Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശാകുന്തളം ഇൻ അമേരിക്ക
cancel
camera_alt???????????? ????????

പറന്നുപറന്ന് അവസാനം ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. പുറത്ത് കഠിനമായ തണുത്ത കാറ്റ്. കൈയിലുള്ള കോട്ടും കുപ്പായവും മറ്റു കോപ്പുകളും കൊണ്ട് ഉടുത്തുകെട്ടി. യാത്രക്കിടെ പരിചയപ്പെട്ട എലീസ ഞാന്‍ പോകുന്നത് ഫാര്‍ഗ്ഗൊവിലേക്കാണെന്ന് പറഞ്ഞപ്പോള്‍ പ്രതികരിച്ചത്, ‘‘അയ്യോ, ആരും അവിടേക്ക് പോകില്ല; അത്ര തണുപ്പാണവിടെ. 11 മാസവും മഞ്ഞുവീണുകൊണ്ടിരിക്കും’’ എന്നായിരുന്നു. ആ പറഞ്ഞത് ശരിയാണെന്ന് ശരീരത്തില്‍ തുളച്ചുകയറുന്ന തണുപ്പ് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിച്ചു. രണ്ടുകൊല്ലത്തെ എഴുത്തുകുത്തുകള്‍ക്കു ശേഷമാണ് ഫാര്‍ഗ്ഗൊയില്‍ കാലുകുത്തുന്നത്. കഴിഞ്ഞ 19 തവണത്തെയും അമേരിക്കന്‍ യാത്രപോലെയല്ല, ഇതുവരെ കേള്‍ക്കാത്ത, ആരെയും പരിചയമില്ലാത്ത സ്ഥലമാണിത്. ഈ നീണ്ട യാത്രയിലും പാഥേയമായിട്ടുള്ളത് കോട്ടക്കല്‍ കളരിയില്‍നിന്ന് കിട്ടിയ 24 മുദ്രകളും വിശ്വംഭരന്‍െറ കൃപാകടാക്ഷവും മാത്രം. ജന്മനാടായ മലപ്പുറത്തെ പന്തല്ലൂരും കോട്ടക്കല്‍ കളരിയും ഏതു യാത്രയിലും മനസ്സിലോടിയെത്തും. 

അമേരിക്കയിലെ നാഷനല്‍ ഡ്രാമ ഫെസ്റ്റിവലില്‍ ലോസ് ആഞ്ജലസിലെ ക്ലാര്‍ മൗണ്ട് യൂനിവേഴ്സിറ്റിയില്‍ ഞാന്‍ പഠിപ്പിച്ച ശാകുന്തളത്തിന്‍െറ സീഡി കണ്ട് അതുപോലെ ഒരു പ്രൊഡക്ഷന്‍ വേണമെന്ന സഹായമഭ്യര്‍ഥിച്ചുള്ള ഒരു കത്തിന്‍െറ അവസാനമാണ് ഈ യാത്ര. ഫാര്‍ഗ്ഗൊയിലെ നോര്‍ത്ത് ഡെക്കോട്ട സ്റ്റേറ്റ് യൂനിവേഴ്സിറ്റി (എന്‍.ഡി.എസ്.യു)യില്‍നിന്ന് പി.ആര്‍.ഒ ഡോ. പോള്‍ ലിഫ്ട്ടനായിരുന്നു കത്തയച്ചത്. മഹാകവി കാളിദാസന്‍െറ ഏതു നാടകം ചെയ്യുന്നതും സന്തോഷവും ആനന്ദവുംതന്നെ. എനിക്ക് ഏറെ പരിചയവും ഇഷ്ടവും കാളിദാസരചനകളാണ്. കാളിദാസമഹാകവിയുടെ ജന്മക്ഷേത്രമായ ഉജ്ജൈനില്‍ മഹാകലാകാരന്മാരുടെയും ആയിരക്കണക്കിന് പ്രേക്ഷകരുടെയും മുന്നില്‍ മേഘദൂതത്തിലെ യക്ഷനായും കുമാരസംഭവത്തിലെ ശിവനായും ശാകുന്തളത്തിലെ ദുഷ്യന്തനായും രഘുവംശത്തിലെ രഘുവായും ഒക്കെ അരങ്ങിലത്തൊന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. കാളിദാസ നാടകങ്ങള്‍ കുറേക്കൂടി മനുഷ്യകഥകളും ശൃംഗാരപ്രധാനങ്ങളുമാണ്. ഞാന്‍ സമ്മതമറിയിച്ചു. എന്നാല്‍, ശാകുന്തളംപോലെ മഹത്തായ ഒരു പ്രൊഡക്ഷന്‍ ചെയ്യണമെങ്കില്‍ അവിടെനിന്ന് കലാമര്‍മജ്ഞരായിട്ടുള്ള ആരെങ്കിലും ഇന്ത്യയില്‍ വന്ന് ഇവിടത്തെ സംസ്കാരം മനസ്സിലാക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. പോള്‍ കേരളത്തിലത്തെുകയും പലതും കാണുകയും പഠിക്കുകയും ചെയ്തു. കാടാമ്പുഴ കാര്‍ത്തികവിളക്കും ഇരിങ്ങാലക്കുട കൂടല്‍മാണിക്യവും തൃശൂര്‍ വടക്കുംനാഥക്ഷേത്രവും കലാമണ്ഡലം കൂത്തമ്പലവുമെല്ലാം കണ്ടു. ഇതിന്‍െറയൊക്കെ ഒടുവിലെ അധ്യായമാണ് എന്‍െറ ഈ യാത്ര. 

ഫാര്‍ഗ്ഗൊയിലെ എന്‍.ഡി.എസ്.യു വില്‍ അവതരിപ്പിച്ച ‘ ശാകുന്തള’ത്തില്‍ നിന്ന്
 

വിമാനത്താവളത്തില്‍ പോളും യൂനിവേഴ്സിറ്റി അധികൃതരും ‘വെല്‍ക്കം മിസ്റ്റര്‍ കോട്ടക്കല്‍’ എന്ന ബോര്‍ഡും പിടിച്ച് കാത്തുനിന്നിരുന്നു. കടുത്ത വിശപ്പുണ്ടായിരുന്നു. ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ തോന്നി. അമേരിക്കയില്‍ ഭക്ഷണമേഖല ഏതാനും കുത്തകസ്ഥാപനങ്ങളുടെ പിടിയിലാണ്. അവരാണ് ജനങ്ങള്‍ എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത്. കാന്‍ഡല്‍ഫുഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. അതൊക്കെ ഒരു ധൂര്‍ത്തായിട്ടാണ് എനിക്ക് തോന്നിയത്. വിസിറ്റിങ് പ്രഫസര്‍ എന്ന അന്തസ്സ് നിലനിര്‍ത്താന്‍ ഇതൊക്കെ വേണമായിരിക്കുമെന്ന് തോന്നി. പിറ്റേദിവസമാണ് പോള്‍ എന്നെ നോര്‍ത്ത് ഡെക്കോട്ട സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലേക്ക് കൊണ്ടുപോയത്. വിശാലവും അതിമനോഹരവുമായ കാമ്പസ്. ഡെക്കോട്ട എന്നത് ഒരു ആദിവാസി ഗോത്രത്തിന്‍െറ പേരാണത്രെ. ആ പേരിലാണ് സ്ഥലം അറിയപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ യൂനിവേഴ്സിറ്റികളില്‍ ഒന്നാണിത്. കൃഷി, എന്‍ജിനീയറിങ്, രംഗകല തുടങ്ങി വിവിധ വകുപ്പുകളിലായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. നാടകത്തിന് ഈ യൂനിവേഴ്സിറ്റി പേരുകേട്ടതാണ്. എങ്കിലും ഇവിടത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്ത്യയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. ഭാരതീയ നാടകങ്ങളെപ്പറ്റിയോ നൃത്തങ്ങളെപ്പറ്റിയോ വായിച്ചറിവുപോലുമില്ല. ഇവിടത്തെ അതിവിശാലമായ ലൈബ്രറിയില്‍ ഇന്ത്യയെപ്പറ്റി ഒരു പുസ്തകവും കണ്ടില്ല. വിദ്യാര്‍ഥികള്‍ പലരും ഇന്ത്യയെ അറിയുന്നത് ബോളിവുഡ് സിനിമകളിലെ നൃത്തങ്ങള്‍ കണ്ടിട്ടാണ്. ആദ്യദിവസം പുതിയ പ്രഫസര്‍മാരെ പരിചയപ്പെടുത്തല്‍ മാത്രമായിരുന്നു. 26 അക്ഷരം പഠിക്കാന്‍ സാധിക്കാത്ത എന്നെ അമേരിക്കയിലെ പേരുകേട്ട കലാലയത്തില്‍ പ്രഫസര്‍ എന്ന് പരിചയപ്പെടുത്തിയപ്പോള്‍ കോട്ടക്കല്‍ കളരിയില്‍നിന്ന് കിട്ടിയ അന്താരാഷ്ട്രഭാഷയായ 24 മുദ്രകളുടെ മഹത്ത്വം ഓര്‍മിച്ചു. 

അടുത്ത ദിവസം മുതല്‍ ശാകുന്തളത്തിലേക്ക് വേണ്ട കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള ഓഡിഷനായിരുന്നു. പലരും അഭിനയിച്ചും നൃത്തം ചെയ്തും കാണിച്ചു. എന്നാല്‍, ആരുടെയും ശരീരഭാഷ ഭാരതീയ ശൈലിയിലുള്ള അഭിനയത്തിന് പറ്റുന്നതായിരുന്നില്ല. ഒരു പെണ്‍കുട്ടിയിലും ശകുന്തളയുടെ ശാരീരികചലനങ്ങളോ മുഖഭാവങ്ങളോ  കണ്ടില്ല. ആണ്‍കുട്ടികളിലുമില്ല നാട്യശാസ്ത്രം പറയുന്ന നര്‍ത്തകലക്ഷണങ്ങളുള്ളവര്‍. ഒടുവില്‍, ഒരു ശകുന്തളയെയും ദുഷ്യന്തനെയും കണ്ടെത്തി. ശകുന്തളയുടെ പേര് ബ്രിചാന ഫ്രെഞ്ച്. കാളിദാസന്‍െറ താപസകന്യകയെയാണ് ആ കുട്ടിയില്‍ ആവേശിപ്പിക്കേണ്ടത്. ദുഷ്യന്തനായി കണ്ടത്തെിയത് ടോഫര്‍ ജോര്‍ഡനെയായിരുന്നു. പിന്നെ പരിശീലനത്തിന്‍െറ നാളുകള്‍. ആദ്യം ഇന്ത്യന്‍ സംസ്കാരത്തെയും കലയെയുംകുറിച്ച് അവരില്‍ ബോധമുണ്ടാക്കണം, എന്നിട്ടുവേണം അഭിനയം പഠിപ്പിക്കാന്‍. 

ഫാര്‍ഗ്ഗൊയിലെ എന്‍.ഡി.എസ്.യു വില്‍ അവതരിപ്പിച്ച ‘ ശാകുന്തള’ത്തില്‍ നിന്ന്
 

രാവിലെ നൃത്തവിദ്യാര്‍ഥികള്‍ക്കും ഉച്ചകഴിഞ്ഞ് നാടകക്കാര്‍ക്കുമായിരുന്നു ക്ലാസ്. ആദ്യം താളങ്ങളും രസങ്ങളും അവരെ പരിചയപ്പെടുത്തും. നടന്‍െറ ശരീരം അടിതൊട്ട് മുടിവരെ അഭിനയത്തിന്‍െറ ഭാഗഭാക്കാകുമ്പോഴാണ് രസാനുഭൂതിയുണ്ടാകുന്നത്. അതുകൊണ്ട് കുട്ടികളെ ഒരുമണിക്കൂര്‍ നന്നായി അധ്വാനിപ്പിക്കും. ചിലരുടെ അലസസമീപനം കാരണം ആദ്യമൊക്കെ കുറെ പ്രയാസപ്പെടേണ്ടിവന്നു. ക്ലാസില്‍ ചിലര്‍ കിടക്കും, ച്യൂയിംഗം തിന്നും, കൊക്കക്കോള കുടിക്കും, സോക്സ് അഴിക്കാന്‍ ചിലര്‍ മടിക്കും. വര്‍ഷങ്ങളോളം നീണ്ടുനിന്ന ചിട്ടയായി അഭ്യസിച്ച എനിക്ക് ഇതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടുമൂന്നു ദിവസം ഇത് തുടര്‍ന്നപ്പോള്‍ ഇത് മാറ്റിയെടുക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. എന്‍െറ പ്രയാസങ്ങള്‍  അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ ഞാന്‍ ഉദ്ദേശിക്കുന്ന ശൈലിയിലേക്ക് വന്നു. ഷൂസും സോക്സും അഴിച്ചുവെച്ച് ക്ലാസില്‍ വരാന്‍ തുടങ്ങി. ‘നമസ്തേ’ പറഞ്ഞ് അഭിവാദ്യം ചെയ്ത് ആരംഭിച്ചു. ഒരാഴ്ചകൊണ്ട് അവര്‍ ഞാനുമായി അടുത്തു. ക്ളാസിലെ  അന്തരീക്ഷമാകെ മാറി. ചുരുക്കത്തില്‍ അവരുടെ ജീവിതരീതിയിലും പെരുമാറ്റത്തിലുമൊക്കെ അടിമുടി മാറ്റം. 

ക്ളാസിനിടെ രസകരമായ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സാംസ്കാരികമായ മാറ്റം എത്ര വൈപുല്യമാണെന്ന് അവയോരൊന്നും എന്നെ ഓര്‍മിപ്പിച്ചു. ഒരിക്കല്‍ കോസ്റ്റ്യൂം ബോക്സ് തുറന്നപ്പോള്‍ അതില്‍ കര്‍പ്പൂരപാത്രം പൊട്ടിയിരിക്കുന്നു. നിറയെ കര്‍പ്പൂരഗന്ധം. ചുറ്റും നിന്നവരൊക്കെ ‘ഇന്ത്യന്‍ സ്മെല്‍, ഇന്ത്യന്‍ സ്മെല്‍’ എന്നുപറഞ്ഞ് അതാസ്വദിക്കാന്‍ തുടങ്ങി. നമ്മുടെ നിറങ്ങള്‍ ഒട്ടൊന്നുമല്ല അവരാസ്വദിക്കുന്നത്. അഭിനയത്തിന് സംസ്കാരം എത്ര പ്രധാനമാണെന്ന് തെളിയിക്കുന്നതായിരുന്നു കല്യാണം കഴിഞ്ഞ് ശകുന്തള യാത്രപറയുമ്പോഴുള്ള രംഗത്തിന്‍െറ പരിശീലനം. ക്ലാസിനിടെ അച്ഛനായി അഭിനയിക്കുന്ന ‘കണ്വമഹര്‍ഷി’ക്ക് ദുഃഖം വരുന്നില്ല. വീട്ടില്‍നിന്ന് പോരുമ്പോള്‍ അച്ഛനോടും അമ്മയോടും യാത്രപറയുന്ന അവസ്ഥ ആലോചിച്ച് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു ഭാവവും വരുന്നില്ല. അച്ഛനെയും അമ്മയെയും പിരിയുമ്പോള്‍ ദുഃഖം വരാറില്ലെന്ന് പറഞ്ഞു. പിന്നെ ആരെ പിരിയുമ്പോഴാണ് ദുഃഖം എന്ന് ചോദിച്ചു. വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന പൂച്ചയെ പിരിയുമ്പോഴാണ് എന്നുപറഞ്ഞു. എന്നാല്‍, പൂച്ചയെ പിരിയുന്നപോലെ ഓര്‍ത്ത് അഭിനയിച്ചുകൊള്ളാന്‍ പറഞ്ഞപ്പോള്‍ കുറച്ചു ഭേദമായി. മറ്റൊന്ന് ‘ലജ്ജ’യുമായി ബന്ധപ്പെട്ടാണ്. അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്ക് ലജ്ജ എന്ന വികാരം അഭിനയിച്ച് ഫലിപ്പിക്കാനുള്ള പ്രയാസമായിരുന്നു അത്. നാണിച്ചു തലകുനിച്ച് കാല്‍വിരല്‍കൊണ്ടു നിലത്തുവരക്കുന്ന നായികമാരാണല്ളോ നമുക്ക് പരിചയം. സ്ത്രീസഹജമായ ലാസ്യഭാവവും ലജ്ജയും ഒന്നും അവര്‍ക്ക് പരിചയമില്ല. അതിന് ഞാന്‍ പരിഹാരം കണ്ടത്, 

ഫാര്‍ഗ്ഗൊയിലെ എന്‍.ഡി.എസ്.യു വില്‍ അവതരിപ്പിച്ച ‘ ശാകുന്തള’ത്തില്‍ നിന്ന്
 

ആംഗികാഭിനയത്തില്‍ ആഹാര്യം സഹായമാകും എന്ന ധാരണകൊണ്ടായിരുന്നു. അതിനുവേണ്ടി ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ചുനടന്നിരുന്ന അവര്‍ക്ക് ഓരോ ഷാള്‍ കൊടുത്തു. അത് ചുമലിലിട്ട് നടക്കാന്‍ പറഞ്ഞു. ആഴ്ചകള്‍കൊണ്ട് അവരില്‍ കാര്യമായ മാറ്റം വന്നുതുടങ്ങി. ഗജഗമനം, ഹംസഗമനം, പരപുരുഷസ്പര്‍ശനം എന്നിവയും എത്ര പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് ഗ്രഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഗജത്തെ കാണാത്തവര്‍ക്ക് അതിന്‍െറ നടത്തം എങ്ങനെയാണെന്ന് ഊഹിക്കാന്‍ കഴിയുമോ, മുദ്രകളുടെ കാര്യവും അങ്ങനെതന്നെ. ഇത്തരം പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടത് ഓരോ വിദ്യകളിലൂടെയായിരുന്നു. അവരുടെ ഒരു പ്രധാന സംശയം, സാരി എന്ന മനോഹരവേഷം ഇന്ത്യക്കാര്‍ എങ്ങനെ കണ്ടുപിടിച്ചുവെന്നായിരുന്നു. ഞാന്‍ എന്‍െറ പരിമിതമായ അറിവുവെച്ച് പറഞ്ഞുകൊടുത്തു. പടിഞ്ഞാറന്‍കുട്ടികളെ പഠിപ്പിക്കാന്‍ മുന്‍കൂട്ടി ഹോംവര്‍ക്ക് ചെയ്യണം. ഓരോന്നും അവര്‍ ചോദിച്ചു മനസ്സിലാക്കും. കഥകളി വിദ്യാര്‍ഥികള്‍ ഗുരുവിനോട് ഒരു സംശയവും ചോദിക്കരുത് എന്നാണ് നമ്മുടെ നാട്ടിലെ അലിഖിതനിയമം.

നാടകത്തിലെ സംസ്കൃതപദങ്ങള്‍ അവരുടെ നാവിലും കഥകളിമുദ്രകള്‍ കൈകളിലും വരാന്‍ അവരും ഞാനും നന്നേ പാടുപെടേണ്ടിവന്നു. വിദ്യാര്‍ഥികളുടെ സ്ഥിരോത്സാഹവും അര്‍പ്പണബോധവും കാര്യങ്ങള്‍ എളുപ്പമാക്കി. ശാകുന്തളം നന്നായി ഭാവത്തോടെ വായിക്കാനും കുട്ടികള്‍ വശമാക്കിയിരുന്നു. വെയ്ല്‍സിലെ കാര്‍ഡിഫ് യൂനിവേഴ്സിറ്റിയിലെ പി.ആര്‍.ഒ ഡോ. വില്‍ ജോണ്‍സണ്‍ ആണ് നാടകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഭിന്നസംസ്കാരങ്ങളെ സമന്വയിപ്പിക്കാന്‍ സംഗീത, സാഹിത്യ നൃത്തശില്‍പങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ത്യന്‍നൃത്തങ്ങളുടെ ആകര്‍ഷകത്വം അതു വശമാക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ ഏതു വിഷമപ്രശ്നം തരണംചെയ്യാനും പ്രേരിപ്പിക്കുമെന്ന് അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കി. 

ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും കുട്ടികള്‍ ഞാനുമായി വളരെ അടുത്തു. പ്രിയംവദയുടെ വേഷം അഭിനയിച്ച ഹെന്നബെലുമായി കാര്യമായി സംസാരിച്ചു. അവള്‍ അമ്മയെ കണ്ടിട്ടുതന്നെയില്ല. 16 വയസ്സുവരെ അച്ഛന്‍െറ സഹായമുണ്ടായിരുന്നു പഠനത്തിന്. ഇപ്പോള്‍ സ്വയം അധ്വാനിച്ചാണ് പഠിക്കാനും മറ്റും കാശുണ്ടാക്കുന്നത്. ‘ശാകുന്തളം വായിക്കാന്‍ തുടങ്ങിയതുമുതല്‍ സ്നേഹിക്കുന്ന അച്ഛനെയും മുത്തശ്ശിയെയും ഒക്കെ സ്വപ്നംകാണാന്‍ തുടങ്ങിയെന്നും എന്നെങ്കിലും പൈസ ഉണ്ടായാല്‍ ശകുന്തളയുടെ നാട്ടില്‍വന്ന് അവിടത്തെ കുടുംബജീവിതം കാണണമെന്നുമാണ് തന്‍െറ ആഗ്രഹമെന്നും പറയുമ്പോള്‍ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവസാനമായപ്പോഴേക്കും റിഹേഴ്സല്‍ തീവ്രമായി. രാവിലെയും വൈകുന്നേരവും രാത്രിയും ഒഴിവില്ലാതെ. തണുപ്പ് കൂടിവന്നു. അതൊന്നും പരിശീലനത്തിന് തടസ്സമായില്ല. കുട്ടികളുടെ സംസാരത്തില്‍പോലും നാടകഭാഷ വന്നുതുടങ്ങി. കാര്‍ കേടായപ്പോള്‍ ‘രൗദ്രം’ വന്നു, വളര്‍ത്തുതത്തകളോട് ‘ശൃംഗാരം’ വന്നു എന്നൊക്കെ അവര്‍ പറഞ്ഞുതുടങ്ങി. അവരുടെ കൈവിരലുകളില്‍ കഥകളിമുദ്രകള്‍ വിരിയുന്നു. നാവിനുവഴങ്ങാത്ത ഇന്ത്യന്‍ പേരുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുന്നു. കല്യാണം കഴിഞ്ഞു പോകുന്ന മകള്‍ക്ക് കണ്വന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ തുടക്കത്തില്‍ ചിരിച്ച പെണ്‍കുട്ടികള്‍ ഇന്ത്യക്കാരായി അഭിനയിച്ചു; അല്ല ജീവിച്ചു. മേക്കപ്പ് റിഹേഴ്സലിന്‍െറ ഫോട്ടോ എടുത്തുവെച്ച് പരിപാടി ദിവസം അവര്‍ അതുനോക്കി തനിയെ ചെയ്യാന്‍ പഠിച്ചു.

ഫാര്‍ഗ്ഗൊയിലെ എന്‍.ഡി.എസ്.യു വില്‍ അവതരിപ്പിച്ച ‘ ശാകുന്തള’ത്തില്‍ നിന്ന്
 


അങ്ങനെ ശാകുന്തളത്തിന്‍െറ അരങ്ങേറ്റദിവസം വന്നു. നാട്യശാസ്ത്രവിധിപ്രകാരം ഉണ്ടാക്കിയ നാട്യമണ്ഡപം. വീണനാദംകൊണ്ട് മുഖരിതമായ അന്തരീക്ഷം. പ്രവേശനകവാടത്തില്‍ പരമ്പരാഗതമായ ഇന്ത്യന്‍വസ്ത്രങ്ങള്‍ ധരിച്ചവര്‍ ചന്ദനവും പൂവും കല്‍ക്കണ്ടവും നിറഞ്ഞ താലങ്ങളെടുത്ത് അതിഥികളെ നമസ്തേ പറഞ്ഞ് ചന്ദനം തൊടുവിക്കുന്നു. കല്‍ക്കണ്ടത്തരികള്‍ നല്‍കി സ്വീകരിക്കുന്നു. അകത്തേക്ക് പ്രവേശിച്ചാല്‍ രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള പെയിന്‍റിങ്ങുകള്‍. കൃത്യം ഏഴുമണിക്ക് നാളികേരമുടച്ച് വന്ദനശ്ലോകം ചൊല്ലി (അമേരിക്കയിലെ സുരക്ഷാനിയമം കാരണം നിലവിളക്ക് കത്തിക്കാന്‍ അനുവാദമില്ല). നാടകത്തിന് വേഷംകെട്ടിയ കുട്ടികള്‍ ആരും പറയാതെതന്നെ എന്‍െറ കാല്‍ക്കല്‍ നമസ്കരിച്ചു. എനിക്ക് അദ്ഭുതം തോന്നി, മൂന്നു മാസംകൊണ്ട് കുട്ടികള്‍ക്കുവന്ന മാറ്റങ്ങള്‍. കലക്കു മാത്രമേ അതിനുകഴിയൂ. 

ലിറ്റില്‍ കണ്‍ട്രി തിയറ്റര്‍ തികച്ചും ഒരു ഇന്ത്യന്‍ തിയറ്ററിനെ ഓര്‍മിപ്പിച്ചു. മേക്കപ്പിട്ട്, വിഗും ഇന്ത്യന്‍ വസ്ത്രങ്ങളും ധരിച്ച് അവര്‍ ഭാരതത്തിലെ പൗരാണിക മുനികുമാരന്മാരും രാജാക്കന്മാരും ഒക്കെയായി മാറി. ആഹാര്യത്തിന്‍െറ സാധ്യതകള്‍ അദ്ഭുതാവഹംതന്നെ. ജടയും രുദ്രാക്ഷവും ഭസ്മചന്ദനലേപനങ്ങളും ധരിച്ച സന്യാസികളൊക്കെ ചേര്‍ന്ന് രംഗവേദി മാലിനീതീരത്തുള്ള കണ്വാശ്രമമായി മാറുന്നു. ഉടന്‍തന്നെ ഹസ്തിനപുരത്തിലെ രാജസദസ്സായി പരിവര്‍ത്തനം ചെയ്യുന്നു. ശാകുന്തളം നിറഞ്ഞ സദസ്സില്‍ ഒമ്പതുദിവസം തുടര്‍ന്ന് കളിച്ചു. നാടകത്തിന്‍െറ അവസാനം കഥാപാത്രങ്ങളെല്ലാം ചേര്‍ന്ന് ‘ഓം സഹനാവവതു’ എന്ന ശ്ലോകം ഉറക്കെചൊല്ലി അതിന്‍െറ അര്‍ഥം ഇംഗ്ലീഷില്‍ അറുപതു കണ്ഠങ്ങളിലൂടെ കേള്‍പ്പിച്ചു. ഇന്ത്യയില്‍നിന്ന് വരുമ്പോള്‍ ശകുന്തള എന്ന ഒരു മുനികന്യകയെയാണ് കൊണ്ടുവന്നത്. പോകുമ്പോള്‍ സര്‍വാഭരണവിഭൂഷിതയായ ശകുന്തളയാക്കി തിരിച്ചുപോകുന്നുവെന്ന കൃതാര്‍ഥത എന്‍െറയുള്ളില്‍ നിറഞ്ഞു. അങ്ങനെ കുറെ ആളുകളില്‍കൂടി തൃ‘കകാരങ്ങള്‍’ (കേരളം, കഥകളി, കോട്ടക്കല്‍) എത്തിക്കാന്‍ സാധിച്ച സംതൃപ്തിയോടെ ഒരു യാത്രകൂടി അവസാനിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkal sasidharanSakunthalamclassical Indian dancerchoreographer
News Summary - classical Indian dancer and choreographer Kottakkal Sasidharan Sakunthalam
Next Story