Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_right'കുഞ്ഞൂഞ്ഞി'ന്‍റെ...

'കുഞ്ഞൂഞ്ഞി'ന്‍റെ ഭക്ഷണ വിശേഷങ്ങൾ

text_fields
bookmark_border
കുഞ്ഞൂഞ്ഞിന്‍റെ ഭക്ഷണ വിശേഷങ്ങൾ
cancel
camera_alt??? ???????????? ???????????

ഇന്നും കുഞ്ഞൂഞ്ഞ് അങ്ങനെയാണ്, അമ്മച്ചി ബേബി ചാണ്ടിയെപ്പോലെ. ഒന്നും കഴിക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയും മുഴുവൻ ജോലികളും ചെയ്തുതീർക്കും. ആരോടും പരിഭവമില്ല. ഒരാളോടും ‘‘ഇല്ല’’ എന്ന് പറയില്ല. ഇതേ ഊർജമുൾക്കൊണ്ട മകൻ ഒരു സംസ്ഥാനം മുഴുവൻ ഓടിനടന്ന് തന്‍റെ കർത്തവ്യം നിർവഹിക്കുന്നു, പലപ്പോഴും ഭക്ഷണം മാറ്റിവെച്ച്, ആരോടും പരിഭവമില്ലാതെ. 

അതിരാവിലെ 5–5.30ന് തുടങ്ങുന്നതാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുടെ ഉമ്മൻചാണ്ടിയുടെ ദിവസം. ആദ്യം ആളുകളിൽ നിന്ന് ലഭിച്ച നിവേദനങ്ങൾ പരിശോധിക്കും. തുടർന്ന് പത്രം വായിക്കും. സമയമുണ്ടെങ്കിൽ ചെറിയ കടുപ്പത്തിൽ മിതമായ പാലൊഴിച്ച ഒരു കപ്പ് ചായ (ഭാര്യ മറിയാമ്മക്ക് നിർബന്ധമുള്ള പ്രാർഥനയും ചായകുടിയും മിക്കപ്പോഴും നടക്കാറില്ല.). വെള്ളം കുടിക്കാൻ മടിയുള്ള ഉമ്മൻചാണ്ടി ഒരു ചായ മാത്രമാണ് ദിവസം കഴിക്കാറ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയുള്ള ദിവസങ്ങളിലും മന്ത്രിസഭായോഗമുള്ള ബുധനാഴ്ചകളിലും വളരെ തിരക്കുള്ള ദിവസങ്ങളിലും പ്രാതലും ഒഴിവാക്കും. തിരക്കിനിടെത്തന്നെ 7.30നും 8.30നും ഇടയിൽ പ്രാതലിനിരിക്കും. ദോശയും ചമ്മന്തിയുമാണ് സാധാരണ. പുട്ടും കടലയുമാണ് പ്രിയം, എന്നുവെച്ച് ഒരു കാര്യത്തിലും നിർബന്ധമില്ല. കപ്പയും മുളകുചമ്മന്തിയും കണ്ടാൽ കഴിക്കാതെ പോവില്ല. 
 

ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയും
 

ഭക്ഷണം കഴിക്കുമ്പോൾ ഏറ്റവും സന്തോഷം കൂടുതലിഷ്ടപ്പെട്ട വിഭവം മുന്നിലെത്തുമ്പോഴല്ല, മൂന്നോ നാലോ ഫോണുകൾ കൈയിലും ചെവിയിലുമായി അടുത്തുള്ളപ്പോഴാണെന്ന് സന്തതസഹചാരികൾ പറയുന്നു. എന്നാൽ, ഈ ഇഷ്ടങ്ങളൊക്കെ തിരക്കു കണ്ടാൽ മാറ്റിവെക്കും. ഭക്ഷണത്തിനു വേണ്ടി എന്തും മാറ്റിവെക്കുന്ന ജനങ്ങൾക്കിടയിൽ മറ്റെന്തിനും വേണ്ടി  ഭക്ഷണം മാറ്റിവെക്കുന്ന ആളാണ് ഉമ്മൻചാണ്ടി. ഇത്രയധികം തിരക്കിനെ ആഹരിക്കുന്ന മറ്റൊരാളെ നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ ചൂണ്ടിക്കാട്ടാനുണ്ടാവില്ല. രണ്ടു മിനിറ്റിലെ കുളിക്കും ഷേവിങ്ങിനും ശേഷം വസ്ത്രമിട്ട് തലചീകാതെ ജനങ്ങളിലേക്കിറങ്ങുന്ന ഉമ്മൻചാണ്ടിയോട് രണ്ട് കാര്യങ്ങളിൽ മാത്രമാണ് തനിക്ക് എതിർപ്പെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ പറയുന്നു –പ്രാർഥനാ കാര്യത്തിലും ഭക്ഷണ കാര്യത്തിലെ അശ്രദ്ധയിലും. 


രാവിലത്തെ ഭക്ഷണം കഴിച്ചെന്ന് വരുത്തിത്തീർക്കലിൻെറ തുടർച്ച തന്നെയാണ് പിന്നീടും. പച്ചക്കറിയാണ് കൂടുതൽ കഴിക്കുക. ഉച്ചക്ക് പുഴുക്കലരി ചോറിൻെറ ഊണാണ്. പച്ചരിച്ചോറ് ഇഷ്ടമല്ല. ഒഴിച്ചുകറി മിക്കവാറുമുണ്ടാവും. തേങ്ങ അരച്ച് മുരിങ്ങക്കയിട്ടതോ മാങ്ങ, ചക്കക്കുരു, തക്കാളി എന്നിവയിട്ടതോ ആണ് ഉണ്ടാക്കാറ്. വഴുതനങ്ങ തീയൽ, പാവക്ക തീയൽ, പരിപ്പുകറി എന്നിവയിൽ ഒന്ന് ഉണ്ടാകും. മാങ്ങാ ചമ്മന്തിയും വീട്ടിലെ എല്ലാവർക്കും ഇഷ്ടം തന്നെ. കടുമാങ്ങയും ചുട്ടതോ പൊരിച്ചതോ ആയ പപ്പടവും കൂട്ടിനുണ്ടാവും. ഏത്തക്ക പെരളൻ, ചക്ക പെരളൻ, പയർ, ബീൻസ്, പപ്പായ, വാഴക്കൂമ്പ്, പിണ്ടി ഇവയിലേതെങ്കിലും ഒന്നുകൊണ്ട് തോരനോ ഉണ്ടാകും. കാബേജ് ഇഷ്ടമല്ല. മീൻ വലിയ ഇഷ്ടമാണ്. കുഴയാതെ വേറിട്ടു കിടക്കുന്ന കപ്പ കുഴച്ചതും കരിമീൻ പൊള്ളിച്ചതുമാണ് ഏറ്റവുമിഷ്ടമെന്ന് അടുപ്പമുള്ളവരെല്ലാം നിസ്സംശയം പറയും. ഇതുകൂടാതെ മത്തി, അയല, നെത്തോലി, ചെമ്മീൻ എന്നിവയും മീൻ ഇനങ്ങളിൽ ഇടംപിടിക്കാറുണ്ട്. യാത്രയിലാണെങ്കിൽ ഭക്ഷണക്രമം മുഴുവൻ തകിടം മറിയും. 


പുതുപ്പള്ളിയിലെ വീട്ടിലാണെങ്കിൽ ഫിഷ് മോളിയാണ് മിക്കദിവസവും ഉച്ചക്ക്. അവിടെ കരിമീൻ പൊള്ളിച്ചതും സുലഭം. മത്തി കൊണ്ട് കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും മുളകും പുളിയുമിട്ട നെയ്മത്തിയാണ് കൂടുതലിഷ്ടം. ഉപ്പ്, മുളക്, സാധാരണയേക്കാൾ കൂടുതൽ ചെറിയ ഉള്ളി, പുളി, കറിവേപ്പില എന്നിവ ചേർത്തുണ്ടാക്കുന്നതാണ് അമ്മാമ്മയുടെ കാലത്തെയുള്ള (മറിയാമ്മയുടെ സഹോദരി) ഈ സ്പെഷൽ മീൻകറി. നാടൻഭക്ഷണമല്ലാതെ ഒന്നിനോടും പ്രത്യേക താൽപര്യമില്ല കുഞ്ഞൂഞ്ഞിന്. ഇറച്ചി അത്ര ഇഷ്ടമല്ല. എങ്കിലും ബീഫു കൊണ്ട് രുചിയുള്ള വിഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കുമായിരുന്ന കാലവും മറിയാമ്മയുടെ ഓർമകളിലുണ്ട്. കട് ലറ്റിനോടായിരുന്നു അന്നത്തെ ഇഷ്ടം. ഇറച്ചിയെക്കുറിച്ച് പറയുമ്പോ തന്നെ കുഞ്ഞൂഞ്ഞിൻെറ അമ്മയുടെ കൈപ്പുണ്യം നാവിൽ നിറയുമെന്ന് മരുമകൾ പറയുന്നു. താഴെയും മുകളിലും കനലിട്ട് തയാറാക്കുന്ന താറാവും മാങ്ങാത്തലയും ഏത്തക്ക റോസ്റ്റും അങ്ങനെ വായിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ നിരവധി. 



ഏത്തക്ക റോസ്റ്റ്

നന്നായി പഴുത്ത ഏത്തപ്പഴമാണ് ഏത്തക്ക റോസ്റ്റിനെടുക്കുക. നാടൻപഴം പഴം പൊരിയേക്കാൾ കനം കുറച്ചരിഞ്ഞ് നെയ്യിൽപൊരിക്കും ആദ്യം. പൊടിച്ച ഏലക്കയും പഞ്ചസാരയും അട്ടിയായിവെച്ച് കാസറോളിൽ വെക്കുകയാണ് പിന്നീട്. ആദ്യപാളിക്ക് മുകളിൽ വീണ്ടും അടുത്തത്. വീണ്ടും ഇതേ കൂട്ട് മുകളിൽ നിരത്തും. ഇങ്ങനെ ആവശ്യാനുസരണം പാളികളാക്കിയ ശേഷം അടച്ചുവെക്കുക. 10 മിനിറ്റിനുശേഷം എടുക്കുമ്പോഴേക്ക് മധുരം കിനിഞ്ഞിറങ്ങി കൊതിപ്പിക്കുന്ന മണവും രുചിയുമായി ഏത്തക്കറോസ്റ്റ് റെഡി. 


ഏത്തപ്പഴം തന്നെ തേങ്ങാപ്പാലിലിട്ട് തയാറാക്കുന്ന പലഹാരവും ഏത്തക്ക ഉണങ്ങിയതുമുൾപ്പെടെ തനിനാടൻ ഇനങ്ങൾ അന്ന് കുഞ്ഞൂഞ്ഞിനു വേണ്ടി ഉണ്ടാക്കുമായിരുന്നെങ്കിലും ഇന്ന് കൊളസ്ട്രോൾ പേടിയിൽ നെയ്യും പഞ്ചസാരയും മാറ്റിവെക്കും. വൈകുന്നേരങ്ങളിൽ കഞ്ഞിയും പയറുമാണ് മിക്കവാറും ഉണ്ടാക്കാറ്. 10 വർഷം മുമ്പുവരെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്ന കേക്ക് കുഞ്ഞൂഞ്ഞിന് നൽകുമായിരുന്നു മറിയാമ്മ. ഇലയപ്പം, കൊഴുക്കട്ട, ഗോതമ്പിലോ അരിയിലോ ഉള്ള ഒറട്ടി എന്നിവയും പണ്ട്  ഉണ്ടാക്കുമായിരുന്നു. പഴങ്ങൾ ഒട്ടുമിക്കതും ഇഷ്ടമാണ് അദ്ദേഹത്തിന്. ആത്തക്ക, ആപ്പിൾ, ഓറഞ്ച്, മാംഗോസ്റ്റിൻ, ഓമക്ക, പാളയം തോടൻ പഴം എന്നിവയും ഇടവേളകളിൽ കഴിക്കും. ക്ഷീണമുള്ളപ്പോൾ മുസമ്പി ജ്യൂസും കഴിക്കാറുണ്ട്. വെള്ളം കുടിക്കാൻ മടിയുള്ള ഉമ്മൻചാണ്ടി ഒരു ചായ മാത്രമാണ് ദിവസം കഴിക്കാറ്. 

ബി.പി അൽപം കുറവാണ് അദ്ദേഹത്തിന്. ഡയബറ്റിസ് കാര്യമാക്കത്തക്കവിധമില്ല. 10 വർഷം മുമ്പ് ഭക്ഷണ കാര്യത്തിൽ താൻ കൂടുതൽ ശ്രദ്ധിക്കുമായിരുന്നെന്ന് മറിയാമ്മ പറയുന്നു–‘‘ഇപ്പോ നിയന്ത്രണമൊന്നും വെക്കാറില്ല. ചില കാര്യങ്ങളിൽ സ്വയം നിയന്ത്രിക്കുന്നത് കാണാറുണ്ട്. അദ്ദേഹത്തിെൻറ ആരോഗ്യ കാര്യത്തിൽ പേടി തോന്നും ചിലപ്പോ. സ്വന്തം ശരീരത്തെ നശിപ്പിക്കുന്നവരിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന ദൈവവചനമാണ് എപ്പോഴും ഓർക്കാറ്. 

തയാറാക്കിയത്: എസ്.ആർ. ജിതിൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycongresschief ministerLifestyle NewsFood HabitsKerala News
News Summary - congress leader and former kerala chief minister oommen chandy food habit
Next Story