കാലം ചുമന്ന പാളം
text_fieldsകാലം 1957, ഫെബ്രുവരി 25. പതിവിന് വിരുദ്ധമായി ഒരു സ്പെഷല്‍ തീവണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചെത്തി. അതില്‍നിന്ന് പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചാടിയിറങ്ങി. പ്ലാറ്റ്ഫോമില്‍ കൂട്ടംകൂടിയിരുന്ന ഖദര്‍ധാരികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. സ്റ്റേഷന് പ്ലാറ്റ്ഫോം നിമിഷനേരം കെണ്ട് ജനങ്ങളെക്കൊണ്ട് നിറഞ്ഞു. തീവണ്ടിയിലെ പ്രത്യേകം അലങ്കരിച്ച ബോഗിയില്‍ നിന്ന് നീളന്‍ ജുബ്ബയും തൊപ്പിയുമായി പുഞ്ചിരിയോടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചാടിയിറങ്ങി. പിറകെ അച്ഛന്റെ കൈപിടിച്ച് യുവതിയായ ഇന്ദിരയും. ഇരുവരെയും ഹാരമണിയിക്കാന്‍ നേതാക്കള്‍ തിരക്കുകൂട്ടി. ഈ ബഹളമെല്ലാം കണ്ട് അല്പം ഭയന്ന് ഒരു 14 കാരന് പ്ലാറ്റ്ഫോമിലെ ടീ ഷാപ്പിന് പിറകിലേക്ക് ഒതുങ്ങിനിന്നു. ചങ്ങരംകുളത്തിനടുത്ത് പന്താവൂര്‍ പാലത്തിനടുത്ത പെരുമുക്ക് ഗ്രാമത്തില്‍നിന്ന് സ്കൂളില്‍ പോകാനുള്ള മടി കൊണ്ട് നാടുവിട്ടുവന്ന കുഞ്ഞഹമ്മദ് എന്ന ബാലനായിരുന്നു അത്. പെരുമുക്കിലെ കുഞ്ഞുവിന്റെ മകന് പഠനത്തോട് ചെറുപ്പത്തിലേ അലര്‍ജിയായിരുന്നു.
ഉമ്മയുടെ വീടായ കൂടല്ലൂരിലെ സ്കൂളിലും പേരശ്ശന്നൂരിലെ സര്‍ക്കാര്‍ സ്കൂളിലും ഒടുവില്‍ പെരുമുക്കിലെ സ്കൂളിലും മാറിമാറി ചേര്‍ത്തെങ്കിലും കുഞ്ഞഹമ്മദിന് ഇരിപ്പുറച്ചില്ല. അങ്ങനെയാണ് അവന് ആരോടും പറയാതെ കുറ്റിപ്പുറത്തു നിന്ന് കോഴിക്കോട്ടേക്ക് വണ്ടികയറിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ഒരു മുറിക്കൈയന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി വന്നെത്തിയ കുഞ്ഞഹമ്മദ് എന്തു ചെയ്യണമെന്നറിയാതെ പ്ലാറ്റ്ഫോമിലെ ടീസ്റ്റാളിന് സമീപം പരുങ്ങിനിന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കത മാത്രം നിഴലിച്ച ആ കൊച്ചുമുഖത്ത് നിറഞ്ഞ പരിഭ്രമം കണ്ട് ടീസ്റ്റാള്‍ നടത്തിയിരുന്ന സി.എച്ച്. കരുണാകരന് കാര്യമന്വേഷിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ ഉള്ളിലെ നന്മ മനസ്സിലാക്കിയ കണാരേട്ടന് അവനവിടെ ജോലിയും നല്കി. പ്ലാറ്റ്ഫോമില്‍ ചായ വില്‍ക്കാനും ആവശ്യമുള്ള വെള്ളം കൊണ്ടു വരാനുമായിരുന്നു ആദ്യത്തെ നിയോഗം. ജോലിയില്‍ പ്രവേശിച്ച് ഏതാനും ദിവസത്തിനകമായിരുന്നു നെഹ്റുവിന്റെ സന്ദര്‍ശനം. അന്ന് നെഹ്റു നേരെ പോയി വെസ്റ്റ്ഹില്‍ മൈതാനിയില്‍ പ്രസംഗിച്ചുവെന്ന കാര്യവും അദ്ദേഹം തിരിച്ചു പോകുംവരെ ആ ട്രെയിന്‍ സ്റ്റേഷനിലെ യാഡില്‍ കാത്തുകിടന്നതും കുഞ്ഞഹമ്മദിന് ഓര്‍മയുണ്ട്.
കോഴിക്കോട്ടുകാരുടെ കുഞ്ഞാമുക്ക
ഇന്ന് കുഞ്ഞഹമ്മദ് കുഞ്ഞാമുക്കയാണ്. റെയിൽവേ സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരുടെയും സ്റ്റേഷനിലെ കച്ചവടക്കാരുടെയും പതിവ് യാത്രക്കാരുടെയും പ്രിയപ്പെട്ട കുഞ്ഞാമുക്ക. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കാരണവര്‍. 73ാം വയസ്സിലും കര്‍മനിരതനായ തൊഴിലാളി. പ്രായത്തിന്റെ ചുവപ്പുകൊടി വീശി വീട്ടുകാരും ബന്ധുക്കളും നിരന്തരം നാട്ടിലേക്ക് തിരികെ വിളിക്കുമ്പോഴും, ആത്മാവില്‍ നിന്ന് പറിച്ചെറിയാനാവാതെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ സ്റ്റേഷന് വിട്ട് ഇദ്ദേഹത്തിന് മടങ്ങാനാവുന്നില്ല. ട്രെയിനുകളുടെ ഇരമ്പലും പ്ലാറ്റ്ഫോമിലെ യാത്രക്കാരുടെ കലമ്പലും വില്പനക്കാരുടെ ആരവങ്ങളും അത്രമേല്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
അന്നങ്ങനെ, ഇന്നിങ്ങനെ
ഇന്നത്തെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ സ്ഥാനത്ത് പരിമിതമായ സൗകര്യങ്ങളുള്ള കൊച്ചു സ്റ്റേഷനായിരുന്നു അന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന്. നാല് ട്രെയിനുകള്‍ മാത്രമാണ് ഇതുവഴി കടന്നു പോയിരുന്നത്. മംഗലാപുരത്തു നിന്ന് പുറപ്പെട്ട് ഷൊര്‍ണൂര്‍ വരെയെത്തി അവിടെനിന്ന് രണ്ടായി പിരിഞ്ഞ് കുറച്ചുബോഗികള് മദിരാശിലേക്കും ബാക്കിയുള്ളവ തിരുവനന്തപുരത്തേക്കും പോയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് ആയിരുന്നു പ്രധാന തീവണ്ടി. പത്തോ പതിനഞ്ചോ കടകള്‍ മാത്രമുള്ള മിഠായിത്തെരുവും സ്റ്റേഷനു പിറകിലെ കുതിരവണ്ടികളും സൈക്കിള്‍റിക്ഷകളും കൈറിക്ഷകളുമൊക്കെയാണ് കുഞ്ഞഹമ്മദിന്റെ മങ്ങാത്ത ഓര്‍മകള്‍. ക്ലാസ്മുറികളിലെ ബന്ധനത്തില്‍നിന്നും ചൂരല്കഷായത്തില്നിന്നും മോചനം നേടിയ കുഞ്ഞഹമ്മദ് താമസിയാതെ ടീസ്റ്റാളിന്റെ ഒരു ഭാഗമായി മാറി, കണാരേട്ടന്റെ വിശ്വസ്തനും. വര്‍ഷങ്ങള്‍ കടന്നുപോയി. കൊച്ചു കുഞ്ഞഹമ്മദ് പൊടിമീശക്കാരനായ ഒരു യുവാവായി. അപ്പോഴാണ് സ്റ്റേഷനിലേക്ക് പോര്‍ട്ടര്‍ ജോലിക്കുള്ള ബാഡ്ജ് നല്കാന് റെയിൽവേ അധികൃതര്‍ തീരുമാനിച്ചത്. അഞ്ചു പേര്‍ക്കായിരുന്നു അവസരം. സ്വാഭാവികമായും റെയിൽവേ ഉദ്യോഗസ്ഥരുടെയിടയില്‍ സ്വാധീനമുള്ള കണാരേട്ടന്റെ പ്രയത്നഫലമായി ഒരു ബാഡ്ജ് കുഞ്ഞഹമ്മദിനും ലഭിച്ചു.
അങ്ങനെ വി.പി. കുട്ടു, അധികാരി മമ്മദ്കോയ, ഗോപാലന്, അബൂബക്കര്‍ ഹാജി എന്നിവരോടൊപ്പം കുഞ്ഞഹമ്മദ് അംഗീകൃത പോര്‍ട്ടറായി. ആദ്യകാലത്ത് അണക്കണക്കിലായിരുന്നു കൂലി. രണ്ടണക്കും മൂന്നണക്കുമൊക്കെ ചുമടേറ്റി. നേരവും കാലവുമില്ലാതെയെത്തുന്ന വിരലിലെണ്ണാവുന്ന തീവണ്ടികളില്‍ വന്നിറങ്ങിയ പണക്കാരായ അപൂര്‍വം യാത്രക്കാരുടെ പെട്ടിയും സാധനങ്ങളും തലയിലേറ്റി പുറത്തുള്ള കുതിരവണ്ടിയില്‍ കൊണ്ടുചെന്നു വെക്കണം. വെളുത്ത നീരാവിപ്പുകതുപ്പി കൂകിയാര്‍ത്ത് വന്നിരുന്ന കരിവണ്ടികളുടെ എണ്ണം പതുക്കെ വര്‍ധിച്ചു. തീവണ്ടിചക്രങ്ങള്ക്കൊപ്പം കാലചക്രവും തിരിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോമുകളുടെ എണ്ണം രണ്ടായി... പിന്നെ മൂന്നായി... ഒടുവില്‍ നാലില്‍ എത്തിനിന്നു. സ്റ്റേഷനോട് ചേര്‍ന്നുണ്ടായിരുന്ന ഒന്നാംഗേറ്റില് ബ്രിഡ്ജ് വന്നു. മൂന്ന് പതിറ്റാണ്ടോളം കിതച്ചോടിയ കരിഎൻജിനുകളുടെ സ്ഥാനത്ത് ഡീസല്‍ എൻജിനുകള്‍ വന്നു. ശബ്ദവും രൂപവും മാറ്റി ഇലക്ട്രിക് എൻജിനുകളും വന്നു. ലിഫ്റ്റും എസ്കലേറ്ററും വന്നു... കുതിരവണ്ടികളും സൈക്കിള്‍റിക്ഷകളും പോയ്മറഞ്ഞ് ടാക്സികാറുകളും ഓട്ടോറിക്ഷകളും വന്നു. യാത്രക്കാര്‍ വന്ന കാറുകളും ബൈക്കുകളുംകൊണ്ട് സ്റ്റേഷന് പരിസരം വീര്‍പ്പുമുട്ടി. നഗരം അതിരില്ലാതെ വളര്‍ന്ന് മെട്രോ നഗരമാകാന്‍ വെമ്പല്‍കൊണ്ടു. ഈ മാറ്റങ്ങളെല്ലാം മാറിമറിഞ്ഞപ്പോഴും ഒരാള്‍മാത്രം സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലും പരിസരത്തുമായി ഈ സ്റ്റേഷനെ പ്രണയിച്ചു കൊണ്ട് നിന്നു... മാറ്റമില്ലാത്ത മനസ്സുമായി.
താരങ്ങളുടയും നേതാക്കളുടെയും സ്വന്തം
നിത്യഹരിത നായകൻ പ്രേംനസീറും ഷീലയും ശാരദയും ജയഭാരതിയും ഉമ്മറും അടൂര്‍ഭാസിയും ബഹദൂറും അടക്കമുള്ള ആദ്യകാല സിനിമാതാരങ്ങള്‍ മദിരാശിയില്‍നിന്ന് കോഴിക്കോട്ടെത്തിയാല്‍ കുഞ്ഞാമുക്കക്കായിരുന്നു ചുമതല. അക്കാലങ്ങളില്‍ അപൂര്‍വമായി മാത്രമായിരുന്നു കോഴിക്കോട് സിനിമ ഷൂട്ടിങ്. സിനിമാതാരങ്ങള്‍ വന്നാല്‍ ഹോട്ടല്‍ മഹാറാണിയില്‍ അവരുടെ ലഗേജ് എത്തിച്ചിരുന്നതും അവര്ക്കുവേണ്ടിയെല്ലാം ടിക്കറ്റ് റിസര്‍വ് ചെയ്തു നല്കിയിരുന്നതും ഇദ്ദേഹമായിരുന്നു. ഐ.വി. ശശിയുടെ ചിത്രങ്ങളില്‍ ഭൂരിപക്ഷവും കോഴിക്കോടും പരിസരവും കേന്ദ്രീകരിച്ച് ചിത്രീകരണം മുന്നോട്ടു പോയപ്പോള്‍ കോടമ്പാക്കം കോഴിക്കോട്ടേക്ക് പ്രവഹിച്ചു. അക്കാലത്ത് ടിക്കറ്റ് ‘ശരിയാക്കി’ക്കൊടുത്തിരുന്നത് അതത് സ്റ്റേഷനിലെ പോര്‍ട്ടര്‍മാരായിരുന്നു. അങ്ങനെ സിനിമാ ലോകവുമായി കുഞ്ഞാമുക്ക ചങ്ങാത്തത്തിലായി.
കോഴിക്കോടിന്റെ സ്വന്തം നടന്മാരായ കെ.പി. ഉമ്മര്‍, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്, മാമുക്കോയ, ശാന്താദേവി, സംവിധായകരായ എം.ടി, ഐ.വി. ശശി, ഹരിഹരന്, രഞ്ജിത്ത്, തിരക്കഥാകൃത്ത് ടി. ദാമോദരന്‍, ഗാനരചയിതാക്കളായ ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെല്ലാം കുഞ്ഞാമുക്കയുടെ കൈകളിലൂടെയായിരുന്നു മദിരാശിക്ക് വണ്ടികയറിയതും തിരിച്ചിറങ്ങിയതും. കൊല്ലത്തുകാരനായ സുരേഷ് ഗോപി അടുത്തകാലത്ത് കോഴിക്കോടിനെക്കുറിച്ച് എഴുതിയപ്പോള്‍ അതില്‍ കുഞ്ഞാമുക്കയെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്.
സിനിമാതാരങ്ങളുമായുള്ള ബന്ധം ഒടുവില്‍ സിനിമയില്‍ മുഖംകാണിക്കാനും അവസരം നല്കി. ബാലചന്ദ്രമേനോന്റെ ‘ചിരിയോ ചിരി’ എന്ന സിനിമയിലായിരുന്നു അത്. പ്ലാറ്റ്ഫോമില്‍ വെച്ചുള്ള ചിത്രീകരണത്തിനിടയില്‍ പോര്‍ട്ടറുടെ വേഷം തന്നെയായിരുന്നു കുഞ്ഞാമുക്കക്ക്. ഏതാനും വര്‍ഷം മുമ്പ് സത്യന് അന്തിക്കാടിന്റെ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ മാമുക്കോയ കുഞ്ഞാമുക്കയെ വിളിച്ചു പറഞ്ഞു: ‘‘പഹയാ... ഈ പടത്തില്‍ ഞാന്‍ അനക്കൊരു പാരവെക്കുന്നുണ്ട്...’’ എന്ന്. സിനിമ പുറത്തിറങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്. സിനിമയുടെ തുടക്കത്തില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാത്ത നായകനെയും നായികയെയും യാത്രമാറ്റിവെച്ച മറ്റാരുടെയോ ടിക്കറ്റില്‍ ചെന്നൈയിലേക്ക് കയറ്റിവിടുന്ന ഒരു പോര്‍ട്ടറുടെ റോളായിരുന്നു മാമുക്കോയക്ക്. കഥാപാത്രത്തിന്റെ പേരോ കുഞ്ഞഹമ്മദ്! അങ്ങനെ കുഞ്ഞാമുക്ക സിനിമയിലെ കഥാപാത്രവുമായി. എം.പിയായി ഡല്‍ഹിയിലേക്ക് പോയശേഷവും സുരേഷ്ഗോപി ഒരിക്കല്‍ കോഴിക്കോട് ട്രെയിനിറങ്ങിയപ്പോള്‍ കുഞ്ഞാമുക്കയെ അന്വേഷിച്ചു. നേരില്‍ കണ്ടപ്പോള്‍ രണ്ടായിരത്തിന്റെ നോട്ട് സ്നേഹത്തോടെ പോക്കറ്റിലിട്ടുകൊടുക്കുകയും ചെയ്തു.
വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, തിക്കോടിയന്, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുമായും ഇദ്ദേഹത്തിന് ഹൃദയബന്ധമുണ്ടായിരുന്നു. നേതാക്കളായ സി.എച്ച്. മുഹമ്മദ്കോയ, പി.പി. ഉമ്മര്‍കോയ എന്നിവരുടെ യാത്രാടിക്കറ്റുകളും ശരിയാക്കിക്കൊടുത്തത് ഇദ്ദേഹം തന്നെയായിരുന്നു. സി.എച്ചിനോടൊപ്പം ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചതും മായാത്ത ഓര്‍മയാണ്. കെ.പി. കേശവമേനോന്, കോഴിപ്പുറത്ത് മാധവമേനോന്, കുട്ടിമാളു അമ്മ എന്നിവര്‍ക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്കിയതും ഓര്‍മയിലുണ്ട്.
കോഴിക്കോട് റെയ്ൽവേ സ്റ്റേഷന്റെ ഇപ്പോഴത്തെ ചിത്രം
ഇതിനിടെ ചങ്ങരംകുളത്തിനടുത്ത് പാവിട്ടപ്പുറത്തുള്ള ആയിഷ ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നു. ആയിഷയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. ഇന്ന് തിരക്കേറിയ പാളയത്തിനടുത്ത് ഇംപീരിയല്‍ ഹോട്ടലിന് പിറകിലുള്ള കൊച്ചു വീട്ടിലായിരുന്നു താമസം. ദാമ്പത്യം മുന്നോട്ടു പോയപ്പോള്‍ മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്കുട്ടികളുമടക്കം അഞ്ച് മക്കളായി. ഇന്നിപ്പോള്‍ ഇവര്‍ക്കും മക്കളായി. പേരക്കുട്ടികളും പ്രസവിച്ചു. നാലാം തലമുറയില്‍ ഇപ്പോള്‍ ആറ് കൊച്ചുമക്കളുണ്ട്. മക്കളും പേരക്കുട്ടികളുമെല്ലാം ചേര്‍ന്ന് ഈ ‘വല്യൂപ്പ’ക്ക് പിടിവലി കൂടുമ്പോഴും കുഞ്ഞാമുക്കക്ക് തന്റെ കര്‍മമണ്ഡലം വിട്ടു പോകാനാവുന്നില്ല. ജീവിതം സംതൃപ്തിയുടെ പാളത്തിലൂടെ മുന്നോട്ട് കുതിക്കുമ്പോഴും പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന ചില മരണങ്ങള് കുഞ്ഞാമുക്കയെ ഉലച്ചുകൊണ്ടിരുന്നു. അബദ്ധത്തില്‍ അപകടത്തിൽപെടുന്നവരും ജീവിതം ഇരുമ്പുപാളങ്ങള്ക്ക് മുകളില്‍ അവസാനിപ്പിക്കുന്നവരും ബാക്കിവെക്കുന്ന കാഴ്ചകള്‍ പലപ്പോഴും ഇദ്ദേഹത്തെ നൊമ്പരപ്പെടുത്തി.
1986 ഫെബ്രുവരി 28. പ്ലാറ്റ്ഫോമിലേക്ക് സൂര്യവെളിച്ചം കടന്നുവരുന്നേ ഉണ്ടായിരുന്നുള്ളൂ. പതിവുപോലെ കണ്ണൂര്‍-എറണാകുളം എക്സിക്യൂട്ടിവ് എക്സ്പ്രസ് സ്റ്റേഷനിലേക്ക് കടന്നുവന്നു; എൻജിന്റെ മുന്‍ഭാഗം നിറയെ മനുഷ്യരക്തവും മാംസത്തുണ്ടുകളുമായി. തലച്ചോറിന്റെ അവശിഷ്ടങ്ങളും തലമുടികളും എൻജിനില്‍ പറ്റിക്കിടന്നിരുന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നടന്ന വെടിക്കെട്ടിനിടെ തൊട്ടടുത്ത റെയിൽവേ പാളത്തിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടത്തിന് മുകളിലൂടെയായിരുന്നു അന്ന് കുതിച്ചോടിയിരുന്ന ട്രെയില്‍ കടന്നുവന്നത്. ദുരന്തത്തില്‍ 27 പേര് മരിക്കുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റബോധത്താല്‍ അവശനായ എൻജിന് ഡ്രൈവറെ റെയിൽവേ പൊലീസ് തോളിലേറ്റി സ്റ്റേഷന് സമീപമുള്ള റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് കൊണ്ടു പോയതും കുഞ്ഞാമുക്കയുടെ നടുക്കുന്ന ഓര്‍മകളില്‍ ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.