്‍ 10ാം തരത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ അഭിനയമാണ്. കോഴിക്കോട്ടെ കാര്‍ണിവല്‍ നാടകസംഘത്തില്‍ കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്‍, കുഞ്ഞാവ, ബാലന്‍ കെ. നായര്‍ എന്നിവരടങ്ങുന്ന സംഘത്തിലെ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ്.
കോര്‍പറേഷന്‍ സ്റ്റേഡിയം ഭാഗത്ത് നടന്നിരുന്ന കാര്‍ണിവലില്‍ ആയിരക്കണക്കിന് നാടകങ്ങളാണ് എഴുതി അഭിനയിച്ചത്. വയനാടന്‍ തമ്പി, ആവനാഴി, ഉണ്ണികളേ ഒരു കഥ പറയാം, നാടോടിക്കാറ്റ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, അബ്കാരി, അദ്വൈതം തുടങ്ങിയ 150 ഓളം സിനിമകളില്‍ അഭിനയിച്ചു. തെങ്ങുകയറ്റക്കാരന്‍ മുതല്‍ വൈദ്യന്‍ വരെ വേഷങ്ങള്‍ ചെയ്തു. ശ്രീനിവാസന്‍െറ സംവിധാനത്തിലും ടി. ദാമോദരന്‍െറ തിരക്കഥയിലും രൂപംകൊണ്ട മിക്ക സിനിമകളിലും പാടൂര്‍ ഉണ്ടായിരുന്നു. ഇനിയൊരു ജോലിക്ക് പോകാനാവില്ല. രണ്ടുവര്‍ഷം മുമ്പാണ് രോഗം കലശലായത്. തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. നടന്‍ ശ്രീനിവാസന്‍ അടക്കം നല്‍കിയ സഹായ തുകകൊണ്ടാണ് ചികിത്സ നടത്തിയത്.
വീടും സമ്പാദ്യവും നഷ്ടപ്പെട്ട്, പെരുവഴിയില്‍നിന്നാണ് മകളുടെ വാടകവീട്ടില്‍ അഭയം തേടിയത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സുമനസ്സുകളുടെ കാരുണ്യത്തില്‍ മൂന്ന് സെന്‍റ് സ്ഥലത്ത് വീടുപണി പാതി വഴിയിലാണ്. കയറിക്കൂടണമെങ്കില്‍ ഇനിയും പണം വേണം. 66 വയസ്സായി. ഭാര്യ ഗിരിജയും രോഗിയാണ്. 15ാം വയസ്സില്‍ തുടങ്ങിയ കലാജീവിതം തിരിച്ചുപിടിക്കാമെന്ന വ്യാമോഹമില്ല. ഒരു ജീവിതം മുഴുവന്‍ കഷ്ടപ്പെട്ടു. ഇനി സ്വന്തമായി ഒരു വീട്ടില്‍ സമാധാനത്തോടെ ഇരിക്കാനുള്ള ആഗ്രഹം മാത്രമാണ് ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.