ഷൈജു അന്തിക്കാട് ഭൂപടം മാറ്റിവരക്കുന്നു...
text_fieldsസ്കൂൾ, കോളജ് നാടകരംഗത്തു നിന്നും അമച്വർ നാടകരംഗത്തേക്ക് വന്ന ഷൈജു അന്തിക്കാട് ഇന്ന് ഈ മേഖലയിൽ സജീവ സാന്നിധ്യമാണ്. ഞായറാഴ്ച, നീലക്കുയിൽ, അവസാനത്തെ ചുംബനം, മഴവീട്, വിശുദ്ധ പ്രണയം, അമ്മുക്കുട്ടി... തുടങ്ങി 100ഒാളം നാടകങ്ങൾ സംവിധാനം ചെയ്തു. നിരവധി നാടകങ്ങൾ ദേശീയ അന്തർദേശീയ രംഗങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അമച്വർ തിയറ്റർ രംഗത്ത് പുതിയ ഭാവതലങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു ഷൈജുവിെൻറ നാടകങ്ങൾ. നാടകരംഗത്തെ സജീവതക്കിടയിലും സിനിമാരംഗത്തും അദ്ദേഹം കൈവെച്ചു.
ഷേക്സ്പിയർ എം.എ മലയാളം, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, സീൻ ഒന്ന്: നമ്മുടെ വീട് തുടങ്ങി ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി തവണ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തി. ദേശീയ നാടകോത്സവം, അന്തർദേശീയ നാടകോത്സവം, ഇൻറർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ ‘ITFOK’, പി.ആർ.ഒ ഫെസ്റ്റിവൽ തുടങ്ങിയ വേദികളിലേക്ക് ഷൈജുവിെൻറ നാടകങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ സ്കൂൾ, യൂനിവേഴ്സിറ്റി, കേരളോത്സവം വേദികളിൽ അംഗീകാരങ്ങൾ നേടി. റിയാദിലെ നാടകാസ്വാദകർക്ക് നവ്യാനുഭവമായി മാറിയ നീലക്കുയിൽ എന്ന നാടകത്തിലൂടെ പരിചിതനുമാണ് ഷൈജു അന്തിക്കാട്.
കേരളത്തിലെ നാടക വിശേഷങ്ങൾ എന്തൊക്കെയാണ്?
കേരളത്തിൽ വീണ്ടും നാടകത്തിെൻറ വസന്തം തിരിച്ചു വന്നിരിക്കുന്നു. ഇടക്കാലത്ത് നാടകത്തിൽനിന്നും അകന്നു പോകുന്ന പ്രവണതകൾ ഉണ്ടായിരുന്നുവെങ്കിൽ കൂടി ഇപ്പോൾ സജീവമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. തിങ്ങിനിറഞ്ഞ സദസ്സുകളിലാണ് കേരളത്തിലെ ഓരോ നാടകങ്ങളും അരങ്ങേറുന്നത്. സത്യത്തിൽ കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്നം സംഘാടകർ ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നതാണ്. നിരവധി കലാസമിതികളും ക്ലബുകളും കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. ഇന്ന് അവയെല്ലാം അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളത്.
നാടകത്തെ പാഷനായി അംഗീകരിച്ച ഒട്ടേറെ കലാകാരന്മാരുടെയും വ്യത്യസ്ത ആസ്വാദന അഭിരുചികളുള്ള പ്രേക്ഷകരുടെയും വലിയൊരു സാന്നിധ്യംതന്നെ ഇന്ന് നിലവിലുണ്ട്. എന്നാൽ, സംഘാടകരുടെ അഭാവം ഒരു വെല്ലുവിളിയായി നിലനിൽക്കുന്നുവെന്നത് സത്യമാണ്. നാടകരംഗത്ത് പുതിയ പരീക്ഷണങ്ങൾ (experiments) നടന്നു കൊണ്ടിരിക്കുന്നു. ഇൻറർനാഷനൽ തിയറ്റർ ഫെസ്റ്റിവലിെൻറ വരവോടെ കൂടുതൽ മിഴിവാർന്ന ചലനങ്ങൾ ഈ രംഗത്തുണ്ടായിട്ടുണ്ട്. കാണികളെക്കൂടി അഭിനേതാക്കളാക്കി മാറ്റുന്നതും നിയതമാർന്ന സ്റ്റേജും ശബ്ദ വെളിച്ച വിന്യാസവുമില്ലാതെ ആൾക്കൂട്ടത്തിൽവെച്ച് വരെ അരങ്ങേറുന്ന നാടക പരീക്ഷണങ്ങൾ നടന്നുവരുകയാണ്. ശരിക്കും ഒരു നാടകം അർഥപൂർണമാകുന്നത് കഥാപാത്രത്തിെൻറ സംഭാഷണം പ്രേക്ഷകനിലെത്തി തിരിച്ചു പ്രതിഫലിക്കുമ്പോഴാണ്.
പുതിയ രംഗപരീക്ഷണങ്ങൾക്ക് നല്ല പ്രോത്സാഹനവും പിന്തുണയുമാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഖസാക്കിെൻറ ഇതിഹാസം, അലീന, സാൻറ് വിച്ച് തുടങ്ങിയ നാടകങ്ങൾ കാണികളുടെ സാന്നിധ്യവും സഹവാസവും കൊണ്ട് കൂടി ഉൾക്കൊണ്ട തിയറ്ററുകളാണ് അനാവൃതമായത്. ഇടക്കാലത്ത് നാടകങ്ങൾ ജനങ്ങൾക്ക് മനസ്സിലാകാത്ത ഫോർമാറ്റുകളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അതായിരിക്കാം ജനങ്ങൾ അകലാനുണ്ടായ കാരണം. ലോക നാടക വേദികളുടെ പുതിയ പ്രവണതകളെ ആവാഹിക്കാനുള്ള ശ്രമമായിരുന്നു അത്. എന്നാൽ, ഇന്ന് ജനങ്ങളുമായി സംവദിക്കുന്ന ഭാഷയും സാങ്കേതികതയും പ്രയോഗിച്ചപ്പോൾ കാണികളുടെ ശക്തമായ തിരിച്ചുവരവാണുണ്ടായത്. സംഘാടകരുടെ കാര്യത്തിൽ ആശാവഹമായ മാറ്റങ്ങൾ കാണുന്നില്ല. നാട്ടിൻപുറങ്ങളിൽ നാടകങ്ങളുടെ വേരുകളറ്റു. പട്ടണങ്ങളിൽമാത്രമാണ് ഇപ്പോൾ സംഘടിപ്പിക്കപ്പെടുന്നത്.
നാടകങ്ങൾ സിനിമയിലേക്കുള്ള വഴിയാണോ?
സിനിമകൾ എെൻറ അന്തിമ ലക്ഷ്യമല്ല. അടിസ്ഥാനപരമായി നാടകത്തെ പ്രണയിക്കുന്ന ആളാണ് ഞാൻ. സിനിമ ഏറെ പ്രലോഭനങ്ങൾ നൽകുന്നതിനാൽ നാടകത്തെ ഒരു ചവിട്ടുപടിയായി കാണുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നു. സത്യത്തിൽ സിനിമയും നാടകവും വ്യത്യസ്തവും സ്വതന്ത്രവുമായ രണ്ടു മാധ്യമങ്ങളാണ്. നാടകം ഒരു മായവും മറയുമില്ലാതെ മുഖാമുഖം കാണികളോട് സംവദിക്കുന്ന കലയാണ്. സിനിമ അത്രമാത്രം സത്യസന്ധമായി അവതരിപ്പിക്കപ്പെടുന്ന ഒന്നല്ല. അവിടത്തെ കാഴ്ചകളും ചിരിയും കരച്ചിലുമെല്ലാം യാഥാർഥ്യമായിക്കൊള്ളണമെന്നില്ല.
നാടകത്തിലെ പുതുതലമുറയെ എങ്ങനെ നോക്കിക്കാണുന്നു?
സ്കൂൾ, കോളജ് തലങ്ങളിൽ ഏറെ പ്രതീക്ഷയുള്ള നാടകങ്ങൾ വരുന്നുണ്ട്. ലോകത്ത് ഇത്രമാത്രം നാടകപ്രവർത്തനങ്ങൾ നടക്കുന്ന ഒരു പ്രദേശം കണ്ടെത്തുക പ്രയാസമാണ്. സ്കൂൾ-ഉപജില്ല-ജില്ല-സംസ്ഥാന തലങ്ങളിൽ നടക്കുന്ന നാടകങ്ങൾ നൂറുകണക്കിനാണ്. ഇതിവൃത്തംകൊണ്ടും അവതരണംകൊണ്ടും അവയെല്ലാം ഗംഭീരമാക്കാൻ അവർ ശ്രമിക്കുന്നു. ഓരോ സ്കൂൾ യുവജനോത്സവങ്ങളിലും 30ലധികം നാടകങ്ങളാണ് സംസ്ഥാനതലത്തിൽ കളിക്കുന്നത്. കോളജ്, യൂനിവേഴ്സിറ്റി വേദികളിലും കാര്യങ്ങൾ ഭിന്നമല്ല.
പക്ഷേ, ഈ നാടക നടന്മാരും നടികളും പിന്നീട് എങ്ങോട്ട് പോകുന്നു എന്നതാണ് പ്രധാന പ്രശ്നം.കോളജ് തലത്തിനുശേഷം നാടകവൃത്തിയിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു സാഹചര്യം നിലനിൽക്കുന്നില്ല. നാടകത്തിനു ഇപ്പോഴും കേരളത്തിൽ വേണ്ടത്ര സാമൂഹിക അംഗീകാരം (social respect) കിട്ടിയിട്ടില്ല എന്നതാണ് പ്രധാന കാരണം. സിനിമയിലോ ടെലിവിഷൻ സീരിയലിലോ മുഖം കാണിക്കുമ്പോൾ കിട്ടുന്ന പ്രതികരണമോ പ്രതിഫലമോ അല്ല നാടകത്തിൽ അഭിനയിക്കുന്നവർക്ക് കിട്ടുന്നത്. സർക്കാർ തലത്തിൽ നാടകത്തിനു അവാർഡ് തുക വർധിപ്പിക്കുകയും ബഹുമതികൾക്ക് സിനിമയോളം പ്രാധാന്യം നൽകുകയും ചെയ്യണം. ഒപ്പം സ്കൂളുകളിൽ നാടകം പാഠ്യ വിഷയമാവുകയും നാടകാധ്യാപകർക്ക് തൊഴിൽസുരക്ഷ ഏർപ്പെടുത്തുകയും വേണം.
‘ഭൂപടം മാറ്റിവരക്കുമ്പോൾ’ നാടകത്തെ കുറിച്ച് ?
എന്തുകൊണ്ട് നമ്മുടെ കലാസമിതികൾ പൂട്ടിക്കിടക്കുന്നു? നാടിെൻറ സാംസ്കാരിക രംഗത്ത് വലിയ സംഭാവനകൾ ചെയ്തിരുന്ന നമ്മുടെ പൊതുയിടങ്ങൾ നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? ഇതേ കുറിച്ചുള്ള അന്വേഷണമാണ് ‘ഭൂപടം മാറ്റിവരക്കുമ്പോൾ’ എന്ന നാടകം. നമ്മുടെ ഓർമകളും സ്മാരകങ്ങളും ഇല്ലാതെയാകുമ്പോൾ നാം തന്നെയാണ് ഇല്ലാതെയാകുന്നത്. ഒരു നാട്ടിൽ ഒരു കലാസമിതി തിരോഭവിക്കുമ്പോൾ ആ നാട് അധഃപതനത്തിലേക്ക് നീങ്ങും.
ഒരു പ്രശ്നം നടന്നു 24 മണിക്കൂറിനകം അത് ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ ആ ദേശം ഭീരുക്കളുടേതാണ്. ഒരു നാടകവേദി നശിച്ചു പോകുമ്പോൾ ആ നാടിെൻറ നാശത്തിനാണ് വഴിയൊരുങ്ങുന്നത് എന്ന് ചുരുക്കം. എല്ലാവരും അവനവനിസത്തിലേക്കും സ്വന്തം മതങ്ങളിലേക്കും മടങ്ങിപ്പോകുമ്പോൾ നമ്മുടെ കൂട്ടായ്മകൾക്കും സൗഹൃദങ്ങൾക്കും ജീവനില്ലാതെയാകും. അവ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് അരങ്ങിൽ അനാവരണം ചെയ്യുക. നാടകത്തിെൻറ രചന എ. ശാന്തകുമാർ ആണ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.